

അതുപോലെ, ബാഹ്യമായി മനുഷ്യർക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ്.
മത്തായി 23 : 28
മനുഷ്യജീവിതത്തിലെ മറ്റു പല മണ്ഡലങ്ങളും എന്ന പോലെ മതങ്ങളും ഇന്ന് വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഒരു വശത്ത് മതാത്മകത വർധിക്കുന്നു. എന്നാൽ, ആത്മീയമൂല്യങ്ങൾ കുറയുന്നു. ഒരു വശത്ത് ഭക്തർ പെരുകുന്നു. എന്നാൽ, മൂല്യനിബദ്ധമായ ജീവിതം നയിക്കുന്ന വിശ്വാസികൾ കുറയുന്നു. ഒരു വശത്ത് കർമ്മാനുഷ്ഠാനങ്ങളും ആചാരങ്ങളും മുറ തെറ്റാതെ നടക്കുന്നു. എന്നാൽ, ജീവിതം പരനെയും അപരനെയും സ്പർശിക്കാതെ സമാന്തരമായി മുന്നോട്ടുപോകുന്നു. അനുയായി കളുടെ ആന്തരികജീവിതത്തെ നവീകരിക്കാനും ശുദ്ധീകരിക്കാനും കഴിയാത്ത ആശയസംഹിതകളും ആൾക്കൂട്ടങ്ങളുമായി മതങ്ങൾ അധഃപതിക്കുന്നു. ഈശ്വരോൻമുഖവും മനുഷ്യോൻമുഖവുമായി ജിവിക്കുന്ന അനേകരെ പാടെ വിസ്മരിച്ചല്ല ഇത് പറയുന്നത്. എങ്കിലും, പെട്ടെന്ന് മുറിവേൽക്കുകയും അട്ടഹസിക്കുകയും ആക്രമിച്ച് മുറിവേൽപ്പിക്കുകയും ചെയ്യുന്ന രൗദ്രമായ മതാത്മകതയാണ് പൊതുവെ കാണുന്നത്. സഹവസിക്കുകയും പരസ്പരം ശ്രവിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത്, ഒരേ ലക്ഷ്യത്തിലേക്ക് ഒരുമിച്ചു വളരുന്ന ആത്മീയസരണികളായല്ല മതങ്ങൾ ഇന്ന് കാണപ്പെടുന്നത്.
മതവും ആത്മീയതയും ദൈവവും ഇന്ന് ചിലർക്കെങ്കിലും ഒരു മറയാണ്. കോവിഡ് കാലത്തെ മുഖമറ പോലെ, തങ്ങളുടെ ഗൂഢമായ അധാർമ്മിക ജീവിതത്തിന് മറയായി അവർ മതത്തെയും ആത്മീയതയെയും ദൈവത്തെയും ദുരുപയോഗിക്കുന്നു. ഏറ്റവും സ്വീകാര്യതയും വിപണനസാധ്യതയും ഉള്ളത് മതത്തിനും ആത്മീയതയ്ക്കും ദൈവത്തിനുമാണെന്ന് കൗശലക്കാരായ അവർ തിരിച്ചറിയുന്നു. ആത്മീയതയുടെയും ദൈവത്തിന്റെയും പേരിൽ വെളിച്ചത്തിൽ, പൊതുമണ്ഡലങ്ങളിൽ സ്വയം ‘സോഫ്‌റ്റ് ലോഞ്ചിംഗ്’ നടത്തി സ്വീകാര്യത നേടുന്ന ഇക്കൂട്ടർ ഇരുട്ടിലും ഏകാന്തതയിലും ‘ഹാർഡ് കോർ’ മനുഷ്യരാണ്. അവർക്ക് ദൈവവും സാത്താനും മനുഷ്യരുമില്ല. അവർക്കുള്ളത് ഈ അണ്ഡകടാഹത്തോളം വലുതായ ‘ഞാൻ’ മാത്രമാണ്. ദൈവവും സാത്താനും ഉൾപ്പെടെ സകലതിനെയും അവർ അവനവൻ പോഷണത്തിന് ഉപയോഗിക്കുന്നു. സ്നേഹാർദ്രതയോടെ മൃദുവായി ഇവർ പ്രഘോഷിക്കുന്ന ‘സുവിശേഷം’ ആത്യന്തികമായി അവനവൻ വിശേഷമാണ്. എന്നാൽ, മുഖമറ പോലെ ആത്മമറ എന്നൊന്നില്ലെന്ന് ഇവർ മറക്കുന്നു. ശരീരത്തിനുള്ളിൽ മറഞ്ഞിരിക്കുന്നെങ്കിലും ദൈവദൃഷ്ടിയിൽ നിന്ന് ആത്മാവിനെ മറയ്ക്കുന്ന തിരശ്ശീലയില്ലെന്ന്, തിരശ്ശീലയ്ക്കു പിന്നിലെ ഗൂഢജീവിതത്തിനിടെ ഇവർ ഓർമ്മിക്കുന്നില്ല. ‘അവിടുത്തെ ദൃഷ്ടിയിൽ നിന്ന് ഒന്നും മറഞ്ഞിരിക്കുന്നില്ല’ എന്ന തിരുവെഴുത്ത് (പ്രഭാ. 39:19) അവർ ഓർമ്മിക്കുന്നത് ദൈവത്തിന്റെ തിരുമുമ്പിൽ ന്യായവിധിക്ക് നിൽക്കുമ്പോൾ മാത്രമായിരിക്കും!
ദൈവം ഹൃദയത്തിലുള്ളവർക്ക് സമ്പത്തിനെ ആരാധിക്കാൻ കഴിയില്ല. ദൈവം പരമാധികാരിയാണെന്ന് തിരിച്ചറിയുന്നവർക്ക് അധികാരം ആരാധനാമൂർത്തിയായി മാറില്ല. ദൈവത്തെ ഉപാസിക്കുന്നവർക്ക് മനഃസാക്ഷി ശീതീകരണയന്ത്രത്തിൽ വച്ച് സത്യധർമ്മ നീതികൾക്ക് വിരുദ്ധമായി പ്രവർത്തിക്കാൻ കഴിയില്ല. ഇതിനൊക്കെ കഴിയുമെങ്കിൽ അവർക്ക് ദൈവമില്ല എന്നതാണ് സത്യം. ദൈവത്തിനായി ജീവിതം ഉഴിഞ്ഞു വച്ചവർ എന്നവകാശപ്പെട്ടുകൊണ്ട് പ്രവർത്തികളിലൂടെ അവർ ദൈവത്തെ നിഷേധിക്കുന്നു. തങ്ങളുടെ അധാർമ്മികമായ മുൻഗണനകളാൽ അവർ ദൈവത്തെ അപകീർത്തിപ്പെടുത്തുന്നു.
ദൈവം ആഘോഷിക്കപ്പെടേണ്ടത് അൾത്താരകളിലും ശ്രീകോവിലുകളിലുമല്ല; അനുദിനജീവിതമണ്ഡലങ്ങളിലാണ്. അതിനുളള ശക്തിയും ചൈതന്യവും പ്രദാനം ചെയ്യാനാണ് അൾത്താരകളും ശ്രീകോവിലുകളും. യഥാർത്ഥത്തിൽ അൾത്താരകളും ആരാധനയും അൾത്താരകൾക്കോ ആരാധനയ്ക്കോ ദൈവത്തിനോ വേണ്ടിയല്ല; ആരാധിക്കുന്നവർക്കു വേണ്ടിയാണ്. മനുഷ്യരുടെ ആരാധനകളിലും അർച്ചനകളിലും പ്രീതനും പുളകിതനുമാകാൻ ദാഹത്തോടെ കാത്തിരിക്കുകയല്ല ദൈവം. അതിനാൽ, ആരാധനയുടെ ദൈർഘ്യം കുറഞ്ഞാലും നീതി പ്രവർത്തിക്കണം. പ്രസംഗത്തിന്റെ പൊലിമ കുറഞ്ഞാലും സത്യം അനുഷ്ഠിക്കണം. പ്രകടനപരമായ ആത്മീയജീവിതം നയിച്ചില്ലെങ്കിലും ധർമ്മം പാലിക്കണം. അങ്ങനെയെങ്കിൽ, പ്രസംഗങ്ങൾക്കും മറ്റു പൊടിക്കൈകൾക്കും ഉപരി ഹൃദയം പ്രശോഭിക്കും. ആ വെളിച്ചം വഴി കാട്ടുന്നത് അവനവനു മാത്രമല്ല; മറ്റനേകർക്കുമാണ്. ഇതിനൊന്നും സന്നദ്ധരാകാതെ, മതങ്ങളുടെ ഉടമസ്ഥരും ദൈവത്തിന്റെ കാര്യസ്ഥരും എന്നു ഭാവിക്കുന്ന മതാധികാരികൾ വെറും മതോദ്യോഗസ്ഥരും ആത്മീയവ്യാപാരികളു മാണ്. സ്വയം നവീകരിക്കാൻ തയ്യാറാകാത്ത ഇക്കൂട്ടർക്ക് മറ്റുള്ളവരെ നവീകരിക്കാനാവില്ല. അവർ നമുക്ക് പാഠമാകട്ടെ.
ജീവിതവിശുദ്ധി നമ്മുടെ ദൈവാരാധനയുടെ അഗ്നിയാകട്ടെ. സത്യം അതിൽ നേദിക്കുന്ന ഹവിസ്സും നീതി പുഷ്പങ്ങളും ധർമ്മനിഷ്ഠ ധൂപവുമാകട്ടെ. സ്നേഹമാകട്ടെ ആ ജീവിതയാഗത്തിന്റെ ഫലശ്രുതി.