പരിശുദ്ധ മറിയം നമ്മില്‍ സമാധാനം വര്‍ധിപ്പിക്കട്ടെ

May the Holy Mary increase our peace.
Published on

മറിയത്തിന്റെ സാന്നിധ്യം വംശാവലിയില്‍ ഒരു കുതിച്ചുചാട്ടത്തിന് സമാനമായ ഒന്ന് സൃഷ്ടിക്കുന്നു. പ്രതീക്ഷകളെ മാത്രമല്ല, ഒരു മനുഷ്യന്റെ പ്രവചനീയമായ പെരുമാറ്റത്തെപ്പോലും മാറ്റാന്‍ കഴിവുള്ള അപ്രതീക്ഷിതമായ ഒരു പുതുമയാണത്. ഔസേഫ് കേള്‍ക്കുന്നതും തീരുമാനിക്കുന്നതും ചെയ്യുന്നതും, ദൈവത്തോടും മറിയത്തിന്റെ സാന്നിധ്യത്തോടുമുള്ള പ്രതികരണമാണ്. മറ്റെല്ലാ വാക്കുകള്‍ക്കും വിവരണങ്ങള്‍ക്കും അതീതമായ അവളുടെ കേവല വ്യത്യസ്തതയോടുള്ള ഒരു പ്രതികരണം. മറിയത്തില്‍ രക്ഷ ഒരു ഭവനം കണ്ടെത്തുന്നു: ദൈവം നമ്മോടുകൂടെ!

ഈ രഹസ്യത്തെ അഭിമുഖീകരിക്കുമ്പോള്‍, നമുക്ക് ഒരുതരം അമ്പരപ്പ് അനുഭവപ്പെടുന്നു. എന്തെന്നാല്‍, ദൈവത്തിന്റെ വഴി എപ്പോഴും ലളിതവും നിശബ്ദവുമായിരുന്നു, എങ്കിലും അത് ശക്തവും രൂപാന്തരപ്പെടുത്തുന്നതുമായി നിലകൊള്ളുന്നു. യേശുവിന്റെ ജനനത്തിലേക്ക് നയിച്ച ആ എളിയ ചരിത്രസാഹചര്യങ്ങള്‍ അവിടുത്തെ രാജ്യത്തിന്റെ മൗലികത വെളിപ്പെടുത്തുന്നു; അവിടെ അഹങ്കാരത്തിന് സ്ഥാനമില്ല, സര്‍വ്വശക്തി എന്നത് സൃഷ്ടിയും ശുശ്രൂഷയും ജീവന്റെ പരിപാലനവുമാണ്.

ധ്യാനാത്മകമായ പ്രാര്‍ത്ഥനയിലാണ് ലോകം നമ്മോട് പറയാത്തതും എന്നാല്‍ ഇവിടെ നിലവിലുള്ളതുമായ കാര്യങ്ങള്‍ക്ക് രൂപം നല്‍കപ്പെടുന്നത്. ഇപ്പോഴും അദൃശ്യമാണെങ്കിലും അതൊരു പുതിയ തരം ശക്തി കൈവരിക്കുന്നു. ഇത് ഭ്രമകല്‍പനയല്ല, മറിച്ച് പ്രവചനമാണ്. നാശത്തിന്റെയും അനിശ്ചിതത്വത്തിന്റെയും സമയങ്ങളില്‍ ദൈവത്തിന്റെ പ്രവര്‍ത്തനം കാണാനും അതിനെ സേവിക്കാനും നമുക്ക് അത് ആവശ്യമാണ്.

പരിശുദ്ധ മറിയത്തിന്റെ തിരുപ്പിറവി തിരുനാള്‍ നമ്മില്‍ സമാധാനം വര്‍ദ്ധിപ്പിക്കട്ടെ. ഇവിടെ നിലനില്‍ക്കുന്ന സമാധാനത്തെ തിരിച്ചറിയാനും, അതിനെ സ്വീകരിക്കാനും, അതിനെ ശുശ്രൂഷിക്കാനും നമുക്കതിനെ വിഭാവനം ചെയ്യണം. നമ്മുടെ ധാരണയുടെ അതിരുകള്‍ വിപുലീകരിക്കാനും അത് നമ്മുടെ ആത്മാക്കളില്‍ പതിപ്പിക്കാനും നാം ആഗ്രഹിക്കുന്നു. അത് ദൈവത്തിന്റെ ദാനമാണ്, ഉത്ഥിതന്റെ ശ്വാസമാണ്, പരിശുദ്ധാത്മാവിന്റെ പ്രവൃത്തിയാണ്. സമാധാനം നമ്മില്‍ വളരാന്‍ അനുവദിക്കാം. അത് ലോകത്തില്‍ വിടര്‍ന്നു പൂത്തുലയും. ഉപദേശത്തിന്റെ മാതാവ് ഈ ദൗത്യത്തില്‍ നമ്മെ അനുഗമിക്കട്ടെ.

(സെപ്തംബര്‍ 7 നു റോമിനു പുറത്തുള്ള ഉപദേശമാതാവിന്റെ ദേവാലയത്തില്‍ നല്‍കിയ സന്ദേശത്തില്‍ നിന്ന്)

logo
Sathyadeepam Online
www.sathyadeepam.org