മണ്ടന്‍ തീരുമാനങ്ങളുടെ ഇരകള്‍

മണ്ടന്‍ തീരുമാനങ്ങളുടെ ഇരകള്‍
കൂലിപ്പണിക്കാരും കടം കയറി മുടിഞ്ഞവരും നിത്യരോഗികളും നാമമാത്ര കര്‍ഷകരും സ്വന്തമായി കിടപ്പാടമില്ലാത്തവരും തെരുവില്‍ അലയുന്നവരും നിത്യച്ചെലവിനു നിവൃത്തിയില്ലാത്തവരും അടങ്ങുന്നതാണ് ഈ സംസ്ഥാനം. സാമാന്യയുക്തിക്കും സാമൂഹികനീതിക്കും നിരക്കാത്ത നടപടികള്‍കൊണ്ട് ഇത്തരക്കാരുടെ മുഖത്തേക്ക് ഭരണകൂടം ആഞ്ഞു തുപ്പരുത്.

മലയാളി ചെറുപ്പക്കാര്‍ കൂട്ടത്തോടെ നാടുവിടുന്നതിനെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍ അധികമുണ്ട്. എന്നാല്‍ അതിന്റെ കാരണങ്ങളെക്കുറിച്ച് പറയാന്‍ അധികം പേരില്ല. കേരളത്തിന്റെ ഇപ്പോഴത്തെ പോക്കനുസരിച്ച് കുറച്ചുകാലം കഴിയുമ്പോള്‍ ഞങ്ങളെ തമിഴ്‌നാടിന്റെ ഭാഗമാക്കണം എന്ന് പറയാന്‍ പാലക്കാടും ഇടുക്കിയിലും ആളുണ്ടാകും. അവരെ സംസ്ഥാനദ്രോഹികളായി പ്രഖ്യാപിച്ചാല്‍ തീരുന്നതല്ല ഇവിടുത്തെ ദുഷിച്ച സാമൂഹിക വ്യവസ്ഥകള്‍. പ്രാണവായുവിനൊഴികെ ബാക്കിയെല്ലാറ്റിനും ചുങ്കം ചുമത്തുന്ന ഇപ്രാവശ്യത്തെ ബജറ്റ് ഈ ദുരവസ്ഥയുടെ നേരടയാളമാണ്. ഈ സംസ്ഥാനത്തെ പല നിയമങ്ങളും ചട്ടങ്ങളും ജനനന്മയ്ക്കും സാമാന്യയുക്തിക്കും വിരുദ്ധമാണ്. ചിലതെങ്കിലും മരമണ്ടന്‍ തീരുമാനങ്ങളാണെന്ന് പറഞ്ഞാല്‍ ആ നയങ്ങളുടെ പിന്നിലെ ബുദ്ധികേന്ദ്രങ്ങള്‍ പരിഭവിച്ചിട്ട് കാര്യമില്ല.

കോവിഡ് കാലത്ത് സംസ്ഥാനം കൈക്കൊണ്ട ചില നടപടികള്‍ യുക്തിഹീനമായിരുന്നു. ഉദാഹരണത്തിന് ഒരേ വീട്ടില്‍നിന്ന് വരുന്നവരാണെങ്കിലും ഒരു കാറില്‍ ഇത്രപേരേ യാത്ര ചെയ്യാവൂ എന്ന നിബന്ധന ഇവിടെ നടപ്പാക്കി. മുന്‍ധാരണകളില്ലാതെ ഒരു മഹാമാരിയെ നേരിടേണ്ടി വന്നപ്പോള്‍ പറ്റിപ്പോയ അബദ്ധങ്ങള്‍ എന്നൊക്കെ അത്തരം കാര്യങ്ങളെ ന്യായീകരിക്കാം. എന്നാല്‍ ഇന്ന് നിലവിലുള്ള പല നിയമങ്ങളും ചട്ടങ്ങളും നിലപാടുകളും അശാസ്ത്രീയമോ അപ്രായോഗികമോ ആണ്. അതായത്, ജനപക്ഷത്തുനിന്ന് പൊതുനന്മ ഉറപ്പാക്കുന്ന തരം ചട്ടങ്ങളല്ല അവ എന്നര്‍ഥം.

ഒരു ടൂറിസ്റ്റ് ബസ്സും സര്‍ക്കാര്‍ ബസ്സും കൂട്ടിയിടിച്ച് അപകടമുണ്ടായതിനെത്തുടര്‍ന്ന് അപകടങ്ങള്‍ തടയാന്‍ ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെളുത്ത പെയിന്റടിപ്പിച്ച സംസ്ഥാനമാണ് നമ്മുടേത്. മലയാളം അക്ഷരമാല സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തേണ്ട എന്നു ബുദ്ധിപൂര്‍വം തീരുമാനിച്ച വിദ്യാഭ്യാസ സമിതികള്‍ നമുക്കുണ്ടായിരുന്നു. ഇപ്പോള്‍ അതു തിരുത്തേണ്ടിവന്നു. യോഗ്യതയില്ലാത്തവരെയും ജയിപ്പിക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ ജയം എന്നു തെറ്റിദ്ധരിച്ച മന്ത്രിമാര്‍ ഇരുമുന്നണികളിലും ഉണ്ടായിട്ടുണ്ട്.

വന്യമൃഗസംരക്ഷണത്തിനു സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊള്ളുന്ന നിലപാട് യുക്തിസഹമല്ല. കാട്ടുമൃഗങ്ങളെ നിയന്ത്രണമില്ലാതെ പെരുകാന്‍ അനുവദിച്ചാല്‍ അവ നാട്ടിലിറങ്ങും; ജനവാസകേന്ദ്രങ്ങള്‍ കൈയ്യേറും. മറ്റു രാജ്യങ്ങളില്‍ അവയെ നിയന്ത്രണവിധേയമായി വേട്ടയാടാനും മാംസം വില്ക്കാനും വകുപ്പുകളുണ്ട്. കാട്ടു മൃഗങ്ങള്‍ മനുഷ്യരെ നാട്ടിലിറങ്ങി കൊല്ലാന്‍ ഇടയാകുന്നത് നമ്മുടെ നിയമസംവിധാനത്തിന്റെ പരാജയമാണ്. അത്തരം മണ്ടന്‍ തീരുമാനങ്ങള്‍ കേന്ദ്രത്തിന്റേതായാലും സംസ്ഥാനത്തിന്റേതായാലും തിരുത്തപ്പെടുകതന്നെ വേണം. വനംസംരക്ഷണത്തിന്റെ ഭാഗമായി നിലനില്ക്കുന്ന നിയമത്തിലും യുക്തിഭദ്രമല്ലാത്ത കാര്യങ്ങളുണ്ട്. ബഫര്‍സോണ്‍ ഇത്രയധികം ചര്‍ച്ചയാകാനുള്ള കാരണം അതുതന്നെയാണ്. ഇന്നാട്ടിലെ ഡാമുകളില്‍ അടിഞ്ഞു കൂടുന്ന മണല്‍ വിറ്റഴിച്ച് സര്‍ക്കാരിനു വരുമാനം കൂട്ടാനുള്ള ശ്രമങ്ങള്‍ ചിലതെങ്കിലും തുടങ്ങുകയും മുടങ്ങുകയും ചെയ്തിട്ടുണ്ട്. വനഭൂമിയിലെ മരങ്ങള്‍ പ്രായമേറി വീണു നശിക്കുന്നതിനു പകരം ശാസ്ത്രീയമായ രീതിയില്‍ മുറിച്ചെടുത്ത് വരുമാന വര്‍ധനവു വരുത്താം. അതോടൊപ്പം പുതിയ മരങ്ങള്‍ നട്ടുപിടിപ്പിച്ച് വന വിസ്തൃതി കുറയാതെ നോക്കുകയും ചെയ്താല്‍ മതിയാകും. ഇതൊന്നും വിപ്ലവകരമായ പുതുകാര്യങ്ങളല്ല. എത്രയോ രാജ്യങ്ങളില്‍ ഇതെല്ലാം വിജയകരമായി നടക്കുന്നു.

സമൂഹികക്ഷേമ വകുപ്പിനു കീഴിലുള്ള ബാലമന്ദിരങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയില്‍ നടത്തിയ പരിഷ്‌കാരങ്ങള്‍ തന്നെ അവയില്‍ പലതിനെയും ഇല്ലാതാക്കി. അവയുടെ മറവില്‍ ചൂഷണം പാടില്ല. പക്ഷേ നിയമങ്ങള്‍ യുക്തിസഹമാകുകയും വേണം. ജനതാത്പര്യം മുന്നില്‍ നിര്‍ത്താതെ മരമണ്ടന്‍ നടപടികളുമായി സര്‍ക്കാരുകള്‍ മുന്നോട്ടു പോകാനുള്ള കാരണം കേവലം രാഷ്ട്രീയമാണ്. ഒരാള്‍ ഒരു സ്ഥലത്ത് രണ്ടോ മൂന്നോ തവണ വാഴകൃഷി നടത്തി നഷ്ടം വന്നു എന്നു കരുതുക. അയാള്‍ ആ കൃഷി ഉപേക്ഷിച്ച് അടുത്ത പണി നോക്കും. എന്നാല്‍ കേരള സര്‍ക്കാര്‍ അങ്ങനെയല്ല. നഷ്ടകാരണം കണ്ടെത്തുകയോ പരിഹരിക്കുകയോ ആ കൃഷി ഉപേക്ഷിക്കുകയോ ഇല്ല. കാരണം, അതു പൊതുജനത്തിന്റെ പണമാണ്; പെരുകുന്ന നഷ്ടമെല്ലാം പൊതുജനത്തിന്റെ പിടലിക്ക് വച്ചുകൊടുക്കാം. യാഥാര്‍ഥ്യബോധത്തോടെ ചിന്തിച്ചാല്‍ ചില സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെ എടുത്തുകളയേണ്ടി വരും. ഉദാഹരണത്തിന്, കൃഷി വകുപ്പ്. ആ പ്രസ്ഥാനംകൊണ്ട് ഇന്നാട്ടിലെ കര്‍ഷകര്‍ക്ക് എന്ത് ഗുണമുണ്ടായി എന്ന് കൃത്യമായി പഠിച്ചാല്‍ തീരുമാനമുണ്ടാക്കാം. അതുപോലെ യാതൊരു പ്രയോജനവുമില്ലാത്ത കമ്മീഷനുകള്‍, കേന്ദ്രങ്ങള്‍, തസ്തികകള്‍, വികസന കോര്‍പ്പറേഷനുകള്‍, അഥോറിറ്റികള്‍ തുടങ്ങിയ വെള്ളാനകള്‍. ബുദ്ധിമാന്ദ്യമുള്ള തീരുമാനങ്ങള്‍ എടുക്കുന്നതില്‍ ഇരുമുന്നണികള്‍ തമ്മില്‍ വ്യത്യാസമില്ല. ഭരണതലത്തിലെ ധൂര്‍ത്ത് അവസാനിപ്പിക്കുകയും കേരളം ഒന്നാം നമ്പര്‍ തുടങ്ങിയ കാല്‍ക്കാശിനു വിലയില്ലാത്ത മേനിപറച്ചില്‍ അവസാനിപ്പിക്കുകയും ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഇത്രയും കാലം ചെലവേറിയ വിദഗ്ധരെ കേട്ട് തീരുമാനമെടുത്ത രാഷ്ട്രീയ നേതൃത്വം സാധാരണ മനുഷ്യരെ കേള്‍ക്കാന്‍ തുടങ്ങട്ടെ. സ്ഥിരമായി സര്‍ക്കാര്‍ ചെലവില്‍ യാത്ര ചെയ്യുന്നവരോടല്ല ഇന്ധന വില വര്‍ധനവിനെക്കുറിച്ച് ആലോചിക്കേണ്ടത്. കൂലിപ്പണിക്കാരും കടം കയറി മുടിഞ്ഞവരും നിത്യരോഗികളും നാമമാത്ര കര്‍ഷകരും സ്വന്തമായി കിടപ്പാടമില്ലാത്തവരും തെരുവില്‍ അലയുന്നവരും നിത്യ ച്ചെലവിനു നിവൃത്തിയില്ലാത്തവരും അടങ്ങുന്നതാണ് ഈ സംസ്ഥാനം. സാമാന്യയുക്തിക്കും സാമൂഹികനീതിക്കും നിരക്കാത്ത നടപടികള്‍കൊണ്ട് ഇത്തരക്കാരുടെ മുഖത്തേക്ക് ഭരണകൂടം ആഞ്ഞുതുപ്പരുത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org