

നട്ടുച്ചയ്ക്കും നേരം വെളുക്കാത്തവരുണ്ട് എന്ന് ഇക്കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പ് വ്യക്തമാക്കിത്തന്നു. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളിലുമുള്ള മിക്ക നേതാക്കള്‍ക്കും ഇപ്പോഴും നേരം വെളുത്തിട്ടില്ല. അവര്‍ കാലത്തിനുമുമ്പേ സഞ്ചരിക്കുന്നില്ല എന്നു മാത്രമല്ല, കാലത്തിനു പുറകേ ഓടുന്നുമില്ല. പലരും കാലത്തിനു കുറകേ കിടക്കുന്നവരാണ്. അവര്‍ വഴിമുടക്കുന്ന മര്‍ക്കടവീരന്മാരാണ്. ഇത്തരക്കാര്‍ വണ്ടിക്ക് പിന്നില്‍ കെട്ടിയ കുതിരകളാണ്. ജനം അതിവേഗം മുന്നോട്ടു പോകുമ്പോഴും പരമ്പരാഗത രാഷ്ട്രീയ ശൈലികളും സമീപനങ്ങളും സൂത്രപ്പണികളുമായി പൊതുജീവിതത്തില്‍ പിടിച്ചുനില്ക്കാം എന്ന് കരുതുന്നവരാണവര്‍. പക്ഷേ, ഖേദപൂര്‍വം പറയേണ്ടതുണ്ട്. നിങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. വരുംവര്‍ഷങ്ങളില്‍ നിങ്ങള്‍ നിശിതമായ സാമൂഹിക ഓഡിറ്റിന് വിധേയരാകും. കാരണം, കേരളത്തിലേത് വിദ്യാസമ്പന്നമായ പരിഷ്‌കൃത സമൂഹത്തിലെ ജനാധിപത്യമാണ്.
പല നേതാക്കളുടെയും തിരഞ്ഞെടുപ്പ് പ്രചാരണ രീതികള്‍ എടുക്കാച്ചരക്കാണെന്ന് പൊതുജനം തെളിയിച്ചു. വന്‍തുക മുടക്കിയുള്ള പ്രചരണകോലാഹലങ്ങളും നാടുനീളെ ഫ്‌ളക്‌സ് നിറക്കുന്നതും വോട്ടായി മാറില്ല എന്ന് പല മണ്ഡലങ്ങളിലും വ്യക്തമായി. മാധ്യമങ്ങളെ വിലക്കെടുത്തും സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞാടിയും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രദര്‍ശനങ്ങളും പട്ടണം നിശ്ചലമാക്കി യുള്ള പ്രചണ്ഡപ്രചാരണ സമാപനവും വോട്ടര്‍മാരുടെ മനസ്സ് മാറ്റുകയില്ല എന്ന് പലയിടത്തും തെളിഞ്ഞു. ജനം നോക്കുന്നത് നിലപാടുകളാണ്; സത്യസന്ധതയാണ്; രാഷ്ട്രീയ മൂല്യങ്ങളാണ്. ഇത് ഇനിയും മനസ്സിലാക്കാത്തവര്‍ മിക്ക പാര്‍ട്ടികളിലും നേതൃകസേരയും വലിച്ചിട്ട് ഇരിപ്പുണ്ട് എന്നത് സത്യമാണ്.
പ്രചണ്ഡപ്രചരണങ്ങൾ വോട്ടർമാരുടെ മനസ്സ് മാറ്റുകയില്ല. ജനം നോക്കുന്നത് നിലപാടുകളാണ്; സത്യസന്ധതയാണ്; രാഷ്ട്രീയ മൂല്യങ്ങളാണ്. ഇതിനിയും മനസ്സിലാകാത്തവർ മിക്ക പാർട്ടികളിലും നേതൃകസേരയും വലിച്ചിട്ട് ഇരിപ്പുണ്ട്.
തങ്ങള്‍ പടച്ചുവിടുന്ന നുണകള്‍ ഭക്ഷിച്ച് ജനങ്ങള്‍ തൃപ്തരാകും എന്ന് പല നേതാക്കളും ധരിച്ചുവശായിരുന്നു. അങ്ങനെയല്ല. നെല്ലും പതിരും പാറ്റിക്കൊഴിക്കാന്‍ അവര്‍ക്കറിയാം. പരസ്യവാചകങ്ങളും വസ്തുതകളും വേര്‍തിരിക്കാന്‍ അവര്‍ക്കറിയാം. തോറ്റ സ്ഥാനാര്‍ത്ഥികളെല്ലാം നുണകള്‍ വാരിവിതറിയെന്നും ജയിച്ചവരെല്ലാവരും രാഷ്ട്രീയ വ്യാജഭാഷണം ഒഴിവാക്കിയെന്നും ഇതിന് അര്‍ഥമില്ല. ഇടതുപക്ഷക്കാര്‍ എന്നും ആ പക്ഷത്തു പാറ പോലെ ഉറച്ചു നില്ക്കുമെന്നും വലതുപക്ഷക്കാര്‍ കളം മാറ്റുകയില്ല എന്നും നേതാക്കളുടെ മാത്രം വിശ്വാസമായിരുന്നു. ആ വിശ്വാസം പലരെയും രക്ഷിച്ചില്ല. ഇടതു-വലതു പക്ഷങ്ങളല്ല ഭാവി-പക്ഷചിന്തയുള്ളവരായിരിക്കും ഇനി കേരളത്തെ ചലിപ്പിക്കാന്‍ പോകുന്നത്. അതായത്, ഭാവിപക്ഷത്തിനുവേണ്ട കാര്യങ്ങള്‍ ചെയ്യുന്നവര്‍ നേതൃനിരകളിലേക്ക് കയറിവരും. അല്ലാത്തവര്‍ വിവിധ പാര്‍ട്ടികളുടെ അടുക്കളപ്പുറങ്ങളില്‍ രാഷ്ട്രീയമാലിന്യമായി അടിഞ്ഞുകൂടും.
പുതുകാലം രാഷ്ട്രീയത്തില്‍ പ്രൊഫഷണലിസം പ്രതീക്ഷിക്കുന്നുണ്ട്. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടു ക്കാനുണ്ടായ കാലതാമസം വിമര്‍ശനവിധേയമായത് അതുകൊണ്ടാണ്. വലിയ ജനാധിപത്യ പാര്‍ട്ടിയിലെ നടപടിക്രമം നീണ്ടതായിരിക്കും എന്നും ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും വാദിക്കാം. പക്ഷേ ജനാധിപത്യത്തെ പാര്‍ട്ടിയിലെ അഖിലേന്ത്യാനേതാക്കളുടെ അടുക്കളമുറ്റത്തേക്ക് മാറിമാറിക്കൊണ്ടുപോകുന്നത് അഖിലേന്ത്യാ പിടിപ്പുകേടാണ്. എന്നാല്‍ പക്ഷപാതികള്‍ക്കും ഗ്രൂപ്പു മാനേജര്‍മാര്‍ക്കും വഴിപ്പെടാതെ ഒടുവില്‍ ജനഹിതം വായിച്ചെടുത്ത് മുഖ്യമന്ത്രിയെ കണ്ടെത്തിയതില്‍ നേതൃമികവുണ്ടുതാനും.
തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍ അതിവേഗം യജമനന്മാരെപ്പോലെ ജനത്തോടും സ്വന്തം അണികളോടും കല്പനകള്‍ പുറപ്പെടുവിക്കുന്നത് തിരഞ്ഞെടുപ്പാനന്തര കാലം കണ്ടു. ആര്‍ക്കുവേണ്ടി വാദിക്കണം, ആരുടെ ഫ്‌ളക്‌സ് വക്കണം, ആര്‍ക്കുവേണ്ടി പോസ്റ്റ് ഇടണം എന്നൊക്കെ ആ യജമാനന്‍ പറയുമത്രേ. അനുസരിക്കാത്തവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുമെന്ന് ഉഗ്രശാസനവും ഡെല്‍ഹിയില്‍നിന്ന് പുറത്തുവന്നു. ആ ഇനം നേതാക്കള്‍ മനസ്സിലാക്കാത്ത കാര്യമുണ്ട്. നിങ്ങള്‍ ജനങ്ങളെ എവിടെനിന്ന് എങ്ങോട്ട് പുറത്താക്കും? നേതാക്കളെ പാര്‍ട്ടിക്ക് അകത്താക്കുന്നതുപോലെ എളുപ്പമല്ല ജനങ്ങളെ പാര്‍ട്ടിക്ക് പുറത്താക്കുന്നത്.
തങ്ങള്‍ എന്തുകൊണ്ടു തോറ്റു എന്ന് വിശദീകരിച്ചു വശംകെടുന്ന ചില പ്രത്യയശാസ്ത്രക്കാരെ അടുത്ത കാലത്ത് കാണാന്‍ കഴിഞ്ഞു. പഴയ സര്‍ക്കാരിന്റെ സേവനങ്ങളും മികവും പൊതുജനത്തിനു മനസ്സിലായില്ല. അതുകൊണ്ട് അവര്‍ ഞങ്ങളെ കയ്യൊഴിഞ്ഞു എന്നാണ് വാദം. എന്നു പറഞ്ഞാല്‍ ജനത്തിനു ബുദ്ധിയില്ലത്രേ. ഈ പോഴത്തരമൊക്കെ പൊതുജനം വകവച്ചുതരും എന്നുകരുതുന്ന നേതാക്കന്മാര്‍ ഇപ്പോഴും ഉണ്ട്.
ജനഹിതം മനസ്സിലാക്കാനും അവരോട് കാര്യബോധത്തോടെയും സത്യസന്ധമായും സംവദിക്കാനുമുള്ള കഴിവ് നേതാക്കള്‍ക്ക് ഉണ്ടാകണം. കാപടനാട്യക്കാരുടെ ഗിരിപ്രഭാഷണങ്ങള്‍ വേര്‍തിരിച്ചറിയാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ട്. പൊതുജനം തങ്ങളെ നോക്കി ചിരിക്കുമ്പോള്‍ അവര്‍ പുഛിക്കുകയാണോ പുഞ്ചിരിക്കുകയാണോ എന്ന് തിരിച്ചറിയാനുള്ള മിനിമം ബോധം നേതാക്കള്‍ക്ക് വേണം. ഇതില്ലാത്ത നേതാക്കളെ ജനം ആദ്യം മനസ്സുകൊണ്ട് തിരസ്‌കരിക്കും. പിന്നെ തക്കംകിട്ടുമ്പോള്‍ തോണ്ടി ദൂരെയെറിയും. മാറിയ കാലം മാറിയ നേതൃശൈലി അര്‍ഹിക്കുന്നുണ്ട്. കിട്ടിയില്ലെങ്കില്‍ ജനമത് പിടിച്ചുവാങ്ങും.