നിശബ്ദ വിനിമയങ്ങള്‍

നിശബ്ദ വിനിമയങ്ങള്‍
നമ്മുടെ സാമൂഹികപ്രസക്തമായ ശീലങ്ങളുടെയും ഭക്ഷണരീതിയുടെയും ആചാരങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും പദ വിന്യാസങ്ങളുടെയും പ്രതീകാത്മക മൂല്യം ഒരു സാമൂഹിക ഓഡിറ്റിനു വിധേയമാക്കുന്നത് നല്ലതാണ്.

വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയുമാണ് നമ്മുടെ ആശയ-വികാര വിനിമയങ്ങളെല്ലാം. എന്നാല്‍ പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമപ്പുറം നാം നടത്തുന്ന ആശയക്കൈമാറ്റങ്ങളുണ്ട്. ഉദാഹരണത്തിന്, ഒരു വീട്ടിലെ ഷോകേസിലിരിക്കുന്ന മെഡലുകളും ട്രോഫികളും ഭിത്തിയില്‍ തൂങ്ങുന്ന ചില ഫോട്ടോകളും ഒരു സ്ഥാപനത്തിലെ പൂന്തോട്ടത്തിന്റെ അവസ്ഥയും ചില കാര്യങ്ങള്‍ നമ്മോട് പറയാതെ പറയുന്നുണ്ട്. ഒരു പള്ളിയിലെ ടോയ്‌ലെറ്റിന്റെ വൃത്തി വികാരിയച്ചന്റെ അജപാലനതീക്ഷ്ണതയെക്കുറിച്ച് നിശബ്ദം പ്രസംഗിക്കുന്നുണ്ട്. പ്രതീകാത്മകമായ ആശയവിനിമയം ആണത്. നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും നാം അറിഞ്ഞാലും ഇല്ലെങ്കിലും ഇത്തരം നിശ്ബദമായ സന്ദേശവീചികള്‍ നാം പുറപ്പെടുവിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അല്പം ശ്രദ്ധ പുലര്‍ത്തിയാല്‍ മനോഹരമായ അര്‍ത്ഥസങ്കല്പങ്ങള്‍കൊണ്ട് നമ്മുടെ ജീവിതത്തെ അലങ്കരിക്കാന്‍ കഴിയും; അതുപോലെ ദുരര്‍ഥസൂചനകള്‍ കുറെയൊക്കെ ഒഴിവാക്കാനും സാധിക്കും.

പ്രായമേറിയ അപ്പനെ കാണാന്‍ നാലുമക്കള്‍ മുന്തിയ ഇനം കേക്കുമായെത്തി. എന്നാല്‍ മക്കളിലൊരാള്‍ രണ്ടു കിലോ ഉണക്കമീനും വാങ്ങി അപ്പനെ കാണാനെത്തി. ആദ്യത്തെ നാലുപേര്‍ നാട്ടു നടപ്പനുസരിച്ച് പ്രവര്‍ത്തിച്ചു. അഞ്ചാമന്‍ അപ്പന്റെ രുചിയറിഞ്ഞ് പെരുമാറി. പ്രമേഹരോഗിയായ അപ്പനോട് കരുതലുള്ള സ്‌നേഹമാണ് അഞ്ചാമന്‍ നിശബ്ദമായി വിനിമയം ചെയ്യുന്നത്. ഏറെക്കുറെ പൊള്ളയായ പ്രവൃത്തികള്‍ക്കും മനോഹരമായ സന്ദേശം പകരാന്‍ പറ്റുന്ന സന്ദര്‍ഭങ്ങളുണ്ട്. വിശേഷ അവസരങ്ങളിലെ ഫോ ണ്‍വിളികള്‍ പലതും അങ്ങനെ യാകാം. ഫോണ്‍ വിളിച്ചിട്ട് എന്തു പറഞ്ഞു എന്ന് ചോദിച്ചാല്‍ കാര്യമായിട്ടൊന്നുമില്ല. എന്നാല്‍ വിളിക്കാന്‍ തോന്നി എന്നുള്ളതാണ് കാര്യം. മരണവീടുകളില്‍ പലരുടെയും സാന്നിധ്യം ഏതാണ്ട് ഇതുപോലെയാണ്. അവിടെ പോയി ഇരുന്നിട്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. പക്ഷേ ആ ഇരിപ്പ് ചില നല്ല കാര്യങ്ങള്‍ പ്രതീകാത്മകമായി വിനിമയം ചെയ്യുന്നുണ്ട്.

അസാന്നിധ്യം, നിശബ്ദത തുടങ്ങിയവയൊക്കെയും ശക്തമായ ആശയവിനിമയമാണ്. ഈ കളിക്ക് ഞാനില്ല എന്നാണ് അസാന്നിധ്യംകൊണ്ട് ഒരാള്‍ വിളിച്ചുപറയുന്നത്. മിണ്ടാതിരിക്കലിന് ആശയദാരിദ്ര്യം എന്നു മാത്രമല്ല പ്രതിഷേധം എന്നു കൂടെ സന്ദര്‍ഭാനുസൃതം അര്‍ത്ഥമുണ്ട്.

വിലകൂടിയ എല്ലാ ബ്രാന്‍ഡ് ഉത്പന്നങ്ങളും പ്രതീകാത്മകമൂല്യംകൂടിയാണ് സമര്‍ഥമായി കച്ചവടം ചെയ്യുന്നത്. ചില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ അദൃശ്യമായ 'കൂട്ടായ്മ' (രീാാൗിശ്യേ) ലോകത്തില്‍ രൂപപ്പെടുന്നു എന്നാണ് ബിസിനസ് സങ്കല്പം. ഉദാഹരണത്തിന് 'ആപ്പിള്‍' ഫോ ണ്‍ കച്ചവടം നടക്കുമ്പോള്‍ കേവലം ഒരു ഫോണല്ല വിറ്റുപോകുന്നത്, 'ആപ്പിള്‍ കൂട്ടായ്മയാണ്' വില്ക്കപ്പെടുന്നത്. മാള്‍ബറോ സിഗരറ്റ് വലിക്കുന്നതിനു പകരം ദിനേശ്ബീഡി വലിച്ചാല്‍ അതിന് പ്രത്യേക രാഷ്ട്രീയ അര്‍ത്ഥം കിട്ടിയിരുന്ന കാലം കേരളത്തില്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകരാകുന്നതോടെ ഖദര്‍ധാരികളായി മാറുന്നവര്‍ ഇപ്പോഴുമുണ്ട്. അതൊരു രാഷ്ട്രീയ പ്രതീകമാണ്.

നിശബ്ദം കൈമാറ്റം ചെയ്യപ്പെടുന്നവയില്‍ മൂല്യസങ്കല്പങ്ങളും ഉള്‍പ്പെടുന്നുണ്ട്. നാം ധരിക്കുന്ന വസ്ത്രങ്ങളും നാം കയറുന്ന കടകളും ഒരു സ്ഥാപനത്തിലേക്ക് ക്ഷണിക്കുന്ന അഥിതികളുമെല്ലാം നമ്മുടെ മൂല്യബോധമാണ് വെളിപ്പെടുത്തുന്നത്. ഉദാഹരണത്തിന്, ഒരു വിദ്യഭ്യാസ സ്ഥാപനത്തിലെ പ്രധാനപ്പെട്ട ചടങ്ങുകള്‍ക്ക് സിനിമാതാരങ്ങളെ മാത്രമേ പ്രധാന അതിഥികളാക്കുന്നുള്ളൂ എന്ന് കരുതുക. മഹിളാദിനം ആചരിക്കുന്ന വേദിയില്‍ സ്ത്രീയായിട്ട് ഒരാളും ബാക്കി ഒരു പുരുഷപടയുമാണുള്ളത് എന്ന് കരുതുക. ഒരാളുടെ സംസാരത്തില്‍ രാജഭരണ കാലത്തെ ഭാഷാശൈലിയും ശരീരഭാഷയുമാണെന്ന് കരുതുക. ഇതൊക്കെ ചിലതെല്ലാം നമ്മോട് പറയാതെ പറയുന്നുണ്ട്. ഒരു നഗരത്തിന്റെ വൃത്തിയും വെടിപ്പും ആ നാടിന്റെ സംസ്‌കാരമാണ് തുറന്നുവയ്ക്കുന്നത്. ക്രിസ്മസ് കാലത്ത് ഉണ്ടാക്കുന്ന പുല്‍ക്കൂടുകള്‍ അത് ആസൂത്രണം ചെയ്യുന്നവരുടെ മൂല്യബോധം വെളിപ്പെടുത്തുന്നുണ്ട്.

വിവിധ സന്ദര്‍ഭങ്ങളില്‍ നിശബ്ദമായി വിനിമയം ചെയ്യപ്പെടുന്ന മൂല്യങ്ങള്‍ തിരിച്ചറിയലും പുരോഗമനപരമായ മൂല്യവിനിമയം സാധിക്കേണ്ടതും കുടുംബങ്ങളുടെയും സഭാഘടകങ്ങളുടെയും സാമൂഹിക സംഘങ്ങളുടെയും കടമയാണ്. സദുദ്ദേശ്യത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ക്കുപോലും പിന്തിരിപ്പന്‍ (ൃലഴൃലശൈ്‌ല) അര്‍ത്ഥമുണ്ടാകാം എന്ന കരുതല്‍ നമുക്കുവേണം. ഉദാഹരണത്തിന്, വിശിഷ്ടാതിഥികളെ പൂക്കളെറിഞ്ഞ് വരവേല്ക്കാന്‍ പെണ്‍കുട്ടികളെ നിരത്തിനിര്‍ത്തുന്നത് ഭാവാത്മകമായി എല്ലാവരും കാണുകയില്ല. നമ്മുടെ സാമൂഹികപ്രസക്തമായ ശീലങ്ങളുടെയും ഭക്ഷണരീതിയുടെയും ആചാരങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും സ്ഥാപനങ്ങളുടെയും പദ വിന്യാസങ്ങളുടെയും പ്രതീകാത്മക മൂല്യം ഒരു സാമൂഹിക ഓഡിറ്റിനു വിധേയമാക്കുന്നത് നല്ലതാണ്. അതില്‍നിന്ന് സര്‍ക്കാരിനും സമൂഹത്തിനും കുടുംബങ്ങള്‍ക്കും സഭാസമൂഹങ്ങള്‍ക്കും പഠിക്കാനേറെയുണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org