
നല്ല കൊച്ചായിരിക്കണം എന്നു കേട്ടു മടുത്ത ശൈശവവും നല്ലവനായിരിക്കണം എന്നു കേട്ടു വശംകെട്ട ബാല്യ കൗമാരങ്ങളും യൗവ്വനവും മിക്കവര്‍ക്കും ഉണ്ടാകും. നല്ലവനാകണം എന്ന ഉപദേശമന്ത്രം കേട്ടു വളരുന്നയാള്‍ സ്വഭാവികമായും ചില നല്ല ഗുണങ്ങള്‍ ആര്‍ജ്ജിക്കാന്‍ പൊതുവേ ശ്രമിക്കും; പുണ്യങ്ങള്‍ എന്നു ക്രിസ്തീയ ഭാഷയില്‍ പറയാം. എന്നാല്‍ ഇതൊന്നും സുവിശേഷത്തിന്റെ നേര്‍ശൈലിയല്ല. പിതാവിന്റെ ഹിതം നിര്‍വഹിക്കലാണ് തന്റെ ദൗത്യമെന്ന് ഈശോ വ്യക്തമാക്കി (യോഹ 6:38). പുണ്യസമ്പന്നനാവുകയാണ് തന്റെ ജീവിതവ്രതമെന്ന് ഈശോ ഒരിക്കലും ധ്വനിപ്പിക്കുന്നു പോലുമില്ല. ദൈവത്തെ പ്രസാദിപ്പിക്കലാണ് തന്റെ ജീവിത നിയോഗമെന്ന് വിശുദ്ധ പൗലോസ് പറഞ്ഞു (ഗലാ. 1:10). ഏതാനും ഗുണഗണങ്ങള്‍ സ്വന്തമാക്കി നല്ലവനോ നല്ലവളോ ആയി മാറുകയല്ല ക്രിസ്തീയതയുടെ ലക്ഷ്യം. കാരണം, ദൈവത്തെ പ്രസാദിപ്പിക്കാന്‍ ഉദ്യമിക്കാതെ കേവലം പുണ്യങ്ങളിലും മനുഷ്യര്‍ കൈയ്യടിച്ച് അംഗീകരിക്കുന്ന സാമൂഹിക ഗുണങ്ങളിലും അഭിരമിക്കുന്നവര്‍ ക്രിസ്തീയ ജീവിതത്തെ സൗകര്യപൂര്‍വ്വം തെറ്റിധരിക്കുന്നവരാണ്.
ഇരുപതാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്രജ്ഞരില്‍ പ്രമുഖനാണ് കാള്‍ബാര്‍ത്ത്. അദ്ദേഹം ഒരിക്കല്‍ പറഞ്ഞു, എനിക്ക് ഒരാളെ അറിയാം. സസ്യാഹാരിയാണയാള്‍. പുകവലിക്കില്ല. മദ്യപിക്കില്ല. ആഡംഭരങ്ങള്‍ ഒന്നുമില്ല. പിന്നെ അയാള്‍ക്കാകട്ടെ, കുട്ടികളോട് വലിയ ഇഷ്ടവും. ആ മനുഷ്യന്റെ പേര് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്നാണ്. നാത്‌സി ഭീകരതയുടെ ഭാഗമായി 60 ലക്ഷം യഹൂദരെ അഞ്ചു വര്‍ഷംകൊണ്ട് കൊന്നൊടുക്കിയ ആ കിരാതനുമുണ്ടായിരുന്നു കുറെ സദ്ഗുണങ്ങള്‍. ഒരാളുടെ ചില യഥാര്‍ത്ഥ പുണ്യങ്ങള്‍ അയാളിലെ യഥാര്‍ത്ഥ കൊടുംതിന്മകള്‍ക്ക് മറയായി മാറാം എന്ന് കാള്‍ ബാര്‍ത്ത് സൂചിപ്പിക്കുകയായിരുന്നു. അതായത്, ദൈവഹിതത്തോടു ബന്ധപ്പെടുത്തി പരിഗണിച്ചില്ലെങ്കില്‍ നാം നമ്മിലും മറ്റുള്ളവരിലും കൊണ്ടാടുന്ന പുണ്യങ്ങള്‍ അവയില്‍ത്തന്നെ പുണ്യങ്ങളായിരിക്കണമെന്നില്ല.
ഒരുവന്റെ പുണ്യങ്ങള്‍ അയാളിലെ ചില തിന്മകള്‍ ഒളിപ്പിക്കാനുള്ള ഓമല്‍കവചമായി മാറാം. പതിനേഴാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് മഹാകവി ജോണ്‍ മില്‍ട്ടന്‍ എഴുതിയ കാവ്യമാണ് Paradise Lost. ദൈവകല്പന ലംഘിച്ച ഹവ്വ പഴം പറിച്ചു തിന്നതിനോടൊപ്പം എന്തിന് ആദത്തിനു കൊടുത്തു? മില്‍ട്ടന്റെ ഭാവനയില്‍ ഹവ്വായുടെ മനോവ്യാപാരങ്ങള്‍ ഇങ്ങനെയാണ്: ദൈവം പറഞ്ഞതുപോലെയാണെങ്കില്‍ കല്പന ലംഘിക്കുന്നതോടെ ഞാന്‍ മരിക്കും. അപ്പോള്‍ ആദം ഒറ്റക്കാകും. പിന്നീട് ആദം മറ്റൊരാളെ കല്യാണം കഴിച്ച് ജീവിക്കും. അതു വേണ്ട. എനിക്ക് ആദത്തെ അത്രയ്ക്ക് ഇഷ്ടമാണ്. മരിക്കുന്നെങ്കില്‍ ഒന്നിച്ച്, ജീവിക്കുന്നെങ്കിലും ഒന്നിച്ച്. മില്‍ട്ടന്‍ പറയാതെ പറയുന്നു, ഹവ്വയുടേത് പുണ്യത്തില്‍ പൊതിഞ്ഞുപിടിച്ച അസൂയയാണ്. ഹവ്വായുടെ ഉള്ളില്‍നിന്ന് വരുന്നത് സ്‌നേഹമാണ്, പക്ഷേ അതിന്റെ അടിത്തട്ടില്‍ കിടക്കുന്നത് അസൂയയാണ്. ഇങ്ങനെയൊക്കെ മനസ്സിന്റെ അടിത്തട്ടില്‍ മനുഷ്യര്‍ സ്വയം വഞ്ചിക്കുമോ? ന്യായമായും നമുക്ക് സംശയിക്കാം. ആറാം നൂറ്റാണ്ടില്‍ Liber Regulae Pastoralis (അജപാലന നിയമങ്ങള്‍) എന്ന പുസ്തകമെഴുതിയത് മഹാനായ പാപ്പാ വിശുദ്ധ ഗ്രിഗരിയാണ്. ആ ഗ്രന്ഥത്തില്‍ അദ്ദേഹം നല്കുന്ന ഒരു മുന്നറിയിപ്പുണ്ട്: നിന്റെ മനസ്സ് നിന്റെ മനസ്സിനോട് കള്ളം പറഞ്ഞേക്കാം. അ സാധാരണമായ ഒരു ഉള്‍ക്കാഴ്ച് ഇതിലുണ്ട്. അതായത്, ദൈവികപ്രകാശത്തില്‍ സ്വയം നിറുത്താത്ത ഒരാള്‍ക്ക് സ്വന്തം മനസ്സ് തന്നോടു കള്ളം പറഞ്ഞു കൊണ്ടിരിക്കുകയാണോ എന്ന് തിരിച്ചറിയാന്‍ പറ്റണമെന്നില്ല. സ്വന്തം നന്മകളെക്കുറിച്ചുള്ള ധാരണയില്‍ ഒരാളുടെ മനസ്സ് അയാളോട് നുണ പറയാം!
ചുരുക്കത്തില്‍, നല്ല ഗുണ ങ്ങളുള്ള പുണ്യമനുഷ്യന്‍ ആകുക എന്നതല്ല പ്രധാനം; ദൈവത്തെ പ്രസാദിപ്പിക്കുന്ന വ്യക്തിയായി മാറലാണ്. എന്നാല്‍ ഒരാള്‍ ദൈവത്തെ പ്രസാദിപ്പിക്കാന്‍ ഉദ്യമിച്ചു തുടങ്ങുമ്പോള്‍ അയാളില്‍ പുണ്യങ്ങള്‍ തനിയേ പുഷ്പ്പിക്കാന്‍ ആരംഭിക്കും.
കേവലം നല്ലവനാകാന്‍ ശ്രമിക്കുന്ന ഒരാള്‍ക്ക് ദൈവത്തെ ഒഴികെ എല്ലാവരെയും പ്രസാദിപ്പിക്കാനുള്ള വ്യഗ്രതയുണ്ടാകും. അത്തരക്കാരുടെ നന്മകള്‍ക്ക് കിഴക്കുനിന്നും പടിഞ്ഞാറു നിന്നും കൈയ്യടി ഉറപ്പാണ്. എന്നാല്‍ ദൈവത്തെ പ്രസാദിപ്പിക്കാന്‍ ശ്രമിക്കുന്നത് ചിലവേറിയ കാര്യമാണ്. അത്തരക്കാര്‍ക്ക് കൂടും കൂട്ടുകാരും അതിവേഗം നഷ്ടപ്പെടും. അവരുടെ പൊതു സമ്മതി കൈമോശം വരും. ആയിരക്കണക്കിനു ഇസ്രായേല്ക്കാരുടെ ഇടയില്‍ ചരിക്കുമ്പോഴും മോശ എന്തു വലിയ ഏകാന്തവാസിയായിരുന്നു! ഏലിയാ പ്രവാചകന്റെ സ്ഥിതിയും മറ്റൊന്നല്ല. ഈശോയുടെ ജനപ്രീതി ഒലിച്ചുപോകുന്ന സന്ദര്‍ഭങ്ങള്‍ സുവിശേഷത്തില്‍ കാണാം. ജീവന്റെ അപ്പത്തെക്കുറിച്ചുള്ള പ്രബോധനം അവന്റെ ശിഷ്യന്മാര്‍ ഉള്‍പ്പടെയുള്ളവരെ ഈശോയില്‍നിന്ന് അകറ്റിക്കളഞ്ഞു.
കുട്ടികളോട് നല്ലവരാകണം എന്നു നമുക്കു പറയാം; പറയണം. എന്നാല്‍ മുതിര്‍ന്നവരോട് നല്ല അപ്പനാകണം, നല്ല അമ്മയാകണം, നല്ല അച്ചനാകണം, നല്ല കൃഷിക്കാരനാകണം, നല്ല ഉദ്യോഗസ്ഥനാകണം എന്നു പറഞ്ഞാല്‍ പോരാ. ദൈവത്തെ പ്രസാദിപ്പിക്കുന്ന അപ്പന്‍, അമ്മ, അച്ചന്‍, കൃഷിക്കാരന്‍, ഉദ്യോഗസ്ഥന്‍... ആകണം എന്നു പറയേണ്ടതുണ്ട്.