
സത്യത്തില്‍ നിന്നും ദീര്‍ഘനാള്‍ ആര്‍ക്കും അകലെ നില്‍ക്കാന്‍ സാധിക്കില്ല. ഒരു കാളക്കുട്ടിക്കും അധികകാലം യാഹ്‌വേയായി നില്‍ക്കാന്‍ പറ്റില്ല. ആയിരം പേര്‍ ഒന്നിച്ച് പറഞ്ഞാലും നുണ സത്യമാകുകയുമില്ല. നമ്മുടെ ദൈവവിളി എന്നു പറയുന്നത് നുണകളില്‍ നിന്നും സത്യത്തെ വേര്‍തിരിച്ചെടുക്കുക എന്നതും കൂടിയാണ്. എങ്കില്‍ മാത്രമേ സത്യത്തെ സ്‌നേഹിക്കാന്‍ നമുക്ക് സാധിക്കു.
പുറപ്പാടിന്റെ പുസ്തകത്തില്‍ വിശ്വാസമെന്നത് ജനങ്ങളുടെ മാത്രം ഒരു വിഷയമല്ല. യാഹ്‌വേയുടേതും കൂടിയാണ്. അവന് ജനങ്ങളില്‍ വിശ്വാസമുണ്ട്. അവര്‍ അവനെ ഒരു വിഗ്രഹമാക്കില്ലെന്നും പേരില്ലാത്ത എലോഹിമിന്റെ അവസ്ഥയിലേക്ക് മടക്കില്ലെന്നുമുള്ള വിശ്വാസം.
മഹത്തായ ഒരു വിപ്ലവമാണ് സീനായി മലയില്‍ സംഭവിച്ചത്. മനുഷ്യരാശിയുടെ മാനവികവല്‍ക്കരണ പ്രക്രിയയുടെ പുതിയൊരു തുടക്കമാണത്. മറ്റു ജനതയില്‍ നിന്നും വ്യത്യസ്തമായ ഒരു മതാത്മക അനുഭവമായിരുന്നു അത്. ദൈവത്തെ ഇനി കല്ലിലും മരക്കഷണങ്ങളിലും തേടേണ്ട കാര്യമില്ല എന്നതായിരുന്നു ആ വ്യത്യസ്തത. പക്ഷേ ആ മലയുടെ അടിവാരത്തില്‍ വച്ച് തന്നെയാണ് വലിയൊരു പ്രതിസന്ധിയെയും ആ ജനത അഭിമുഖീകരിച്ചത്. വിഗ്രഹാരാധകരായി സ്വയം ചുരുങ്ങിപ്പോകുക എന്ന ഗുരുതരമായ ഒരു ആത്മീയരോഗത്തിന്റെ ആരംഭമായിരുന്നു അത്. യാഹ്‌വേയെ ഒരു സ്വര്‍ണ്ണ കാളക്കുട്ടിയായി ചിത്രീകരിച്ച സംഭവം. ആഴമായൊരു സന്ദേശം ആ പ്രവൃത്തിയില്‍ അടങ്ങിയിട്ടുണ്ട്. കാഴ്ചയുടെ തലങ്ങളില്‍ ചുരുങ്ങിപ്പോകുന്ന വിളിക്കപ്പെട്ടവരുടെ ആന്തരികതയുടെ അപകടാവസ്ഥയാണത്. വിളിയുടെയും വാഗ്ദാനത്തിന്റെയും ഉള്ളിലുള്ള രഹസ്യാത്മകതയെ നിസ്സാരമാക്കി സാധാരണതയെ ആലിംഗനം ചെയ്യാനുള്ള പ്രലോഭനത്തിന്റെ ആകര്‍ഷണീയതയാണ് സ്വര്‍ണ്ണം കൊണ്ടുള്ള കാളക്കുട്ടി.
മോശയ്ക്ക് സ്വയം വെളിപ്പെടുത്തിയ ദൈവം ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്ന ദൈവമല്ല. കാണാനും സ്പര്‍ശിക്കാനും സാധിക്കാത്ത ഒരു ദൈവമാണത്. മോശപോലും അവനെ കണ്ടിട്ടില്ല. അവന്റെ സ്വരം ശ്രവിക്കുക മാത്രമാണ് ചെയ്തത്. പുറപ്പാടില്‍ യാഹ്‌വേ ഒരു അശരീരിയാണ്. മറ്റു ജനതകളുടെ ദൈവങ്ങള്‍ക്ക് വ്യക്തവും സ്വാഭാവികവുമായ രൂപങ്ങളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇസ്രായേല്‍ ജനതയ്ക്ക് അവരുടെ ദൈവത്തെ 'കാണാനും' 'അനുഭവിക്കാനും' ഇരട്ടി വിശ്വാസം വേണമായിരുന്നു: ഭാഗികമായി മോശയിലും ഭാഗികമായി അവനോട് സംസാരിക്കുന്ന ആ അശരീരിയിലും. യാഹ്‌വേയെ ഉപേക്ഷിച്ച് മറ്റു ദൈവങ്ങള്‍ക്ക് കീഴടങ്ങുകയെന്നത് ഇസ്രായേലിനെ സംബന്ധിച്ച് വലിയൊരു ആത്മീയ സംഘര്‍ഷം തന്നെയാണ്. കാരണം, യാഹ്‌വേ അവരുടെ സിരകളിലാണ്. എത്രത്തോളം അകന്നാലും അവര്‍ ആ ദൈവത്തിലേക്ക് തന്നെ മടങ്ങിവരും. അതുകൊണ്ടുതന്നെ അവര്‍ അഭിമുഖീകരിക്കുന്ന പ്രലോഭനം വ്യത്യസ്തമാണ്. അത് വിശ്വാസത്തിന്റെ വ്യത്യസ്തതയേയും പുതുമയേയും ഇല്ലാതാക്കുക എന്ന പ്രവൃത്തിയാണ്. അത്യുന്നതനായ ദൈവത്തെ സാധാരണതയിലേക്ക് ചുരുക്കുവാനുള്ള പ്രവണതയാണത്. മറ്റുള്ളവരോടും തങ്ങളോടും പറയാന്‍ എളുപ്പമുള്ള തരത്തില്‍ ദൈവത്തെ ലളിതവല്‍ക്കരിക്കുക എന്ന ചിന്തയാണ്.
സീനായിയുടെ താഴ്‌വരയില്‍ വച്ച് അഹറോനും ജനങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച കാളക്കുട്ടി മറ്റൊരു ദൈവമോ വിഗ്രഹമോ അല്ല, അത് യാഹ്‌വേയുടെ രൂപമാണ്. യാഹ്‌വേ എന്നാണ് അഹറോന്‍ ആ സ്വര്‍ണ്ണ കാളക്കുട്ടിയെ വിളിക്കുന്നത്: 'അവന്‍ അവ വാങ്ങി മൂശയിലുരുക്കി ഒരു കാളക്കുട്ടിയെ വാര്‍ത്തെടുത്തു. അപ്പോള്‍ അവര്‍ വിളിച്ചുപറഞ്ഞു: ഇസ്രായേലേ, ഇതാ ഈജിപ്തില്‍നിന്നു നിന്നെ കൊണ്ടുവന്ന ദേവന്മാര്‍. അതു കണ്ടപ്പോള്‍ അഹറോന്‍ കാളക്കുട്ടിയുടെ മുന്‍പില്‍ ഒരു ബലിപീഠം പണിതിട്ട് ഇപ്രകാരം പ്രഖ്യാപിച്ചു: നാളെ കര്‍ത്താവിന്റെ ഉത്‌സവദിനമായിരിക്കും' (32:45).
മോശ പത്തു കല്‍പ്പനകളും ഉടമ്പടി നിയമങ്ങളും ജനങ്ങള്‍ക്ക് കൊടുക്കുമ്പോള്‍ അവര്‍ സന്തോഷത്തോടെ അവ സ്വീകരിക്കുന്നുണ്ട്. കര്‍ത്താവ് കല്‍പ്പിച്ച കാര്യങ്ങളെല്ലാം ഞങ്ങള്‍ ചെയ്യുമെന്നാണ് അന്ന് അവര്‍ പറഞ്ഞത് (24:3). ആ ഒരു ഉറപ്പിന്മേലാണ് അവന്‍ അതിരാവിലെ വീണ്ടും സീനായി മലയിലേക്ക് കയറുന്നത്. യാഹ്‌വേയുടെ അരുളപ്പാടനുസരിച്ചാണ് അവന്‍ കയറുന്നത്. നാല്‍പതു രാവും നാല്‍പതു പകലും അവന്‍ അവിടെ ദൈവത്തോടൊപ്പം ചിലവഴിച്ചു. ആ ദിനങ്ങളില്‍ അവന്‍ സാക്ഷ്യപേടകത്തിന്റെയും ദേവാലയത്തിന്റെയും ബലിപീഠത്തിന്റെയും വിളക്കുകാലുകളുടെയും പുരോഹിതവസ്ത്രങ്ങളുടെയും നിര്‍മ്മാണത്തെക്കുറിച്ചുള്ള വിശദമായ നിര്‍ദേശങ്ങള്‍ ദൈവത്തില്‍ നിന്നും സ്വീകരിക്കുകയായിരുന്നു (അധ്യായങ്ങള്‍ 25-31). പ്രവാചകന്‍ ജനങ്ങള്‍ക്കുവേണ്ടി പുതിയൊരു ലോകം സ്വപ്‌നം കാണുമ്പോള്‍ താഴ്‌വരയില്‍, അവന്റെ അഭാവത്തില്‍ സംഭവിക്കുന്നത് ആ സ്വപ്‌നങ്ങള്‍ക്ക് നേര്‍വിപരീതമായ കാര്യങ്ങളാണ്. കര്‍ത്താവ് കല്പ്പിക്കുന്നതെല്ലാം ഞങ്ങള്‍ ചെയ്യുമെന്ന് പറഞ്ഞവര്‍, ഇതാ, തങ്ങളെ നയിക്കാന്‍ ദേവന്മാര്‍ക്കുവേണ്ടി വാശി പിടിക്കുന്നു.
അശരീരിയായ ഇസ്രായേലിന്റെ വിമോചകന്‍ വ്യത്യസ്തനായ ദൈവമാണ്. ആ ദൈവത്തിനാണ് ഇപ്പോള്‍ കാളക്കുട്ടിയുടെ രൂപം അവര്‍ നല്‍കിയിരിക്കുന്നത്. സാക്ഷ്യപേടകം നിര്‍മ്മിക്കുന്നതിനായി മാറ്റിവെച്ചിരുന്ന സ്വര്‍ണ്ണമാണ് അവര്‍ ഈ കാളക്കുട്ടിക്കായി ഉപയോഗിച്ചിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ് (25:3). വിഗ്രഹാരാധന ഗുരുതരമായ പാപമാണ്. പക്ഷേ അതിനേക്കാള്‍ ഗുരുതരമാണ് യാഹ്‌വേയെ ഒരു വിഗ്രഹമാക്കി മാറ്റുകയെന്നത്.
മറ്റു മതങ്ങളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും വ്യത്യസ്തമാണ് യഹൂദരുടെ മതവിശ്വാസം. എന്ത് വിലകൊടുത്തും അവര്‍ ആ വ്യത്യസ്തതയെ സംരക്ഷിക്കും എന്നത് ചരിത്രമാണ്. അവരുടേത് ജീവന്റെ ദൈവമാണ്. പക്ഷേ ജീവന്റെയും ഊര്‍വരതയുടെയും പ്രതീകങ്ങളായ പശു, കാള, സ്ത്രീകള്‍ ഒന്നിനും തന്നെ ആ ദൈവത്തെ പ്രതിനിധീകരിക്കാന്‍ സാധിക്കില്ല. കാരണം, മോശയ്ക്ക് മാത്രം കേള്‍ക്കാന്‍ സാധിച്ച അശരീരിയാണത്. തന്റെ നാമം വെളിപ്പെടുത്തിയ ദൈവമാണത്. പക്ഷേ ആര്‍ക്കും ആ പേര് ഉച്ചരിക്കാന്‍ അനുവാദമില്ല എന്ന കാര്യവും ഓര്‍ക്കണം. ആ ദൈവം വ്യത്യസ്തനാണ്, ഒപ്പം പുതിയതുമാണ്.
ഒരു ഉത്തരവാദിത്വമോ വിളിയോ ലഭിച്ചവര്‍ അതിന്റെ തനിമയെ തിരിച്ചറിയാതെ മറ്റുള്ളവരുടെ വിളികളെ അനുകരിക്കാനുള്ള ശ്രമം എന്നും ഒരു പ്രലോഭനമാണ്. അതിനെ ചെറുക്കാതിരിക്കുന്നത് കരണീയമായ കാര്യമല്ല. അതും ഇതും ഒന്നിച്ചു പോയാല്‍ ഒരു പ്രശ്‌നവുമില്ലല്ലോ എന്നാണ് അവര്‍ ചിന്തിക്കുക. പക്ഷേ അവരറിയുന്നില്ല സ്വന്തം വിളിയുടെ ലാവണ്യം ഇല്ലാതാകുകയാണെന്ന കാര്യം. ചില പ്രതിസന്ധി ഘട്ടങ്ങളില്‍, അതായത് പ്രവാചകന്മാരുടെ അഭാവത്തില്‍, നമ്മുടെ വിളിയെ ലളിതമാക്കാനും സാധാരണമാക്കാനുമുള്ള പ്രലോഭനം എപ്പോഴും ശക്തമായിരിക്കും. അതാണ് അഹറോന് സംഭവിച്ച വീഴ്ച. വിശ്വാസം ഒരു ആന്ത്രോപ്പോളജിക്കല്‍ അനുഭവം കൂടിയാണ്. അതായത് നമ്മുടെ ഏറ്റവും നല്ലത് എന്ന് നമ്മള്‍ കരുതുന്നതിലും നമ്മള്‍ക്ക് വിശ്വാസമുണ്ടാകണം. ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങളിലോ അഭിരുചികളിലോ നമ്മള്‍ ആ വിശ്വാസത്തെ ചുരുക്കരുത്. അതിനര്‍ത്ഥം അവരുടെ അഭിപ്രായങ്ങളെ അവഗണിക്കുക എന്നതുമല്ല. മറിച്ച് നമ്മുടെ പരിമിതികളുടെ ചക്രവാളത്തിനുള്ളില്‍ അവരെയും ഉള്‍ക്കൊള്ളുക എന്നതാണ്. നമ്മുടെ വിശ്വാസത്തിന്റെ തനിമയെ നിലനിര്‍ത്തി മറ്റുള്ളവരുടെ അഭിപ്രായങ്ങളെ ബഹുമാനിക്കുകയെന്നതാണ്.
ഒരു യഥാര്‍ത്ഥ വിളി ലഭിച്ചവന് അത് തന്റെ സത്തയില്‍ ആലേഖനം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായ ബോധ്യമുണ്ടായിരിക്കും. അങ്ങനെയുള്ള ഒരാള്‍ ഒരിക്കലും ഐഡന്റിറ്റി ഫോര്‍ജിംഗ് നടത്തുകയില്ല. അഹറോന്‍ ചെയ്യുന്നത് ഒരു ഐഡന്റിറ്റി ഫോര്‍ജിംഗ് ആണ്. പേര് നിലനിര്‍ത്തി ഉള്ളടക്കത്തെ മാറ്റുന്ന പരിപാടിയാണത്. നീചമായ പ്രലോഭനമാണത്. വേണ്ട എന്ന് പറഞ്ഞുകൊണ്ട് വിളിയെ ഉപേക്ഷിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. തിരിച്ചുവരാതെ പുറത്തേക്ക് നടക്കാം എന്ന് വിചാരിച്ചാലും അവന്റെ സത്തയില്‍ ആലേഖനം ചെയ്തിരിക്കുന്നത് മാഞ്ഞു പോകുമെന്നും വിചാരിക്കരുത്. പുറത്തേക്കുള്ള വഴിയില്ലാത്ത ആ വഴിയില്‍ നമ്മള്‍ ഒരിക്കലും നമ്മുടെ ഭവനത്തില്‍ എത്തില്ല.
യാഹ്‌വേയെ ഒരു കാളക്കുട്ടിയായി ചുരുക്കുമ്പോള്‍ നഷ്ടപ്പെടുന്നത് തിരികെവരാനുള്ള സാധ്യതകളാണ്. പിതാവിന്റെ മേശയിലെ രുചിയൂറുന്ന വിഭവങ്ങളില്‍ നിന്നും പന്നികളുടെ തീറ്റയിലേക്കുള്ള യാത്ര പോലെയാണത്. നഷ്ടപ്പെട്ടതിനെക്കുറിച്ചുള്ള തിരിച്ചറിവുണ്ടെങ്കില്‍ മാത്രമേ ഒരു തിരിച്ചു വരവ് സാധ്യമാകു. യാഹ്‌വേയെ യാഹ്‌വേയായിട്ടും കാളക്കുട്ടിയെ ഒരു വിഗ്രഹമായിട്ടും നമ്മള്‍ തിരിച്ചറിയണം. സത്യത്തില്‍ നിന്നും ദീര്‍ഘനാള്‍ ആര്‍ക്കും അകലെ നില്‍ക്കാന്‍ സാധിക്കില്ല. ഒരു കാളക്കുട്ടിക്കും അധിക കാലം യാഹ്‌വേയായി നില്‍ക്കാന്‍ പറ്റില്ല. ആയിരം പേര്‍ ഒന്നിച്ച് പറഞ്ഞാലും നുണ സത്യമാകുകയുമില്ല. നമ്മുടെ ദൈവവിളി എന്നു പറയുന്നത് നുണകളില്‍ നിന്നും സത്യത്തെ വേര്‍തിരിച്ചെടുക്കുക എന്നതും കൂടിയാണ്. എങ്കില്‍ മാത്രമേ സത്യത്തെ സ്‌നേഹിക്കാന്‍ നമുക്ക് സാധിക്കു.
പ്രവാചകന്മാരുടെ അഭാവത്തില്‍ സ്വര്‍ണ കാളക്കുട്ടികള്‍ എല്ലായിപ്പോഴും നിര്‍മ്മിക്കപ്പെടാറുണ്ട്. ദൈവത്തെയും നമ്മുടെ വിളിയെയും കുറിച്ചുള്ള വ്യക്തമായ അറിവും അവബോധവും നഷ്ടപ്പെടുമ്പോഴാണ് ഇങ്ങനെയുള്ള വിഗ്രഹങ്ങള്‍ നമ്മുടെയിടയില്‍ കടന്നുവരുന്നത്. നമ്മുടെയിടയില്‍ കാളക്കുട്ടികള്‍ക്ക് സ്ഥാനം കൊടുത്താല്‍ ദൈവത്തിന്റെയും നമ്മുടെയും മുഖം നമുക്ക് കാണാന്‍ പറ്റാതെയാകും. ദൈവത്തിന്റെ സ്വരം ശ്രവിക്കാന്‍ പറ്റാതെയാകും. ജീവിതത്തിന്റെ ഊര്‍വരതയെയും ഫലഭൂയിഷ്ഠതയെയും തിരിച്ചറിയാന്‍ കഴിയാതെയാകും. കാളക്കുട്ടികള്‍ നമ്മുടെ ശൂന്യതയെ വലുതാക്കുക മാത്രമേ ചെയ്യൂ. അതുമാത്രമല്ല, വിഗ്രഹങ്ങള്‍ക്ക് വേണ്ടത് അടിമകളെയാണ്, മക്കളെയല്ല.
പ്രവാചകര്‍ മാത്രമാണ് ബൈബിള്‍ ചരിത്രത്തില്‍ ദൈവത്തെ ഒരു വിഗ്രഹമായി ചുരുക്കുന്നതില്‍ നിന്നും അതുപോലെതന്നെ ജനത്തെ വിഗ്രഹാരാധനയില്‍ നിന്നും രക്ഷിച്ചിട്ടുള്ളത്. അവരുടെ അസാന്നിധ്യത്തിലാണ് വിശ്വാസം വിഗ്രഹാരാധനയായതും ദൈവവിളി വെറുമൊരു കരകൗശലവുമായതും. വീട്ടിലേക്കുള്ള വഴി നഷ്ടപ്പെട്ട അവസ്ഥയായിരുന്നു അത്. ഇനി നമ്മള്‍ പ്രാര്‍ത്ഥിക്കേണ്ടത് പ്രവാചകരെ, ദയവായി ഞങ്ങളുടെ അടുത്തേക്ക് മടങ്ങുക എന്നാണ്. നിങ്ങള്‍ മലമുകളില്‍ മാത്രം നില്‍ക്കല്ലേ. നിങ്ങള്‍ ദേവാലയങ്ങളില്‍ മാത്രം ഒതുങ്ങല്ലേ. ഞങ്ങളുടെ തെരുവുകളിലേക്കും സ്‌കൂളുകളിലേക്കും ജീവിത പരിസരങ്ങളിലേക്കും കടന്നുവരിക. മുറിവേറ്റ ഞങ്ങളുടെ പ്രയത്‌നങ്ങളിലേക്ക് ഇറങ്ങിവരിക. വിഗ്രഹമല്ലാത്ത ഒരു ദൈവത്തെക്കുറിച്ച് ഞങ്ങളോട് പറയുക. വിഗ്രഹാരാധനയില്‍ നിന്നും ഞങ്ങളെ രക്ഷിക്കുക.