നുണകള്‍ക്ക് തീപിടിക്കുമ്പോള്‍

നുണകള്‍ക്ക് തീപിടിക്കുമ്പോള്‍
Published on

മാര്‍ച്ച് ആദ്യം മുതല്‍ രണ്ടാഴ്ചയോളം കൊച്ചി ബ്രഹ്മപുരത്ത് കത്തിയമര്‍ന്നത് ഒരു മാലിന്യമല മാത്രമായിരുന്നില്ല; നുണയുടെ കൂമ്പാരങ്ങള്‍ക്കുകൂടിയായിരുന്നു വാസ്തവത്തില്‍ തീപിടിച്ചത്. അനേകം വ്യാജങ്ങളുടെ പിന്‍ബലത്തില്‍ കുന്നുകൂട്ടിയ ഒരു മാലിന്യസംവിധാനമായിരുന്നു അത്. ഒട്ടനവധി വ്യാജങ്ങള്‍ ഔദ്യോഗികമായി ചുറ്റുവലയം തീര്‍ത്ത കോര്‍പ്പറേഷന്‍ ഗേഹന്നാ ആയിരുന്നു ബ്രഹ്മപുരം. അവിടെ തീ കെടാനും പുഴുചാകാനും വ്യാജങ്ങള്‍ സമ്മതിക്കുകയില്ല. മാലിന്യം കൃത്യമായി സംസ്‌കരിക്കുന്നുണ്ട്; കരാറുകാര്‍ വേണ്ടതു ചെയ്യുന്നുണ്ട്; നഗരം സുരക്ഷിതമാണ്; നികുതി പിരിച്ചെടുക്കുന്ന കോര്‍പ്പറേഷന്‍ ഉത്തരവാദിത്വത്തോടെ മാലിന്യ നിര്‍മ്മാര്‍ജനത്തിനു മേല്‍ നോട്ടം വഹിക്കുന്നുണ്ട് തുടങ്ങിയ ചിലവേറിയ നുണകളാണ് ഒരു നാള്‍ കത്തിയമരാന്‍ തുടങ്ങിയത്. മാലിന്യക്കൂമ്പാരത്തിനു തീ പിടിച്ചപ്പോള്‍ പുറത്തേക്കു വന്നത് വിഷവാതകങ്ങളും ശ്വാസംമുട്ടിക്കുന്ന പുകയും മാത്രമല്ല, കരിപുരണ്ട നുണകളും കൂടിയാണ്. നിയമസഭയും അതിന്റെ വേദിയായി. തീപിടുത്തം സ്വാഭാവികമാണെന്നും അഴി മതി സങ്കല്പ്പിക്കാന്‍ പോലുമാവില്ലെന്നും മുന്‍ഭരണസമിതികള്‍ മാത്രമാണ് ഉത്തരവാദികളെന്നും വിഷപ്പുക കോടമഞ്ഞു പോലെ സുഖപ്രദമാണെന്നുമൊക്കെ തട്ടിവിടാന്‍ ആളുണ്ടായി. ബ്രഹ്മപുരത്തിന്റെ അടിത്തട്ടിലുള്ളത് അഴിമതിക്കും സ്വജനപക്ഷപാതത്തിനും വളമിടുന്ന നുണകളാണ്. അവ ഒരുനാള്‍ അഗ്നിയില്‍ അമര്‍ന്നേ മതിയാകൂ. പെരുംനുണകള്‍ തിന്നു ചീര്‍ക്കുന്ന നമ്മുടെ സമൂഹത്തിന്റെ വര്‍ത്തമാനത്തിലേക്കും ഭാവിയിലേക്കും അടിച്ചുകയറാന്‍ പ്രാപ്തമാണ് ബ്രഹ്മപുരത്തിന്റെ പുകക്കാറ്റ്.

സത്യാനന്തരകാലം എന്ന് നമ്മുടെ സമൂഹത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. വസ്തുതകളെക്കാള്‍ വികാരങ്ങളും വ്യക്തിനിഷ്ഠ താത്പര്യങ്ങളും ഭരിക്കുമ്പോള്‍ നാം സത്യാനന്തര കാലത്തില്‍ എത്തുന്നു. എന്നാല്‍ വ്യാജബിംബങ്ങളുടെ കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. എന്തുമാത്രം നുണകളാണ് നാം ദിനംപ്രതി സ്വീകരിക്കുന്നത്. സര്‍ക്കാര്‍ പത്രക്കുറിപ്പിലും മാധ്യമ വിവരണങ്ങളിലും കൊച്ചു വര്‍ത്തമാനങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ചരിത്രാഖ്യാനങ്ങളിലും ജീവചരിത്രങ്ങളിലും മുദ്രാവാക്യങ്ങളിലും പ്രസംഗപീഠങ്ങളിലും വാര്‍ത്താവിശകലനങ്ങളിലും എന്തുമാത്രം നുണകളാണ് ഘോഷിക്കപ്പെടുന്നത്! പറയുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ഇവ വ്യാജമാണെന്ന് പലപ്പോഴും അറിയാം. ഒരേ നുണ പലര്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നാല്‍ അതിനു സത്യത്തിന്റെ പ്രതീതിയുണ്ടാക്കാനാവും എന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്. നുണഫാക്ടറികള്‍ ഭീകരവാദികളെ വിശുദ്ധരാക്കുന്നു; വിശുദ്ധരെ ഭീകരന്മാരാക്കുന്നു. മിനുക്കിയെടുത്ത നുണകള്‍ക്ക് കോടതിയില്‍ പോലും സത്യത്തിന്റെ വില ലഭിക്കാം. വധ ശിക്ഷ വിലക്കണം എന്ന വാദത്തിന്റെ ഒരു അടിസ്ഥാനം ഇതാണ്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്നയാള്‍ അസത്യവാദങ്ങളുടെ ഇരയായി മാറാം.

വ്യാജങ്ങള്‍ക്ക് എങ്ങനെ ക്ലാസുകയറ്റം കിട്ടുന്നു എന്ന് നിരീക്ഷിക്കുന്നതും രസകരമാണ്. നാലാംകിട പത്രത്തില്‍ എഴുതിപ്പിടിപ്പിച്ച വ്യാജം ഒരാള്‍ ഡോക്ടറല്‍ പ്രബന്ധത്തില്‍ ഉദ്ധരിക്കുന്നു. അങ്ങനെ ആ നുണ സത്യവാന്റെ കുപ്പായമിട്ട് പുറത്തിറങ്ങുന്നു. പരസ്പരമുള്ള അടക്കംപറച്ചിലിന്റെ വിഷയമായിരുന്ന വ്യാജങ്ങള്‍ ചിലര്‍ സാമൂഹിക മാധ്യമങ്ങളില്‍ എഴുതിപ്പിടിപ്പിക്കുന്നു. അതോടെ ആ നുണ ഡിജിറ്റല്‍ ആധികാരികതയോടെ ചുറ്റിക്കറങ്ങാന്‍ തുടങ്ങുന്നു. മദ്യവില്പനയിലും ലോട്ടറിക്കച്ചവടത്തിലും മുഖ്യവരുമാനം കണ്ടെത്തുന്ന ഈ സംസ്ഥാനത്ത് നാം നമ്മെ വിളിക്കുന്നത് പ്രബുദ്ധ മലയാളി എന്നാണെന്ന് ഓര്‍ക്കാം. ജീരകമിഠായിപോലും ലാഭകരമായി ഉണ്ടാക്കാന്‍ പറ്റാത്ത നമ്മളാണ് ആയിരിക്കണക്കിന് സംരംഭങ്ങള്‍ ആരംഭിച്ചു എന്ന് ഔദ്യോഗികമായി വീമ്പിളക്കുന്നത്.വ്യാജങ്ങള്‍ പെരുകുന്ന നാട്ടില്‍ സത്യവും നുണയും തമ്മിലല്ല പോരാട്ടം; വ്യാജവും വ്യാജവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. വ്യാജരാഷ്ട്രീയവും വ്യാജമതവും തമ്മിലും പ്രത്യയശാസ്ത്രത്തിന്റെ വ്യാജപതിപ്പുകളും ചരിത്രത്തിന്റെ വ്യാജനിര്‍മ്മിതികളും തമ്മിലാണ് സംഘര്‍ഷം.

നുണയുടെ ഗോപുരങ്ങള്‍ക്ക് ഒരുനാള്‍ തീപിടിക്കും. സത്യത്തിന്റെ സ്ഫുലിംഗങ്ങള്‍ നുണയുടെ മാലിന്യങ്ങളെ ഭസ്മമാക്കും. വ്യാജനിര്‍മ്മിതികളില്‍ അഭിരമിക്കുന്നവര്‍ക്കുള്ള ചൂടേറിയ മുന്നറിയിപ്പാണ് ബ്രഹ്മപുരത്തെ തീപിടുത്തം. സത്യത്തെ ഉപാസിക്കുന്നവര്‍ വ്യാജങ്ങളുടെ വിഷക്കാറ്റില്‍നിന്ന് അകന്നുനില്‍ക്കേണ്ടിവരും. അവര്‍ പൊന്നുരുക്കുന്നിടത്തെ പൂച്ചകളാണ്. സത്യം നിങ്ങളെ സ്വതന്ത്രരാക്കും എന്നത് ക്രിസ്തുവിന്റെ വചനമാണ് (യോഹ. 8:32). അസത്യം നിങ്ങളെ അടിമകളാക്കും എന്ന് അതിന് ഒരു പാഠഭേദമാകാം. സത്യം എന്നത് കേവലം വസ്തുതാപരം മാത്രമല്ല. അതു വ്യക്തിയാണ്. ക്രിസ്തു എന്ന സത്യവ്യക്തിയെ കണ്ടെത്തുവോളം മനുഷ്യര്‍ വ്യാജനിര്‍മ്മിതികള്‍ നടത്തിക്കൊണ്ടിരിക്കും. സാംസ്‌കാരികമായ നുണകള്‍ക്കും രാഷ്ട്രീയമായ വ്യാജങ്ങള്‍ക്കും എന്തു ക്രിസ്തു എന്നു ചോദിക്കാന്‍ വരട്ടെ. ഉള്ളില്‍ ക്രിസ്തുവില്ലാത്തവരുടെ മനഃസാക്ഷിയിലാണ് എല്ലാ നുണകളും ഗര്‍ഭംധരിക്കുന്നത്. മത, രാഷ്ട്രീയ, സാംസ്‌കാരിക, സാമ്പത്തിക, ആത്മീയരംഗങ്ങള്‍ പിന്നീട് അവയുടെ പിറവിക്ക് വേദിയൊരുക്കുന്നു എന്നുമാത്രം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org