കൂട്ടപ്പലായനം

കൂട്ടപ്പലായനം
Published on

ഓരോ കുടുംബത്തിന്റെയും ഒരു ഭാഗം പല രാജ്യങ്ങളിലായി ജീവിക്കുന്നുണ്ട്. ആഗോള മനസ്സുള്ള വിശ്വാസസമൂഹത്തെ അഭിസംബോധന ചെയ്യാനുള്ള സുവിശേഷവത്ക്കരണ ശൈലിയും വിശ്വാസ പരിശീലനവും അജപാലന സങ്കേതങ്ങളും ആത്മീയഭാഷയും നാം ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നു.

കേരളത്തില്‍നിന്ന് ഇന്ത്യയ്ക്കു വെളിയില്‍ പഠിക്കാനും ജോലിക്കുമായി പോകുന്നവരുടെ എണ്ണം ഇപ്പോള്‍ ലക്ഷങ്ങളാണ്. അവരെ അക്കരെയെത്തിക്കുന്നതു തന്നെ ഒരു തൊഴില്‍ മേഖലായി മാറിക്കഴിഞ്ഞു. ലോകത്തിലെ ഏതാണ്ട് എല്ലാ രാജ്യങ്ങളിലും മലയാളികള്‍ എത്തിപ്പെട്ടിട്ടുമുണ്ട്. എന്തെങ്കിലും മാര്‍ഗമുണ്ടെങ്കില്‍ ഇനി തിരിച്ചു വരുന്നില്ല എന്ന മനസ്സോടെയാണ് ഭൂരിപക്ഷം പേരും ഈ നാടു വിടുന്നത്. ഭാവാത്മകമായി ഈ നാടുവിടലിനെ നമുക്ക് കാണാം. ഇന്ത്യയ്ക്ക് അപ്പുറത്തേക്ക് ചിന്തിക്കാനും കാലുവയ്ക്കാനും മനസ്സും പ്രാപ്തിയുമുള്ള ഇത്രയേറെപ്പേര്‍ ഈ നാട്ടിലുണ്ട് എന്നത് നല്ല കാര്യമാണ്. അവര്‍ നാട്ടിലേക്ക് എന്തെങ്കിലും തിരിച്ചയച്ചാല്‍ ഈ നാടിനു ഗുണകരമാവുമെന്നും നമുക്ക് പ്രത്യാശിക്കാം. എന്നാല്‍ യോഗ്യതയുള്ളവരുടെ ബഹിര്‍ഗമനം ഈ നാടിനു വലിയ തോതില്‍ നഷ്ടംതന്നെ. അതിലുപരി, ചെറുപ്പക്കാരുടെ ഇപ്പോള്‍ നടക്കുന്ന രാജ്യാന്തരഗമനം ഈ രാജ്യത്തോടും സംസ്ഥാനത്തോടും ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അത് മനസ്സിലാക്കുന്നത് ഈ നാട്ടില്‍ നേതൃസ്ഥാനങ്ങളില്‍ ഇരിക്കുന്നവരെ സംബന്ധിച്ച് വളരെ പ്രധാനമാണ്.

ദേശാന്തരവാസത്തിനു പുറപ്പെടുന്ന എല്ലാ ചെറുപ്പക്കാരും ഒറ്റ നോട്ടത്തില്‍ മെച്ചപ്പെട്ട പഠനത്തിനും തൊഴിലവസരങ്ങള്‍ക്കുമായി രാജ്യം വിടുന്നവരാണ്. എന്നാല്‍ ഇത് നമ്മോട് പറയാതെ പറയുന്ന ഒരു കാര്യമുണ്ട്. ഇപ്പോള്‍ നടക്കുന്നത് കേവലം കുടിയേറ്റമല്ല, മറിച്ച് ഒരു കൂട്ടപ്പലായനമാണ്. ഒരു ദുരന്തത്തില്‍നിന്ന് ഓടി രക്ഷപ്പെടുന്ന വേഗത്തിലാണ് എല്ലാ സാധ്യതാ പഴുതുകളും കണ്ടെത്തി ചെറുപ്പക്കാര്‍ നാടുവിടുന്നത്. ഈ നാട് വിട്ടുപോകുന്നവരെ കുറ്റം പറയാനാവില്ല. ഇവിടെ പ്രബലമായ വ്യവസ്ഥകളോടുള്ള പ്രതിഷേധം കൂടിയാണിത്. Voting with feet എന്നൊരു പ്രയോഗം ഇംഗ്ലീഷിലുണ്ട്. പാദംകൊണ്ട് വോട്ടു ചെയ്യുക എന്ന് വാച്യാര്‍ഥം. ബഹിഷ്‌ക്കരിക്കുക അല്ലെങ്കില്‍ ഇറങ്ങിപ്പോവുക എന്ന് ശരിക്കുള്ള അര്‍ഥം. കുടിയേറ്റ തലമുറ പാദംകൊണ്ട് അമര്‍ത്തിച്ചവുട്ടി വോട്ടുചെയ്താണ് ഇറങ്ങിപോകുന്നത്. ജോലിക്കുവേണ്ടി അന്യദേശത്തേക്ക് കടക്കുന്നവര്‍ മാത്രമല്ല ഇവരിലുള്ളത്. 2023-ല്‍ ഏകദേശം 6500 അതി സമ്പന്നര്‍ ഇന്ത്യ വിട്ട് മറ്റു രാജ്യങ്ങളില്‍ താമസമുറപ്പിക്കും എന്നാണ് കണക്കുകള്‍. സമ്പന്നരുടെ കൊഴിഞ്ഞുപോക്ക് തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളായി. ഇത്തരത്തിലുള്ള പലായനം അവശിഷ്ട സമൂഹത്തോട് പറയുന്നതെന്ത്?

കൂട്ടപ്പലയാനം ഉറക്കെപ്പറയുന്നു, ഇവടുത്തെ സാമൂഹിക വ്യവസ്ഥകള്‍ നീതിയുക്തമല്ല; ആശാവഹമല്ല. പരീക്ഷ എഴുതാത്ത വിദ്യാര്‍ഥികള്‍ പാസ്സാകുന്നു; എഴുതിയവരുടെ ഉത്തര പേപ്പറുകള്‍ കാണാതാകുന്നു; സര്‍ക്കാര്‍ ജോലി ഇഷ്ടക്കാര്‍ക്ക് വീതംവയ്ക്കുന്നു; നികുതിയായും ഫൈന്‍ ആയും ജനങ്ങളെ പിഴിഞ്ഞെടുക്കുന്നു. രാഷ്ട്രീയസ്വാധീനമില്ലാത്തവര്‍ തഴയപ്പെടുന്നു. എന്തിന് കിരാതമായ ഈ വ്യവസ്ഥയുടെ ഇരയായി തീരണം എന്ന് ഇക്കാലത്തെ ചെറുപ്പക്കാര്‍ ചിന്തിക്കുന്നു. ഒരു മഴക്കാലംപോലും അതിജീവിക്കാന്‍ ശേഷിയില്ലാത്ത റോഡുകള്‍ പണിയുന്ന നാട്ടില്‍ എന്താണ് ഭാവിയിലേക്ക് ആശിക്കാനുള്ളത്? തൊഴില്‍ തരുന്ന വ്യവസായികളെ ആട്ടിപ്പായിക്കുന്ന, സ്വന്തമായി ജീരകമിഠായി പോലും ഉത്പാദിപ്പിക്കാനുള്ള അന്തരീക്ഷമില്ലാത്ത ഒരു സംസ്ഥാനത്ത് എന്താണ് പുതുതല മുറയിലെ സംരംഭകര്‍ പ്രതീക്ഷിക്കേണ്ടത്? വീരവാദങ്ങള്‍ മാത്രം ഉത്പാദിപ്പിക്കുന്ന സര്‍ക്കാര്‍ ശൈലിയെ, അതിപ്പോള്‍ ഏതു മുന്നണിയാണെങ്കിലും, വിശ്വസിച്ച് എന്തിനു ജനങ്ങള്‍ മണ്ടന്മാരായിക്കഴിയണം? ജാതി-മത ഭിന്നതയുടെ കാറ്റ് അഴിച്ചുവിട്ട് കലാപത്തിന്റെ കൊടുങ്കാറ്റ് കൊയ്യുന്ന ഒരു രാജ്യത്ത് എന്ത് സ്വസ്ഥതയാണ് പുതിയ തലമുറ മോഹിക്കേണ്ടത്? അന്യനാട്ടില്‍ സമാധാനത്തോടെ വരത്തനായി ജീവിക്കാമെങ്കില്‍ സ്വന്തം നാട്ടില്‍ എന്തിന് അപരവത്ക്കരണത്തിന്റെ ഭയം ഭക്ഷിച്ച് കഴിഞ്ഞുകൂടണം?

നാടുവിടുന്ന ആരും സ്വന്തം നാടിനെയല്ല തള്ളിപ്പറയുന്നത്. പക്ഷേ ഇവിടെ നിലനില്ക്കുന്ന പ്രതീക്ഷയ്ക്ക് വകയില്ലാത്ത എല്ലാ വ്യവസ്ഥകളെയും അവര്‍ തള്ളിപ്പറയുന്നുണ്ട്. അന്യനാട്ടില്‍ ഇപ്പോള്‍ മിടുക്കനായി ഞെളിഞ്ഞു നില്ക്കാന്‍ സ്വന്തം നാടല്ലേ പ്രാപ്തനാക്കിയത് എന്നു ചോദിക്കാം. ശരിയാണ്. അതൊന്നും പക്ഷേ ആരുടെയും ഔദാര്യമല്ല. അതിനുള്ള പ്രത്യുപകാരം നാടുവിടുന്നവര്‍ ഒന്നു രണ്ടു പതിറ്റാണ്ടുകളെങ്കിലും ചെയ്യും. അവര്‍ ഇങ്ങോട്ട് പണമയച്ചില്ലെങ്കില്‍കൂടി കേരളമെന്ന ടൂറിസ്റ്റ് സാധ്യതയുടെ ഉശിരന്‍ പ്രചാരകരായിരിക്കും. ജീവിക്കുന്ന പരസ്യങ്ങള്‍. അതു മുതലാക്കാന്‍ ഈ നാടിനു കഴിയുമോ എന്നത് മറ്റൊരു ചോദ്യമാണ്. ഈ നാട് സാമൂഹിക വ്യവസ്ഥകളില്‍, രാഷ്ട്രീയ സംസ്‌കാരത്തില്‍ കാര്യമായ ശൈലീമാറ്റം അര്‍ഹിക്കുന്നുണ്ട്. ഇല്ലെങ്കില്‍ നമ്മുടെ നാട്ടിലെ ഭേദപ്പെട്ട മനുഷ്യവിഭവമെല്ലാം അന്യനാടുകള്‍ക്ക് ഊര്‍ജ്ജവും ഉത്പാദനവിഭവവുമായി മാറും. നാം കുഴിയില്‍നിന്ന് പടു കുഴിയിലേക്ക് നീങ്ങും.

കേരളസഭയുടെ മുന്നിലും ഈ കൂട്ടപ്പലായനം അപൂര്‍വമായ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. പ്രാദേശിക സഭാസമൂഹം എല്ലാ രീതിയിലും ശോഷിക്കുന്നു എന്നത് മാത്രമല്ല അത്. ആഗോള (global) മനസ്സോടെ ചിന്തിക്കുകയും സ്വപ്നം കാണുകയും പ്രതികരിക്കുകയും ചെയ്യുന്ന വിശ്വാസിഗണമാണ് സഭയില്‍ അവശേഷിക്കുന്നത്. കാരണം, ഓരോ കുടുംബത്തിന്റെയും ഒരു ഭാഗം പല രാജ്യങ്ങളിലായി ജീവിക്കുന്നുണ്ട്. ആഗോള മനസ്സുള്ള വിശ്വാസസമൂഹത്തെ അഭിസംബോധന ചെയ്യാനുള്ള സുവിശേഷവത്ക്കരണ ശൈലിയും വിശ്വാസ പരിശീലനവും അജപാലന സങ്കേതങ്ങളും ആത്മീയഭാഷയും നാം ഇനിയും വികസിപ്പിക്കേണ്ടിയിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org