പൊട്ടക്കുളം നിന്നെ തവളയാക്കും

പൊട്ടക്കുളം നിന്നെ തവളയാക്കും
ഒരാളുടെ ഭൗതികസാഹചര്യം ദരിദ്രമോ സമ്പന്നമോ ഇടുങ്ങിയതോ വിശാലമോ ആയാലും അതിലേക്ക് ദൈവവചനത്തിന്റെ നീരൊഴുക്കു വറ്റിയാല്‍ അത് പൊട്ടക്കിണറിന് സമാനമാണ്. പൊട്ടക്കിണര്‍ രൂപപ്പെടുത്തിയ തവളകളായി തങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന കാര്യം നിര്‍ഭാഗ്യവശാല്‍ അനേകം പേര്‍ അറിയുന്നില്ല എന്നതാണ് സങ്കടകരം.

തവള അതില്‍ത്തന്നെ മോശപ്പെട്ട ജീവിയൊന്നുമല്ല. പക്ഷേ കുതിരയുടെ ശക്തിയോ ഗരുഡന്റെ മേല്‍നിലയോ ഒന്നും തവളയ്ക്ക് ആര്‍ജിക്കാനാവില്ല എന്നു മാത്രം. 'പൊട്ടക്കുളത്തില്‍' വാസമുറപ്പിക്കുന്ന ഒരാളും കുതിരയുടെയോ ഗരുഡന്റെയോ നിലയിലേക്ക് ഉയരാന്‍ പോകുന്നില്ല. ഒരാളുടെയും പരിമിതമായ ഭൗതിക സാഹചര്യമല്ല പൊട്ടക്കുളം. കീറിപ്പറിഞ്ഞ സാഹചര്യങ്ങള്‍ മറികടന്ന എത്രയോ മാണിക്യങ്ങള്‍ ചരിത്രത്തിലുണ്ട്. സമ്പന്നമായ അന്തരീക്ഷത്തില്‍ പുഴുവരിച്ചുപോയ ജന്മങ്ങളുമുണ്ട്. കേവലം ഭൗതികസാഹചര്യമല്ല നിര്‍ണ്ണായക ഘടകം. നീരൊഴുക്കില്ലാത്ത ജീവിതനിലയില്‍ ചരിക്കുന്ന എല്ലാവരും പൊട്ടക്കുളത്തിലാണ്. പുറമേ എത്ര കേമന്മാരായി വ്യാപരിച്ചാലും വെള്ളത്തിലും കരയിലും നീന്തിച്ചാടി നടക്കുന്ന തവളജന്മമായി അവര്‍ മാറും.

പൊട്ടക്കുളത്തിലെ തവള ഇട്ടാവട്ടത്തിനപ്പുറത്ത് ഒന്നും കാണുന്നില്ല. കുളത്തിനു പുറത്തുള്ള വിശാല ലോകമോ കരജീവികളെയോ ആകാശപ്പറവകളെയോ തവള കാണുന്നില്ല; അറിയുന്നുമില്ല. ഈ കുളംവിട്ട് തവളയ്ക്ക് സ്വപ്‌നങ്ങളുമില്ല. സ്വന്തം പഞ്ചായത്തിനപ്പുറത്തേക്ക് ചിന്തിക്കാനോ സ്വപ്നത്തിന്റെ ചിറകുകള്‍ വീശാനോ സാധിക്കാത്ത എല്ലാവരും തവളസമാനം പരിമിതവൃത്തത്തില്‍ ഒതുങ്ങുന്നുണ്ട്. സ്വന്തം കുടുംബത്തിനപ്പുറം നിരൂപിക്കാന്‍ പോലുമാകാത്തവരും അങ്ങനെതന്നെ. വളര്‍ത്തിയെടുത്ത സ്വാര്‍ത്ഥതയുടെ ശീലങ്ങളും ഒരാളെ പൊട്ടക്കുളത്തില്‍ പെടുത്തിക്കളയും. സ്വന്തം അഭിപ്രായത്തിനപ്പുറം മറ്റുള്ളവരുടെ ഇംഗിതങ്ങള്‍ക്ക് വിലയിടാത്തവരും സ്വയം തീര്‍ത്ത നീരൊഴുക്കില്ലാത്ത കുളത്തിലാണ്. അതിനാല്‍ നിര്‍ണ്ണായകമായ ഒന്നാം ചോദ്യമിതാണ്: നീ എന്ത് കാണുന്നു?

ഒറ്റച്ചാട്ടത്തിനു വായില്‍കിട്ടുന്നത് തിന്നുകഴിയാനാണ് പൊട്ടക്കുളത്തിലെ തവളയുടെ യോഗം. കുളത്തില്‍ പെട്ടുപ്പോയ ചെറുപ്രാണികളും കീടങ്ങളും കുഞ്ഞുമീന്‍കുഞ്ഞുങ്ങളും സൂക്ഷ്മസസ്യങ്ങളുമൊക്കെ തിന്ന് തവള ജീവിക്കും. അതായത്, പൊട്ടക്കുളത്തിലെ ആവാസവ്യവസ്ഥയ്ക്ക് ഇണങ്ങുന്നതേ തവളയുടെ വായിലെത്തൂ. നാം എന്തു കഴിക്കുന്നു എന്നത് നമ്മുടെ ലോകം പരിമിതപ്പെടുത്തുകയോ വിശാലമാക്കുകയോ ചെയ്യും. ഭക്ഷണത്തെക്കുറിച്ചല്ല പറഞ്ഞുവരുന്നത്. പത്രംപോലും വായിക്കാത്ത ഒരാള്‍ പൊട്ടക്കുളത്തിലെ തവളയാകാനാണ് കൂടുതല്‍ സാധ്യത. വാട്‌സാപ്പില്‍നിന്നു മാത്രം പഠിക്കുന്ന ഒരാളുടെ ലോകം ചുരുങ്ങിപ്പോകും. പരദൂഷണം ഭക്ഷണമാക്കുന്നവരുടെ ഏമ്പക്കംകൊണ്ട് പൊട്ടക്കുളങ്ങള്‍ കൂടുതല്‍ മലിനമാകും. നമ്മുടെ ആവാസവ്യവസ്ഥയിലേക്ക് പുതുജലം ഒഴുക്കാന്‍ വിശ്വസാഹിത്യം തന്നെ വേണമെന്നില്ല. നാം കണ്ടുമുട്ടുന്ന പല മനുഷ്യര്‍ക്കും നമ്മെ വിമലീകരിക്കാന്‍ പോരുന്നയിനം ജീവിത കഥകളുണ്ട്. അതിനാല്‍ രണ്ടാം ചോദ്യമിതാണ്: നീ എന്ത് കഴിക്കുന്നു?

പൊട്ടക്കുളത്തിലെ തവള മത്സരിക്കുന്നത് സമാനമനസ്‌കരായ തവളകളോടാണ്. നീന്തിത്തുടിക്കുന്ന മത്സ്യങ്ങളോടല്ല. നീ ആരോട് മത്സരിക്കുന്നു എന്നത് നിന്റെ മാറ്റുരയ്ക്കുന്ന പരിപാടിയാണ്. നിന്റെ സമരം നിന്റെ സ്വത്വം നിര്‍ണ്ണയിക്കും. നീ പടവെട്ടുന്ന വിഷയങ്ങളുടെ മഹത്വമാണ് നിന്റെ ഔന്നത്യം. ഉന്നതമായ മൂല്യങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുന്നതിന്റെ മഹത്വമൊന്നുമില്ല ഒരു വാക്‌പോരില്‍ ജയിക്കുന്നതിന്. അയല്‍ക്കാരനുമായുള്ള ലഹളയ്ക്ക് സ്വാതന്ത്ര്യസമരത്തിന്റെ മൂല്യം കല്പിച്ചുകൂടല്ലോ. ജീവിതപങ്കാളിയുമായുള്ള വൈകാരിക ഒളിപ്പോരില്‍ ജയിച്ചു കയറുന്നതിനേക്കാള്‍ മൂല്യമുണ്ട് ഒരു വാഴവിത്ത് നട്ടുനനച്ച് വളര്‍ത്തിയെടുക്കുന്നതില്‍. ആയിരം ജഗജില്ലികളോട് തന്ത്രപൂര്‍വം പോരടിച്ചു നില്ക്കുന്നതിനേക്കാള്‍ ശ്രേഷ്ഠമാണ് സ്വന്തം കാമനകളില്‍ ഒന്നിനെ തോല്പ്പിക്കുന്നത്. അതുകൊണ്ട് മൂന്നാമത്തെ ചോദ്യമിതാണ്: നീ ആരോട് പോരടിച്ചുകൊണ്ടിരിക്കുന്നു?

സഹോദരന്മാരുടെ അസൂയയ്ക്ക് ഇരയായി പൊട്ടക്കിണറില്‍ എറിയപ്പെട്ട ഒരാളുണ്ട് പഴയ നിയമത്തില്‍, പേര് ജോസഫ്. വൈകാതെ ആ കിണറില്‍നിന്ന് പുറത്തുകടന്നെങ്കിലും കിണറനുഭവം ജോസഫിനെ പലരീതിയില്‍ വിടാതെ പിന്തുടര്‍ന്നു (ഉത്പ. 37-45). ജയില്‍വാസം ഉള്‍പ്പടെയുള്ള അത്തരം പൊട്ടക്കിണര്‍ അനുഭവങ്ങളില്‍ ജോസഫ് കണ്ടതെന്താണ്? ദൈവം കൊടുത്ത സ്വപ്‌നങ്ങള്‍. അവന്‍ കഴിച്ചതോ? തന്നോട് ഇടപെട്ട രാജാവും പ്രജകളും അടങ്ങുന്ന അനേകംപേരുടെ അനുഭവങ്ങള്‍. അവന്‍ മല്ലടിച്ചതാകട്ടെ, തന്നെ വിറ്റുകാശാക്കിയ സഹോദരന്മാരോടല്ല; മറിച്ച് സ്വയം പെട്ടുപോകാമായിരുന്ന പാപവഴികളോടാണ്. ഷെക്കേമിലെ പൊട്ടക്കിണറില്‍ കിടക്കുമ്പോഴും ഈജിപ്തിലെ കൊട്ടാരത്തില്‍ ഇരിക്കുമ്പോഴും ജോസഫ് കണ്ടതിനും കഴിച്ചതിനും പോരടിച്ചതിനും ഒരേ സ്വഭാവമായിരുന്നു. ഒരാളുടെ ഭൗതികസാഹചര്യം ദരിദ്രമോ സമ്പന്നമോ ഇടുങ്ങിയതോ വിശാലമോ ആയാലും അതിലേക്ക് ദൈവവചനത്തിന്റെ നീരൊഴുക്കു വറ്റിയാല്‍ അത് പൊട്ടക്കിണറിന് സമാനമാണ്. പൊട്ടക്കിണര്‍ രൂപപ്പെടുത്തിയ തവളകളായി തങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു എന്ന കാര്യം നിര്‍ഭാഗ്യവശാല്‍ അനേകം പേര്‍ അറിയുന്നില്ല എന്നതാണ് സങ്കടകരം. അല്ലെങ്കിലും തിരിച്ചറിവുള്ള തവളകള്‍ ഒരിടത്തുമില്ലല്ലോ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org