തെറ്റല്ല സമുദായ സ്‌നേഹം

തെറ്റല്ല സമുദായ സ്‌നേഹം
മതേതര ചിന്താഗതി കേരള ക്രൈസ്തവരുടെ പൊതുവായ മുഖമുദ്രയാണ്. മതാതീതമായി, എല്ലാവരോടും സമഭാവനയോടെ പെരുമാറാന്‍ നമുക്ക് കഴിയുന്നുണ്ട്. വര്‍ഗീയത അകറ്റിനിര്‍ത്തേണ്ട തിന്മയാണെന്ന പൊതുബോധവും നമുക്കുണ്ട്. ശ്രേഷ്ഠമായ ഗുണവിശേഷമാണിത്. എന്നാല്‍ ഇതിനു കുഴപ്പം പിടിച്ച ഒരു മറുവശമുണ്ട്. സ്വന്തം സമുദായത്തിനുവേണ്ടി നിലകൊള്ളാനോ ശബ്ദിക്കാനോ നാം ഭയപ്പെടുന്നു. കാരണം, അത് വര്‍ഗീയതയായി ഗണിക്കപ്പെടും എന്ന ആശങ്ക നമുക്കുണ്ട്. എന്നാല്‍ വര്‍ഗീയതയെയും സമുദായബോധത്തെയും വേര്‍തിരിച്ചു കാണേണ്ടതുണ്ട്. സമുദായബോധം പുലര്‍ത്തുന്നത് തെറ്റല്ല എന്നു മാത്രമല്ല, ഇക്കാലത്ത് ആവശ്യവുമാണ്. ഏതെങ്കിലും വര്‍ഗത്തെ ഇതരവര്‍ഗത്തിന്റെ ചെലവില്‍ പോഷിപ്പിക്കുന്നതാണ് ലളിതമായി പറഞ്ഞാല്‍ വര്‍ഗീയത. മതം, ജാതി, ഭാഷ, രാഷ്ട്രീയം, വംശം, വര്‍ണ്ണം അങ്ങനെ എന്തുവേണമെങ്കിലും വര്‍ഗീയതയ്ക്ക് ആധാരമാകാം. എന്നാല്‍ സ്വന്തം വര്‍ഗത്തില്‍പ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി നിലകൊള്ളുന്നതാണ് സമുദായ സ്‌നേഹം. ശ്രദ്ധിക്കേണ്ട കാര്യം, ഇത് ഇതര വര്‍ഗങ്ങളുടെയോ സമുദായങ്ങളുടെയോ ചെലവില്‍ ആകുമ്പോഴേ വര്‍ഗീയതയായി മാറൂ. ഉദാഹരണങ്ങളിലൂടെ ഇത് വ്യക്തമാക്കേണ്ടതുണ്ട്.

'ഇവിടെ ഞങ്ങള്‍ മാത്രം മതി' എന്ന് പറയുന്നതാണ് വര്‍ഗീയത; 'ഞങ്ങളും ഇവിടെ ഉണ്ടാകും' എന്നു പറയുന്നതാണ് സമുദായസ്‌നേഹം. 'നിങ്ങളുടേത് ഞങ്ങള്‍ക്കു വേണം' എന്നു പറയുന്നത് വര്‍ഗീയതയാണ്; 'ഞങ്ങളുടേത് ഞങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്' എന്നു പ്രഖ്യാപിക്കുന്നത് സമുദായസ്‌നേഹമാണ്. 'പൊതുമുതലെല്ലാം ഞങ്ങള്‍ അനുഭവിക്കും' എന്നു പറയുന്നതാണ് വര്‍ഗീയത; 'പൊതുമുതല്‍ ഞങ്ങള്‍ക്കും കൂടി അവകാശപ്പെട്ടതാണ്' എന്നു പറയുന്നതാണ് സമുദായസ്‌നേഹം. 'ഞങ്ങള്‍ മാത്രം വളരണം, കച്ചവടം ചെയ്യണം' എന്ന നിലപാടെടുക്കുന്നത് വര്‍ഗീയതയാണ്; 'ഞങ്ങളും വളരണം' എന്ന നിലപാട് സമുദായസ്‌നേഹമാണ്. 'ഇവിടെ ഒരു പാര്‍ട്ടിയും ഒരേതരം വസ്ത്രവും ഒരേതരം ഭക്ഷണവും മതി' എന്നു പറയുന്നത് വര്‍ഗീയതയാണ്. 'ഞങ്ങളുടെ രുചികളും ഞങ്ങളുടെ അഭിരുചികളും ഞങ്ങള്‍ തീരുമാനിക്കും' എന്നു വെളിപ്പെടുത്തുന്നതാണ് സമുദായബോധം. 'ഭരണഘടന വേണ്ട ഞങ്ങളുടെ മതഗ്രന്ഥം മതി ഇനിമുതല്‍' എന്നു പറയുന്നത് വര്‍ഗീയതയാണ്. 'ഭരണഘടന അനുവദിച്ചു തരുന്ന മതസ്വാതന്ത്ര്യം ഞങ്ങള്‍ക്കുവേണം' എന്നു പറയുന്നത് സമുദായസ്‌നേഹമാണ്. 'സര്‍ക്കാര്‍ ജോലികളും ക്ഷേമപദ്ധതികളും എല്ലാം ഞങ്ങള്‍ക്കുമാത്രം' എന്നു പറയുന്നത് വര്‍ഗീയതയാണ്; 'സര്‍ക്കാര്‍ ജോലികളും ക്ഷേമാനുകൂല്യങ്ങളും സാമൂഹികനീതിയും നിയമവും അനുസരിച്ച് ഞങ്ങള്‍ക്കും വേണം' എന്ന് പറയുന്നത് സമുദായസ്‌നേഹമാണ്. 'ഞങ്ങളുടെ നോമ്പിന് നിങ്ങളും ഉപവസിക്കണം' എന്നു പറയുന്നത് വര്‍ഗീയതയാണ്; 'ഞങ്ങളുടെ നോമ്പുകാലത്ത് ഞങ്ങള്‍ സൗകര്യംപോലെ ഉപവസിച്ചുകൊള്ളാം' എന്നു പറയുന്നത് സമുദായ സ്‌നേഹമാണ്.

സ്വന്തം സമുദായത്തിലെ അവശരെയും അവഗണിക്കപ്പെട്ടവരെയും മറന്ന് സാര്‍വത്രികസ്‌നേഹം പറയുമ്പോള്‍ സ്‌നേഹത്തെ സൗകര്യപൂര്‍വം നാം ഒരാശയമാക്കി ചുരുക്കുകയും സ്വന്തം സുരക്ഷിതമണ്ഡലങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്യാനുള്ള സാധ്യതയുണ്ട്.

സ്വന്തം സമുദായത്തില്‍പ്പെട്ടവരോട് പ്രത്യേക പരിഗണന കാണിക്കുന്നത് ക്രിസ്തീയമാണോ? ക്രിസ്തു പഠിപ്പിച്ച സാര്‍വത്രിക സ്‌നേഹത്തിനു വിരുദ്ധമല്ലേ അത് എന്ന ചോദ്യം ന്യായമാണ്. സ്വന്തം സമുദായത്തില്‍പ്പെട്ടവരെ സ്‌നേഹിക്കാനും പരിഗണിക്കാനുംവേണ്ടി ഇതരസമുദായത്തില്‍പ്പെട്ടവരെ ദ്രോഹിക്കുന്നതും അവരോട് അന്യായം കാണിക്കുന്നതും ക്രിസ്തീയമല്ല. എന്നാല്‍ സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി ശ്രമിക്കുന്നത് തെറ്റല്ല എന്നു മാത്രമല്ല, ആവശ്യവുമാണ്. സ്വന്തം കുടുംബത്തെ ഒരാള്‍ സ്‌നേഹിക്കുന്നതുകൊണ്ട് അന്യകുടുംബങ്ങള്‍ക്ക് അയാള്‍ എതിരാണ് എന്ന് വരുന്നില്ലല്ലോ. അതുപോലെയാണിതും. വിശുദ്ധ പൗലോസ് പഠിപ്പിച്ചു, എല്ലാവര്‍ക്കും നന്മ ചെയ്യണം, പ്രത്യേകിച്ച് വിശ്വാസത്താല്‍ ഒരേ കുടുംബത്തില്‍ അംഗങ്ങളായവര്‍ക്ക് (ഗലാ. 6:10). സ്‌നേഹത്തിന്റെ ശ്രേണിയെക്കുറിച്ച് പഠിപ്പിക്കുമ്പോള്‍ അന്യരെയാണോ അതോ സ്വന്തക്കാരെയാണോ ആദ്യം സ്‌നേഹിക്കേണ്ടത് എന്ന ചോദ്യം വിശുദ്ധ തോമസ് അക്വീനാസ് ഉന്നയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 'സ്വന്തക്കാര്‍' പ്രഥമ പരിഗണന അര്‍ഹിക്കുന്നു. ഇപ്പറഞ്ഞ 'സ്വന്തക്കാരെ' രക്തബന്ധമുള്ളവര്‍, സ്വന്തം രാജ്യക്കാര്‍, സ്വന്തം ട്രൂപ്പിലെ പട്ടാളക്കാര്‍ എന്നിങ്ങനെ പല തരത്തില്‍ അദ്ദേഹം വേര്‍തിരിക്കുന്നുണ്ട് (ST II-II q 26, a 8).

സ്വന്തം സമുദായത്തിലെ അവശരെയും അവഗണിക്കപ്പെട്ടവരെയും മറന്ന് സാര്‍വത്രികസ്‌നേഹം പറയുമ്പോള്‍ സ്‌നേഹത്തെ സൗകര്യപൂര്‍വം നാം ഒരാശയമാക്കി ചുരുക്കുകയും സ്വന്തം സുരക്ഷിതമണ്ഡലങ്ങളിലേക്ക് ഒതുങ്ങുകയും ചെയ്യാനുള്ള സാധ്യതയുണ്ട്. ആര്‍ക്കും തൊടാനാവാത്ത ഉയരത്തില്‍ പറക്കുന്നവര്‍ക്ക് സാര്‍വത്രിക സ്‌നേഹം മാത്രം പറഞ്ഞാല്‍ മതിയാകും, എന്നാല്‍ വീണുകിടക്കുന്നവര്‍ക്കും മുട്ടിലിഴയുന്നവര്‍ക്കും സമുദായസ്‌നേഹത്തിന്റെ കൈത്താങ്ങുകൂടി ആവശ്യമുണ്ട്. എല്ലാവരും എല്ലാവരുടെയും കാര്യം നോക്കാത്ത കാലത്ത് ഓരോരുത്തരും അവനവന്റെ കാര്യം നോക്കുന്നത് തെറ്റല്ല. എല്ലാവരും സ്വന്തം കാര്യം മാത്രം ഉറപ്പാ ക്കാന്‍ ശ്രമിക്കുന്ന കാലത്ത് സ്വന്തം സമുദായത്തിന്റെ കാര്യം നോക്കാതിരിക്കുന്നത് തെറ്റാണ്. ഇവിടെയും ആവര്‍ത്തിക്കട്ടെ, അത് മറ്റുള്ളവരുടെ ചെലവില്‍ ആകരുതെന്ന് മാത്രം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org