ഇനിയെങ്കിലും തുടങ്ങേണ്ട മൂല്യഭാഷണം

ഇനിയെങ്കിലും തുടങ്ങേണ്ട മൂല്യഭാഷണം
അവരവര്‍ക്കുവേണ്ടി ശബ്ദിക്കുന്നത് തെറ്റല്ല; അതു ചെയ്യണം. എന്നാല്‍ സ്വഗണത്തില്‍ പെടാത്തവര്‍ക്കുവേണ്ടി മിണ്ടുന്നവരില്ല എന്നതാണ് വലിയ സാമൂഹികദുരന്തം.

ഉള്ളുലക്കുന്ന ദുരന്തചിത്രങ്ങളാണ് കഴിഞ്ഞയാഴ്ച്ച നമ്മു ടെ മനസ്സില്‍ അവശേഷിപ്പിച്ചത്. വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ വംശഹത്യയോളമെത്തുന്ന കുരുതികളും അക്രമങ്ങളും നടന്നു. കുറെപ്പേരെ തല്ലിക്കൊന്നു; കുറെപ്പേരെ പച്ചയ്ക്ക് കത്തിച്ചു. മലപ്പുറത്തെ താനൂരില്‍ ബോട്ടുമുങ്ങി ഇരുപത്തിരണ്ടു പേര്‍ മരിച്ചു. കൊട്ടാരക്കരയില്‍ വന്ദനാദാസ് എന്ന യുവഡോക്ടര്‍ ചികിത്സ തേടിയെത്തിയ ഒരാളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈ ദാരുണ സംഭവങ്ങള്‍ക്കെല്ലാം എതിരെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായി. എന്നാല്‍ ഈ പ്രതികരണങ്ങളുടെ പൊതു പ്രകൃതം നാം ശ്രദ്ധിക്കണം.

മണിപ്പൂരിലെ അക്രമങ്ങളില്‍ ക്രൈസ്തവര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. അമ്പതിലധികം ആളുകള്‍ കൊല്ലപ്പെട്ടു. നൂറുകണക്കിനു ദൈവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. സ്വാഭാവികമായി ഭാരത ക്രൈസ്തവരില്‍ കുറെപ്പേര്‍ ഇതിനെതിരെ പ്രതികരിച്ചു. എന്നാല്‍ മറ്റു മത വിഭാഗങ്ങള്‍ പൊതുവേ മൗനം പാലിച്ചു. താനൂരിലെ ബോട്ടപകടത്തിനു കാരണമായ ഉദ്യോഗസ്ഥ-രാഷ്ട്രീയ വീഴ്ച്ചകളെക്കുറിച്ച് കോണ്‍ഗ്രസ്സുകാര്‍ ശക്തമായി പ്രതികരിച്ചു. എന്നാല്‍ സര്‍ക്കാര്‍ അനുകൂല പാര്‍ട്ടികള്‍ മിണ്ടാതിരിക്കാന്‍ ശ്രദ്ധിച്ചു. ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ അത്യുച്ചത്തില്‍ പ്രതികരിച്ചു. ഭരണ കേന്ദ്രങ്ങള്‍ അതു ശ്രദ്ധിച്ചു. എന്നാല്‍ മറ്റു സര്‍വീസ് സംഘടനകള്‍ മിണ്ടാതിരുന്നു. പൊതുപ്രതികരണങ്ങള്‍ മിക്കവയും വിഭാഗീയമായ (sectarian) നിലപാടുകള്‍ വെളിപ്പെടുത്തി. അവരവര്‍ക്കുവേണ്ടി പ്രതികരിക്കുന്നവര്‍ മാത്രമേ രംഗത്തുള്ളൂ. അവരവര്‍ക്കുവേണ്ടി ശബ്ദിക്കുന്നത് തെറ്റല്ല; അതു ചെയ്യണം. എന്നാല്‍ സ്വ ഗണത്തില്‍ പെടാത്തവര്‍ക്കുവേണ്ടി മിണ്ടുന്നവരില്ല എന്നതാണ് വലിയ സാമൂഹികദുരന്തം.

ദുരന്തമുഖങ്ങളില്‍ മാത്രമല്ല, മറ്റു രംഗങ്ങളിലും പൊതുവേ തന്‍കാര്യപ്രതികരണങ്ങള്‍ മാത്രമേ നാം കാണാറുള്ളൂ. മനുഷ്യര്‍ക്കു വേണ്ടി സംസാരിക്കുന്നതിനുപകരം തങ്ങള്‍ക്ക് പ്രിയപ്പെട്ട ചെറുഗണങ്ങള്‍ക്കുവേണ്ടി മാത്രം സംസാരിക്കുന്നവരായി നാം മാറുന്നുണ്ട്. എന്നാല്‍ മൂല്യങ്ങളുടെ വില മനസ്സിലാക്കുന്ന സമൂഹം ധാര്‍മ്മിക മൂല്യങ്ങളെപ്രതി സംസാരിക്കുന്ന കാലമുണ്ടാകും. രാജ്യം അപകടത്തിലാകുമ്പോള്‍ ബി ജെ പിക്കാരും കോണ്‍ഗ്രസ്സുകാരും ഒരേ ഭാഷ സംസാരിക്കുന്ന കാലം. കൃഷിക്കാര്‍ക്കുവേണ്ടി കച്ചവടക്കാര്‍ സംസാരിക്കുന്ന കാലം. കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കു വേണ്ടി അധ്യാപക സംഘടനകള്‍ രംഗത്തുവരുന്ന കാലം. ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുമ്പോള്‍ ഹിന്ദുക്കള്‍ പ്രതികരിക്കുന്ന നല്ല നാളുകള്‍. ലത്തീന്‍കാര്‍ക്കുവേണ്ടി സുറിയാനിക്കാര്‍ നിലകൊള്ളുന്ന കാലം. യുക്രൈനില്‍ യുദ്ധം മുറുകുമ്പോള്‍ കേരളത്തില്‍ പ്രാര്‍ത്ഥന ഉയരുന്ന നാളുകള്‍. ലീഗുകാരന്‍ കൊല്ലപ്പെട്ടാല്‍ കമ്മ്യൂണിസ്റ്റുകാരന്‍ അതിനെ അപലപിക്കുന്ന കാലം. ബ്രഹ്മപുരത്ത് മാലിന്യപ്പുക ഉയരുമ്പോള്‍ അതിനെക്കുറിച്ച് ആധികൊള്ളുന്ന ഇടുക്കിക്കാര്‍. പാലക്കാട് കാട്ടാനയിറങ്ങുമ്പോള്‍ അതിനെക്കുറിച്ച് വേവലാതിപ്പെടുന്ന കൊച്ചിക്കാര്‍. നിര്‍ഭാഗ്യമെന്നേ പറയേണ്ടൂ, ഇത്തരമൊരു കാലം സ്വപ്‌നം കാണാനുള്ള കഴിവുപോലും നമുക്ക് കൈമോശം വന്നിരിക്കുന്നു. കാരണം, അവനവനിലേക്ക് ഇടുങ്ങിയൊതുങ്ങി ആഴ്ന്നിറങ്ങുന്ന വളര്‍ച്ചയേ നമുക്കിന്നുള്ളൂ.

തന്‍കാര്യത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് നിലപാടെടുക്കാന്‍ നാം തുനിയാതിരുന്നാല്‍ ഗുരുതരമായ കുഴപ്പങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകും. ഒന്നാമതായി, ധാര്‍മ്മികവും മാനവികവുമായ മൂല്യങ്ങളെപ്രതി മനുഷ്യര്‍ സംസാരിക്കാത്ത കാലത്ത് ഭൂരിപക്ഷപ്രമാണങ്ങള്‍ ഭരണം നടത്തും; അവിടെ ന്യൂനപക്ഷങ്ങള്‍ അപ്രസക്തരാകും. അവര്‍ ചവുട്ടി അരയ്ക്കപ്പെടും. മതന്യൂനപക്ഷങ്ങളുടെ കാര്യം മാത്രമല്ലിത്. സാമ്പത്തിക, ഭാഷാ, വര്‍ണ്ണ ന്യൂനപക്ഷങ്ങള്‍ എല്ലാം നശിക്കും. ഭൂരിപക്ഷത്തിനകത്ത് വേറെ ന്യൂനപക്ഷങ്ങള്‍ രൂപപ്പെടും. അതായത്, മതഭൂരിപക്ഷത്തിനകത്ത് സാമ്പത്തിക ന്യൂനപക്ഷം ചൂഷണം ചെയ്യപ്പെടും. രണ്ടാമതായി, മൂല്യങ്ങളുടെ സ്ഥാനത്ത് സ്ഥാപിത താത്പര്യങ്ങള്‍ പ്രതിഷ്ഠിക്കപ്പെടും. ഉദാഹരണത്തിന്, ജീവന്റെ വിലയേക്കാള്‍ പ്രധാനമാണ് പാര്‍ട്ടി താത്പര്യം എന്നുവരും. മനുഷ്യരുടെ സുരക്ഷയെക്കാള്‍ പ്രധാനമാണ് മേലാളന്മാര്‍ക്ക് കിട്ടേണ്ട വിഹിതം എന്നുവരും. അവനവനു ഗുണമുള്ള കാര്യത്തില്‍ മാത്രം പ്രതികരിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉണ്ടാകും. മൂന്നാമതായി, ക്രൈസ്തവര്‍ക്ക് വിഭാഗീയ ശൈലിക്ക് അടിപ്പെടാന്‍ സാധിക്കില്ല. കാരണം, അവരുടെ ദൈവം എല്ലാവരുടെയും ദൈവമാണ്. ആ ദൈവം ആരുടെയും സ്വകാര്യസ്വത്തല്ല. മൂല്യാധിഷ്ഠിതമായി കാര്യങ്ങള്‍ കാണാനും വിലയിരുത്താനും വിളിക്കപ്പെട്ടവരാണ് ക്രൈസ്തവര്‍. ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം യൂദന്റെ ജീവനും മുസ്‌ലീമിന്റെ ജീവനും ക്രിസ്ത്യാനിയുടെ ജീവനും ഒരേ വിലയും പവിത്രതയുമാണ്.

എല്ലാവര്‍ക്കുംവേണ്ടി എല്ലാവരും സംസാരിക്കുന്ന സമൂഹമാകട്ടെ നമ്മുടെ ലക്ഷ്യം. എല്ലാവര്‍ക്കുംവേണ്ടി സംസാരിക്കുന്നവരോടൊപ്പം നില്ക്കാന്‍ എല്ലാവരുമില്ലെങ്കിലും കുറെപ്പേരെങ്കിലും ഉണ്ടാകും. അവരവര്‍ക്കുവേണ്ടി മാത്രം സംസാരിക്കുന്നവരോടൊപ്പം നില്ക്കാന്‍ അവരുടെ നിഴല്‍ മാത്രമേ ഉണ്ടാകൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org