
കത്തോലിക്കരായ കുടിയേറ്റക്കാരും അഭയാര്‍ഥികളും അവരെ സ്വീകരിക്കുന്ന രാഷ്ട്രങ്ങളില്‍ പ്രത്യാശയുടെ മിഷനറിമാരാകാന്‍ കഴിയുന്നവരാണ്. കുടിയേറ്റക്കാരുടെ ആത്മീയ തീക്ഷ്ണതയും സജീവതയും ഉദാസീനമായി കൊണ്ടിരിക്കുന്ന സഭാ സമൂഹങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സഹായകരമാണ്. ആധ്യാത്മിക മരുഭൂവല്‍ക്കരണം ഭയജനകമായ വേഗതയില്‍ പുരോഗമിക്കുന്ന സമൂഹങ്ങളാണ് അവയില്‍ പലതും.
അനവധി കുടിയേറ്റക്കാരും അഭയാര്‍ഥികളും പ്രത്യാശയുടെ സാക്ഷികളാകാന്‍ കഴിയുന്നവരാണ്. തങ്ങളുടെ ജീവിതത്തിലൂടെ അവര്‍ ദൈവത്തിലുള്ള വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രകാശനം നിര്‍വഹിക്കുന്നു. ദുരിതങ്ങള്‍ നേരിടുമ്പോഴും മികച്ച ഭാവിയെ പ്രതീക്ഷിക്കുന്നു. അവരുടെ സാന്നിധ്യത്തെ ഒരു ദൈവാനുഗ്രഹമായി തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം. ദൈവത്തിന്റെ കൃപയിലേക്ക് സ്വയം തുറക്കുന്നതിനുള്ള ഒരു അവസരമായി ആതിഥേയ രാജ്യങ്ങള്‍ അവരെ കാണണം. ദൈവത്തിന്റെ സഭയ്ക്ക് നവമായ പ്രത്യാശയും ഊര്‍ജവും നല്‍കുന്നവരാണ് അവര്‍.
യുദ്ധവും അനീതിയും അന്ധകാരപൂരിത മാക്കുന്ന ലോകത്ത് കുടിയേറ്റക്കാരും അഭയാര്‍ഥികളും പ്രത്യാശയുടെ സന്ദേശ വാഹകരാകുന്നു. അവരുടെ ധൈര്യവും സഹനശേഷിയും വിശ്വാസത്തിന്റെ വീരോചിത സാക്ഷ്യമായി നില്‍ക്കുന്നു. കുടിയേറ്റക്കാരും അഭയാര്‍ഥികളും സഭയുടെ തീര്‍ഥാടക മാനത്തെ ക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. അന്തിമ പിതൃദേശത്തേക്ക് നിത്യമായ യാത്രയില്‍ ഏര്‍പ്പെട്ടിരിക്കുന്നവളാണ് സഭ. ദൈവിക പുണ്യമായ പ്രത്യാശയാണ് ഈ തീര്‍ഥാടനത്തില്‍ സഭയെ നിലനിര്‍ത്തുന്നത്.
കുടിയേറ്റക്കാരെയും അഭയാര്‍ഥികളെയും സഹോദരങ്ങളായി സ്വീകരിച്ചുകൊണ്ട് ഒരു കുടുംബമായി മാറുക. അവരെ ദൈവമക്കള്‍ എന്ന നിലയില്‍ സ്വീകരിക്കുന്ന ജനത വര്‍ത്തമാനകാലത്തിന്റെയും ഭാവിയുടെയും വാഗ്ദാനമായി മാറട്ടെ.
(111-ാമത് ആഗോള അഭയാര്‍ഥി-കുടിയേറ്റ ദിനാചരണത്തിനു മുന്നോടിയായി പുറപ്പെടുവിച്ച സന്ദേശത്തില്‍ നിന്നും. അടുത്ത ഒക്‌ടോബര്‍ 4, 5 തീയതികളില്‍ കുടിയേറ്റക്കാരുടെ ജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് ഈ ദിനാചരണവും നടത്തുക.)