വര്‍ഗീയത പറയരുത്; വര്‍ഗീയത പ്രവര്‍ത്തിക്കുകയുമരുത് !

വര്‍ഗീയത പറയരുത്; വര്‍ഗീയത പ്രവര്‍ത്തിക്കുകയുമരുത് !
Published on
  • മാത്യു ഇല്ലത്തുപറമ്പില്‍

''നിങ്ങള്‍ വര്‍ഗീയത പറയരുത്. വര്‍ഗീയമായി ഈ നാടിനെ വിഭജിക്കരുത്. അടുത്ത കാലത്ത് ഈ നാട്ടിലെ ഉത്തരവാദിത്വപ്പെട്ട ചില രാഷ്ട്രീയക്കാര്‍ ക്രൈസ്തവ നേതാക്കള്‍ക്ക് ധാര്‍മ്മികരോഷത്തോടെ കൊടുത്ത ഉപദേശമാണിത്. വഖഫ് ബോര്‍ഡ് നോട്ടീസിനെത്തുടര്‍ന്ന് മുനമ്പത്തു നടക്കുന്ന കുടിയൊഴിപ്പിക്കല്‍ നീക്കത്തിനെതിരെ ശബ്ദമുയത്തിയവരോടായിരുന്നു ഈ ആഹ്വാനം. രാജ്യദ്രോഹ പരിപാടിയിലേക്കാണ് നിങ്ങള്‍ കാലെടുത്തുവയ്ക്കുന്നത്. സ്വന്തം ശരീരത്തില്‍ തീകൊളുത്തി ഈ നാടിനെ കത്തിക്കരുത് എന്ന മട്ടിലായിരുന്നു അവരുടെ സാരോപദേശത്തിന്റെ ഒഴുക്ക്. ക്രൈസ്തവര്‍ രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞുതുടങ്ങിയാല്‍ അതിനെതിരെ കേരളത്തില്‍ കുറച്ചുകാലമായി ചിലര്‍ പ്രയോഗിക്കുന്ന ഒരു ചെറുകിട രാഷ്ട്രീയതന്ത്രമാണിത്. വര്‍ഗീയവാദിപ്പട്ടം ക്രിസ്ത്യാനികളുടെ തലയില്‍ ഇട്ടുകൊടുത്താല്‍ അവരുടെ വായടപ്പിക്കാം എന്ന ഗൂഡവിചാരമാണ് ഈ നീക്കത്തിനു പിന്നില്‍. പൊതുജീവിതത്തില്‍ അനാവശ്യമായി പേരുദോഷം വരുത്തിവയ്‌ക്കേണ്ട എന്ന് ചിന്തിക്കുന്ന ക്രൈസ്തവര്‍ കുറച്ചധികമുണ്ടല്ലോ. മുനമ്പം സമരത്തിന്റെ പശ്ചാത്തലത്തില്‍ 'വര്‍ഗീയത പാടില്ല' എന്ന ഉപദേശം കാര്യമായിത്തന്നെ എടുക്കണം. പക്ഷേ പരിശോധിക്കണം, എവിടെയാണ് വര്‍ഗീയത? ആരാണ് അതിന്റെ പ്രായോജകര്‍? ആരാണ് അതിന്റെ പ്രയോക്താക്കാള്‍?

വര്‍ഗീയത ഒഴിവാക്കണം എന്ന് പറയുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് നല്ല നിശ്ചയമുണ്ട്, മുനമ്പം വിഷയത്തില്‍ വര്‍ഗീയതയുടെ അദൃശ്യമര്‍മ്മം ഉണ്ട്. പക്ഷേ നിങ്ങള്‍ അതില്‍ തൊടരുത്. അതൊക്കെ ഞങ്ങള്‍ സൗകര്യം പോലെ ഉപയോഗിച്ചുകൊള്ളാം. അതായത്, ഞങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനുവേണ്ടി വര്‍ഗീയ പ്രീണനം നടത്തും; വര്‍ഗീയ വിഭജനം നടത്തും. യാതൊരു നാണവുമില്ലാതെ ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലീം വോട്ട് എന്നൊക്കെ പറയും. മുനമ്പം വിഷയത്തിലാകട്ടെ, ഒരു മതസമൂഹത്തിന്റെ വ്യക്തിനിയമം അതുമായി യാതൊരു ബന്ധവുമി ല്ലാത്ത ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നു.

വര്‍ഗീയത ഒഴിവാക്കണം എന്ന് പറയുന്ന രാഷ്ട്രീയ നേതാക്കള്‍ക്ക് നല്ല നിശ്ചയമുണ്ട്, മുനമ്പം വിഷയത്തില്‍ വര്‍ഗീയതയുടെ അദൃശ്യമര്‍മ്മം ഉണ്ട്. പക്ഷേ നിങ്ങള്‍ അതില്‍ തൊടരുത്. അതൊക്കെ ഞങ്ങള്‍ സൗകര്യം പോലെ ഉപയോഗിച്ചു കൊള്ളാം.

അതായത് പണം കൊടുത്ത് വാങ്ങി നികുതിയടച്ചുകൊണ്ടിരുന്ന ഭൂമിക്ക് ഒരു മതനിയമപ്രകാരം വേറെ അവകാശികള്‍ ഉണ്ടെന്ന് ഉടമകളോട് പറയുന്ന ഒരു നിയമം ഈ നാട്ടില്‍ ഉണ്ടാക്കിവച്ചിരിക്കുന്നു. ഇതല്ലേ വര്‍ഗീയത? മറ്റുള്ളവരുടെ കിടപ്പാടം കൈയ്യേറാന്‍ പ്രാപ്തിയുള്ള വര്‍ഗീയത? പാര്‍ലമെന്റില്‍ നിയമ ഭേദഗതികൊണ്ടു മാത്രം പരിഹരിക്കപ്പെടുന്ന ഒരു വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതിന്റെ വിരോധാഭാസവും ഒടുവില്‍ കാണേണ്ടിവരുന്നു.

വര്‍ഗീയത പാടില്ല എന്ന ഉപദേശം ഏകപക്ഷീയമാകരുത്. വര്‍ഗീയത ഫണം വിടര്‍ത്തിയാടിയ സംഭവങ്ങള്‍ പലത് കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. മതബിംബങ്ങള്‍ നിന്ദിക്കപ്പെട്ട സംഭവങ്ങള്‍, യേശുക്രിസ്തുവിനെ പിഴച്ചു പെറ്റവന്‍ എന്ന് വിശേഷിപ്പിച്ച പ്രസംഗം, ബൈബിള്‍ കത്തിച്ച സംഭവം, പുല്‍ക്കൂട് തോട്ടിലെറിഞ്ഞ സംഭവം തുടങ്ങിയ പലതും കേരളത്തില്‍ നടന്നിട്ടുണ്ട്. കന്യാസ്ത്രീ മഠത്തില്‍ അന്യമത ആരാധനയ്ക്കായി ഇടം ചോദിച്ച് ഇരച്ചുകയറിയത് അടുത്ത കാലത്താണ്. അന്യമതസ്ഥരോട്മലരും കുന്തിരിക്കവും കരുതിവയ്ക്കാനുള്ള മുന്നറിയിപ്പ് മുഴങ്ങിയതും ഈ കേരളത്തിലാണ്. തലങ്ങും വിലങ്ങും വര്‍ഗീയ വിഷം ചീറ്റിയ ഉദാഹരണങ്ങള്‍ അനവധിയുണ്ട്. എല്ലാം പറയുന്നില്ല. പക്ഷേ ഇത്തരം സന്ദര്‍ഭങ്ങളില്‍ എവിടെയായിരുന്നു നിങ്ങളുടെ വര്‍ഗീയവിരുദ്ധ നാവുകള്‍? പ്രായോഗികരാഷ്ട്രീയത്തില്‍ ഉപ്പിലിട്ടുവച്ചിരിക്കുകയായിരുന്നോ?

മതാടിസ്ഥാനത്തിലുള്ള എല്ലാത്തരം പ്രീണനങ്ങളും വര്‍ഗീയ നീക്കങ്ങളാണ്. ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിലും സര്‍ക്കാര്‍ നിയമനങ്ങളിലും അത് സംഭവിക്കുന്നുണ്ടെങ്കില്‍, അതിനെ വര്‍ഗീയത എന്നുതന്നെ വിളിക്കണം പച്ചമലയാളത്തില്‍. മതരാഷ്ട്രവാദത്തിന്റെ ഏത് നീക്കവും വര്‍ഗീയതയാണ്; അത് ആരു നടത്തിയാലും. വര്‍ഗീയമായ നീക്കങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കുന്നില്ലെങ്കില്‍ അത് സര്‍ക്കാരിന്റെ വര്‍ഗീയതയെയാണ് വെളിപ്പെടുത്തുന്നത്. വര്‍ഗീയപ്രസ്ഥാനങ്ങള്‍ വച്ചുനീട്ടുന്ന വോട്ട് ഞങ്ങള്‍ക്കു വേണ്ട എന്ന് പ്രഖ്യാപിക്കാത്ത രാഷ്ട്രീയ പാര്‍ട്ടികളും വര്‍ഗീയതയ്ക്ക് പാദസേവ ചെയ്യുകയാണ്. ഭാരതം ഏതെങ്കിലും മതക്കാരുടേത് മാത്രമാണെന്ന് വീമ്പിളക്കുന്നതും വര്‍ഗീയതയാണ്.

ഇന്ത്യ എന്ന മതേതര രാഷ്ട്രത്തിന്റെ വിശുദ്ധഗ്രന്ഥം ഭരണഘടനയാണ്, ഒരു മതഗ്രന്ഥവുമല്ല. ഈ രാജ്യത്തെ വ്യവഹാരനിയമം സിവില്‍ നിയമങ്ങളാണ്; ഒരു മതത്തിന്റെയും അനുശാസനങ്ങളല്ല. അതേസയമം എല്ലാ മതവിശ്വാസികള്‍ക്കും അവരുടെ മതഗ്രന്ഥം ഉയര്‍ത്തിപ്പിടിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുപോലെ സ്വന്തം മതവിശ്വാസമനുസരിച്ചും എന്നാല്‍ അന്യമതവിശ്വാസികളുടെ അവകാശങ്ങള്‍ ഹനിക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇനി, മതരഹിതര്‍ക്കാകട്ടെ, ഒരു മതത്തെയും പിന്‍പറ്റാതെയും എന്നാല്‍ മതവിശ്വാസികളുടെ അവകാശങ്ങള്‍ തകര്‍ക്കാതെയും ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഇതിന് എവിടെയെങ്കിലും ഭംഗം വരുമ്പോള്‍ അത് വിളിച്ചുപറയുന്നത് വര്‍ഗീയ വിരുദ്ധതയാണ്; എന്നാല്‍ മതേതര സങ്കല്‍പത്തിന്റെ ലംഘനങ്ങള്‍ കണ്ടില്ല എന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ നടിക്കുന്നത് കൗശലക്കാരന്റെ അടക്കിപ്പിടിച്ച കൊടിയ വര്‍ഗീയതയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org