ജീവനും മരണവും

ജീവനും മരണവും
Published on

കുഞ്ഞുങ്ങളുടെ സഹനത്തെക്കുറിച്ച് സംസാരിക്കുക എന്നത് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോള്‍ ആ വിഷയത്തെ ആസ്പദമാക്കി ഒരു നോവല്‍ എഴുതുകയെന്നത് ധീരമായ പ്രവൃത്തിയാണ്. പ്രത്യേകിച്ച് ദസ്തയേവ്‌സ്‌കിയെപ്പോലുള്ള പ്രതിഭകള്‍ ഇതിനോടകം തന്നെ ഉദാത്തമായ താളുകള്‍ ഈ വിഷയത്തിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ളപ്പോള്‍. ഉദാഹരണത്തിന് The Brothers Karamazov എന്ന നോവലിലെ Rebellion എന്ന അധ്യായം. എങ്കിലും ഫ്രഞ്ച് എഴുത്തുകാരനായ എറിക് ഇമ്മാനുവല്‍ ഷ്മിറ്റിന്റെ Oscar and the Lady in Pink എന്ന ചെറുനോവല്‍ നല്‍കുന്ന വായനാനുഭവം വ്യത്യസ്തമാണ്. അര്‍ബുദ ബാധിതനായി മരണവക്കോളമെത്തിയിരിക്കുന്ന പത്തുവയസ്സുകാരനായ ഓസ്‌കാറും അവനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാന്‍ വന്ന സന്നദ്ധപ്രവര്‍ത്തകയായ റോസും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥയാണിത്. റോസ് വൃദ്ധയാണ്. പിങ്ക് നിറത്തിലുള്ള വസ്ത്രമാണ് അവള്‍ എപ്പോഴും ധരിക്കുക. സന്ദര്‍ശകയായി വന്ന അവള്‍ ഓസ്‌കാറിന് മുത്തശ്ശിയായി മാറുന്നു. അങ്ങനെ അവരുടെ കൂടിക്കാഴ്ച നന്മയും നര്‍മ്മവും നിറഞ്ഞ ഒരു മാറ്റമായി മാറുന്നു.

ചെറുപ്പത്തില്‍ റോസ് ഒരു ഗുസ്തിക്കാരിയായിരുന്നു. അവള്‍ നടത്തിയ പോരാട്ടത്തിന്റെ കഥകള്‍ ഓസ്‌കാറിന് തന്റെ ശരീരത്തെ തകര്‍ക്കുന്ന കറുത്ത ഞണ്ടുകള്‍ക്കെതിരെ പോരാടുന്നതിനുള്ള ഒരു രൂപകമായി മാറുന്നുണ്ട്. വേദനകള്‍ കവിഞ്ഞുകൂടിയപ്പോള്‍ മാതാപിതാക്കളോട് പോലും വെറുപ്പായിരുന്നു ഓസ്‌കറിന്. അത് മനസ്സിലാക്കുമ്പോഴാണ് മുത്തശ്ശി അവനോട് ദൈവത്തിന് കത്തെഴുതാന്‍ ആവശ്യപ്പെടുന്നത്. മുത്തശ്ശി ചോദിക്കുന്നു: 'ഓസ്‌കാര്‍, എന്താണ് നിന്നെ ഏറ്റവും വേദനിപ്പിക്കുന്നത്?'

'ഞാന്‍ എന്റെ മാതാപിതാക്കളെ വെറുക്കുന്നു.'

'എന്നാല്‍ നീ അവരെ നല്ലതു പോലെ വെറുക്കുക.'

'മുത്തശ്ശി തന്നെയാണോ എന്നോടിത് പറയുന്നത്?'

'അതെ, നീ അവരെ വല്ലാതെ വെറുക്കുന്നുണ്ട്. എല്ലാം അങ്ങ് വിട്ടുകളയുക. നീ ദൈവത്തോട് സംസാരിക്ക്. അവന് കത്തെഴുതി നിന്നെ വന്നു കാണാന്‍ ആവശ്യപ്പെട്.'

'ദൈവം വരുമോ?'

'അവന്റെ രീതിയില്‍ വരും. എപ്പോഴും വരാറില്ല. അപൂര്‍വ്വമായേ വരാറുള്ളൂ.'

'എന്തേ? ദൈവത്തിനും അസുഖമാണോ?'

മുത്തശ്ശി റോസ് ഒന്നും മിണ്ടിയില്ല. പക്ഷേ അവളുടെ നെടുവീര്‍പ്പില്‍ നിന്നും ഓസ്‌കാറിന് ഒരു കാര്യം മനസ്സിലായി; ദൈവവും അവനെപ്പോലെ അസുഖബാധിതനാണ്.

ഓസ്‌കാര്‍ ദൈവത്തിന് എഴുതിയ പത്ത് കത്തുകളാണ് പുസ്ത കത്തിന്റെ ഉള്ളടക്കം. ഓരോ താളിലും ജീവിതമെന്ന സമസ്യയ്ക്ക് ഒരു ദൈവിക ഭാഷ്യം പകര്‍ന്നു നല്‍കുകയാണ് ആ കുഞ്ഞു ലേഖകന്‍. ജീവിതത്തെക്കുറിച്ചും സഹനത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള ധ്യാനമാണ് ആ കത്തുകള്‍. നാലാമത്തെ കത്തില്‍ അവന്‍ ദൈവത്തിന്റെ വിലാസം മുത്തശ്ശിയോട് ചോദിക്കുന്ന രംഗം വിവരിക്കുന്നുണ്ട്.

'ദൈവത്തിന്റെ വിലാസം കിട്ടിയോ?'

'കപ്പേളയിലാണെന്ന് തോന്നുന്നു.'

അങ്ങനെ മുത്തശ്ശി അവനെ കപ്പേളയിലേക്ക് കൊണ്ടുപോകുന്നു. അവന്‍ എഴുതുന്നു; 'ആശുപത്രിയിലെ കപ്പേള എവിടെയാണെന്ന് ദൈവത്തിനോട് വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. അങ്ങേയ്ക്കറിയാമല്ലോ, അങ്ങയുടെ വീട് എവിടെയാണെന്ന്.' നമ്മുടെ കപ്പേളകളെയും ദേവാലയങ്ങളെയും ഇതിലും സുന്ദരമായി എങ്ങനെ വിശേഷിപ്പിക്കാന്‍ സാധിക്കും!

കപ്പേളയിലെ കാഴ്ച ഓസ്‌കാറിന് നല്‍കിയത് ഒരു ഞെട്ടലാണ്. അവിടെ ദൈവം ശരീരത്തില്‍ നിറയെ മുറിവുകളുമായി, മെലിഞ്ഞ്, നഗ്‌നനായി, തലയില്‍ ഒരു മുള്‍ക്കിരീടം ധരിച്ച്, ചോരവാര്‍ന്ന് കുരിശില്‍ കിടക്കുന്നു. അവന്‍ ചിന്തിച്ചു, 'ഞാന്‍ ദൈവമായിരുന്നെങ്കില്‍ ഇങ്ങനെ സ്വയം താഴാന്‍ നില്‍ക്കില്ലായിരുന്നു.' എന്നിട്ട് അവന്‍ മുത്തശ്ശിയോട് ചോദിച്ചു; 'മുത്തശ്ശി, ഗൗരവമായി ചിന്തിക്കുക: നീയൊരു ഗുസ്തിക്കാരിയായിരുന്നില്ലേ, ഒരു ചാമ്പ്യനായിരുന്നില്ലേ, ഇങ്ങനെയുള്ള ഒരു ദൈവത്തില്‍ വിശ്വസിക്കാന്‍ പറ്റുമോ?'

'എന്തുകൊണ്ട് പറ്റാതിരിക്കണം, ഓസ്‌കാര്‍? നല്ല മസിലും മുടിയും ഭംഗിയുമുള്ള പൗരുഷത്തെയാണോ നീ ദൈവമായി കരുതുന്നത്?'

'മ്മ്...'

'ചിന്തിക്കുക, ഓസ്‌കാര്‍. ആരോടാണ് നിനക്ക് കൂടുതല്‍ അടുപ്പം തോന്നുന്നത്? ഒരു വികാരവുമില്ലാത്ത ദൈവത്തോടാണോ, അതോ സഹിക്കുന്ന ദൈവത്തോടാണോ?'

'തീര്‍ച്ചയായും, സഹിക്കുന്ന ദൈവത്തോട്. പക്ഷേ, ഞാന്‍ അവനെപ്പോലെ ദൈവമായിരുന്നെങ്കില്‍ സഹനങ്ങള്‍ ഒഴിവാക്കുമായിരുന്നു.'

'സഹനങ്ങള്‍ ഒഴിവാക്കാന്‍ ആര്‍ക്കും സാധിക്കില്ല. ദൈവത്തിനോ നിനക്കോ നിന്റെ മാതാപിതാക്കള്‍ക്കോ എനിക്കോ അത് സാധിക്കില്ല.'

'ശരി, സമ്മതിച്ചു. പക്ഷേ, എന്തുകൊണ്ട് സഹനങ്ങള്‍?'

'ഒരു ഉറപ്പിന് വേണ്ടിയാണത്. വേദനയും കഷ്ടപ്പാടും ഉണ്ടാകും. കുരിശില്‍ കിടക്കുന്ന അവന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ. നിരീക്ഷിക്കുക. അവന്‍ സഹിക്കുന്നതായി തോന്നുന്നുണ്ടോ?'

'ഇല്ല. കൗതുകമായിരിക്കുന്നു. സഹിക്കുന്നതായി തോന്നുന്നില്ല.'

'നോക്കൂ, ഓസ്‌കാര്‍, നമ്മുടെ വേദനകളെ രണ്ടായി നമ്മള്‍ തിരിച്ചറിയണം: ശാരീരിക സഹനവും ധാര്‍മ്മിക സഹനവും. ശാരീരിക സഹനങ്ങള്‍ക്ക് നമ്മള്‍ വിധേയമാകുന്നു, ധാര്‍മ്മിക സഹനങ്ങള്‍ നമ്മള്‍ തിരഞ്ഞെടുക്കുന്നു.'

'എനിക്ക് മനസ്സിലാകുന്നില്ല.'

'നിന്റെ കയ്യിലോ കാലിലോ ആരെങ്കിലും ആണി തറച്ചാല്‍, നിനക്ക് വേദനിക്കും. ആ വേദനയ്ക്ക് വിധേയപ്പെടുകയല്ലാതെ വേറെ നിവൃത്തിയില്ല. പക്ഷേ മരണത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു വിധേയത്വത്തിന്റെ ആവശ്യമില്ല. കാരണം, അതെന്താണെന്ന് നിനക്കറിയില്ല. അത് നിന്നെ ആശ്രയിച്ചാണിരിക്കുന്നത്.'

'മരണത്തെയോര്‍ത്ത് സന്തോഷിക്കുന്ന ആരെയെങ്കിലും നിനക്കറിയാമോ?'

'അറിയാം. എന്റെ അമ്മ മരണക്കിടക്കയില്‍ പുഞ്ചിരിക്കുമായിരുന്നു. അവള്‍ അക്ഷമയായിരുന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാനുള്ള തിടുക്കത്തിലായിരുന്നു.'

ഓസ്‌കാറും മുത്തശ്ശി റോസും തമ്മിലുള്ള സംഭാഷണം അവസാനിക്കുന്നത് മരണത്തെ ഭയപ്പെടേണ്ട കാര്യമില്ല എന്ന സന്ദേശം നല്‍കിക്കൊണ്ടാണ്. മരണത്തെക്കുറിച്ചുള്ള ആകുലതയാണ് പലരുടെയും ജീവിതത്തെ നശിപ്പിച്ചിട്ടുള്ളത്. മരണം എന്നത് നമുക്ക് അജ്ഞേയമായ കാര്യമാണ്. അതുകൊണ്ടുതന്നെയാണ് ഭയവും ഉണ്ടാകുന്നത്. നമുക്കറിയില്ല എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന്. മുത്തശ്ശി റോസ് ചോദിക്കുന്നുണ്ട്; 'എന്താണ് അജ്ഞേയം?' എന്നിട്ടവള്‍ ഓസ്‌കാറിനോട് പറയുന്നു; 'ഭയപ്പെടേണ്ട, വിശ്വസിക്കുക. കുരിശില്‍ കിടക്കുന്ന ദൈവത്തിന്റെ മുഖത്തേക്ക് നോക്കൂ. അവന്‍ ശാരീരിക വേദന അനുഭവിക്കുന്നുണ്ട്. പക്ഷേ അവന് ആത്മ വിശ്വാസമുള്ളതിനാല്‍ ധാര്‍മ്മിക വേദന അനുഭവപ്പെടുന്നില്ല. ആണികള്‍ അവനെ വേദനിപ്പിക്കുന്നുണ്ട്. അവന്‍ പറയുന്നു; ഇതെന്നെ വേദനിപ്പിക്കുന്നുണ്ട്, പക്ഷേ ഇതെന്നെ ചീത്തയാക്കുന്നില്ല. നോക്കൂ, ഇതാണ് വിശ്വാസത്തിന്റെ ഗുണം.' അപ്പോള്‍ ഓസ്‌കാര്‍ പറയുന്ന ഒരു കാര്യമുണ്ട്; 'അജ്ഞേയമായതിനെ ഞാന്‍ ഭയപ്പെടുന്നില്ല. എന്നെ അലട്ടുന്നത് ഞാന്‍ അറിഞ്ഞത് നഷ്ടപ്പെടുന്നത് മാത്രമാണ്.'

മരണത്തെക്കുറിച്ചുള്ള ഭയം മാറിക്കഴിഞ്ഞപ്പോള്‍ ഓസ്‌കാറിന്റെ കാഴ്ചപ്പാടുകളിലും വ്യത്യാസമുണ്ടാകുകയാണ്. ഓരോ സന്ദര്‍ശനത്തിലും അവന്റെ മാതാപിതാക്കള്‍ ഇത്രയധികം നിസ്സഹായരായി പോകുന്നത് എന്തുകൊണ്ടെന്ന് അവന്‍ മനസ്സിലാക്കുന്നു. ചികിത്സയുടെ കാര്യത്തില്‍ തനിക്കിനി ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്ന പരാജയവുമായി പൊരുത്തപ്പെടാന്‍ അവന്‍ തന്റെ ഡോക്ടറെ പോലും സഹായിക്കുന്നുണ്ട്. അവസാനം മനോഹരമായ ഒരു കുറിപ്പ് എഴുതിവച്ച് അവന്‍ അജ്ഞേയമായ ആ ലോകത്തിലേക്ക് പോകുന്നു. പുസ്തകത്തിലെ അവസാനത്തെ കത്ത് മുത്തശ്ശി റോസിന്റേതാണ്. മരണാനന്തര ജീവിതത്തെക്കുറിച്ച് വ്യക്തമായ ഒരു കാഴ്ചപ്പാട് അവിടെയുണ്ട്. മുത്തശ്ശി റോസ് അവസാനിപ്പിക്കുന്നു: 'കഴിഞ്ഞ മൂന്ന് ദിവസമായി ഓസ്‌കാര്‍ അവന്റെ കട്ടിലിനരികിലെ മേശയില്‍ ഒരു കുറിപ്പ് വച്ചിരുന്നു. അത് നിന്നെക്കുറിച്ചാണെന്ന് ഞാന്‍ കരുതുന്നു. അവന്‍ എഴുതിയിരിക്കുന്നു; 'എന്നെ ഉണര്‍ത്താന്‍ ദൈവത്തിന് മാത്രമേ അവകാശമുള്ളൂ.'

'നമ്മുടെ സ്‌നേഹിതനായ ലാസര്‍ ഉറങ്ങുകയാണ്. അവനെ ഉണര്‍ത്താന്‍ ഞാന്‍ പോകുന്നു. ശിഷ്യന്‍മാര്‍ പറഞ്ഞു: കര്‍ത്താവേ, ഉറങ്ങുകയാണെങ്കില്‍ അവന്‍ സുഖം പ്രാപിക്കും. യേശു അവന്റെ മരണത്തെക്കുറിച്ചാണു സംസാരിച്ചത്. എന്നാല്‍, നിദ്രയുടെ വിശ്രമത്തെക്കുറിച്ചാണ് അവന്‍ പറഞ്ഞതെന്ന് അവര്‍ വിചാരിച്ചു.

അപ്പോള്‍ യേശു വ്യക്തമായി അവരോടു പറഞ്ഞു: ലാസര്‍ മരിച്ചുപോയി' (യോഹ11:11-14).

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org