യഹൂദനായ യേശുവും ക്രൈസ്തവനായ യേശുവും

യഹൂദനായ യേശുവും ക്രൈസ്തവനായ യേശുവും
സുവിശേഷത്തിലെ യേശുവിന്റെ ആര്‍ദ്രതയില്‍ നിന്നും ക്രൈസ്തവരുടെ യേശു കാതങ്ങളോളം അകലെയായിരിക്കുന്നു. അനുകമ്പയുടെ ലേപനത്തിന് പകരം അനുസരണയുടെ ചാട്ടവാറുകൊണ്ട് ആടുകളെ നയിക്കുന്നവനായി അവന്‍ മാറിയിരിക്കുന്നു.

ഹിറ്റ്‌ലറുടെ യഹൂദവംശഹത്യയെയും ഹംഗേറിയന്‍ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലിനെയും അതിജീവിച്ച തത്ത്വചിന്തകയാണ് ആഗ്‌നസ് ഹെല്ലര്‍ (1929-2019). ആധുനിക ചിന്തകള്‍ക്ക് നൈതികമായ ഒരു അടിസ്ഥാനം ഉണ്ടാക്കാനായി യഹൂദ സംസ്‌കാരത്തിന്റെയും ബൈബിളിന്റെയും പശ്ചാത്തലത്തില്‍ മാര്‍ക്‌സിസത്തെ സ്വതന്ത്രമായി വായിക്കുകയും പ്രത്യയശാസ്ത്രപരമല്ലാതെ അതിനെ പുനര്‍നിര്‍വചിക്കുകയും ചെയ്ത ഒരു ചിന്തക. തന്റെ A Theory of History, Beyond Justice എന്നീ കൃതികളില്‍ മാര്‍ക്‌സിന്റെ ചിന്തകളിലെ സാമൂഹികവും നൈതികവുമായ ന്യൂനതകളെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നുണ്ട് അവര്‍. മാര്‍ക്‌സിന്റെ ചരിത്രസങ്കല്പവും ധനതത്ത്വചിന്തയും പരാജയപ്പെട്ട യാഥാര്‍ത്ഥ്യങ്ങളാണെന്നും അവര്‍ വാദിക്കുന്നുണ്ട്.

ബൈബിളും യഹൂദ സംസ്‌കാരവുമാണ് ആഗ്‌നസ് ഹെല്ലറുടെ ധാര്‍മ്മിക ചിന്തയുടെ അടിത്തറ. തത്ത്വചിന്തകയായ ഹെല്ലറിനെ യഹൂദയായ ആഗ്‌നസില്‍ നിന്നും വേര്‍തിരിക്കാന്‍ പറ്റില്ല. അതുകൊണ്ടാണ് മാര്‍ക്‌സിസം മുന്നോട്ടുവയ്ക്കുന്ന മിശിഹാ സങ്കല്‍പ്പത്തെ ചരിത്രത്തിന്റെ കാഴ്ചപ്പാടിലൂടെ അവര്‍ അന്വേഷിക്കുന്നത്.

ഹെല്ലറുടെ തത്ത്വചിന്തയില്‍ മിശിഹാ സങ്കല്‍പ്പത്തിന് പ്രധാന സ്ഥാനമുണ്ട്. യഹൂദ പാരമ്പര്യത്തില്‍ മിശിഹാ സങ്കല്‍പ്പത്തിനോടു ചേര്‍ത്തുവയ്ക്കുന്ന യാഥാര്‍ത്ഥ്യമാണ് 'ശൂന്യമായ കസേര.' എന്താണ് 'ശൂന്യമായ കസേര' എന്ന സങ്കല്പം? ഓരോ യഹൂദ കുടുംബവും പെസഹാചരണ സമയത്ത് ഒരു കസേര മാറ്റി വയ്ക്കും. ആ കസേര ഏലിയാ പ്രവാചകനുള്ളതാണ്. മിശിഹാ വരുന്നതിനുമുമ്പ് ഏലിയാ പ്രവാചകന്‍ വരുമെന്ന് മലാക്കിയുടെ പുസ്തകം 4:5 ല്‍ പറയുന്നുണ്ട്. ഹെല്ലര്‍ പറയുന്നു, മിശിഹായ്ക്കുവേണ്ടി ഒരു കസേര നമ്മള്‍ എപ്പോഴും ഒഴിച്ചിടണം. ഞാനാണ് മിശിഹാ എന്നു പറഞ്ഞുകൊണ്ട് ആരെങ്കിലും ആ കസേരയില്‍ കയറിയിരിക്കുകയാണെങ്കില്‍ അയാള്‍ വ്യാജ മിശിഹാ തന്നെയായിരിക്കും. കാരണം സമീപകാല ചരിത്രം അതാണ് പഠിപ്പിക്കുന്നത്. എപ്പോഴൊക്കെയെല്ലാം ഒരു മിശിഹാ വന്നുവെന്ന് നമ്മള്‍ കരുതിയോ അപ്പോഴെല്ലാം വന്നത് വ്യാജ മിശിഹായായിരുന്നു എന്നതാണ് ചരിത്രം. അതുകൊണ്ടുതന്നെ കസേര എപ്പോഴും ശൂന്യമായി കിടക്കണം. പക്ഷേ ഒരു കാര്യമുണ്ട്, ആ കസേര മാറ്റിയാല്‍ ആ നിമിഷം കാത്തിരിപ്പിന്റെ ആ ആചാരം അവസാനിക്കും. അങ്ങനെ അവസാനിച്ചാല്‍ ആത്മാവ് സമൂഹത്തെ ഉപേക്ഷിക്കുകയും നിന്ദ്യതകള്‍ ഭാവനയെ കീഴടക്കുകയും ചെയ്യും എന്നതാണ് യഹൂദ പാരമ്പര്യം.

ഈ 'ശൂന്യമായ കസേര' എന്ന സങ്കല്പത്തിലൂടെയാണ് ചരിത്രപുരുഷനായ യേശുവിനെയും ഹെല്ലര്‍ വ്യാഖ്യാനിക്കുന്നത്. അവള്‍ പറയുന്നുണ്ട്; 'ക്രൈസ്തവനായ യേശു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു. യഹൂദനായ യേശുവിന് ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ രണ്ടായിരം വര്‍ഷം വേണ്ടിവന്നു.' ഏത് അര്‍ത്ഥത്തിലാണ് യഹൂദനായ യേശു ഇപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റത്? എന്തിനാണ് അവന്‍ രണ്ടായിരം വര്‍ഷത്തോളം കല്ലറയില്‍ തുടര്‍ന്നത്? നമുക്കറിയാം ക്രിസ്തുമതത്തിന്റെ ഉത്ഭവം യഹൂദമതത്തില്‍ നിന്നാണെന്ന കാര്യം. സഭ അത് ഒരിക്കലും നിഷേധിച്ചിട്ടുമില്ല. ക്രിസ്തീയതയില്‍ നിന്നും യഹൂദ തനിമയെ തള്ളിപ്പറയാനുള്ള ശ്രമം ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ട്. ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥത്തില്‍ പഴയ നിയമത്തിന്റെ ആവശ്യമില്ല എന്ന വാദം മാര്‍സിയോണ്‍ എന്ന പണ്ഡിതന്‍ ആദിമകാലത്ത് ഉന്നയിച്ചപ്പോള്‍ അതിനെ ഒരു പാഷണ്ഡതയായി കണക്കാക്കുകയും യഹൂദരുടെ ബൈബിളിനെയും വിശുദ്ധഗ്രന്ഥമായി കരുതുകയുമാണ് സഭ ചെയ്തത്. കാരണം, യേശുവിനെ മനസ്സിലാക്കാന്‍ സുവിശേഷങ്ങളോ പുതിയ നിയമമോ മാത്രം പോരാ, മുഴുവന്‍ ബൈബിളും വേണം.

നസ്രത്തിലെ യേശുവിലുള്ള യഹൂദത ക്രിസ്ത്യാനികളും യഹൂദരും ഒരേപോലെ മറച്ചുവച്ചു എന്നാണ് ഹെല്ലര്‍ പറയുന്നത്. ജൂതമതത്തിന് നേര്‍വിപരീതമായിട്ടാണ് ക്രിസ്ത്യാനികള്‍ തങ്ങളുടെ വ്യക്തിത്വത്തെ നിര്‍വചിക്കാന്‍ ശ്രമിച്ചത്. അതുപോലെതന്നെയാണ് യഹൂദരും ശ്രമിച്ചത്. ക്രൈസ്തവികതയെ ഒരു മതമായിപ്പോലും അ വര്‍ അംഗീകരിച്ചില്ല. പരസ്പരമു ള്ള തിരസ്‌കരണമാണ് പിന്നീട് യഹൂദ വിരുദ്ധതയായി മാറിയത്.

യഹൂദമതത്തിലെ ഒരു പാഷണ്ഡതയായിട്ടാണ് ക്രിസ്തുമതം ജനിച്ചത്. യഹൂദരെ സംബന്ധിച്ച് യേശുവിനെ കര്‍ത്താവ് അഥവാ കീരിയോസ് ആയി കരുതുക ദൈവശാസ്ത്രപരമായി അസാധ്യമായ കാര്യമാണ്. കാരണം, ഉച്ചരിക്കാന്‍ പാടില്ലാത്ത ദൈവനാമത്തിന്റെ ഉച്ചാരണ രൂപമാണ് കീരിയോസ് എന്ന പദം. ദൈവത്തിനുവേണ്ടി മാത്രം ഹീബ്രൂ ബൈബിളിന്റെ ഗ്രീക്ക് വിവര്‍ത്തനമായ സപ്തതിയില്‍ ഉപയോഗിക്കുന്ന പദമാണത്. യഹൂദനിയമത്തിന്‍ കീഴില്‍ ജനിച്ച യേശുവിന്റെ ചരിത്രപരത താരതമ്യേന എളുപ്പം മനസ്സിലാക്കാന്‍ സാധിക്കും. കാരണം, അവന്റെ ചരിത്രം കുരിശിലെ മരണത്തോടെ അവസാനിക്കുന്നുണ്ട്. പക്ഷേ അവിടെനിന്നാണ് ക്രിസ്ത്യാനികളുടെ യേശുവിന്റെ ചരിത്രം ആരംഭിക്കുന്നത്. ഗൊല്‍ഗോഥയില്‍ മരിച്ച യഹൂദനായ യേശു ക്രൈസ്തവനായ യേശുവില്‍ നിന്നും വ്യത്യസ്തനല്ല എന്നാണ് ഹെല്ലര്‍ പറയുന്നത്. ഗൊല്‍ഗോഥയില്‍ നിന്നും ശൂന്യമായ കല്ലറയിലേക്ക് നയിക്കുന്ന പാതയിലാണ് പ്രശ്‌നം ആരംഭിക്കുന്നത്. ഉത്ഥാനത്തിനുശേഷം യേശുവിനെ ഒരു യഹൂദനായി അംഗീകരിക്കുക എന്നത് ഇപ്പോഴും ഇരു മതങ്ങളിലും ബുദ്ധിമുട്ടുള്ള കാര്യമാണ്. യഹൂദനായ യേശുവിന്റെ ഉത്ഥാനമില്ലായ്മ ക്രൈസ്തവനായ യേശുവിന്റെ ഉത്ഥാനത്തോടാണ് ബന്ധപ്പെട്ടിരിക്കുന്നത്. ഉത്ഥിതനായില്ല എന്ന് പറയപ്പെടുന്ന യഹൂദനായ യേശു തന്നെയാണ് ഇന്ന് യഹൂദ ചിന്തകളില്‍ ഉയിര്‍ത്തിരിക്കുന്നത്.

ഹെല്ലറുടെ യേശുവിനെ കുറിച്ചുള്ള ചിന്തകളോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു പുസ്തകവുമുണ്ട്. റബ്ബിയും നോവലിസ്റ്റുമായ ഹായിം പോട്ടോക്കിന്റെ (Chaim Potok) My Name is Asher Lev എന്ന കൃതിയാണത്. ഒരു യാഥാസ്ഥിതിക യഹൂദ കുടുംബത്തില്‍ ജനിച്ച ആഷര്‍ ലേവിന്റെ ഹൃദയചോദനകളുടെയും ആത്മസംഘര്‍ഷങ്ങളുടെയും കഥ. ഒരു ചിത്രകാരന്‍ എന്ന നിലയിലേക്കും ഒരു യഹൂദന്‍ എന്ന സ്വത്വബോധത്തിലേക്കുമുള്ള അവന്റെ വളര്‍ച്ചയാണ് പുസ്തകം ചിത്രീകരിക്കുന്നത്. ഒരു ചിത്രകാരനാകാന്‍ ആഗ്രഹിച്ച് അവന്‍ അവസാനം എത്തിപ്പെടുന്നത് ഇറ്റലിയിലാണ്. ഫ്‌ലോറന്‍സിലുള്ള മൈക്കലാഞ്ചലോയുടെ ഡിപൊസിഷന്‍ എന്നറിയപ്പെടുന്ന മറിയത്തിന്റെ വ്യാകുല ശില്പം നൊമ്പരങ്ങളുടെ ചിത്രലേഖനത്തെക്കുറിച്ച് അവനൊരു ഉള്‍വിളി നല്‍കുന്നു. അതിനുശേഷം അവന്‍ മറിയത്തിന്റെ വ്യാകുലത്തെ മാത്രം വരയ്ക്കാന്‍ തുടങ്ങി. കാരണം അവന് മനസ്സിലായി പിയാത്തയില്‍ ലോകത്തിന്റെ സകല വേദനയുമുണ്ട്.

ക്രൂശിതനെയും വ്യാകുല മാതാവിനെയുമൊക്കെ ആഷര്‍ ലേവ് വരയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവന്റെ കൂടെയുള്ളവരില്‍ ആര്‍ക്കും അവനെ മനസ്സിലാക്കാന്‍ പറ്റിയില്ല. അവസാനം തന്റെ ചിത്രങ്ങള്‍ ന്യൂയോര്‍ക്കില്‍ ഒരു പ്രദര്‍ശനത്തിന് വെച്ചപ്പോള്‍ അവന്റെ വീട്ടുകാര്‍ക്കുപോലും അവയെ അംഗീകരിക്കാന്‍ സാധിച്ചില്ല. പക്ഷേ അവനെ ചിത്രകല അഭ്യസിക്കാന്‍ സഹായിച്ച റബ്ബി അവനെ അനുഗ്രഹിക്കുന്നുണ്ട്. നൂറ്റാണ്ടുകളായിട്ടുള്ള യഹൂദക്രൈസ്തവ സംഘര്‍ഷമൊന്നും ക്രൂശിതനിലും വ്യാകുല മാതാവിലും ആഷര്‍ ലേവ് കാണുന്നില്ല. മറിച്ച് ഒരു യഹൂദനെയും അയാളുടെ അമ്മയെയും മാത്രമാണ്. ഇവിടെയാണ് പ്രത്യയശാസ്ത്രപരമായി ഒരു അനുരഞ്ജനത്തിന്റെ പാത തെളിയുന്നത്. നൊമ്പരങ്ങളെ സ്വാംശീകരിക്കുന്നവര്‍ക്ക് മാത്രമേ വ്യത്യസ്തതയില്ലാതെ വ്യക്തികളെ സ്വന്തമാക്കാന്‍ സാധിക്കു.

റാഡിക്കലായിരിക്കുക എന്നാല്‍ കാര്യങ്ങളെ അവയുടെ വേരോടെ ഗ്രഹിക്കുകയാണെന്നും എല്ലാ കാര്യങ്ങളുടെയും വേര് അല്ലെങ്കില്‍ അടിസ്ഥാനം മനുഷ്യനാണെന്നും മാര്‍ക്‌സ് പ്രസ്താവിക്കുമ്പോള്‍ എല്ലാം നൊമ്പരങ്ങളുടെയും പ്രതിനിധിയായ മനുഷ്യന്‍ എന്ന ചരിത്രപുരുഷന്‍ അതില്‍ അന്തര്‍ലീനമാകുന്നുണ്ട് എന്നാണ് ഹെല്ലര്‍ കുറിക്കുന്നത്. ചരിത്രം എന്നത് ഒരു ക്രിമിനല്‍ കേസ് പോലെയാണ്. അതില്‍ കൊലയും കൊള്ളയും അക്രമവും അടിച്ചമര്‍ത്തലും ചൂഷണവും കഷ്ടപ്പാടുകളും ഉണ്ട്. മനുഷ്യരാശിയുടെ എല്ലാ പാപങ്ങളും നൊമ്പരങ്ങളും സ്വയം ഏറ്റെടുത്ത ഒരാള്‍ക്ക് മാത്രമേ ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാന്‍ അവകാശമുള്ളൂ, മറ്റാര്‍ക്കുമില്ല.

യേശുവിന്റെ ഉത്ഥാനത്തിന്റെ അര്‍ത്ഥത്തെക്കുറിച്ചോ യഹൂദക്രൈസ്തവ ചിന്തകളിലെ മിശിഹാസങ്കല്പത്തെക്കുറിച്ചോ ഒന്നുമല്ല നമ്മള്‍ ഇനി സംസാരിക്കേണ്ടത്. അവന്റെ നൊമ്പരങ്ങളിലെ മാനുഷിക തലത്തെക്കുറിച്ചാണ്. ക്രൂശിതനും വ്യാകുലമാതാവുമൊക്കെ നമ്മുടെ വിശ്വാസത്തിന്റെ അടിത്തറയായും ദൈവശാസ്ത്ര വിഷയമായി ക്ലാസ് മുറികളിലും പ്രസംഗ പീഠങ്ങളിലും ഒതുങ്ങേണ്ടവയല്ല. സഹജീവികളുടെ നൊമ്പരങ്ങളെ സ്വാംശീകരിക്കുന്ന നമ്മുടെ തന്നെ സ്വത്വമായി മാറണം. ആഗ്‌നസ് ഹെല്ലറിനെ അലട്ടിയത് യഹൂദനായ യേശുവും ക്രൈസ്തവനായ യേശുവും തമ്മിലുള്ള വ്യത്യാസമായിരുന്നുവെങ്കില്‍, ഇന്ന് നമ്മെ അലട്ടുവാന്‍ പോകുന്നത് സുവിശേഷത്തിലെ യേശുവും ക്രൈസ്തവരുടെ യേശുവും തമ്മിലുള്ള അന്തരമായിരിക്കും. ക്രൈസ്തവരുടെ യേശു ചില തലവാചകങ്ങളും നിര്‍ദ്ദേശങ്ങളും നിയമങ്ങളുമായി ചുരുങ്ങി കഴിഞ്ഞിരിക്കുന്നു. സുവിശേഷത്തിലെ യേശുവിന്റെ ആര്‍ദ്രതയില്‍ നിന്നും ക്രൈസ്തവരുടെ യേശു കാതങ്ങളോളം അകലെയായിരിക്കുന്നു. അനുകമ്പയുടെ ലേപനത്തിന് പകരം അനുസരണയുടെ ചാട്ടവാറുകൊണ്ട് അവന്‍ ആടുകളെ നയിക്കുന്നവനായി മാറിയിരിക്കുന്നു. നമുക്കും വേണം ഒരു ശൂന്യമായ കസേര. അറിയില്ലല്ലോ, വീണ്ടും വരുമെന്നു പറഞ്ഞു പോയ സുവിശേഷത്തിലെ യേശു എപ്പോള്‍ വരുമെന്ന്.

'കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നമുക്ക് ആത്മധൈര്യം ഉണ്ടായിരിക്കാനും അവന്റെ മുമ്പില്‍ ലജ്ജിക്കാതിരിക്കാനും വേണ്ടി അവനില്‍ വസിക്കുവിന്‍. അവന്‍ നീതിമാനാണെന്ന് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്ന ഏവനും അവനില്‍നിന്നു ജനിച്ചവനാണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം.'

(1 യോഹ 2:28-29)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org