ശത്രുവും മിത്രവും

ശത്രുവും മിത്രവും
ഒരു വിദ്വേഷവും മുന്‍കൂട്ടി നിശ്ചയിച്ചു കൊണ്ട് നമ്മുടെയിടയില്‍ ഉടലെടുക്കുന്നില്ല. തുറവിയുള്ളവരാണോ അതോ സ്വന്തം ക്ലീഷേകളില്‍ അടഞ്ഞവരാണോ എന്നത് മാത്രമാണ് നമ്മുടെ യഥാര്‍ത്ഥ പ്രശ്‌നം.

'ഞാന്‍ വിചാരിച്ചിരുന്നത് നമ്മുടെ സംഘര്‍ഷം ഒരിക്കലും പരിഹരിക്കാന്‍ കഴിയില്ല എന്നാണ്. പരസ്പരം വെറുക്കുന്നത് തുടരുമെന്നായിരുന്നു. അപ്പോഴും പരസ്പരം കൊല്ലണമെന്ന് എവിടെയും എഴുതിയിട്ടുമില്ല. ധീരന്‍ തന്റെ ശത്രുവിനെ സുഹൃത്താക്കും.'

'The hero makes a friend of his enemy' ഐറിഷ് അമേരിക്കന്‍ എഴുത്തുകാരനായ കോലം മക്കാന്റെ (Colum McCann) Apeirogon എന്ന നോവലിലാണ് ഈ വാചകമുള്ളത്. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മക്കളെ നഷ്ടപ്പെട്ട രണ്ട് പിതാക്കന്മാരുടെ കഥയാണിത്. മനുഷ്യബോംബ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ട പതിമൂന്നുകാരി സ്മാദറിന്റെ പിതാവായ റാമി എന്ന ഇസ്രായേല്‍ക്കാരന്റെയും, ഇസ്രായേല്‍ സേനയുടെ വെടിയേറ്റു മരിച്ച ആബിര്‍ എന്ന പത്തു വയസ്സുകാരിയുടെ പിതാവായ ബാസ്സാം എന്ന പലസ്തീന്‍കാരന്റെയും അനുഭവസാക്ഷ്യവും അനുരഞ്ജനവുമാണ് നോവല്‍. ഭാവനയെയും വസ്തുതകളെയും ഇഴചേര്‍ത്ത് നിര്‍ത്തിയിരിക്കുന്ന ഒരു നോണ്‍ലീനിയര്‍ ആഖ്യാനം. ആയിരത്തിയൊന്നു രാവുകളെ ഓര്‍മ്മപ്പെടുത്തുന്ന തരത്തിലാണ് രണ്ടു പിതാക്കന്മാര്‍ക്ക് സംഭവിച്ച ദുരന്തത്തിന്റെ ചരിത്രവും ആ ചരിത്രത്തിന്റെ ഭീകരതയും അനന്തമായി ആവര്‍ത്തിക്കപ്പെടുന്ന വിദ്വേഷവും ഗ്രന്ഥകാരന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ദുഃഖിതരായ ആ പിതാക്കന്മാര്‍ അവരുടെ സങ്കടത്തില്‍ ഒരു പൊതുത കണ്ടെത്തുന്നു. അവര്‍ രാഷ്ട്രീയ വിഭജനത്തിനപ്പുറത്തുള്ള മനുഷ്യത്വം തിരിച്ചറിയുന്നു. അങ്ങനെ അവര്‍ മരണത്തിന്റെയും ദുഃഖത്തിന്റെയും ക്രൂരതയുടെയും പൈശാചികതയുടെയും ഹിംസയുടെയും ചക്രഗതിയെ തകര്‍ക്കാന്‍ പ്രത്യാശയിലാശ്രയിച്ച് ഇറങ്ങിത്തിരിക്കുന്നു.

ഈ കൃതിക്ക് അധ്യായങ്ങളില്ല. പകരം 1001 ചെറിയ ഖണ്ഡികകളാണ്. അവയില്‍ ചിലത് നിരവധി താളുകളില്‍ നിറയുന്നു, ചിലത് ഒരു വാക്യം, അല്ലെങ്കില്‍ ഒരൊറ്റ വാക്ക്. ഇടയ്ക്കിടെ ഫോട്ടോകള്‍. രണ്ടു തവണ ശൂന്യമായ താളുകള്‍ പോലും. ആ ഖണ്ഡികകളില്‍ ചരിത്രം, കല, മതം, പുരാണങ്ങള്‍, കവിത, പ്രകൃതി, ഗണിതം, ഓര്‍മ്മ, തത്വചിന്ത, സാഹിത്യം, പക്ഷികള്‍ എന്നിവയെല്ലാം നിറയുന്നു. സങ്കീര്‍ണ്ണമായ ഒരു ജിഗ്‌സോ പസിലിലെ ചെറിയ കഷണങ്ങള്‍ പോലെ അവ സാവധാനം മനോഹരമായ ഒരു ചിത്രമായി മാറുന്നു. ആ ചിത്രം അഗാധവും വൈകാരികവും ഹൃദയഭേദകവും അവിസ്മരണീയവും നൊമ്പരപ്പെടുത്തുന്നതുമാണ്. ഒപ്പം നമ്മെ പ്രതീക്ഷയോടെ കൈപിടിച്ച് നടത്തുന്ന ഒരു മൗലീക വായനയുമാകുന്നു.

ഈ പുസ്തകത്തിലെ 470-ാമത്തെ ഖണ്ഡികയില്‍ മക്കാന്‍ 'ദി കോണ്‍ഫറന്‍സ് ഓഫ് ദി ബേര്‍ഡ്‌സ്'നെ കുറിച്ചു പറയുന്നുണ്ട്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ എഴുതപ്പെട്ട ഒരു പേര്‍ഷ്യന്‍ കൃതിയാണത്. ജ്ഞാനോദയം തേടിയുള്ള പക്ഷികളുടെ യാത്രയാണ് പ്രതിപാദ്യം. അവസാനം ആ ദീര്‍ഘയാത്ര അവസാനിക്കുന്നത് പക്ഷികള്‍ സ്വന്തം പ്രതിഫലനങ്ങള്‍ ഒരു തടാകത്തില്‍ കാണുമ്പോഴാണ്. അപരനില്‍ നമ്മുടെ പ്രതിഫലനം കാണുമ്പോള്‍ മാത്രമേ നമുക്കും സമാധാനം ഉണ്ടാവുകയുള്ളൂ. ബാസ്സാമിനെ അന്വേഷിച്ചു പോകുന്ന റാമിയുടെ ബൈക്കിന്റെ ബംബര്‍ സ്റ്റിക്കറും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്; 'It will not be over until we talk'. അതെ, പരസ്പരം സംസാരിക്കുന്നില്ലെങ്കില്‍ ഒരു വിദ്വേഷവും അവസാനിക്കാന്‍ പോകുന്നില്ല.

ഈ പുസ്തകത്തിന് ഒരു പ്രത്യേകതയുണ്ട്; ഇതിനെ ആദ്യ പേജില്‍ നിന്നും വായിച്ചു തുടങ്ങുന്നതുപോലെ അവസാനത്തെ പേജില്‍ നിന്നും വായിച്ചു തുടങ്ങാം. ജീവിതത്തെ മുന്നിലേക്കുള്ള ഒരു യാത്രയായി കരുതുമ്പോള്‍ പലര്‍ക്കും നഷ്ടപ്പെട്ടുപോകുന്ന കാര്യമാണ് അതിന്റെ പിന്നാക്ക വായന. ഇന്ന് നമ്മുടെയിടയിലുള്ള സംഘര്‍ഷങ്ങളെ മനസ്സിലാക്കാന്‍ ചരിത്രപരമായ വേരുകളിലേക്ക് നമ്മള്‍ മടങ്ങി പോകണം എന്നതാണ് പുസ്തകം ഉന്നയിക്കുന്ന നിരവധി പോയിന്റുകളില്‍ ഒന്ന്. നമ്മുടെ മാത്രം ചരിത്രത്തിലേക്കല്ല, നമ്മളെ എതിരിട്ട് നില്‍ക്കുന്നവന്റെയും ചരിത്രത്തിലേക്ക് ഇറങ്ങിത്തിരിക്കണം. പരസ്പരം അറിയുന്നതിന്റെ കുരുക്കില്‍ നമ്മളെത്തന്നെ നഷ്ടപ്പെടുമോ എന്ന ഭയം അവിടെ ഉണ്ടാകരുത്. സമാധാനത്തിലേക്കുള്ള ബാസ്സാമിന്റെ യാത്രയില്‍ ഒരു നിര്‍ണായക നിമിഷത്തില്‍ അവന്‍ യഹൂദ വംശഹത്യയെ കുറിച്ച് വിവരിക്കുന്ന ഒരു ഹോളോകോസ്റ്റ് സിനിമ കാണുന്നുണ്ട്. അത് അവനില്‍ യഹൂദരോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റുകയാണ്.

ഓര്‍മ്മകള്‍ മുറിവുകളായി തുടരുമ്പോള്‍, ചരിത്രം അടിച്ചമര്‍ത്തലിന്റെ ഈണം പകര്‍ന്നു നല്‍കുമ്പോള്‍, തലമുറകളില്‍ വ്യതിയാനങ്ങള്‍ സംഭവിക്കും. ജീവിതം സങ്കുചിതത്വത്താല്‍ വിഷലിപ്തമാകും. അങ്ങനെയാകാതിരിക്കണമെങ്കില്‍ അപരന്റെ ചരിത്രം കൂടി നമ്മള്‍ പഠിക്കണം. പരസ്പരം സംസാരിക്കാന്‍ സാധിക്കണം, റാമിയും ബാസ്സാമും ചെയ്യുന്നതു പോലെ. അവര്‍ അവരുടെ നഷ്ടപ്പെട്ട മക്കളെ കുറിച്ച് സംസാരിക്കുന്നു. അപരന്റെ ദുഃഖത്തില്‍ അവര്‍ പരസ്പരം കാണുന്നു. അത് അവരില്‍ നിന്നും അപരഭയം എടുത്തു മാറ്റുന്നു.

നൊമ്പരം പേറുന്നവര്‍ പരസ്പരം കണ്ടുമുട്ടുമ്പോള്‍ മാത്രമേ വിദ്വേഷത്തെ അതിജീവിക്കാന്‍ സാധിക്കൂ. അപ്പോള്‍ നമ്മള്‍ പരസ്പരം ശ്രവിക്കും. വിദ്വേഷത്തിന്റെ മതിലുകള്‍ പണിയാന്‍ എളുപ്പമാണ്. ആ മതിലില്‍ ഒലിവുമരം കൊണ്ട് ഒരു ഗോപുരം കൂടി പണിതാല്‍ ആര്‍ക്കും അതിനെ തകര്‍ക്കാന്‍ സാധിക്കില്ല എന്നത് റോമന്‍ യുദ്ധതന്ത്രം കൂടിയാണ്. 'Olive wood does not decay even if buried in the earth or placed deep in water.' ചില വിദ്വേഷങ്ങള്‍ അങ്ങനെയാണ്, അത് ദീര്‍ഘകാലം നിലനില്‍ക്കും; ഒലിവുമരത്തടി പോലെ. അതേ ഒലീവ് മരച്ചില്ലയെയാണ് 1949-ലെ ലോകസമാധാന സമ്മേളനത്തില്‍ പാബ്ലോ പിക്കാസോ സമാധാനത്തിന്റെ പ്രതീകമായി ചിത്രീകരിച്ചതും. 'ഒലിവ് ചില്ലയുമായി ഒരു പ്രാവ് 'അതായിരുന്നു ആ ചിത്രം. 1974-ലെ ഐക്യ രാഷ്ട്ര സമ്മേളന വേദിയില്‍ വച്ച് യാസര്‍ അറഫാത്ത് പറയുന്നുണ്ട്: 'ഇന്ന് ഞാന്‍ ഒരു കൈയില്‍ ഒലിവ് ശാഖയും മറുകൈയില്‍ സ്വാതന്ത്ര്യസമര സേനാനിയുടെ തോക്കും വഹിച്ചുകൊണ്ട് വന്നിരിക്കുന്നു. എന്റെ കയ്യില്‍ നിന്ന് ഒലിവിന്റെ ശാഖ വീഴാന്‍ അനുവദിക്കരുത്.'

ഒരു വിദ്വേഷവും മുന്‍കൂട്ടി നിശ്ചയിച്ചുകൊണ്ട് നമ്മുടെയിടയില്‍ ഉടലെടുക്കുന്നില്ല. തുറവിയുള്ളവരാണോ അതോ സ്വന്തം ക്ലീഷേകളില്‍ അടഞ്ഞവരാണോ എന്നത് മാത്രമാണ് നമ്മുടെ യഥാര്‍ത്ഥ പ്രശ്‌നം. വസ്തുതകളുടെ സത്യാവസ്ഥയുമായി ബന്ധപ്പെടുത്തുമ്പോള്‍ നമ്മിലെ പരസ്പരമുള്ള വിദ്വേഷം ക്ഷമയുടെയോ നീതിയുടെയോ പ്രശ്‌നമല്ല. സത്യമെന്താണെന്ന് തുറന്നു പറയാനുള്ള ബുദ്ധിമുട്ട് മാത്രമാണത്. അതിനു നമ്മള്‍ പരസ്പരം സംസാരിക്കാനുള്ള മനസ്സ് കാണിക്കണം. അപ്പോള്‍ നമ്മള്‍ അപരന്റെ കഥകള്‍ കേള്‍ക്കാനും പഠിക്കാനും ശ്രദ്ധിക്കാനും തുടങ്ങും. ചോദ്യം ചെയ്യാന്‍ പാടില്ല എന്ന് പറയുന്ന ചില ഉറപ്പുകളില്‍ നിന്നും നമ്മള്‍ പിന്തിരിയണം. ജീവിതത്തില്‍ അനിശ്ചിതത്വങ്ങള്‍ ഉണ്ടാകട്ടെ. എങ്കില്‍ മാത്രമേ പരസ്പരം ശ്രവിക്കാനും അറിയാനും നമുക്ക് സാധിക്കൂ.

'നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍. തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ളവര്‍ക്കു നന്മ ചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്‍മാരായിരിക്കുകയും ചെയ്യും. കാരണം, അവിടുന്നു നന്ദി ഹീനരോടും ദുഷ്ടരോടും കരുണ കാണിക്കുന്നു.

നിങ്ങളുടെ പിതാവ് കരുണയുള്ളവനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍ (ലൂക്കാ 6:35-36).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org