ലഹരിയുടെ ഭീകരാക്രമണം

ലഹരിയുടെ ഭീകരാക്രമണം

നിശ്ശബ്ദമായ ഒരു ഭീകരാക്രമണം ഇപ്പോള്‍ കേരളത്തില്‍ നടക്കുന്നുണ്ട്. മയക്കുമരുന്നാണ് ആയുധം. ഇന്നാട്ടിലെ ചെറുപ്പക്കാരും കുരുന്നുകളുമാണ് ഈ ആക്രമണത്തിന്റെ പ്രധാന ഇരകള്‍. അക്രമികളാകട്ടെ, കാണാമറയത്താണ്. നമ്മുടെ എല്ലാ സ്‌കൂളുകളും ക്യാമ്പസുകളും ഈ ഭീകരതയുടെ നിഴലിലാണ്. തങ്ങളുടെ മക്കള്‍ മയക്കുമരുന്നിന്റെ പിടിയില്‍ പെടുകയില്ല എന്ന് മാതാപിതാക്കള്‍ക്കാര്‍ക്കും ഉറപ്പിക്കാനാവാത്ത അവസ്ഥയാണിത്. 2022-ല്‍ ആദ്യത്തെ എട്ടുമാസംകൊണ്ട് 16,128 മയക്കുമരുന്ന് കേസുകളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. മുന്‍വര്‍ഷം, അതായത് 2021-ല്‍, അത് 5334 കേസുകളായിരുന്നു. 2020-ലാകട്ടെ 4650 മാത്രവും. മയക്കുമരുന്നിന്റെ ഭീകരമായ വ്യാപനമാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. പിടിക്കപ്പെട്ട കേസുകളുടെ എണ്ണം ഞെട്ടിക്കുന്നതാണെങ്കില്‍, പിടിക്കപ്പെടാത്തവര്‍ എത്രയധികമായിരിക്കും? പതിനാറായിരം കേസുകള്‍ ഇക്കൊല്ലം ഉണ്ടായിക്കഴിഞ്ഞെങ്കില്‍, ഓരോ കേസിലും ഒന്നിലധികം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകണം. അത്രയധികം കുടുംബങ്ങളുടെ വിഷയമാണിത്; ഏതാനും വ്യക്തികളുടെ പ്രശ്‌നം മാത്രമല്ലിത്. ഒരു ദുരന്തമുഖത്തുണ്ടാകേണ്ട അതീവ ജാഗ്രതയോടെ നേരിടേണ്ട വിഷയമാണിത്. അത് സംഭവിക്കുന്നില്ല എന്നതാണ് ഖേദകരം. തെരുവുനായ്ക്കളെ നേരിടാന്‍ കാണിക്കുന്ന സാമൂഹികശ്രദ്ധ പോലും ഇക്കാര്യത്തില്‍ ഉണ്ടാകുന്നില്ല.

മയക്കുമരുന്നിന്റെ പിടിയില്‍ പെടുന്നതോടെ ഒരു തലമുറയാണ് ഇല്ലാതാകുന്നത്. ലഹരിക്ക് അടിപ്പെട്ടവര്‍ സ്വയം തിരിച്ചുപോന്ന ചരിത്രമില്ല. ലഹരിമുക്തി ചികിത്സകള്‍ക്ക് യഥാസമയം വിധേയരായവര്‍ മാത്രമേ രക്ഷപ്പെട്ടിട്ടുള്ളൂ. കഞ്ചാവിനെക്കാള്‍ വീര്യം കൂടിയ രാസപദാര്‍ഥങ്ങളാണ് ഇക്കാലത്തെ ലഹരിവസ്തുക്കള്‍. എംഡിഎംഎ പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം അപകടങ്ങള്‍, ആത്മഹത്യ, കൊലപാതകം എന്നിവയിലേ അവസാനിക്കൂ. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഒരു ലക്ഷത്തിനു 12 പേര്‍ എന്നതാണ് ആത്മഹത്യയുടെ ദേശീയ ശരാ ശരി. എന്നാല്‍ കേരളത്തില്‍ ഇത് ഇരട്ടിയില്‍ അധികമാണ്. അതായത്, ഒരു ലക്ഷത്തിന് 26 പേര്‍. ലഹരിയുടെ ഉപയോക്താക്കള്‍ നിഷ്‌ക്കളങ്കരായ അനേകം ഇരകളെ സൃഷ്ടിക്കും. മകന്റെ കത്തിമുനയില്‍ അവസാനിക്കുന്ന അമ്മയും അപ്പന്റെ അടിയേറ്റ് മരിക്കുന്ന മക്കളും മദോന്മത്തനായി വണ്ടിയോടിക്കുന്നവന്‍ കൊല്ലുന്നവരും ഇരകളാണ്. നാം ഒരോരുത്തരും, മയക്കുമരുന്ന് ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത വരും, മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ ഇരകളായി മാറാം.

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസം നടന്ന നിയമസഭാചര്‍ച്ചകളിലും തുടര്‍ന്നും മയക്കുമരുന്ന് വ്യാപനത്തിനെതിരെ സര്‍ക്കാര്‍ കര്‍ക്കശമായ നടപടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത കാണിക്കുന്ന കുറെ ഉദ്യോഗസ്ഥരുണ്ടെന്നതും സത്യമാണ്. കാടിളക്കി ഞങ്ങള്‍ ചിലതു ചെയ്യുന്നുണ്ടെന്ന് കാണിച്ചാല്‍ മാത്രം പോരാ. ഇരുമ്പുലക്ക വിഴുങ്ങിയിട്ട് ചുക്കുകഷായം കുടിച്ചിട്ട് കാര്യമില്ല. മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്തുകയും അതിന്റെ വരവ് തടയുകയും ചെയ്യാതെ ചില്ലറ ''മയക്കുമരുന്ന് വേട്ട'' നടത്തുന്നത് പ്രഹസനമാണ്. കൊറോണാവ്യാപനത്തിന്റെ റൂട്ടുമാപ്പുണ്ടാക്കിയവര്‍ക്ക് മയക്കുമരുന്നിന്റെ സഞ്ചാരപഥം കണ്ടെത്താനാവില്ല എന്ന് നാം വിശ്വസിക്കണോ? മയക്കുമരുന്ന് വ്യവസായമായി വളര്‍ത്തിയെടുത്തവരുണ്ട്. അതിന്റെ പിന്നില്‍ മറഞ്ഞിരിക്കുന്ന സാമ്പത്തികശക്തികളുണ്ട്. ലഹരിവ്യവസായത്തിന്റെ വരുമാനം എങ്ങോട്ടു പോകുന്നു എന്നതും പ്രധാനമാണ്. ഇതിലേക്കൊന്നും കടക്കാതെ വാട്‌സാപ്പ് ഗ്രൂപ്പുകളിലെ സാരോപദേശംകൊണ്ട് ലഹരി വാഴ്ച്ച തടയാമെന്ന് സര്‍ക്കാര്‍ കരുതരുത്.

സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കൊപ്പം ഓരോ പ്രദേശത്തും ലഹരിവിരുദ്ധമുന്നേറ്റങ്ങള്‍ ആരംഭിക്കാന്‍ ബഹുജന പ്രസ്ഥാനങ്ങള്‍ ഉണ്ടാകണം. ലഹരിയുടെ പ്രാദേശിക കണ്ണികള്‍ അറുത്തുമാറ്റാന്‍ അവര്‍ക്കേ സാധിക്കൂ. കുട്ടികളെ ലഹരിയുടെ വലയില്‍ വീഴ്ത്താന്‍ വരുന്നവരെ തിരിച്ചറിയാന്‍ അവര്‍ക്ക് സാധിക്കും. എന്റെ കൊച്ച് അതൊന്നും ചെയ്യില്ല എന്നാണ് എല്ലാ മാതാപിതാക്കളും മക്കളെക്കുറിച്ച് കരുതുന്നത്. വാത്സല്യം മാതാപിതാക്കളെ അന്ധരാക്കരുത്. മക്കളുടെ കാര്യത്തില്‍ ജാഗ്രത വേണം. അവര്‍ മോശക്കാരാണെന്ന് മാതാപിതാക്കള്‍ ധരിക്കേണ്ടതില്ല. എന്നാല്‍ അവര്‍ ജീവിക്കുന്ന സാമൂഹികാന്തരീക്ഷം അപകടകരമാണ്. മക്കളുമായുള്ള ഊഷ്മള ബന്ധത്തില്‍ അവരുടെ പോക്കുവരവുകള്‍ മാതാപിതാക്കള്‍ നിരന്തരം അറിയണം. ചുറ്റുമുള്ള ചതിക്കുഴികളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തണം. മക്കളുടെ വരവുചിലവുകള്‍ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. സര്‍വ്വോപരി, ദൈവവിശ്വാസത്തില്‍ വളര്‍ത്തപ്പെടുന്ന കുട്ടികള്‍ ലഹരിക്കെണികളില്‍ നഷ്ടപ്പെടുകയില്ല എന്ന് നമുക്ക് വിശ്വസിക്കാം.

മയക്കുമരുന്ന് വരുത്തിവയ്ക്കുന്ന അപകടക്കെണികളെക്കുറിച്ച് പറഞ്ഞാലേ ഇക്കാലത്തെ സുവിശേഷപ്രഘോഷണം പൂര്‍ണ്ണമാവുകയുള്ളൂ. സഭ അതിന്റെ സമകാലിക ഇടയധര്‍മ്മം നിര്‍വഹിക്കുന്നത് അതിന്റെ മക്കളെ രാസലഹരിക്കും മയക്കുമരുന്നിനും ശത്രുവിന്റെ മാരകമായ കെണികള്‍ക്കും വിട്ടുകൊടുക്കാതെ ചേര്‍ത്തുപിടിക്കുമ്പോഴാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org