ദൈവത്തിന്റെ വക്കാലത്ത്

ദൈവത്തിന്റെ വക്കാലത്ത്
നമ്മുടെ അനവധാനതകൊണ്ട് ഒരു ആത്മാവുപോലും നഷ്ടപ്പെടരുതെന്ന് ചിന്തിക്കുന്ന സഭയ്ക്ക് അവഗണിക്കാവുന്ന കാര്യമല്ല നിരീശ്വരവാദത്തിന്റെ അടിയൊഴുക്കുകള്‍. നമ്മുടെ വിശ്വാസ പരിശീലനം കേവലയുക്തിയുടെ കടും ചോദ്യങ്ങള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നുണ്ടോ എന്ന ചോദ്യം നാം ഉന്നയിക്കേണ്ടതുണ്ട്.

2022 ഒക്‌ടോബര്‍ 2-ന് എറണാകുളത്ത് നിരീശ്വരവാദികളു ടെ ഒരു സമ്മേളനം നടന്നു. ഏതാണ്ട് പതിനായിരം പേര്‍ പങ്കെടുത്തു എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ദേശീയ മാധ്യമങ്ങളില്‍ ഈ സമ്മേളനം വാര്‍ത്തയായി. എന്നാല്‍ മലയാളമാധ്യമങ്ങള്‍ അത് അവഗണിച്ചു. അന്നവിടെ ഒത്തു ചേര്‍ന്നവരില്‍ ക്രിസ്തുവിശ്വാസ പശ്ചാത്തലമുള്ള അനവധിപേര്‍ ഉണ്ടായിരുന്നിരിക്കണം. ഇത് സമകാലിക സഭയോട് ചിലത് പറയുന്നുണ്ട്.

ഈശ്വരവിശ്വാസം അടിസ്ഥാനപരമായി ഒരു ബോധ്യമാണ്; വിശ്വാസത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലുള്ള ബോധ്യം. യുക്തിചിന്തകൊണ്ട് ഈ ബോധ്യത്തെ വിശദീകരിക്കാം. ഇതുതന്നെയാണ് നല്ലൊരു പരിധിവരെ നിരീശ്വരവാദത്തിന്റെ കാര്യവും. അതൊരു ബോധ്യമാണ്. നിരീശ്വരവാദികള്‍ സമ്മതിക്കില്ലെങ്കിലും, വിശ്വാസത്തിന്റെ വിഷയമാണത്. അത് സ്ഥാപിക്കാന്‍ യുക്തിചിന്ത ഉപയോഗിക്കാം. നല്ല നേരമ്പോക്ക് ആഗ്രഹിക്കുന്നവരേ നിരീശ്വരവിശ്വാസത്തെ ഒരു തര്‍ക്കവിഷയമാക്കി മാറ്റൂ. എന്നാല്‍ സഭയെ സംബന്ധിച്ച് ഗൗരവമുള്ള വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ് യുവജനങ്ങളുടെ ഇടയില്‍ നിശബ്ദം പടരുന്ന നിരീശ്വരവാദത്തിന്റെ ശക്തമായ വേരുകള്‍.

നിരീശ്വരവാദം വര്‍ദ്ധമാനമാകുന്നു എന്ന് കേള്‍ക്കുമ്പോള്‍, ഇത് കര്‍ത്താവ് സ്ഥാപിച്ച സഭയാണ്; പത്രോസിന്റെ നൗകയാണ്; ഒരു കാറ്റിനും കോളിനും ഇതിനെ തകര്‍ക്കാനാവില്ല എന്ന ചിന്ത ചിലപ്പോള്‍ ഉയരാം. സഭാചരിത്രം വേണ്ടപോലെ ഗ്രഹിക്കാത്തവരേ ഇത്തരം അമിതമായ ആത്മവിശ്വാസത്തില്‍ അഭിരമിക്കൂ. കര്‍ത്താവ് സ്ഥാപിച്ച സഭയ്ക്ക് ക്ഷതം സംഭവിക്കാം. വിശുദ്ധ പൗലോസ് തുടക്കമിട്ട സഭകള്‍ നാമാവശേഷമായിട്ടുണ്ട്. പല കാരണങ്ങളാല്‍ രൂപതകള്‍തന്നെ ഇല്ലാതായിട്ടുണ്ട്. ഇതിനൊക്കെപുറമേ, ബഹുവിധ കാരണങ്ങളാല്‍ അനേകം ആത്മാക്കള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. നമ്മുടെ അനവധാനതകൊണ്ട് ഒരു ആത്മാവുപോലും നഷ്ടപ്പെടരുതെന്ന് ചിന്തിക്കുന്ന സഭയ്ക്ക് അവഗണിക്കാവുന്ന കാര്യമല്ല നിരീശ്വര വാദത്തിന്റെ അടിയൊഴുക്കുകള്‍.

നമ്മുടെ വിശ്വാസപരിശീലനം കേവലയുക്തിയുടെ കടുംചോദ്യങ്ങള്‍ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നുണ്ടോ എന്ന ചോദ്യം നാം ഉന്നയിക്കേണ്ടതുണ്ട്. ശാസ്ത്രബോധം, ചരിത്രപഠനങ്ങള്‍, മനഃശാസ്ത്രം, വ്യാഖ്യാന ശാസ്ത്രങ്ങള്‍ തുടങ്ങിയവ ബൈബിളിനെക്കുറിച്ചും സഭാപ്രബോധനങ്ങളെക്കുറിച്ചും വിശ്വാസപ്രമാണങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഉന്നയിക്കും. അവ നേരിടാന്‍ തക്കവിധം നമ്മുടെ വിശ്വാസപരിശീലനം പല തലങ്ങളില്‍ ശക്തിപ്പെടേണ്ടതുണ്ട്.

സഭാസമൂഹം ചേര്‍ത്തുപിടിക്കേണ്ട ഒരു ഗണമാണ് ശരാശരിക്കു മുകളില്‍ വായനാശീലവും ചിന്താശക്തിയും സ്വതന്ത്രചിന്തയുമുള്ള ചെറുപ്പക്കാര്‍. അവര്‍ വായിക്കുന്നതും ചര്‍ച്ച ചെയ്യുന്നതും അന്താരാഷ്ട്രനിലവാരമുള്ള പുസ്തകങ്ങളും വിഷയങ്ങളുമാകാം. ചിലപ്പോള്‍ അതവരെ ദൈവരഹിത ചിന്തകളിലേക്ക് നയിക്കാം. പള്ളിയില്‍ വന്നുകിട്ടുന്ന കുട്ടികള്‍ക്ക് സംഘഗാനം മത്സരം നടത്താനും ഫൊറോനതല ട്രോഫി കരസ്ഥമാക്കാനും മാത്രം ശ്രദ്ധിച്ചാല്‍ ഭയം രൂപപ്പെടുത്തിയ ഒരു സങ്കല്പം മാത്രമല്ലേ ദൈവം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കുട്ടികളെ നമുക്ക് നഷ്ടമാകും.

വിശ്വാസം ശക്തിപ്പെട്ട മേഖലകളില്‍ ചിലപ്പോള്‍ അന്ധവിശ്വാസങ്ങളും രൂപപ്പെടാം. ക്രൈസ്തവ വിശ്വാസവും ഇതിന് അപവാദമല്ല. നിരീശ്വരവാദത്തിന്റെ പ്രധാന ആക്ഷേപം അന്ധവിശ്വാസങ്ങളാണ്. ശരിയായ വിശ്വാസത്തിന്റെ തണലില്‍ ചിലപ്പോള്‍ അന്ധവിശ്വാസത്തിന്റെ കളകളും വളരാം. കാലാകാലങ്ങളില്‍ അത് പറിച്ചു കളയാനുള്ള കടമയും നമുക്കുണ്ട്. ദൈവത്തിന്റെ പേരില്‍ നടമാടുന്ന നാനാതരം തിന്മകളാണ് നിരീശ്വര വാദത്തിന്റെ ഏറ്റവും ശക്തമായ ഇന്ധനം.

ബുദ്ധിയുള്ളവര്‍ ബോധപൂര്‍വം എത്തിച്ചേരുന്നതാണ് ഈശ്വര നിഷേധമെന്ന് നിരീശ്വരവാദികള്‍ പ്രചരിപ്പിക്കുന്നു. സ്വാഭാവികമായും ഞാന്‍ ആരുടെയും ബൗദ്ധിക അടിമയായിക്കൂടാ എന്ന് വിചാരിക്കുന്നവര്‍ വിശ്വാസരഹിത യുക്തിയിലേക്ക് ആകൃഷ്ടരാകും. എന്നാല്‍ അനേകം പ്രതിഭാശാലികള്‍ തങ്ങളുടെ നിരീശ്വരവാദവും അജ്ഞേയചിന്തകളും വെടിഞ്ഞ് ക്രിസ്തുവിശ്വാസത്തിലേക്ക് വന്നിട്ടുണ്ട്. ശൈശവ മാമ്മോദീസയുടെ ഫലമായിട്ടല്ല, അവരുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിന്റെ ഫലമായി ക്രിസ്തീയ വിശ്വാസം സ്വീകരിച്ച മുന്‍-നിരീശ്വരവാദികളുണ്ട്. അവരെക്കുറിച്ച് വിശ്വാസത്തില്‍ ചാഞ്ചാട്ടം അനുഭവിക്കുന്നവര്‍ അറിയേണ്ടതുണ്ട്. ഏതാനും ഉദാഹരണങ്ങള്‍: C.E.M. Joad (ഇംഗ്ലീഷ് തത്വചിന്തകന്‍), C.S. Lewis (ഓക്‌സ്ഫഡ് പ്രൊഫസര്‍), Alister McGrath (ബയാകെമിസ്റ്റ്), Leon Bloy (ഫ്രഞ്ച് എഴുത്തുകാരന്‍), Malcolm Muggeridge (ബ്രിട്ടീഷ് എഴുത്തുകാരന്‍), E.F. Schumacher (സാമ്പത്തിക ശാസ്ത്രജ്ഞന്‍) തുടങ്ങി അനേകം പേര്‍. ഇവരെയാരെയും ദൈവത്തിന്റെ വക്കാലത്തെടുത്തവരായി കാണേണ്ടതില്ല. എന്നാല്‍ ദൈവത്തെയും മനുഷ്യരെയും സ്‌നേഹിച്ച് അപാരമായ ആത്മീയപ്രഭയോടെ ജീവിക്കുന്നവരാണ് നിരീശ്വരവാദത്തിനുള്ള ഏറ്റവും മൂര്‍ച്ചയുള്ള മറുപടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org