
ഫാ. ഡോ. മാര്‍ട്ടിന്‍ N ആന്റണി O. de M
കാഹളം എന്നര്‍ഥം വരുന്ന യോബേല്‍ () എന്ന ഹീബ്രു പദത്തില്‍ നിന്നാണ് ജൂബിലി എന്ന പദത്തിന്റെ ഉത്ഭവം. അതായത്, കാഹളവര്‍ഷമാണ് ജൂബിലി വര്‍ഷം. ബൈബിളില്‍ ജൂബിലി സാമൂഹികവും സാമ്പത്തികവുമായ ഒരു വിഷയമാണ്. കാരണം, ജൂബിലി എന്നത് ദൈവവും ജനവും തമ്മിലുള്ള ബന്ധത്തിന്റെ ആത്മീയവും ധാര്‍മ്മികവുമായ ഒരു ആഘോഷമാണ്. ധാര്‍മ്മികമായതുകൊണ്ടാണ് ജൂബിലിയെ സാമൂഹികവും സാമ്പത്തികവുമായ ഒരു വിഷയവുമായി കരുതുന്നത്. കടങ്ങളുടെ പൊറുതിയും മണ്ണിന്റെ വിശ്രമവും നീതിയുടെ പൂവിടലുമെല്ലാം ജൂബിലി വര്‍ഷത്തിന്റെ ധാര്‍മ്മിക തലങ്ങളാണ്.
ഓരോരുത്തനും അവനവന്റെ അവകാശത്തിലേക്ക് തിരികെപോകുന്ന വര്‍ഷമാണത് (ലേവ്യ 25:13). അതുകൊണ്ടാണ് തിരികെപോകുക എന്നര്‍ഥം വരുന്ന 'മാനസാന്തരം' എന്ന സങ്കല്‍പം ജൂബിലി വര്‍ഷത്തില്‍ കടന്നുവരുന്നത്. അത് യാത്രയാണ്, തീര്‍ഥാടനമാണ്. നമ്മിലേക്കും സഹജരിലേക്കും ദൈവത്തിലേക്കുമുള്ള തീര്‍ഥാടനം. അസന്ദിഗ്ദ്ധതയിലേക്കല്ല ഈ യാത്ര, സന്ദിഗ്ദ്ധമായ സ്വര്‍ഗീയ ലാവണ്യത്തിലേക്കാണ്. അതുകൊണ്ടാണ് ഈ യാത്രയെ 'പ്രത്യാശയുടെ തീര്‍ഥാടനം' എന്നു വിളിക്കുന്നത്. കാരണം, പ്രത്യാശ നമ്മെ നിരാശരാക്കില്ല.
പ്രാര്‍ഥന തപസ്സാണ്. തപസ്സു ചികിത്സയാണ്. കാരണം പ്രാര്‍ഥിക്കുന്നവര്‍ വചനത്താല്‍ ചികിത്സിക്കപ്പെടുകയാണ്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ സ്വന്തം മുറിവുകളെ വജ്രമാക്കി മാറ്റുവാനും ലോകത്തിന്റെ മുറിവുകളില്‍ ലേപനമായി തീരുവാനും സാധിക്കു.
പ്രത്യാശയുടെ കാഹളം മുഴങ്ങുന്ന 2025 എന്ന ജൂബിലി വര്‍ഷത്തിലെ നോമ്പുകാലത്തിലേക്കാണ് നമ്മള്‍ പ്രവേശിക്കുന്നത്. നോമ്പുകാലം ലളിത ദിനങ്ങളല്ല, പശ്ചാത്താപത്തിന്റെ ആയുധങ്ങളുമായി തിന്മയുടെ അതിപ്രസരണത്തെ അതിജീവിക്കാനുള്ള കാലഘട്ടമാണത്. ഏതൊക്കെയാണ് നോമ്പുകാലത്തെ നമ്മുടെ ആത്മീയ ആയുധങ്ങള്‍? സുവിശേഷം പറയുന്നു, അവ ഉപവാസം, ദാനധര്‍മ്മം, പ്രാര്‍ഥന ഇവയാണെന്ന്. മത്തായിയുടെ സുവിശേഷം 6:1-18 ല്‍ അവയെ നമുക്ക് കാണാന്‍ സാധിക്കും.
പരസ്യമായല്ല, രഹസ്യമായി അവയെ അനുഷ്ഠിക്കാനാണ് യേശു പറയുന്നത്. യഹൂദര്‍ കാഹളം മുഴക്കി ചെയ്തിരുന്ന പ്രവൃത്തികളെ രഹസ്യമാക്കി മാറ്റുകയാണവന്‍. അതെ, ജൂബിലി വര്‍ഷം ഒരു കാഹള വര്‍ഷമാണ്. പക്ഷെ, നോമ്പുകാലത്തെ പ്രാര്‍ഥനകള്‍ക്കും ഉപവാസത്തിനും ദാനധര്‍മ്മത്തിനും ആ കാഹളത്തിന്റെ അകമ്പടി ഉണ്ടാകരുത്. കാരണം അവയില്‍ കാഹളം കടന്നുവന്നാല്‍, അവ പ്രഹസനമായി മാറാന്‍ സാധ്യതയുണ്ട്. യഹൂദ പാരമ്പര്യം അവയെ ഒരു പ്രഹസനമാക്കിയതു കൊണ്ടാണ് യേശു അവയ്ക്ക് ഒരു രഹസ്യമാനം പകര്‍ന്നു നല്‍കുന്നത്.
ഉപവാസം, ദാനധര്‍മ്മം, പ്രാര്‍ഥന എന്നിവ നോമ്പുകാലത്തിന്റെ അടയാളങ്ങളാണ്. അവയെ നമ്മുടെ മാനസാന്തരത്തിന്റെ പ്രകരണങ്ങളും പ്രകടനങ്ങളുമാണെന്നാണ് ഫ്രാന്‍സിസ് പാപ്പ വിശേഷിപ്പിക്കുന്നത്. രഹസ്യാത്മകതയില്‍ കിളിര്‍ക്കുകയും വളരുകയും പുഷ്പിക്കുകയും ചെയ്യുന്ന നമ്മുടെ പ്രാര്‍ഥനയുടെയും ദാനധര്‍മ്മത്തിന്റെയും ഉപവാസത്തിന്റെയും ഫലങ്ങള്‍ ഒരിക്കലും രഹസ്യമായിരിക്കില്ല എന്ന കാര്യം ഓര്‍ക്കണം. അവ അനുഷ്ഠിക്കുന്നവന്റെ മാത്രം മരുന്നല്ല, എല്ലാവര്‍ക്കുമുള്ള ഔഷധമാണ്. കാരണം, അവയ്ക്ക് ചരിത്രത്തെയും സമൂഹത്തെയും മാറ്റാന്‍ സാധിക്കും.
ഉപവാസത്തിനു ഭക്ഷണത്തില്‍ നിന്നും വിട്ടുനില്‍ക്കുകയെന്നു മാത്രമല്ല അര്‍ഥമുള്ളത്. ശാന്തതയ്ക്കു തടസ്സമാകുന്ന എന്തിനെയും പാപത്തിനു കാരണമാകുന്ന ഏതിനെയും മാറ്റിനിര്‍ത്താനുള്ള മനസ്സു കൂടിയാണത്. ഉപവാസത്തെ ഭക്ഷണക്രമവുമായി ചേര്‍ത്തു വായിക്കുന്നത് ശാരീരിക ക്ഷേമത്തിനായുള്ള ഭ്രാന്തമായ അഭിലാഷം ഉള്ളതുകൊണ്ടാണ്. അങ്ങനെയല്ല, ഉപവാസം ആത്മരതിയില്‍ നിന്നുള്ള മോചനമാണ്. നമുക്ക് ചുറ്റുമുള്ളതിനു ശരിയായ മൂല്യം നല്‍കുന്ന പുണ്യമാണത്. നശ്വരവും മായികവുമായ ലൗകികതയ്ക്കു വിധേയമാകരുതെന്നാണ് ഉപവാസം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
ഉപവാസം, ദാനധര്‍മ്മവുമായി ബന്ധപ്പെട്ടിരിക്കുന്നു. 'ഉപവാസം പൂര്‍ണ്ണമാകുന്നത് ദാനധര്‍മ്മത്തിലാണെന്ന്' വിശുദ്ധ ലിയോ ദി ഗ്രേറ്റ് നോമ്പിനെക്കുറിച്ചുള്ള ഒരു പ്രസംഗത്തില്‍ പറയുന്നുണ്ട്. ദാനധര്‍മ്മ മാണ് നോമ്പിനെ വിശുദ്ധമാക്കുന്നത്. ദരിദ്രരെ അവഗണിച്ചുള്ള ഒരു ആത്മീയ പ്രവൃത്തിയും നമുക്ക് മോക്ഷം നല്‍കില്ല. അതുകൊണ്ടു തന്നെ സാഹോദര്യത്തിന്റെയും ജീവകാരുണ്യത്തിന്റെയും നോമ്പു തുറകള്‍ നമ്മുടെ രൂപതകളിലും ഇടവകകളിലും പ്രോത്സാഹിപ്പിക്ക പ്പെടേണ്ടിയിരിക്കുന്നു. നമ്മുടെ ജീവിതം നന്മ വിതയ്ക്കാനുള്ള സമയമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് നോമ്പുകാലം.
നമ്മുടെ അടുത്തുള്ളവരെ പരിചരിക്കാനും ജീവിതപാതയില്‍ മുറിവേറ്റവരുമായി അടുത്തിടപഴകാനും ഈ നോമ്പുകാലം പ്രത്യേകം പ്രയോജനപ്പെടുത്തണം. നൊമ്പരവഴികളില്‍ സഞ്ചരിക്കുന്നവരെ തേടുവാനും കണ്ടെത്തുവാനും ശ്രവിക്കുവാനും, ശ്രമിക്കുമ്പോഴാണ് നമ്മുടെയൊക്കെ ദാനധര്‍മ്മം കുരിശിന്റെ വഴിയിലെ സൈറീന്‍കാരനായ ശിമയോന്റേതുപോലെയാകുക.
മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതാണ് ദാനധര്‍മ്മം എന്നു വിചാരിക്കരുത്. ഒരു പാത്രം വെള്ളവും ദാനധര്‍മ്മമാണ്. ഒരു പാത്രം വെള്ളത്തില്‍ സുവിശേഷം മുഴുവനുമുണ്ട്. എളിയവരില്‍ ആര്‍ക്കെങ്കിലും ഒരു പാത്രം വെള്ളം നല്‍കിയാല്‍ അത് തനിക്കു നല്‍കുന്നതിനു തുല്യമാണെന്ന് പഠിപ്പിച്ചവനാണ് യേശു.
ആ ഒരു പാത്രം വെള്ളത്തിന്റെ യുക്തിയാണ് അന്ത്യവിധിയിലെ ആദ്യ ചോദ്യവും ആശ്വാസവും: ''എനിക്ക് ദാഹിച്ചു; നിങ്ങള്‍ കുടിക്കാന്‍ തന്നു'' (മത്താ 25:35). സഹജനെ ശത്രുവായി കാണാതെ അവനില്‍ നിന്നും ഒരു പാത്രം വെള്ളം വാങ്ങി കുടിക്കാന്‍ പറ്റുന്ന എളിമയാണ് യഥാര്‍ഥ ക്രൈസ്തവികതയെന്നും മര്‍ക്കോസിന്റെ സുവിശേഷം 9:41 ല്‍ യേശു പറയുന്നുണ്ട്. വെള്ളം നല്‍കുന്നത് മാത്രമല്ല, വാങ്ങി കുടിക്കുന്നതും വിശുദ്ധിയാണ്. അതായത്, ദാനം നല്‍കുന്നതു മാത്രമല്ല, ദാനം സ്വീകരിക്കുന്നതും വിശുദ്ധിയാണ്.
നോമ്പുകാലത്തിന്റെ പര്യായം തപസ്സുകാലം എന്നാണ്. തപസ്സ് ധ്യാനമാണ്, പ്രാര്‍ഥനയാണ്. അതെ, നോമ്പുകാലം പ്രാര്‍ഥനയുടെ കാലമാണ്. 'ഉപവാസവും ദാനധര്‍മ്മവും പ്രാര്‍ഥനയുടെ രണ്ട് ചിറകുകളാണെന്നാണ്' വിശുദ്ധ അഗസ്റ്റിന്‍ പറയുന്നത്. നമ്മുടെ പ്രാര്‍ഥന സ്വര്‍ഗത്തിലേക്ക് എളുപ്പത്തില്‍ എത്തണമെങ്കില്‍ ഉപവാസവും ദാനധര്‍മ്മവും എന്ന ചിറകുകള്‍ അതിനുവേണം. വിനയത്തിലേക്കുള്ള പാതയാണ് പ്രാര്‍ഥന. ആ പാത തുടങ്ങേണ്ടത് നമ്മുടെ ഭവനത്തില്‍ നിന്നായിരിക്കണം. പ്രാര്‍ഥന ആരെയും അഹങ്കാരിയാക്കില്ല, മറിച്ച് കൂടെയുള്ളവരുടെ നൊമ്പരങ്ങളെ തിരിച്ചറിയാനുള്ള ആത്മനേത്രങ്ങള്‍ അത് നമുക്ക് നല്‍കും. ഹൃദയത്തിന് കുളിര്‍മ നല്‍കുന്ന, സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഊഷ്മളമായ സംഭാഷണമാണത്. പ്രാര്‍ഥന തപസ്സാണ്. തപസ്സു ചികിത്സയാണ്. കാരണം പ്രാര്‍ഥിക്കുന്നവര്‍ വചനത്താല്‍ ചികിത്സിക്കപ്പെടുകയാണ്. അങ്ങനെയുള്ളവര്‍ക്ക് മാത്രമേ സ്വന്തം മുറിവുകളെ വജ്രമാക്കി മാറ്റുവാനും ലോകത്തിന്റെ മുറിവുകളില്‍ ലേപനമായി തീരുവാനും സാധിക്കു. ഈ ജൂബിലി വര്‍ഷത്തെ നോമ്പുകാലത്തില്‍ കുരിശിനെ ആലിംഗനം ചെയ്തു പ്രത്യാശയുടെ പ്രഘോഷകരാകാന്‍ നമുക്ക് ശ്രമിക്കാം.
നമ്മുടെ ഉപവാസവും പ്രാര്‍ഥനയും ദാനധര്‍മ്മങ്ങളും എല്ലാം പ്രഹസനങ്ങളായി മാറാതെ രഹസ്യത്തില്‍ നമ്മെ കാണുന്ന പിതാവിന് പ്രീതികരമായിത്തീരട്ടെ.