നരനായാട്ട്

നരനായാട്ട്

പഴയ വേട്ടക്കഥയില്‍ മാറ്റം വന്നിരിക്കുന്നു. മനുഷ്യര്‍ മൃഗങ്ങളെ വേട്ടയാടുന്ന കാലം മാറി മൃഗങ്ങള്‍ കാടിറങ്ങി വന്ന് മനുഷ്യരെ വേട്ടയാടുന്ന കാലം വന്നെത്തിയിരിക്കുന്നു. പരിസ്ഥിതിസംരക്ഷണം സംബന്ധിച്ചുള്ള തീവ്രനിലപാടുകളുടെ ഫലമായി കേരളം ഒരു കാനനത്തുണ്ടും ഇതൊരു കാട്ടുരാജ്യവും ആയി പരിണമിക്കുന്ന കാലം വിദൂരത്തല്ല. കൃഷിക്കാര്‍ കാട്ടാനയുടെയും കുരങ്ങന്റെയും കാരുണ്യത്തിന് കാത്തുനില്‌ക്കേണ്ട സമയം വന്നു കഴിഞ്ഞു. വിവേകപൂര്‍ണ്ണമായ നടപടികള്‍ എടുക്കുന്നില്ലെങ്കില്‍ അടുത്ത പത്തുകൊല്ലത്തിനകം പ്രാണഭയം മൂലം മനുഷ്യര്‍ കൈയൊഴിഞ്ഞ പ്രദേശമായി കേരളത്തിന്റെ മലനാടു പൂര്‍ണ്ണമായും മാറും. 2022-23 വര്‍ഷത്തില്‍ കേരളത്തില്‍ മൃഗങ്ങള്‍ കടിച്ചും കുത്തിയും അപകടത്തില്‍പ്പെടുത്തിയും കൊന്ന മനുഷ്യരുടെ എണ്ണം ഏകദേശം 900 ആണ്. പരുക്കേറ്റവര്‍ 700-ല്‍ അധികം പേര്‍. മൃഗങ്ങള്‍ വരുത്തിയ കൃഷിനാശം ഉണ്ടാക്കിയ നഷ്ടം ഏകദേശം 70 കോടി രൂപ. എന്തുകൊണ്ട് ഈ മനുഷ്യര്‍ കൊല്ലപ്പെടണം? മലയോര മേഖലയില്‍ താമസിക്കുന്ന അസംഘടിതഗണം ആയതുകൊണ്ടോ? എന്തുകൊണ്ട് അവരുടെ മക്കള്‍ അനാഥരാക്കപ്പെടണം? അവര്‍ കര്‍ഷകരുടെ മക്കള്‍ ആയതുകൊണ്ടോ?

മൃഗക്കലിയില്‍ പെട്ട് ഇത്രയേറെ മനുഷ്യര്‍ കൊല്ലപ്പെട്ടിട്ടും ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നിയമങ്ങളെക്കുറിച്ച് പറഞ്ഞും വനംവകുപ്പ് കോടതിവിധികളെക്കുറിച്ച് പറഞ്ഞും പ്രതിപക്ഷം പൊലീസ്-വനംവകുപ്പു തമ്മിലുള്ള ഏകോപനമില്ലായ്മയെക്കുറിച്ച് പറഞ്ഞും ഈ വിഷയത്തെ കൈയൊഴിയുകയാണ്. ചുരുക്കത്തില്‍ ഈ ദുരന്തങ്ങള്‍ക്ക് ഉത്തരവാദികള്‍ ആരുമില്ല. വനാതിര്‍ത്തിയില്‍ താമസിക്കുന്നവരാണ് ഉത്തരവാദികള്‍ എന്ന മട്ടിലാണ് കാര്യങ്ങളുടെ പോക്ക്.

മനുഷ്യര്‍ക്കും കാട്ടുമൃഗങ്ങള്‍ക്കും ഒരേ അവകാശ അധികാരം കല്പിച്ചുകൊടുക്കുന്നതാണ് ഇന്നത്തെ സമീപനം. കാട്ടുമൃഗങ്ങള്‍ മനുഷ്യരെ ആക്രമിച്ചു കൊല്ലുന്നതിനെ പരിഷ്‌കൃതരായ നാം പൊതുവേ വിശേഷിപ്പിക്കുന്നത് മനുഷ്യ-മൃഗ സംഘര്‍ഷം (mananimal conflict) എന്നാണ്. നിയമ വ്യവഹാരങ്ങളിലും പത്രഭാഷയിലും ഇതാണ് പ്രയോഗം. വീട്ടിനുള്ളിലേക്ക് കാട്ടാന പാഞ്ഞുകയറി ആളെക്കൊല്ലുന്ന ഏര്‍പ്പാടിനെയും വിളിക്കുന്ന പേരാണ് മനുഷ്യ-മൃഗ സംഘര്‍ഷം. ജീവനുംകൊണ്ടു പായുന്ന മനുഷ്യന്‍ എവിടെയാണ് കാട്ടുമൃഗവുമായി സംഘര്‍ഷത്തിലാകുന്നത്?

ഇപ്പോഴത്തെ കാട്ടുമൃഗ സംരക്ഷണ നിയമങ്ങളും വകുപ്പുകളും ഒട്ടനവധി അസംബന്ധങ്ങള്‍ നിറഞ്ഞതാണ്. ഉദാഹരണത്തിന് അപകടകാരിയായ കാട്ടുമൃഗത്തെ പിടികൂടി മറ്റൊരു കാട്ടില്‍ കൊണ്ടുപോയി തുറന്നുവിടുക; അനവധി പരിശോധനങ്ങള്‍ക്കുശേഷം അവശ്യ സന്ദര്‍ഭങ്ങളില്‍ അപകടകാരിയായ മൃഗത്തെ വെടിവയ്ക്കുക തുടങ്ങിയവ ലക്ഷ്യം കാണാന്‍ സാധിക്കാത്തയിനം പൊടിക്കൈ-പരിഹാരങ്ങളാണ്. നിലവിലെ നിയമത്തില്‍ മുന്‍വിധികളുണ്ട്. അതായത്, മനുഷ്യര്‍ തക്കം കിട്ടിയാല്‍ മൃഗങ്ങളെ പിടിച്ച് ശാപ്പിടും; അല്ലെങ്കില്‍ കൊന്ന് കൊമ്പും പല്ലും തോലും കൈക്കലാക്കും. ഈ നീക്കം തടഞ്ഞില്ലെങ്കില്‍ മൃഗങ്ങള്‍ അന്യംനിന്നുപോകും; സന്തുലിതാവസ്ഥ ഭീകരമായി തെറ്റും. ഈ വാദത്തില്‍ കഴമ്പുണ്ട്. പക്ഷേ ഈ വിപത്ത് നേരിടാന്‍ കണ്ടുവച്ചിരിക്കുന്ന പരിഹാരം അബദ്ധജടിലമാണ്. അതായത്, മൃഗങ്ങളെ അനിയന്ത്രിതമായി പെരുകാന്‍ അനുവദിച്ചാല്‍ മനുഷ്യവാസം അസാധ്യമായി മാറും എന്ന കാര്യം നിയമവ്യവസ്ഥ മാനിച്ചിട്ടില്ല. മൃഗങ്ങളുടെയും പക്ഷികളുടെയും പെരുപ്പത്തിന് ആനുപതികമായി സന്തുലിതാവസ്ഥ നശിപ്പിക്കാത്ത രീതിയില്‍ അവയെ കൊല്ലുക എന്നതു മാത്രമാണ് ആത്യന്തികമായ പരിഹാരം. അതല്ലാതെ നിയമം കൈകെട്ടിയിട്ടിരിക്കുന്ന മനുഷ്യരുടെ നേരെ കാട്ടുമൃഗങ്ങള്‍ക്ക് പാഞ്ഞുചെല്ലാന്‍ അവസരം ഉണ്ടാക്കലല്ല.

കാട്ടുമൃഗങ്ങള്‍ മനുഷ്യരെ ചവുട്ടിക്കൂട്ടുന്ന കാര്യം ചര്‍ച്ചയ്ക്കു വരുമ്പോള്‍ സാധാരണ കേള്‍ക്കുന്ന കാര്യമിതാണ്: കേന്ദ്ര വനനിയമം അനുവദിക്കുന്നില്ല. ഇപ്പറയുന്ന നിയമങ്ങളെല്ലാം മനുഷ്യര്‍ ഉണ്ടാക്കിയതാണല്ലോ; അല്ലാതെ അന്യഗ്രഹത്തില്‍നിന്ന് വീണുകിട്ടിയതല്ലല്ലോ. അതുകൊണ്ട് മനുഷ്യരുടെ അതിജീവനം ഉറപ്പാക്കിക്കൊണ്ടും വനസമ്പത്ത് സംരക്ഷിച്ചുകൊണ്ടും നിയമം മാറ്റിയെഴുതാന്‍ സാധിക്കും. മറ്റു രാജ്യങ്ങളിലെ പ്രായോഗികമായ നിയമങ്ങള്‍ മാതൃകയാക്കാം. അത്തരത്തില്‍ നിയമപരിഷ്‌കാരം നടത്താന്‍ നീക്കങ്ങളുണ്ടാകണം. അതിന് പഞ്ചായത്തു മുതല്‍ പാര്‍ലമന്റ്‌വരെയുള്ള ജനപ്രതിനിധികള്‍ വായ് തുറന്ന് ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കണം.

കാട്ടാന പാര്‍ലമെന്റ് കുത്തിയിളക്കിയാലേ ഭരണകൂടം അനങ്ങൂ എന്നു വരരുത്. സെക്രട്ടറിയേറ്റില്‍ കടുവ കയറിയാലേ രാഷ്ട്രീയകേരളം ചലിക്കൂ എന്ന സ്ഥിതി ഉണ്ടാകരുത്. രാജവെമ്പാല കയറി ഹൈക്കോടതി സ്തംഭിച്ചാലേ നിയമ പരിഷ്‌കാര നടപടികള്‍ക്ക് ജീവന്‍വയ്ക്കൂ എന്നു വരരുത്. നിയമം ഉണ്ടാക്കുന്നവരുടെയും നിയമം നടപ്പിലാക്കുന്ന പ്രമുഖരുടെയും നിയമം വ്യാഖ്യാനിക്കുന്നവരുടെയും തടിയില്‍ തട്ടിയാലേ നിയമ പരിഷ്‌കാരം ഉണ്ടാകൂ എന്ന സ്ഥിതി നാടിന് നന്നല്ല. ഈ നാട്ടിലെ കര്‍ഷകരും വനമേഖലയില്‍ ജീവിക്കുന്നവരും അസംഘടിതരുമായ നിര്‍ഭാഗ്യവാന്മാര്‍ എന്നാണ് നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ ആയി മാറുന്നത്? അതുവരെയും കാട്ടാനയും കാട്ടുപോത്തും മാനും മയിലും കാത്തിരിക്കുമോ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org