നൊമ്പരവും സ്‌നേഹവും

സ്‌നേഹമാണ് നൊമ്പരത്തിന് അര്‍ത്ഥം നല്‍കുന്നത്. നൊമ്പരമാണ് സ്‌നേഹത്തിന്റെ പിന്തുണയും.
നൊമ്പരവും സ്‌നേഹവും

എല്‍സി ടീച്ചറാണ് "no pain, no gain" എന്ന് എന്റെ ഓട്ടോഗ്രാഫില്‍ കുറിച്ചു തന്നത്. കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് സ്‌ക്കൂളിലെ X E-യിലെ ക്ലാസ് ടീച്ചര്‍ ആയിരുന്നു അവര്‍. കഷ്ടപ്പെടാത്തവര്‍ക്ക് വിജയതീരം കാണാന്‍ സാധിക്കില്ല എന്ന സന്ദേശമാണ് അലസനായ എന്നോട് ടീച്ചര്‍ക്ക് നല്‍കാനുണ്ടായിരുന്ന അവസാനത്തെ ഉപദേശം. ആ രണ്ടു വാക്കുകളില്‍ ടീച്ചറിന്റെ ജീവിതാനുഭവം മുഴുവനുമുണ്ട്. അന്നൊന്നും ആ വാക്കുകളുടെ അര്‍ത്ഥം എനിക്കറിയില്ലായിരുന്നു. പക്ഷേ ജീവിതം മുന്നോട്ടു പോയപ്പോള്‍ ഞാനൊരു കാര്യം കൂടി പഠിച്ചു. സഹനമില്ലാതെ വി ജയം മാത്രമല്ല, സ്‌നേഹവുമുണ്ടാവുകയില്ല എന്ന സത്യം. സ്‌നേഹത്തില്‍ നൊമ്പരമില്ല എന്ന് കരുതുകയാണെങ്കില്‍, നമ്മള്‍ എപ്പോഴേ വഞ്ചിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. അതുപോലെതന്നെ, സ്‌നേഹി ക്കാതെയാണ് നമ്മള്‍ നൊമ്പരമനുഭവിക്കുന്നതെങ്കില്‍, അതിനേക്കാള്‍ വലിയ നിരാശ വേറെയുണ്ടോ? അതെ, സ്‌നേഹവും നൊമ്പരവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള്‍ പോലെയാണ്. ഒന്ന് അനുഭവിക്കാതെ മറ്റൊന്ന് അനുഭവിക്കാന്‍ സാധിക്കുകയില്ല. സ്‌നേഹമാണ് നൊമ്പരത്തിന് അര്‍ത്ഥം നല്‍കുന്നത്. നൊമ്പരമാണ് സ്‌നേഹത്തിന്റെ പിന്തുണയും.

ചില പുസ്തകങ്ങള്‍ നമ്മളോട് നേരിട്ട് സംവദിക്കുന്നതായി തോന്നും. അവ ജീവിതമൂല്യത്തെക്കുറിച്ചുള്ള നമ്മുടെ ഗൃഹാതുരതകളെ തൊട്ടുണര്‍ത്തും. കാരണം, അവ പച്ചയായ ജീവിതാനുഭവത്തിന്റെ പുനരാഖ്യാനമായിരിക്കും. അങ്ങനെയുള്ള ഒരു പുസ്തകമാണ് വെന്‍ഡല്‍ ബെറിയുടെ (Wendell Berry) Hannah Coulter എന്ന നോവല്‍. അമേരിക്കന്‍ എഴുത്തുകാരനും കവിയുമാണ് വെന്‍ഡല്‍ ബെറി. അസാധാരണ പ്രതിഭയാണ്. പോര്‍ട്ട് വില്യം എന്ന സാങ്കല്പിക പട്ടണത്തിലെ ചില വ്യക്തികളുടെ ജീവിതവും ജീവിത കാഴ്ചപ്പാടുകളും ഒരു ധാര്‍മ്മിക ചിന്ത എന്നപോലെ വരികളിലൂടെ പകര്‍ന്നു നല്‍കുന്ന ഒരു എഴുത്തുകാരന്‍. പോര്‍ട്ട് വില്യം ഒരു ആഖ്യായികയാകുന്ന ബെറിയുടെ അവസാനത്തെ നോവലാണ് ഹന്നാ കോള്‍ട്ടര്‍. ഒരു എണ്‍പതുകാരിയുടെ ആത്മഭാഷണമാണിത്. രണ്ടു വിവാഹത്തിലൂടെ മൂന്നു മക്കളുടെ അമ്മയായി മാറിയവളാണവള്‍. ജീവിതത്തിന്റെ സായാഹ്ന വേളയില്‍ ആ അമ്മ തന്റെ ജീവിതത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുകയാണ്. ആ ഭൂതകാലാവലോകനം ലാവണ്യാത്മകമായ ഒരു നൈതികതയായി മാറുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ ഭംഗിയും തനിമയും. ഒരു എണ്‍പത് വയസ്സുകാരിയിലേക്ക് പരകായപ്രവേശം നടത്തുന്ന എഴുത്തുകാരന്റെ കാവ്യപ്രതിഭയേയും ഒപ്പം സമ്മതിച്ചേ പറ്റൂ.

'ഇത് എന്റെ കഥയാണ്, എന്റെ കൃതജ്ഞത' എന്നു പറഞ്ഞു കൊണ്ടാണ് ഹന്നാ തന്റെ ജീവി തം വിവരിക്കുന്നത്. നൊമ്പര താഴ്‌വരയിലായിരുന്ന ഒരു ജീവിതത്തെ നന്ദിയോടെ അവലോകനം ചെയ്യുക എന്നത് എല്ലാവര്‍ക്കും സാധ്യമാകുന്ന കാര്യമല്ല. അതു കൊണ്ട് വായിച്ചു കഴിയുമ്പോള്‍ നമുക്ക് മനസ്സിലാകും ഇത് കൃതജ്ഞതയല്ല, ഒരു സ്തുതിഗീതമാണെന്ന്.

പന്ത്രണ്ട് വയസ്സുള്ളപ്പോള്‍ അമ്മ നഷ്ടപ്പെട്ടവളാണ് ഹന്നാ. അന്നുമുതല്‍ നൊമ്പരം അവള്‍ക്കൊരു കൂടപ്പിറപ്പാകുന്നു. അച്ഛന്‍ പു നര്‍വിവാഹം ചെയ്യുന്നുണ്ട്. പക്ഷേ രണ്ടാനമ്മയില്‍ നിന്നും സ്‌നേഹം ഒരു കിട്ടാക്കനി തന്നെയായിരുന്നു. മുത്തശ്ശിയാണ് പിന്നീട് അവള്‍ക്കൊരു കാവല്‍ മാലാഖയായി മാറിയത്. അവളാണ് ഹന്നായ്ക്ക് സ്വാതന്ത്ര്യത്തിലേക്കുള്ള പാത തുറന്നു കൊടുക്കുകയും ചെയ്യുന്നത്. കലാലയ കാലഘട്ടത്തില്‍ അവള്‍ വിര്‍ജില്‍ ഫെല്‍റ്റ്‌നറുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ ആ ബന്ധത്തിന് ആയുസ്സു കുറവായിരുന്നു. കാരണം അത് രണ്ടാം ലോക മഹായുദ്ധ കാലഘട്ടമായിരുന്നു. ഒരു പെണ്‍കുഞ്ഞിനെ ഉദരത്തില്‍ സമ്മാനിച്ച് വിര്‍ജില്‍ യുദ്ധക്കളത്തില്‍ മറഞ്ഞു. അവന്‍ പിന്നെ തിരിച്ചു വന്നില്ല. അവള്‍ക്കു വേണമെങ്കില്‍ സ്വയം ഒരു അടഞ്ഞ മുറിയായി മാറാമായിരുന്നു. പക്ഷേ അവള്‍ അതിനെയും അതിജീവിക്കുകയാണ്. അങ്ങനെയാണ് അവള്‍ ഒകിനാവ യുദ്ധത്തെ അതിജീവിച്ച നാഥന്‍ കോള്‍ട്ടറെ കണ്ടുമുട്ടുന്നത്. ഒരു പച്ച മനുഷ്യനായ കര്‍ഷകന്‍. അയാള്‍ അവളുടെ ഹൃദയം കവരുന്നു. അങ്ങനെ പോര്‍ട്ട് വില്ല്യമിലെ ഒരു കൃഷിയിടത്തില്‍ മൂന്ന് കുട്ടികളുടെ അമ്മയായി അവ ളും ഒരു കര്‍ഷക ജീവിതം നയിക്കുന്നു.

നൊമ്പരത്തെ ഒരു ആഖ്യാന അടയാളമാക്കുന്ന എഴുത്തുകാരനാണ് വെന്‍ഡല്‍ ബെറി. സങ്കടങ്ങളിലൂടെ കടന്നുപോകുന്ന ഒരാളുടെ ഒറ്റപ്പെടലിന്റെ വ്യത്യസ്ത മാനങ്ങള്‍ ഹന്നാ കോള്‍ട്ടര്‍ എന്ന കൃതിയില്‍ കാണാന്‍ സാധിക്കും. ദുഃഖത്തിന് വ്യത്യസ്തമായ ഭാവങ്ങളുണ്ട്. ചിലപ്പോള്‍ അത് ഭയങ്കര മായ സ്വാര്‍ത്ഥത നമ്മില്‍ കൊണ്ടു വരും. അല്ലെങ്കില്‍ ഏകാന്തമായ നാണക്കേട്. അതുമല്ലെങ്കില്‍ നമ്മുടെ ദുഃഖവും സഹജന്റെ ദുഃഖവും തമ്മിലുള്ള വ്യത്യാസത്തെ ഓര്‍ത്തുള്ള ഭയം. ഓര്‍ക്കണം, നൊമ്പരങ്ങളും സത്യസന്ധത ആവശ്യപ്പെടുന്നുണ്ട്; അവയെ ധൈര്യത്തോടെ അഭിമുഖീകരിക്കാനും നിശ്ശബ്ദമായി ശരീരത്തിലും മനസ്സിലും വഹിക്കാനും. നൊമ്പരം ഒരു ശക്തിയേയല്ല എന്നതാണ് ഹന്നാ കോള്‍ട്ടര്‍ നല്‍കുന്ന സന്ദേശം. നൊമ്പരങ്ങള്‍ക്ക് ഒന്നിലും ശാശ്വതമായി പിടിച്ചു നില്‍ക്കാന്‍ സാധിക്കില്ല. നമ്മളാണ് അതിനെ വഹിക്കുന്നത്. മറിച്ച്, സ്‌നേഹത്തിന് മാത്രമേ നമ്മെ താങ്ങാനുള്ള കരുത്തുള്ളൂ. അത് എപ്പോഴും നമ്മോട് കൂടെയുണ്ട്. എല്ലാ അന്ധകാരത്തിലും കൂടെയുണ്ടാകുകയും ചെയ്യും. ചില സമയങ്ങളില്‍ അത് ചിത്രത്തുന്നലുകളിലെ സ്വര്‍ണ്ണനൂലുകള്‍ എന്നപോലെ തിളങ്ങുകയും ചെയ്യും.

അപ്പോഴും ഹന്നാ കോള്‍ട്ടര്‍ എന്ന കൃതി സങ്കടമല്ല അവശേഷിപ്പിക്കുന്നത്. വായിക്കുന്തോറും ആര്‍ദ്രതയുടെയും കൃതജ്ഞതയുടെയും മറ്റൊരു ലോകത്തിലേക്ക് ഹന്നായുടെ ആത്മഗതങ്ങള്‍ നമ്മെ കൊണ്ടുപോകും. അവളുടെ ഭര്‍ത്താവ് നാഥനും മക്കളുമാണ് സങ്കടത്തിന്റെ ആഴങ്ങളില്‍ നിന്നും അവളെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത്. അതുകൊണ്ടാണ് അവള്‍ പറയുന്നത്, "Love held us, kindness held us'. സ്‌നേഹവും ദയയുമാണ് ആ കുടുംബത്തെ ഒ ന്നിച്ചു നിര്‍ത്തിയത്. കാലത്തിന്റെ പ്രവാഹത്തില്‍ ഹന്നായുടെ വീട് ശൂന്യമാകുന്നുണ്ട്. മക്കള്‍ വളര്‍ന്നു കഴിയുമ്പോള്‍ അവര്‍ മറ്റു ചില്ലകളിലേക്ക് ചേക്കേറുകയും ചെയ്യുന്നുണ്ട്. അപ്പോഴും ഹന്നായും നാഥനും അവരുടെ കൊച്ചുകൊച്ചു കാര്യങ്ങളില്‍ ആനന്ദം കണ്ടെത്തുകയാണ്. അവള്‍ പറയുന്നുണ്ട്, 'പ്രതീക്ഷകള്‍ ഒന്നും ഇല്ലാത്തപ്പോഴും ജീവിതം നല്ലതുതന്നെയാണ്. ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചു. ശരിയായി ജീവിക്കുകയും ചെയ്യുന്നു'. ജീവിതത്തിലെ സങ്കടങ്ങളെല്ലാം സന്തോഷങ്ങളുടെ അടുത്ത ബന്ധുക്കളാണ്. ഒന്ന് വന്നു കഴിഞ്ഞേ മറ്റേത് വരികയുള്ളൂ. ചിലപ്പോള്‍ രണ്ടും ഒന്നിച്ചും വരാം. തന്റെ വീടിനെക്കുറിച്ച് ഹന്നാ പറയുന്നത് കേള്‍ക്കുക; 'ചിലപ്പോള്‍ അത് സങ്കടങ്ങളെ വക്കോളം നിറക്കും. എന്തിനാണെന്നോ? അവിടെയുണ്ടായിരുന്ന സന്തോഷത്തെയും സ്‌നേഹത്തെയും ചൂണ്ടിക്കാണിക്കാനാണ്.'

ജീവിതത്തിന് അതിന്റേതായ ഭാരങ്ങളുണ്ട്. ആ നുകത്തിന്റെ കീഴില്‍ ഹന്നാ ഒരിക്കലും ഒറ്റയ്ക്കായിരുന്നില്ല. കൂടെ അവളെ സ്‌നേ ഹിക്കുന്നവരും അവള്‍ സ്‌നേഹിക്കുന്നവരും ഉണ്ടായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. സ്‌നേഹത്തിന്റെ ഈ ചേര്‍ത്തുനിര്‍ത്തലാണ് ബെറിയുടെ കൃതികളുടെ പ്രത്യേകത. സ്‌നേഹത്തിന്റെ കാര്യത്തില്‍ ഹൃദയം എങ്ങനെ തുറന്നാലും അവിടെ ഒത്തിരി അറകളുണ്ടെന്ന് നമുക്ക് കാണാന്‍ സാധിക്കും. അതിലേക്ക് ചില ആള്‍ക്കാര്‍ കടന്നുവരുകയും ചിലര്‍ അതില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്യും. കഠിനവേദനകളും നഷ്ടങ്ങളും സംഭവിക്കാം. അപ്പോഴും ഹൃദയത്തില്‍ അറകള്‍ വീണ്ടും അവശേഷിക്കുന്നുണ്ട്. അതുകൊണ്ടാണ് ഹന്നാ കോള്‍ട്ടര്‍ പറയുന്നത്; 'സ്‌നേഹം ഒരുപാട് വാതിലുകളുള്ള വലിയ മുറിയെ പോലെയാണ്. ആ വാതിലില്‍ മുട്ടി അകത്ത് പ്രവേശിക്കുക എന്നതാണ് നമ്മുടെ നിയോഗം. ആ മുറി യില്‍ ലോകം മുഴുവനുമുണ്ട്; സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും എല്ലാമുണ്ട്. ആ മുറി തന്നെയാണ് നമ്മുടെ ഹൃദയവും. ചിലര്‍ കടന്നു വരുന്നു. ചിലര്‍ വരുന്നില്ല. ചിലര്‍ എന്നേക്കുമായി പുറത്തേക്ക് പോയേക്കാം. ചിലര്‍ ഒരുമിച്ചു വന്ന് വെവ്വേറെ പോകുന്നു. ചിലര്‍ അകത്തു വന്ന് മരിക്കുന്നതുവരെയും അതിനുശേഷവും താമസിക്കുകയും ചെയ്യുന്നു.'

ഭൂതകാലത്തെ എത്ര ചാരുതയോടെയാണ് ഒരു എണ്‍പതുകാരി നോക്കിക്കാണുന്നത്! അവളുടെ കുട്ടിക്കാലം, വിവാഹം, കുട്ടികള്‍, വാര്‍ധക്യം എന്നിവയിലെല്ലാം സംതൃപ്തി, കൃതജ്ഞത, ധൈര്യം, സഹിഷ്ണുത എന്നീ ആന്തരിക പുണ്യങ്ങളെ കൂട്ടിച്ചേര്‍ക്കാന്‍ കാണിക്കുന്ന അവളുടെ മനസ്സ്, അതാണ് നമുക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന വലിയൊരു പുണ്യം. നമ്മുടെ ഇന്നലെകളില്‍ ദൈവികത ദര്‍ശിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍, ഇത്തിരിയോളം കൃതജ്ഞതയോടെ ഭൂതകാലത്തിലേക്ക് തിരിഞ്ഞുനോക്കാന്‍ നമുക്ക് പറ്റുന്നില്ലെങ്കില്‍, ഓര്‍ക്കുക, നമ്മള്‍ ഇപ്പോഴും നൊമ്പരക്കടലില്‍ നിന്നും കരകയറിയിട്ടില്ല. സമയം ഒരിക്കലും അവസാനിക്കുന്നില്ല. നമ്മുടെ ജീവിതവും അവസാനിക്കാന്‍ പോകുന്നില്ല. ജീവിക്കാന്‍ ഇനിയെങ്കിലും തുടങ്ങുക. സമയം, ഇതാ, നമ്മെയും കാത്തുനില്‍ക്കുന്നുണ്ട്.

'ജോബ് കര്‍ത്താവിനോടു പറഞ്ഞു: ഞാന്‍ നിസ്സാരനാണ്; ഞാന്‍ എന്തുത്തരം പറയാനാണ്! ഞാന്‍ വായ് പൊത്തുന്നു. ഒരിക്കല്‍ ഞാന്‍ സംസാരിച്ചു; ഇനി ഞാന്‍ ഉത്തരം പറയുകയില്ല. രണ്ടു തവണ ഞാന്‍ മറുപടി പറഞ്ഞു; ഇനി ഞാന്‍ മിണ്ടുകയില്ല. ' (ജോബ് 40:3-5).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org