ഡോ. മാര്‍ട്ടിന്‍ N ആന്റണി O.de M
Who Cooked the Last Supper? ആരാണ് അന്ത്യ അത്താഴം പാചകം ചെയ്തത്? Rosalind Miles എന്ന ബ്രിട്ടീഷ് എഴുത്തുകാരിയുടെ പുസ്തകത്തിന്റെ പേരാണിത്. ഒരു സ്ത്രീചരിത്ര ആഖ്യാനമാണ് ഈ കൃതി. മുകളില്‍ കുറിച്ച ചോദ്യത്തോടുകൂടിയാണ് പുസ്തകം ആരംഭിക്കുന്നത്. ആരായിരിക്കും അന്ത്യ അത്താഴം പാചകം ചെയ്തിട്ടുണ്ടാവുക? ഒരു പുരുഷനായിരുന്നെങ്കില്‍ ഇപ്പോള്‍ അയാള്‍ ഒരു വിശുദ്ധനായി അവരോധിക്കപ്പെട്ടേനെ. പക്ഷേ ഒരു സ്ത്രീയായതുകൊണ്ടായിരിക്കണം ആ അത്താഴം പാചകം ചെയ്ത ആളെക്കുറിച്ച് ഒരു അറിവും നമുക്ക് ഇല്ലാത്തത് എന്നാണ് എഴുത്തുകാരി പറയുന്നത്. അന്ത്യ അത്താഴത്തിന് പിന്നിലെ നിശ്ശബ്ദ സാന്നിധ്യമാണ് യേശുവിന്റെ അമ്മ. ആ സാന്നിധ്യത്തെക്കുറിച്ച് സുവിശേഷങ്ങള്‍ ഒന്നും തന്നെ പറയുന്നില്ല. പക്ഷേ മകന്‍ സ്വയം ഒരു ബലിയായി സമര്‍പ്പിക്കുന്ന നിമിഷത്തില്‍ അമ്മ താങ്ങായി കുരിശിന്‍കീഴില്‍ ഉണ്ടായിരുന്നുവെന്ന് യോഹന്നാന്‍ ചിത്രീകരിക്കുന്നുണ്ട്. ആ അത്താഴത്തോടും ആ ബലിയോടും ചേര്‍ത്ത് മാത്രമേ പരിശുദ്ധ മറിയത്തെ നമുക്ക് ധ്യാനിക്കാന്‍ സാധിക്കുകയുള്ളൂ. കാരണം ആ ബലിയിലേക്കുള്ള നടന്നുകയറ്റം മാത്രമായിരുന്നു അമ്മയുടെ ജീവിതം മുഴുവനും.
പരിശുദ്ധ കുര്‍ബാന എന്നത് ദൈവവചനത്തെയും ദൈവപുത്രനെയും നമ്മുടെ ജീവിതത്തിന്റെ അനുദിനവും നൈസര്‍ഗികവുമായ തലത്തിലേക്ക് സ്വാംശീകരിക്കുന്ന പ്രക്രിയയാണ്. യേശുവിന്റെ അമ്മയിലാണ് ചരിത്രത്തില്‍ അത് ആദ്യമായി സാധ്യമായത്. അമ്മയാണ് വചനത്തിനോട് പൂര്‍ണ വിധേയത്വം പാലിച്ചതും വചനമാകുന്ന യേശുവിനെ ഉദരത്തില്‍ വഹിച്ച് ആദ്യ സക്രാരിയായി മാറിയതും.
ഉദരത്തില്‍ ക്രിസ്തുവിനെ വഹിക്കുന്ന മറിയത്തെ പോലെ ഉള്ളില്‍ യേശുവിനെ വഹിക്കുന്നവരാണ് ക്രൈസ്തവര്‍. ഒരു ഗര്‍ഭിണിയുടെ ഉള്ളില്‍ മറ്റൊരു ജീവനുള്ളതുപോലെ, ഒരു ശരീരത്തില്‍ രണ്ട് ഹൃദയങ്ങള്‍ തുടിക്കുന്നതുപോലെ...
പരിശുദ്ധ കുര്‍ബാനയിലൂടെ ദൈവവചനവും ദൈവപുത്രനും നമ്മില്‍ കുടികൊള്ളും. ആ നിമിഷം നമ്മില്‍ ഉണ്ടാകേണ്ടത് പരിശുദ്ധ മറിയത്തിന്റെ മനോഭാവമായിരിക്കണം. ആ മനോഭാവം മനസ്സിലാക്കാന്‍ ലൂക്കായുടെ സുവിശേഷം 1:39-45 നമ്മള്‍ ധ്യാനിക്കണം.
സ്ത്രീകളുടെ സന്തോഷം ലോകത്തോട് പങ്കുവയ്ക്കുന്ന ഒരു സുവിശേഷഭാഗമാണത്. മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭവതിയായവള്‍, ഉദരത്തില്‍ പ്രകാശത്തെ വഹിക്കുന്നവള്‍ യൂദയായിലെ ഒരു മലമ്പ്രദേശത്തേക്ക് യാത്ര പുറപ്പെടുന്നു. ഗര്‍ഭാവസ്ഥയുടെ തളര്‍ച്ച അവളുടെ ശരീരത്തിനുണ്ട്. എങ്കിലും ഒരു അപ്പൂപ്പന്‍ താടിയെ പോലെ അവള്‍ സ്വതന്ത്രയാണ്. ഈ നടന്നുനീങ്ങുന്ന ഗര്‍ഭിണിയായ മറിയം ക്രൈസ്തവീകതയുടെ ആധികാരികവും സുന്ദരവുമായ പ്രതീകമാണ്. ഉദരത്തില്‍ ക്രിസ്തുവിനെ വഹിക്കുന്ന മറിയത്തെ പോലെ ഉള്ളില്‍ യേശുവിനെ വഹിക്കുന്നവരാണ് ക്രൈസ്തവര്‍. ഒരു ഗര്‍ഭിണിയുടെ ഉള്ളില്‍ മറ്റൊരു ജീവനുള്ളതുപോലെ, ഒരു ശരീരത്തില്‍ രണ്ട് ഹൃദയങ്ങള്‍ തുടിക്കുന്നതുപോലെ, രണ്ടു ജീവനുകള്‍ ഒന്നായിരിക്കുന്നതുപോലെ ഓരോ ക്രൈസ്തവനിലും ക്രിസ്തു ജീവിക്കുന്നു. അതുകൊണ്ടാണ് ക്രിസ്ത്യാനി എന്ന പദത്തിന് വചനത്തെ വഹിക്കുന്നവര്‍ എന്ന അര്‍ത്ഥം ലഭിക്കുന്നത്. ദൈവത്തോടൊപ്പം ശ്വസിക്കുകയും അവനോടൊപ്പം വികാരവിചാരങ്ങളിലേര്‍പ്പെടുകയും ചെയ്യുന്നവരാണ് നമ്മള്‍.
സുവിശേഷങ്ങളില്‍ സ്ത്രീകള്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏക രംഗമാണ് ലൂക്കാ 1:39 -45. മനോഹരമായ സംഭാഷണശകലമാണിത്. തിടുക്കത്തില്‍ യാത്ര പുറപ്പെട്ട മറിയം തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിന്റെ വീട്ടില്‍ എത്തുന്നു. അവളുടെ വീട്ടില്‍ പ്രവേശിച്ച് അഭിവാദനം ചെയ്യുന്നു. ശുശ്രൂഷിക്കുന്നതിനാണ് അവള്‍ ആ ഭവനത്തില്‍ പ്രവേശിക്കുന്നത്. അത് അവള്‍ തനിയെ എടുത്ത തീരുമാനമാണ്. അവള്‍ക്ക് വേണമെങ്കില്‍ പുറത്തു നില്‍ക്കാമായിരുന്നു. 'അവര്‍ ചോദിക്കട്ടെ അപ്പോള്‍ ഞാന്‍ സഹായിക്കാം' എന്ന് പറയാമായിരുന്നു. പക്ഷേ, അവള്‍ വാതിലില്‍ മുട്ടുകയാണ്. അനുവാദം കൂടാതെ തന്നെ അകത്ത് പ്രവേശിച്ചു അഭിവാദനം ചെയ്യുന്നു. സമാധാനം നിന്നോടു കൂടെ എന്നായിരിക്കണം അവള്‍ ആശംസിച്ചിട്ടുണ്ടാവുക. 'ഷലോം' ദൈവികാനന്ദത്തിന്റെയും രക്ഷയുടെയും തന്മാത്രകളടങ്ങിയിട്ടുള്ള സുന്ദരാഭിവാദനം.
ജീവിതത്തിന്റെ ഭാരമേറിയ നിമിഷങ്ങളില്‍ പ്രത്യാശയും ഗൃഹാതുരതയും ഉണര്‍ത്തുന്ന വാക്കുകളുമായി കടന്നുവരുന്നവര്‍ അനുഗ്രഹം തന്നെയാണ്.
'നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്' മറിയത്തിന്റെ അഭിവാദനത്തിന് ലഭിച്ച മറുപടിയാണിത്. നന്മ പകര്‍ന്നുനല്‍കി നന്മ സ്വീകരിക്കുക. അതാണ് മറിയം ചെയ്യുന്നത്. ജീവിതത്തിന്റെ ഭാരമേറിയ നിമിഷങ്ങളില്‍ പ്രത്യാശയും ഗൃഹാതുരതയുമുണര്‍ത്തുന്ന വാക്കുകളുമായി കടന്നുവരുന്നവര്‍ അനുഗ്രഹം തന്നെയാണ്. അങ്ങനെയുള്ളവരെ കാണാനും തിരിച്ചറിയാനും സാധിക്കുക, അതൊരു ഭാഗ്യമാണ്. എലിസബത്ത് ആ ഭാഗ്യം സിദ്ധിച്ചവളാണ്. ഉള്ളില്‍ ദൈവികതയുള്ളവള്‍ക്ക് മാത്രമേ മറ്റൊരു സ്ത്രീയെ അനുഗ്രഹീതയെന്ന് വിളിക്കാന്‍ സാധിക്കു.
'നീ അനുഗ്രഹീത/തന്‍ ആണ്' എന്ന് ഒരാള്‍ പറയുകയാണെങ്കില്‍ അതിനര്‍ത്ഥം സ്വര്‍ഗം നിന്നിലുണ്ട് എന്നാണ്. നിന്നില്‍ ഞാന്‍ ദൈവത്തെയും അവന്റെ പ്രവര്‍ത്തനങ്ങളെയും കാണുന്നുവെന്നും ആ വാചകത്തിന് അര്‍ത്ഥതലങ്ങളുണ്ട്. അതുപോലെതന്നെ അനുഗ്രഹിക്കുകയെന്നാല്‍ വാക്കുകളില്‍ ദൈവികതയെ ചാലിച്ച് ചേര്‍ക്കുക എന്നതാണ്. ഇത്രയും നാളായിട്ടും നിനക്ക് ആരെയും അനുഗ്രഹിക്കാന്‍ സാധിച്ചിട്ടില്ലായെങ്കില്‍ അതിന്റെ അര്‍ത്ഥം ഇന്നുവരെയും നീ ജീവിതത്തില്‍ സന്തോഷം അനുഭവിച്ചിട്ടില്ല എന്നതുതന്നെയാണ്.
മറിയവും എലിസബത്തും തമ്മിലുള്ള ഈ കണ്ടുമുട്ടലിലും അവരുടെ പരസ്പരമുള്ള അഭിവാദനത്തിലും സ്‌നേഹപൂര്‍വമായ ആലിംഗനത്തിലുമെല്ലാം ദൈവം ഒരു കുടുംബത്തിലെ അംഗമെന്നപോലെ അവരുടെ മദ്ധ്യേയുണ്ട്. മനുഷ്യബന്ധങ്ങളുടെ കണ്ണിയാണ് ദൈവം. അവനാണ് നമ്മെ പരസ്പരം അടുപ്പിക്കുകയും ചേര്‍ത്തു നിര്‍ത്തുകയും ചെയ്യുന്നത്. മറിയത്തെ എലിസബത്തിന്റെ അടുത്തേക്ക് കൂട്ടി കൊണ്ടുവന്നതുപോലെ ബന്ധങ്ങളുടെ ദൈവികതയിലേക്കും ലാവണ്യത്തിലേക്കും ദൈവമാണ് നമ്മെ കൈപിടിച്ച് നടത്തുന്നത്. ദൈവാനുഭവം ഒരിക്കലും നമ്മെ മനുഷ്യരില്‍ നിന്നും അകറ്റില്ല. ദൈവാനുഭവമുള്ളവര്‍ എന്ന് പറയുന്നവര്‍ അപര വിദ്വേഷത്തിന്റെ വക്താക്കളായി മാറുകയാണെങ്കില്‍, ഓര്‍ക്കുക, അവരുടെ ദൈവം മറിയത്തിന്റെ ദൈവമല്ല. മനുഷ്യബന്ധങ്ങളെ നിരാകരിച്ചു കൊണ്ടുള്ള ഒരു നിത്യതയും ദൈവം നമുക്കായി ഒരുക്കി വച്ചിട്ടില്ല.
നോക്കുക, പരിശുദ്ധ കുര്‍ബാന എന്നത് ഒരു കൂദാശ മാത്രമല്ല, വലിയൊരു ഉത്തരവാദിത്വം കൂടിയാണ്. അമ്മയില്‍ വചനം നിറഞ്ഞപ്പോള്‍ അവള്‍ ഒരു ദിവ്യകാരുണ്യപ്രദക്ഷിണമായി മാറി. സഹജരുടെ ആവശ്യങ്ങളിലേക്ക് ഇറങ്ങാനും, അവരില്‍ അനുഗ്രഹത്തിന്റെ പദങ്ങള്‍ വാരിവിതറാനും, അവരുടെയുള്ളില്‍ ദൈവികമായ തുടിപ്പുകള്‍ പകര്‍ന്നു നല്‍കാനും സാധിച്ചത് ഉള്ളില്‍ ദൈവപുത്രന്‍ ഒരു നിറവായി നിന്നപ്പോഴാണ്. പരിശുദ്ധ കുര്‍ബാനയിലുള്ള പങ്കാളിത്തം നമ്മെ ഓരോരുത്തരെയും ആ അമ്മയുടെ മാനസത്തിലേക്കാണ് നയിക്കുന്നത്. സ്വയം ഒരു ശുശ്രൂഷയാകാനും ഇടതും വലതും ഉള്ളവര്‍ക്ക് അനുഗ്രഹത്തിന്റെ ചാലകമായി തീരാനുമുള്ളവരാണ് നമ്മള്‍ ഓരോരുത്തരും.