ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങള്‍

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ പൊതുസമൂഹത്തില്‍ ദൃശ്യത നേടുന്ന കാലമാണിത്. ക്രിസ്തീയപക്ഷത്തുനിന്ന് സ്വീകരിക്കേണ്ട നിലപാടുകളുടെയും ധര്‍മ്മാധര്‍മ്മ വിവേചനത്തിന്റെയും അടിസ്ഥാനമാകുന്ന രണ്ടു കാര്യങ്ങള്‍ സൂചിപ്പിക്കുകയാണിവിടെ.
ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതങ്ങള്‍

പ്രശസ്തിയുടെ പുതു പതിപ്പുകള്‍ നേടിക്കൊണ്ടിരിക്കുന്ന നോവലാണ് ബെന്യാമന്റെ ആടുജീവിതം. അതിനു പ്രസാധകര്‍ കൊടുത്തിരിക്കുന്ന ടാഗ് ലൈന്‍ ഇങ്ങനെയാണ്: നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്. സമൂഹത്തില്‍ മഹാഭൂരിപക്ഷംപേരും ജീവിക്കാത്തതാണ് ട്രാന്‍സ്‌ജെന്‍ഡര്‍ അനുഭവലോകം. അതുകൊണ്ടുതന്നെ ചിലര്‍ക്കെങ്കിലും ട്രാന്‍സ് ജെന്‍ഡര്‍ ലോകം ഒരു കെട്ടുകഥയോ കെട്ടുകാഴ്ച്ചയോ മാത്രമാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ പൊതുസമൂഹത്തില്‍ ദൃശ്യത നേടുന്ന കാലമാണിത്. അവരുടെ സ്വത്വവും അവകാശങ്ങളും ആഗോളതലത്തില്‍ അപൂര്‍വ മാംവിധം ചര്‍ച്ചാവിഷയമാകുന്നുണ്ട്. കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. ക്രിസ്തീയപക്ഷത്തുനിന്ന് സ്വീകരിക്കേണ്ട നിലപാടുകളുടെയും ധര്‍മ്മാധര്‍മ്മ വിവേചനത്തിന്റെയും അടിസ്ഥാനമാകുന്ന രണ്ടു കാര്യങ്ങള്‍ മാത്രം സൂചിപ്പിക്കുകയാണിവിടെ.

ആദ്യം ഒരു ആമുഖ നിരീക്ഷണം: ലിംഗം (sex), ലൈംഗികത (sexuality), ലിംഗപദവി (gender), സ്ഥാനാന്തര ലിംഗപദവി (transgender) എന്നീ സംജ്ഞകള്‍ അര്‍ത്ഥമാക്കുന്നത് എന്താണെന്ന് അറിഞ്ഞാലേ കൃത്യമായ ചര്‍ച്ചകള്‍ സാധ്യമാകൂ. സ്ഥലപരിമിതിമൂലം നാമത് ഇവിടെ ഒഴിവാക്കുന്നു. ഇനി അടിസ്ഥാന പ്രമേയങ്ങള്‍.

ഒന്ന്, ലിംഗപദവി എന്ന കാര്യത്തെ അതില്‍ത്തന്നെ സഭ നിഷേധിക്കുന്നില്ല. എന്നാല്‍ ലിംഗത്തെയും (sex) ലിംഗപദവിയെയും (gender) വ്യത്യാസപ്പെടുത്തുന്നതിനോട് (distinguish) സഭയ്ക്ക് വിയോജിപ്പില്ല. പക്ഷേ ലിംഗപദവിയില്‍നിന്ന് ലിംഗത്തെ വേര്‍പെടുത്തുന്നതിനോട് (separate) സഭ യോജിക്കുന്നില്ല. ലിംഗപദവിയുടെ സ്വീകാര്യമല്ലാത്ത പതിപ്പുകളെ സഭ ലിംഗപദവി-പ്രത്യയശാസ്ത്രം (gender ideology) എന്നു വിശേഷിപ്പിച്ചിട്ടുണ്ട്; പ്രത്യേകിച്ചും, സ്വവര്‍ഗ അനുരാഗികളുടെ അവകാശവാദങ്ങള്‍ക്കുള്ള ഉപാധിയായി ലിംഗപദവിയെ സ്ത്രീപക്ഷവാദം ഉപയോഗിക്കുന്ന പശ്ചാത്തലത്തില്‍. വിദ്യാഭ്യാസത്തിനുവേണ്ടിയുള്ള വത്തിക്കാന്‍ കോണ്‍ഗ്രിഗേഷന്‍ Male and Female He Created Them (no. 11) എന്ന പേരില്‍ 2019-ല്‍ പുറത്തിറക്കിയ പ്രബോധനരേഖയാണ് ഈ പറഞ്ഞതിന്റെ ആധാരം.

തങ്ങളുടെ ജീവശാസ്ത്രപരമായ ലിംഗത്തിനു വിരുദ്ധമായ ലിംഗപദവി ഉള്‍ക്കൊള്ളുന്നവരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍. അവരുടെ ലിംഗപദവി അവരുടെ ശാരീരിക അവസ്ഥയോട് പൊരുത്തപ്പെടാത്തതാണ്. ഉദാഹരണത്തിന്, പുരുഷലക്ഷണങ്ങളുള്ള ശരീരത്തില്‍ സ്ത്രീ മനസ്സോടെ കഴിയുന്നവരാണിവര്‍. അതുപോലെ, നേരെ തിരിച്ചും. സ്വഭാവികമായും അവര്‍ ഇതര ലിംഗപദവി കാംക്ഷിക്കും. അതു പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നാല്‍ അവര്‍ ആന്തരിക സംഘര്‍ഷത്തിലാവുകയും ചെയ്യും. സ്വന്തം ശരീരത്തോട് അവര്‍ക്ക് അകല്ച്ച തോന്നും. ആരുടെയോ ശരീരത്തില്‍ താന്‍ കയറിക്കൂടിയിരിക്കുന്നു എന്ന് അനുഭവപ്പെടും. ഇത് ആത്മനിന്ദയായി രൂപാന്തരപ്പെടും. ലൈംഗിക അവയവങ്ങളുടെ പേരില്‍ സ്വന്തം ദേഹത്തോട് കലഹിച്ചു കഴിയുന്നവരാണ് അവര്‍.

ഇത്തരം അവസ്ഥ പരിഹരിക്കാന്‍ ലിംഗമാറ്റ ശസ്ത്രക്രിയ സ്വീകാര്യമാണോ? ചികിത്സ എന്ന നിലയില്‍ സാധിക്കും. പക്ഷേ, ഏതു തലം വരെ? ഒരാളുടെ പ്രാഥമിക ലൈംഗിക സവിശേഷതകള്‍ മാറ്റിമറിക്കുന്ന ചികിത്സാവിധി സ്വീകാര്യമല്ല; എന്നാല്‍ ദ്വിതീയ ലൈംഗിക സവിശേഷതകള്‍ മാറ്റുന്നതില്‍ അപാകമില്ല. പ്രത്യുത്പാദനത്തോട് നേരിട്ട് ബന്ധമുള്ള ലൈംഗിക അവയവങ്ങളും ക്രോമോസോമുകളും ഒന്നാം ഗണത്തില്‍ വരുന്നു. പ്രത്യുത്പാദനത്തോട് നേരിട്ട് ബന്ധമില്ലാത്ത ലൈംഗിക സവിശേഷതകളാണ് രണ്ടാം ഗണത്തില്‍ വരുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളില്‍ ചിലര്‍ ലിംഗമാറ്റം നടത്തുന്നുണ്ട്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ ലിംഗ മാറ്റം നടത്തിയാലും അവരുടെ ലിംഗപദവി മാറുന്നില്ല; ഇതാണ് സഭയുടെ നിലവിലെ പ്രബോധനം. എന്നു പറഞ്ഞാല്‍, ഉദാഹരണത്തിന്, സര്‍ജറിവഴി സുധീഷ് ലിംഗമാറ്റം വരുത്തി ട്രാന്‍സ്- സ്ത്രീയായി മാറി സുധ എന്നു പേരു മാറ്റിയാലും, സഭ അയാളെ പുരുഷനായായേ കണക്കാക്കൂ. കാരണം, ഒരാള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന ലിംഗം മാറ്റാം എന്ന് സഭ അംഗീകരിക്കുന്നില്ല.

രണ്ട്, ടാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ പലതരത്തില്‍ അപഹസിക്കപ്പെടുന്നവരും പീഡിപ്പിക്കപ്പെടുന്നവരുമാണ്. പഠന നിഷേധം, ജോലിനിഷേധം, പൊലീസ് അതിക്രമങ്ങള്‍, ഹിംസ, ലൈംഗിക അതിക്രമങ്ങള്‍, വീടുനഷ്ടം, സാമൂഹിക അയിത്തം, എല്ലാം അനുഭവിക്കുന്നവരാണ്. പക്ഷേ, അവരും മനുഷ്യരാണ്. മനുഷ്യ മഹത്വം അവര്‍ക്കുണ്ട്. അവര്‍ അജപാലന ശുശ്രൂഷ അര്‍ഹിക്കുന്നുണ്ട്. അവര്‍ കുറ്റവാളികള്‍ അല്ല. അവരോട് വിവേചനമരുത് എന്നാണ് സഭയുടെ കാഴ്ച്ചപ്പാട്. അതേസമയം, വിവാഹത്തിലുള്ള ലൈംഗികതയുടെ ലക്ഷ്യത്തെ നിരാകരിക്കുന്ന വിധത്തിലുള്ള ഉപയോഗത്തെ സഭ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതത്തില്‍ അംഗീകരിക്കുന്നുമില്ല.

ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ അവസ്ഥയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങള്‍ ഇപ്പോഴും പരിപക്വമായിട്ടില്ല. അന്തിമവും സമഗ്രവുമായ സഭാ നിലപാടുകള്‍ ഈ രംഗത്ത് വരാനിരിക്കുന്നതേയുള്ളൂ. അതിനാല്‍ സങ്കീര്‍ണ്ണമായ ഈ മനുഷ്യാവസ്ഥയെക്കുറിച്ച് തര്‍ക്കത്തിനും വാദ പ്രതിവാദങ്ങള്‍ക്കും ഇടവും സമയവും ഉണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org