ക്രിസ്തുവും സ്വത്വവും

ക്രിസ്തുവും സ്വത്വവും

"Is the self a symbol of Christ, or is Christ a symbol of the self?"

സ്വത്വമാണോ ക്രിസ്തുവിന്റെ പ്രതീകം, അതോ, ക്രിസ്തുവാണോ സ്വത്വത്തിന്റെ പ്രതീകം? ചോദ്യം പ്രശസ്ത മനഃശാസ്ത്രജ്ഞനായ കാള്‍ ഗുസ്താവ് യുങ്ങിന്റെതാണ്. മറ്റൊരു ക്രിസ്തുവായി മാറുക എന്ന ക്രൈസ്തവ ആത്മീയ സങ്കല്‍പ്പത്തോടാണ് ഈ ചോദ്യം. ക്രിസ്തു ഒരു ചരിത്രപുരുഷനാണ്. മാനുഷികവും മനഃശാസ്ത്രപരവുമായ കാഴ്ചപ്പാടില്‍ അഗാധമായ സമസ്യയാണവന്‍. എന്നിട്ടും പൗലോസപ്പോസ്തലന്‍ കുറിക്കുന്നു: 'നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്; പ്രത്യുത, നിങ്ങളുടെ മനസ്സിന്റെ നവീകരണം വഴി രൂപാന്തരപ്പെടുവിന്‍' (റോമാ 12:2). ഒരു മെറ്റമോര്‍ഫോസിസിനെ കുറിച്ചാണ് അപ്പോസ്തലന്‍ പറയുന്നത്. അത് സാധ്യമാകുന്നത് മനസ്സിന്റെ നവീകരണത്തിലൂടെയാണ്. ക്രിസ്തുവിലേക്കുള്ള ഒരു സ്വത്വാത്മക പരിവര്‍ത്തനമാണ് പൗലോസ് ഉദ്ദേശിക്കുന്നത്. അത് കാഫ്ക്കിയന്‍ വിഹ്വലതയല്ല. യുക്തിക്കും അതീതമായ സ്വത്വസാന്നിധ്യത്തെകുറിച്ചുള്ള ഒരു ആല്‍ക്കെമിയന്‍ വിചാരമാണ്. ആത്മീയതയുടെ ഭാഷയിലൂടെ മാത്രമേ ഈ രൂപാന്തരീകരണത്തെ മനസ്സിലാക്കാന്‍ സാധിക്കൂ.

സ്വത്വാത്മകതലത്തില്‍ മറ്റൊരു ക്രിസ്തുവായി മാറുകയെന്ന അത്യന്തം ദുഷ്‌കരമായ കര്‍ത്തവ്യമാണ് ഒരുകണക്കിന് പറഞ്ഞാല്‍ ക്രൈസ്തവ ആത്മീയത. ക്രിസ്തുരൂപം (christ image) പ്രാപിക്കലാണത്. അത് എല്ലാം നന്മകളുടെയും പൂര്‍ണ്ണതയാണെന്ന് നമ്മള്‍ പറയുമ്പോള്‍ എവിടെയോ ഒരു വിരോധാഭാസം കടന്നുകൂടുന്നില്ലേ എന്ന ചോദ്യം ഉയര്‍ത്തുകയാണ് കാള്‍ ഗുസ്താവ് യുങ് തന്റെ Aion: Researches into the Phenomenology of the Self എന്ന കൃതിയുടെ രണ്ടാം ഭാഗത്തില്‍.

ക്രിസ്തു പൂര്‍ണ്ണതയുടെ പര്യായം മാത്രമല്ല, പ്രതീകം കൂടിയാണ്; ഒരു ചരിത്ര അടയാളം. ഇന്ന് കുരിശാണ് ക്രിസ്തുവിന്റെ പ്രതീകം. കുരിശ് സമം ക്രിസ്തു അഥവാ ക്രിസ്ത്യാനി എന്നതാണ് പൊതു സങ്കല്പവും. പക്ഷേ ആദിമ ക്രൈസ്തവരുടെ ഇടയില്‍ ക്രിസ്തു ഒരു പ്രതീകമായി പ്രതി ഫലിച്ചത് കുരിശിലല്ല, മീനിലാണ്. തത്ത്വചിന്തയുടെ വര്‍ത്തമാന ചരിത്രത്തില്‍ Lapis Philosophorum (തത്വചിന്തകരുടെ കല്ല്) എങ്ങനെ അപ്രസക്തമായോ അതുപോലെ വര്‍ത്തമാന ക്രൈസ്തവീകതയില്‍ നിന്നും മാഞ്ഞുപോയ ഒരു അടയാളമാണ് മീന്‍. മീന്‍ അഥവാ ichthys (ΙΧΘΥΣ) എന്ന ഗ്രീക്ക് പദം 'ദൈവപുത്രനായ യേശു രക്ഷകനാണ്' (Ιησοὸς Χριστὸς Θεοῦ υἱὸς Σωτήρ) എന്ന വാക്യത്തിന്റെ പദകല്പനാസംക്ഷേപമാണ് (Anagrammatic Abbreviation).

മീന്‍പിടുത്തക്കാരെ മനുഷ്യരെ പിടിക്കുന്നവരാക്കി എന്നതാണ് ക്രിസ്തുശിഷ്യബന്ധത്തിന്റെ പ്രത്യേകത. ക്രിസ്തു സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നതിനു മുമ്പ് ശിഷ്യര്‍ക്കു നല്‍കുന്ന കല്പ്പനയും ശ്രദ്ധേയമാണ്. വിശ്വസിക്കുന്നവര്‍ക്ക് ജ്ഞാനസ്‌നാനം നല്‍കാനാണ് അവന്‍ പറയുന്നത്. ഒരാളെ ജലത്തില്‍ മുക്കിയെടുക്കലാണ് ജ്ഞാനസ്‌നാനം. നോക്കുക, ഒരു ക്രിസ്ത്യാനിയായി പരിവര്‍ത്തിതമാകുന്ന ആദ്യ ആചാരത്തില്‍ തന്നെ മീന്‍ ഒരു അര്‍ത്ഥചിഹ്നമായി തെളിയുന്നുണ്ട്. ജ്ഞാനസ്‌നാനം സ്വീകരിക്കുന്നയാള്‍ ദൈവീകജ്ഞാനമെന്ന ജലത്തിലെ ഒരു മീന്‍ ആയി മാറുന്നു എന്ന അര്‍ത്ഥം അവിടെയുണ്ട്. അങ്ങനെ വരുമ്പോള്‍ മീന്‍ എന്ന പ്രതീകത്തില്‍ രക്ഷകനും രക്ഷിക്കപ്പെട്ടവരും ഉള്‍ക്കൊള്ളുന്നു. മാത്രമല്ല, ലത്തീന്‍ പാരമ്പര്യത്തില്‍ ജ്ഞാനസ്‌നാന തൊട്ടി അറിയപ്പെടുന്നത് പിഷീന (Piscina) എന്നാണ്. അതിന്റെ പദനിഷ്പത്തി അന്വേഷിച്ചാല്‍ മീന്‍കുളം എന്നര്‍ത്ഥം കിട്ടും.

ജലത്തിലും ആത്മാവിലൂടെയുമുള്ള ഒരു പുനര്‍ജീവനാണ് ക്രൈസ്തവികത. ക്രിസ്തുവുമായുള്ള സ്വത്വാത്മകമായ താദാത്മ്യം പ്രാപിക്കലാണത്. ജ്ഞാനസ്‌നാനത്തിലൂടെ അത് സംഭവ്യമാകുന്നുണ്ട് എന്നതാണ് ദൈവശാസ്ത്രം. രക്ഷകനും രക്ഷിക്കപ്പെട്ടവരും ഒന്നായി മാറുന്ന അവസ്ഥയാണത്. കാള്‍ യുങ്ങിനെ സംബന്ധിച്ച് വലിയൊരു വിരോധാഭാസമാണിത്. കാരണം, നമ്മുടെ ചോദനകളും വികാരവിചാരങ്ങളും ക്രിസ്തുവില്‍ നിന്നും തീര്‍ത്തും വ്യത്യസ്തവും വിദൂരവുമാണ്. ദൗര്‍ബല്യത്തിന്റെ ചുഴിയില്‍ സ്വയം വീണു പോകുകയും കാടു കയറി ചിന്തിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. ഉള്ളിനുള്ളില്‍ സംഭവിക്കുന്നത് വലിയൊരു സംഘര്‍ഷമാണ്. ഒരാള്‍ തന്നെ വേട്ടക്കാരനും ഇരയും ആയി മാറുന്നു. മീന്‍പിടുത്തക്കാരനായ അയാളുടെ ഇര അയാള്‍ തന്നെയായി മാറുന്ന അവസ്ഥ. ഗുരു പറഞ്ഞിട്ടുണ്ട് നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്ന മീന്‍പിടുത്തക്കാരാക്കാമെന്ന്. നമ്മള്‍ ആരെയാണ് പിടിക്കേണ്ടത്? നമ്മള്‍ പിടിക്കേണ്ട മീന്‍ നമ്മുടെ ഉള്ളില്‍ തന്നെയുണ്ട്. അതു വരാലിനെ പോലെ വഴുതി മാറുന്നുമുണ്ട്. അതുകൊണ്ടായിരിക്കാം പൗലോസപ്പോസ്തലന്‍ ഇങ്ങനെ കുറിച്ചത്: 'ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍ തന്നെ എനിക്കു മനസ്സിലാകുന്നില്ല. എന്തെന്നാല്‍, ഞാന്‍ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്' (റോമാ 7:15).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org