ദലിതനായ യേശുവും സവര്‍ണ്ണനായ ദൈവവും

ദലിതനായ യേശുവും സവര്‍ണ്ണനായ ദൈവവും
ഗാസ്പര്‍ അച്ചന്റെ ദലിതനായ യേശുവില്‍ ഈ ആത്മകഥയുടെ തുടക്കം നിസ്സംഗമായ നിശ്ശബ്ദതയില്‍ നിന്നല്ല, മനുഷ്യാവസ്ഥയുടെ ഇരുണ്ട ആഴങ്ങളില്‍ നിന്നാണ്.

നിഴലിനും വെളിച്ചത്തിനുമിടയിലൂടെ ഒരു തിളക്കം അരിച്ചിറങ്ങുന്നു. ഇലകള്‍ക്കും ചില്ലകള്‍ക്കുമിടയിലൂടെ വരുന്ന ചെറുവെട്ടമെന്നപോലെ. വിപ്ലവത്തിനും കീഴടങ്ങലിനുമിടയിലെ അനിര്‍വചനീയമായ ഒരു വികാരം എന്നപോലെ. ആ തിളക്കവും വികാരവും ഒരിക്കലും മായുകയില്ല. വിശുദ്ധിയുള്ള വൈദികന്‍ ധീരനായ ചിന്തകനായിരിക്കുമെന്നു പറയുന്നത് എത്രയോ സത്യമാണ്. നിഴലുകളുടെയിടയിലെ തിളക്കമാണ് അയാള്‍. പിറുപിറുപ്പുകള്‍ക്കും സൂത്രവാക്യങ്ങള്‍ക്കും അപ്പുറമുള്ള മൗനത്തെ തിരിച്ചറിഞ്ഞ ഒരാള്‍. അങ്ങനെയുള്ള ഒരു വൈദികനും ചിന്തകനുമാണ് ഗാസ്പര്‍ അച്ചന്‍. കൊച്ചി രൂപതാംഗവും തിരുവനന്തപുരം ഗവണ്‍മെന്റ് വിമന്‍സ് കോളേജിലെ ഫിലോസഫി അധ്യാപകനുമാണ്. വനത്തിനുള്ളിലെ കുടില്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വൈദികന്‍. കാടിന്റെ തെളിമയിലും ദൃശ്യവും അദൃശ്യവുമായ പലതും ചുറ്റിലുമുണ്ടെന്ന അവബോധമുള്ള ഒരാള്‍. അവ്യക്തതയ്ക്കും വെളിച്ചത്തിനുമിടയില്‍ ചാഞ്ചാടുന്ന മലയാളമണ്ണിലെ സമകാലിക ക്രൈസ്തവ ചിന്തയിലെ തനത് സ്വരം. ദാര്‍ശനിക ഭാഷയെയും കാവ്യഭാഷയെയും ഒരുപോലെ കൈകാര്യം ചെയ്യുന്ന ഗാസ്പര്‍ അച്ചന്റെ ഏറ്റവും പുതിയ പുസ്തകമാണ് 'ദളിതനായ യേശു.'

ക്രൈസ്തവികമായ താത്വിക വിചാരങ്ങളുടെ ചരിത്രത്തില്‍ കൈരളിക്ക് എടുത്തു പറയാനായി പോള്‍ തേലകാട്ട് അച്ചനല്ലാതെ വേറെ ആരുമില്ലെന്ന സത്യം അംഗീകരിക്കാതെ നിവൃത്തിയില്ല. അതുകൊണ്ടാണെന്നു തോന്നുന്നു ഗാസ്പര്‍ അച്ചന്റെ കുറിപ്പുകളെ മറ്റു മലയാള രചനകളോട് താരതമ്യം ചെയ്യാന്‍ സാധിക്കാത്തത്. യേശുവിന്റെ ചരിത്രപരതയെക്കുറിച്ചും അയാളുടെ സാമൂഹിക ഇടപെടലുകളെക്കുറിച്ചും എത്രയോ പാശ്ചാത്യകൃതികള്‍ ഉണ്ടായിരിക്കുന്നു. എന്നിട്ടും യേശു എന്ന ചരിത്രപുരുഷനെ ദാര്‍ശനിക ഭാഷയില്‍ വരച്ചുവയ്ക്കാന്‍ ധൈര്യപ്പെട്ടിട്ടുള്ളത് ചുരുക്കം ചിലര്‍ മാത്രമാണ്. ഓര്‍ക്കണം, ബൈബിളിനെ ചരിത്രവിമര്‍ശനരീതിയിലൂടെ വായിക്കാന്‍ തുടങ്ങിയത് തത്വചിന്തകനായ ബെനഡിക്ട് സ്പിനോസയാണ് (1632-1677). അന്നുമുതല്‍ ഇന്നുവരെ യുക്തിയുടെ ഭാഷയില്‍ നിന്നും യേശുവിനെ ആരും മാറ്റിനിര്‍ത്തിയിട്ടുമില്ല.

തത്വചിന്തയായി മാറിയ ഒരു ജീവിതം. ജീവിതമായി മാറിയ തത്വചിന്ത. അതായിരുന്നില്ലേ നസ്രായന്‍ എന്ന് ചോദിച്ചാല്‍ ജീവിതത്തെ ഒരു ധ്യാനമായും ബലിയായും കരുതിയ ഒരാളെ ശല്യപ്പെടുത്തരുത് എന്ന മട്ടില്‍ വായന നമ്മള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ഒരു ചോദ്യത്തെയും നിശ്ശബ്ദമാക്കുന്നില്ല. നുറുങ്ങു വിരലുകൊണ്ട് മൗനമായി ആ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പ്രലോഭിപ്പിക്കുകയാണ് എഴുത്തുകാരന്‍. ഇതാണ് ഗാസ്പര്‍ അച്ചന്റെ ചിന്താശൈലി. യുക്തിക്ക് ഇവിടെ പൂര്‍ണ്ണമായ ആധിപത്യമില്ല. അനുമാനപരമാണ് യുക്തി. കൂട്ടിയും കിഴിച്ചും നിയമത്തെയും ചരിത്രത്തെയും വളച്ചൊടിക്കുന്ന മിഥ്യാബോധവും ഈ കൃതിയിലില്ല. യുക്ത്യാനുസാരം സ്ഥാപിക്കാനോ വിശദീകരിക്കാനോ ഒന്നും എഴുത്തുകാരന്‍ ശ്രമിക്കുന്നുമില്ല. മറിച്ച്, 'ശരിക്കും ഇയാള്‍ ആരാണ്?' എന്ന് ചോദിച്ചുകൊണ്ട് വാക്കുകളിലൂടെ യേശുവിനെ ഒന്നു സ്പര്‍ശിക്കാന്‍ ശ്രമിക്കുകയാണ്. വാക്കുകള്‍ വചനത്തെ തൊടുന്നു. ആ വചനമോ, യോഹന്നാന്റെ കാഴ്ചപ്പാടില്‍, ലോഗോസ് ആണ്. ലോഗോസ് തത്വചിന്തയില്‍ യുക്തിയാണ്. യുക്തി യുക്തിയെ സ്പര്‍ശിക്കുന്നു. അതിലൂടെ മനുഷ്യന്‍ മനുഷ്യനായി മാറുന്നു.

നീണ്ട അലഞ്ഞുതിരിയലുകളായി മാറുന്ന ആത്മാവിന്റെ യാത്രയെ അസ്തിത്വത്തിന്റെ ഓരോ ഘട്ടങ്ങളായി തിരിച്ചറിയാന്‍ തുടങ്ങുമ്പോഴാണ് നൊമ്പരവും പ്രാര്‍ത്ഥനയുമൊക്കെ നമുക്കും ഒരു താത്വിക വിചാരമാകുക. കൊറോണക്കാലത്തിന്റെ ദൈവവിചാരങ്ങള്‍ എന്ന കുറിപ്പില്‍ ചിന്തകന്‍ ഒരു ചോദ്യം ചോദിക്കുന്നുണ്ട്. 'ജീസസ് പ്രെയറിന്റെ നീരൊഴുക്ക് ഏത് സമുദ്രാന്തര്‍ഭാഗത്തേക്കാണ് എന്നെ കൊണ്ടുപോകുന്നത്?' ഉത്തരമില്ല. കടലിനുമീതേ നടക്കുന്നവന്റെ പാദങ്ങള്‍ എന്നില്‍ പതിയണമേ എന്ന പ്രാര്‍ത്ഥന മാത്രമാണ്. അതിനുശേഷമാണ് നീത്‌ഷെയ്‌ക്കൊപ്പം നീങ്ങുമ്പോള്‍ എന്ന അധ്യായം. ക്രിസ്തുവേ ഞാനും നീയും തമ്മിലെന്തെന്ന് നിരന്തരം ചോദിച്ചവനെക്കുറിച്ചുള്ള യേശു വിചാരമാണത്. അവിടെ രാഷ്ട്രീയമില്ല. ഉണ്മയുടെ ഉള്ളിലേക്ക് കുറെ ചോദ്യങ്ങളെറിഞ്ഞ് പവിത്രവും ദിവ്യവുമായതിനെ തേടിയുള്ള യാത്രയാണത്.

യേശു ആരാണെന്ന് ചരിത്രത്തിനോട് ചോദിക്കാന്‍ നമുക്ക് ധൈര്യമുണ്ടോ? ചോദ്യം എല്ലാ ക്രൈസ്തവരോടുമാണ്. ക്രൈസ്തവ ചിന്തയില്‍ അവന്‍ ഒരു വിഗ്രഹമായി മാറിക്കഴിഞ്ഞു. അങ്ങനെ അവനെ മാറ്റിയെടുത്തതിന് ഒത്തിരി കാരണങ്ങളുമുണ്ട്. ചിലതൊക്കെ നമ്മള്‍ ഏറ്റുപറയണം. ഒരു കുറ്റസമ്മതം എന്നപോലെ... വേണം നമ്മുടെ സ്മരണകള്‍ക്കും ഇത്തിരി വ്യായാമം. എങ്കില്‍ മാത്രമേ യഥാര്‍ത്ഥ സത്യത്തിലേക്ക് നമുക്കും നടന്നടുക്കാന്‍ സാധിക്കൂ.

ക്രൈസ്തവികതയിലെ ദൈവമനുഷ്യബന്ധത്തെ 'പാശ്ചാത്യരുടെ ആത്മകഥ' എന്ന രീതിയിലാണ് ഇത്രയും നാളും എഴുതപ്പെട്ടിട്ടുള്ളത്. യേശുവും ആ ആത്മകഥയുടെ ഉല്‍പ്പന്നമാണ്. ഗാസ്പര്‍ അച്ചന്റെ ദലിതനായ യേശുവില്‍ ഈ ആത്മകഥയുടെ തുടക്കം നിസ്സംഗമായ നിശ്ശബ്ദതയില്‍ നിന്നല്ല, മനുഷ്യാവസ്ഥയുടെ ഇരുണ്ട ആഴങ്ങളില്‍ നിന്നാണ്. വാമൊഴികള്‍ വരമൊഴികളായി മാറുന്നതിനു മുമ്പുള്ള പ്രാകൃത അരാജകത്വത്തിന് മുന്നില്‍ സ്വയം നഷ്ടപ്പെടാതെ യേശു എന്ന ചരിത്ര പുരുഷനെ ദാര്‍ശനികവല്‍ക്കരിക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല. വാമൊഴിക്കും വരമൊഴിക്കും മുമ്പുള്ള ആ യാഥാര്‍ത്ഥ്യം യേശു എന്ന മഹാരഹസ്യത്തില്‍ നിന്നും ഉത്ഭവിക്കുന്ന ഒരു വികിരണമാണ്. അതില്‍ വിശുദ്ധിയുണ്ട്. ആ വിശുദ്ധി തേടിയുള്ള അന്വേഷണമാണ് ഒരുവിധത്തില്‍ പറഞ്ഞാല്‍ 'ദലിതനായ യേശു' എന്ന ഈ കൃതി.

കാളിമയാണ് പ്രപഞ്ചത്തിന്റെ വര്‍ണ്ണം. അതുതന്നെയാണ് അതിന്റെ പ്രകൃതിയും. അതുകൊണ്ട് വളരെ പതുക്കെ മാത്രമേ നമുക്ക് അവ്യക്തമായ പലതിനെയും തുറന്നു കാണിക്കാന്‍ സാധിക്കൂ. തുറവിയുള്ളവരാകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നമ്മെ ചുറ്റിപ്പറ്റിയുള്ള കാര്യങ്ങളോടും സാഹചര്യങ്ങളോടുമാണ് ആദ്യം തുറവി ഉണ്ടാകേണ്ടത്. 'നിങ്ങള്‍ നിരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്' എന്ന ചില അറിയിപ്പുകള്‍ എങ്ങനെയോ സ്വയം ചുരുങ്ങാന്‍ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. കാണപ്പെടലാണ് അവതാരം. യേശുവും അതുതന്നെയാണ്. ഓര്‍ക്കണം, കാഴ്ചയെ പ്രശ്‌നവല്‍ക്കരിച്ചവനാണ് അയാള്‍. മനുഷ്യന്‍ മരങ്ങളെപ്പോലിരിക്കുന്നു എന്ന അവകാശവാദത്തെ സ്പര്‍ശനം കൊണ്ട് തിരുത്തിയവനാണ്. അതെ ആള്‍ തന്നെയാണ് എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു എന്നും പറഞ്ഞത് (യോഹ. 14:9). ആ കാണപ്പെടലിന്റെ സാക്ഷ്യമാണ് ചതഞ്ഞ മാംസത്തിന്റെ മുറിവുകളില്‍ നോക്കി യോഹന്നാന്‍ വിളിച്ചു പറയുന്നത്: 'തങ്ങള്‍ കുത്തി മുറിവേല്‍പ്പിച്ചവനെ അവര്‍ നോക്കിനില്‍ക്കും' (19:37). തിരുവെഴുത്താണത്. അപ്പോള്‍ അവന് ദലിത മുഖമായിരുന്നു.

ദലിത മുഖമുള്ള ക്രിസ്തു. ആ ക്രിസ്തുവിന് ഒരു സ്‌ത്രൈണമുഖവും കൂടിയുണ്ട് എന്ന് പറയുമ്പോള്‍ ദൈവത്തിന്റെ സവര്‍ണ്ണ ഭാവത്തെ തച്ചുടക്കുകയാണ് ലേഖകന്‍. ആ ദലിത ദൈവം മനുഷ്യനുവേണ്ടി ഇടങ്ങള്‍ തുറക്കുന്നു. പുതിയ ക്രമങ്ങള്‍ കൊണ്ടുവരുന്നു. പലതും നവമായി സൃഷ്ടിക്കുന്നു. സ്‌നേഹിക്കുന്നു, ശുശ്രൂഷിക്കുന്നു, മരിക്കുന്നു. നമ്മള്‍ അയാളുടെ ഭാഷയെ ഇനിയും മനസ്സിലാക്കിയോ? ചിലര്‍ അയാളെ ഓര്‍ത്ത് വേവലാതിപ്പെടുന്നു, ഭയപ്പെടുന്നു, നിരീക്ഷിക്കപ്പെടുന്നതായി പരിഭവിക്കുന്നു.

'വചനം വരയലും കോറലും പോറലും വീണ മാംസമാകുന്നു' എന്നാണ് ഗാസ്പര്‍ അച്ചന്‍ പറയുന്നത്. ക്രൈസ്തവികതയുടെ തനിമയാണത്. ദൈവത്തിന്റെ മരണവും മനുഷ്യന്റെ ദൈവീകരണവുമെല്ലാം അതിലുണ്ട്. നഗ്‌നനും മുറിവേറ്റവനുമായ ദലിത്ക്രിസ്തുവിലേക്കാണ് അവസാനം എല്ലാ വിചാരങ്ങളും എത്തിച്ചേരുന്നത്. അത് വലിയൊരു ആശ്വാസമാണ്. കാരണം, ഒന്നുമില്ലായ്മയില്‍ മുഴുകി സ്വയം നാടു കടത്തപ്പെടുന്ന ഒരു താത്വിക വിചാരമല്ല ആ മുഖത്തെക്കുറിച്ചുള്ള ഈ കുറിപ്പുകള്‍. മറിച്ച്, അയാളുടെ ദലിതഭാഷയെ നമ്മുടെ നൊമ്പരാനുഭവങ്ങള്‍ കൊണ്ട് റദ്ദു ചെയ്യാനുള്ള ശുദ്ധമായ ആഹ്വാനമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org