ചുറ്റുവട്ടത്തിലെ ബോധജ്ഞാനികള്‍

ചുറ്റുവട്ടത്തിലെ ബോധജ്ഞാനികള്‍
കൂടുതല്‍ പഠിപ്പുള്ളവര്‍ക്ക് മെച്ചപ്പെട്ട ബോധനിലവാരം ഉണ്ടാകുമെന്ന് കരുതുന്നത് അപകടകരമായ ആശ മാത്രമാണ്. ബിരുദങ്ങളൊന്നും ഒരാളുടെയും ജ്ഞാനനിലവാരത്തിന്റെ സാക്ഷ്യപത്രമല്ല.

''പറഞ്ഞിട്ട് കാര്യമില്ല; അത്രക്ക് ബോധമേയുള്ളൂ.'' നമ്മളിങ്ങനെ പലരെക്കുറിച്ചും പറഞ്ഞു കാണും. പലരും നമ്മെക്കുറിച്ച് ഇതുതന്നെ പറഞ്ഞിട്ടുണ്ടാകും. സമാനമായ അനവധി വിധിതീര്‍പ്പുകള്‍ എപ്പോഴും അന്തരീക്ഷത്തിലുണ്ട്: ''അപ്പുറവും ഇപ്പുറവും ചിന്തിക്കാനുള്ള കഴിവൊന്നുമില്ല; ഒറ്റബുദ്ധിയാ.'' ''ചെറുപ്പം മുതലേ വളഞ്ഞുകിടന്ന് വിളഞ്ഞതാ. ഇനി നേരെയാക്കാന്‍ പറ്റില്ല.'' ഇത്തരം വിധികല്പനകള്‍ക്കു പിന്നില്‍ നിറഞ്ഞുകവിയുന്നത് പരാതിയും അമര്‍ഷവും സങ്കടവുമെല്ലാമാണ്. അതോടൊപ്പം മറ്റൊരു കാര്യംകൂടെ ഇതു വെളിപ്പെടുത്തുന്നുണ്ട്: ചിലര്‍ക്ക് ഉള്ളില്‍ വേണ്ടത്ര പ്രകാശമില്ല. നല്ല വെളിവില്ല എന്നതുതന്നെ. ബോധം തെളിയുക എന്നത് നാം എല്ലാവരുടെയും കടമയാണ്. ബോധപൂര്‍വം ശ്രമിക്കേണ്ട കടമ തന്നെ.

ബോധപ്രകാശമില്ലാത്തവര്‍ മണ്ടന്മാരാണെന്ന് ഒരിക്കലും അര്‍ഥമില്ല. അവര്‍ ബുദ്ധിശാലികളും കൗശലക്കാരും ഒക്കെയാകാം. പക്ഷേ, അവര്‍ ഏതെങ്കിലും മേഖലയില്‍ ഇരുണ്ട യുഗത്തില്‍ കഴിയുന്നവരോ സ്വന്തം വ്യാജപ്രതി ബിംബങ്ങളില്‍ അഭിരമിക്കുന്നവരോ ഒക്കെയാകാം.

കൂടുതല്‍ പഠിപ്പുള്ളവര്‍ക്ക് മെച്ചപ്പെട്ട ബോധനിലവാരം ഉണ്ടാകുമെന്ന് കരുതുന്നത് അപകടകരമായ ആശ മാത്രമാണ്. ബിരുദങ്ങളൊന്നും ഒരാളുടെയും ജ്ഞാനനിലവാരത്തിന്റെ സാക്ഷ്യപത്രമല്ല. മുന്തിയ വിദ്യാഭ്യാസമുള്ള എത്രയോ പേര്‍ സ്വന്തം കുടുംബത്തിലുള്ളവരുമായി പൊരുത്തപ്പെട്ടു പോകാനാവാതെ ഉഴറുന്നുണ്ട്. കോളജില്‍ ഒരുപാട് പഠിച്ചിട്ടും ജീവിത പാഠങ്ങളൊന്നും സ്വന്തമാക്കാത്ത എത്രയോ നിര്‍ഭാഗ്യജന്മങ്ങളുണ്ട്. ചെറിയ ഒരു പ്രതിസന്ധിപോലും നേരിടാനാകാതെ അതിന്റെ മുമ്പില്‍ കുഴഞ്ഞുവീഴുന്ന വിദ്യാസമ്പന്നര്‍ അനവധിയുണ്ട്. എന്നാല്‍ പരിമിതമായ പഠനം മാത്രമുള്ള എത്രയോ മനുഷ്യര്‍ അഭിമാനകരമായ രീതിയില്‍ തങ്ങളുടെ ലോകം മെനഞ്ഞെടുക്കുന്നുണ്ട്. കാരണം, അവരുടെ ഉള്ളില്‍ ദീപ്തമായ ഒരു ബോധമുണ്ട്.

ബോധപ്രകാശവും പ്രായവും തമ്മില്‍ നേര്‍ബന്ധമൊന്നുമില്ല. ''പ്രായാധിക്യം ജ്ഞാനം പ്രദാനം ചെയ്യുന്നില്ല; ദീര്‍ഘായുസ്സ് വിവേകവും'' (ജോബ് 32:9) മുതിര്‍ന്നവരെ ജ്ഞാനംകൊണ്ട് വിധിക്കുന്ന കുട്ടികളുണ്ട്. രാജാവ് നഗ്നനാണെന്ന് വിളിച്ചു പറയുന്ന കിടാങ്ങളുണ്ട്. അയ്യേ, ഈ അപ്പനെന്താ ഇങ്ങനെ എന്ന് ഒളിഞ്ഞും തെളിഞ്ഞും ചോദിക്കുന്ന മക്കളുണ്ട്.

എവിടെനിന്ന് വരുന്നു ഈ ജ്ഞാനപ്രകാശം? നീതി, സത്യം, സ്‌നേഹം, വിവേകം, ധര്‍മ്മം തുടങ്ങിയ പുണ്യങ്ങളും പരവിചാരം, അടുക്കും ചിട്ടയും, വൃത്തി, കാര്യ ബോധം തുടങ്ങിയ വ്യക്തിഗുണങ്ങളും ഒരാളില്‍ ഒത്തുചേരുമ്പോഴാണ് തെളിഞ്ഞ ബോധം ഉണ്ടാകുന്നത്. ഉള്ളില്‍ പ്രകാശമുള്ള മനുഷ്യര്‍ ശ്രീബുദ്ധനെപ്പോലെ ബോധോദയം കിട്ടിയ അസാധാരണക്കാരായിരിക്കും എന്നല്ല. അവര്‍ സര്‍വജ്ഞപീഠമേറിയ ശ്രീ ശങ്കരാചാര്യര്‍ക്ക് സമം ആകും എന്നും അര്‍ഥമാക്കുന്നില്ല. ക്രിസ്തീയ പാരമ്പര്യത്തിലെ മിസ്റ്റിക്കുകള്‍ക്ക് തുല്യമായിരിക്കും അവര്‍ എന്നും വിവക്ഷയില്ല. ആയാല്‍ നല്ല കാര്യം എന്നുമാത്രം.

ബോധപ്രകാശമുള്ള മനുഷ്യര്‍ തങ്ങളുടെ മുറിയും ടോയ്‌ലെറ്റും വൃത്തിയായി സൂക്ഷിക്കും. അവരുടെ മേശപ്പുറം കണ്ടാല്‍ ആരും തലകറങ്ങി വീഴില്ല. അവര്‍ ഇ-മെയിലുകള്‍ക്ക് മറുപടി അയക്കും. മറ്റൊരാള്‍ പറഞ്ഞ ഒരു വാക്കിനെച്ചൊല്ലി ആയിരം വാക്കുകളില്‍ അവര്‍ കലഹിക്കുകയില്ല. മറ്റുള്ളവര്‍ പറയുന്ന ഫലിതങ്ങള്‍ അവര്‍ നേരമ്പോക്കായേ എടുക്കൂ. അതില്‍ പരിഹാസമുനകള്‍ തേടിപ്പോവുകയില്ല. അവര്‍ ശുദ്ധജലം പാഴാക്കുകയില്ല; വൈദ്യുതി നഷ്ടപ്പെടുത്തുകയില്ല. അവര്‍ ഉപകാരികളോട് നന്ദി പ്രകടിപ്പിക്കും. അത്യാവശ്യക്കാരനെ കാണുമ്പോള്‍ എനിക്ക് എങ്ങനെ സഹായിക്കാന്‍ കഴിയും എന്നവര്‍ ചിന്തിക്കും. സുവിശേഷത്തിനു നിരക്കാത്ത കൊടുക്കല്‍-വാങ്ങലുകള്‍ നടക്കുന്നിടത്ത് അവര്‍ പൊന്നുരുക്കുന്നിടത്തെ പൂച്ചയായി മാറും. ബോധ പ്രകാശമേറുന്നതിനനുസരിച്ച് തങ്ങള്‍ ആര്‍ക്കും ഒരു ഭാരമോ ബാധ്യതയോ ആയി മാറാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും. തെളിഞ്ഞ ബോധമുള്ളയാള്‍ നിരന്തരം ഓര്‍ക്കും, എനിക്ക് മുകളില്‍ ഒരു ദൈവമുണ്ട്. അയാള്‍ സുബോധത്തോടെ തന്നോടു പറയും, ഞാന്‍ ഈ ലോകത്തില്‍നിന്ന് കടന്നുപോകേണ്ട മരണോന്മുഖനായ മനുഷ്യനാണ്.

നമുക്കും മറ്റുള്ളവര്‍ക്കും പ്രസാദകരമായ വെളിവ് നമുക്ക് ലഭിക്കേണ്ടതുണ്ട്. ഒരാള്‍ ക്രിസ്ത്യാനിയായിത്തീരുന്നതോടെ വെളിവിന്റെ മാര്‍ഗത്തിലൂടെയുള്ള സഞ്ചാരം ആരംഭിക്കുകയാണ്. അതുകൊണ്ടാണല്ലോ, മാമ്മോദീസായെ ജ്ഞാനസ്‌നാനം എന്നും നാം വിളിക്കുന്നത്. അസാമാന്യമായ പ്രഭയില്‍ ജീവിക്കുന്ന മനുഷ്യര്‍ നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട്. അവര്‍ പേരെടുത്തവരോ പ്രഭാഷകരോ നേതാക്കളോ താരങ്ങളോ ചിന്തകരോ ഒന്നുമാകണമെന്നില്ല. അവരുടെ സംസാരത്തിലും പ്രതികരണങ്ങളിലും നിശബ്ദതയിലും ഇടപെടലിലും എല്ലാം സവിശേഷമായൊരു ബോധം പ്രകടമായിരിക്കും. അവരെ ശ്രദ്ധിക്കലാണ് ആദ്യത്തെ പടി. ഇനി, അത്തരക്കാരെ ശ്രദ്ധിക്കാനുള്ള ബോധം എവിടെനിന്ന് കിട്ടും എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോവുകയേയുള്ളൂ. നമ്മള്‍ പ്രാര്‍ഥിക്കേണ്ടതാണ്, ബോധജ്ഞാനത്തിന്റെ സിംഹാസനമേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ. ബിരുദാനന്തര ബിരുദങ്ങള്‍കൊണ്ട് മാലകെട്ടാനല്ല; വെളിവോടു കൂടെ ജീവിക്കാന്‍ വേണ്ടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org