ഒരു ദൈവമേയുള്ളൂ; ആ ദൈവത്തിലേക്കുള്ള പല വഴികളാണ് വിവിധ മതങ്ങള്‍ എന്ന് ഫ്രാന്‍സിസ് പാപ്പ തന്റെ സിംഗപ്പൂര്‍ സന്ദര്‍ശനത്തില്‍ പറഞ്ഞു. ദൈവികത പ്രകാശിപ്പിക്കുന്ന വിവിധ ഭാഷകള്‍പോലെയാണവ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതാകട്ടെ, ചെറുതല്ലാത്ത വിവാദങ്ങള്‍ക്ക് കാരണമായി. അദ്ദേഹത്തെ ഇക്കാര്യത്തില്‍ ഒറ്റയടിക്ക് തള്ളിക്കളഞ്ഞ മെത്രാന്മാര്‍ ആഗോളസഭയില്‍ ഉണ്ടായി. അദ്ദേഹം വിശ്വാസവിരുദ്ധമായി പഠിപ്പിക്കുന്നു എന്ന നിരീക്ഷണവും ശക്തമായി ഉന്നയിക്കപ്പെട്ടു. എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള പാതകളാണെങ്കില്‍ എന്തിനു നാം ക്രൈസ്തവ മതത്തില്‍ വിശ്വസിക്കണം? എന്തിന് ക്രിസ്തീയത പ്രസംഗിക്കപ്പെടണം? എന്തിന് പ്രേഷിതപ്രവര്‍ത്തനം നടത്തണം? മതമേതായാലും മനുഷ്യര്‍ നന്നായാല്‍ പോരേ? ഈ ചോദ്യങ്ങളെല്ലാം പല വേദികളില്‍നിന്നും ഉയര്‍ന്നുവന്നു. ഈ സാഹചര്യത്തില്‍ മാര്‍പാപ്പയുടെ പ്രസ്താവം ശ്രദ്ധാപൂര്‍വകമായ പരിഗണന അര്‍ഹിക്കുന്നുണ്ട്.
2024 സെപ്റ്റംബര്‍ 13 ന് വിവിധ മതക്കാര്‍ ഉള്‍പ്പെടുന്ന ഒരു പൊതുസമ്മേളനത്തില്‍ ഉയര്‍ന്ന ഏതാനും ചോദ്യങ്ങള്‍ക്ക് പാപ്പ ഉത്തരം പറയുകയായിരുന്നു. അതായത്, അദ്ദേഹം ഈ വിഷയത്തില്‍ നല്കിയത് സമഗ്രമായ ഒരു മറുപടിയല്ല. ഏത് മതവിശ്വാസിക്കും മനസ്സിലാക്കാന്‍ കഴിയുന്ന പ്രാഥമികമായ ഒരു സമീപനം വ്യക്തമാക്കി എന്നേയുള്ളൂ. എന്നാല്‍ ഈ വിഷയത്തില്‍ ക്രൈസ്തവരെ സംബന്ധിച്ച് കുറച്ചധികം കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തുപറഞ്ഞാലേ ആശയക്കുഴപ്പങ്ങള്‍ ഒഴിവാകൂ; വിശ്വാസകാര്യങ്ങളില്‍ വ്യക്തത ഉണ്ടാകൂ.
എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള പാതകളാണെങ്കില്‍ എന്തിനു നാം ക്രൈസ്തവ മതത്തില്‍ വിശ്വസിക്കണം? എന്തിന് ക്രിസ്തീയത പ്രസംഗിക്കപ്പെടണം? എന്തിന് പ്രേഷിതപ്രവര്‍ത്തനം നടത്തണം? മതമേതായാലും മനുഷ്യര്‍ നന്നായാല്‍ പോരേ?
എല്ലാ മതങ്ങളും മനുഷ്യരെ ദൈവത്തിലേക്ക് നയിക്കുന്നു എന്ന് പ്രാഥമികമായ അര്‍ത്ഥത്തില്‍ പറയാം. എന്നാല്‍ ഉടനെ കൂട്ടിച്ചേര്‍ക്കാനുണ്ട്, എല്ലാ മതങ്ങളും ഒരുപോലെയല്ല. കാരണം, ഓരോ മതത്തിന്റെയും ദൈവസങ്കല്പം വ്യത്യാസപ്പെട്ടിരിക്കും. ചില മതങ്ങളില്‍ ദൈവം ഒരു വിഷയംപോലും ആകണമെന്നില്ല. മതങ്ങള്‍ തമ്മില്‍ വിശ്വാസധാരണകളില്‍ അന്തരം ഉണ്ടായിരിക്കും. അവ മുന്നോട്ടുവയ്ക്കുന്ന ജീവിതക്രമവും പലപ്പോഴും ഭിന്നമായിരിക്കും. ചില മതങ്ങളാകട്ടെ, നിത്യകാലം ദൈവാന്വേഷണ ഘട്ടത്തിലായിരിക്കും. അതായത്, അവയില്‍ ദൈവികവെളിപാടുകള്‍ ഇല്ല. എന്നാല്‍ വെളിപാടുകള്‍ ആധാരമാക്കി ദൈവപാത വ്യക്തമാക്കുന്ന മതങ്ങളുണ്ട്. ചുരുക്കത്തില്‍, എല്ലാ മതങ്ങളും ഒരുപോലെയല്ല.
ക്രൈസ്തവികത മുന്നോട്ടുവയ്ക്കുന്ന കാര്യം സമഗ്രമായ മനുഷ്യരക്ഷയാണ്. ഈ രക്ഷയുടെ ഘടകം വിട്ടുകളഞ്ഞാല്‍ ക്രൈസ്തവികത ഒരു സംസ്‌കാരമോ ധര്‍മ്മവിചാരമോ ആയി ചുരുങ്ങിപ്പോകും. മനുഷ്യരക്ഷയാകട്ടെ, ക്രിസ്തുവിലൂടെ മാത്രമാണ് മനുഷ്യര്‍ക്ക് ലഭിക്കുന്നത് (സാര്‍വത്രിക മതബോധന ഗ്രന്ഥം 846). ക്രൈസ്തവ മതത്തിന്റെയും അതിലുപരി സഭയുടെയും സവിശേഷത ക്രിസ്തുവിനെ കാലാകാലങ്ങളില്‍ മനുഷ്യര്‍ക്ക് സംലഭ്യനാക്കുന്നു എന്നുള്ളതാണ്. അതായത്, ദൈവവചനത്തിലൂടെയും കൂദാശ കളിലൂടെയും സഭാഗാത്രത്തിലൂടെയും ക്രിസ്തു മനുഷ്യര്‍ക്ക് സമീപസ്ഥനാകുന്നു; അവര്‍ രക്ഷ സ്വീകരിക്കാന്‍ ഇടയാകുന്നു. മറ്റ് മതങ്ങള്‍ക്ക് ഈ സവിശേഷത അവകാശപ്പെടാനില്ല.
മറ്റു മതങ്ങളിലും സത്യത്തിന്റെ അംശം ഉണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇക്കാര്യം പഠിപ്പിച്ചിട്ടുണ്ട് (Nostra Aetate, #2). മറ്റു മതങ്ങളിലെ നന്മയായതും പരിശുദ്ധമായതുമായ ഒന്നിനെയും സഭ തള്ളിക്കളയുന്നില്ല. എന്നാല്‍ സത്യത്തിന്റെ പൂര്‍ണ്ണതയായ ക്രിസ്തു സഭയിലാണ് പൂര്‍ണ്ണമായും സന്നിഹിതനാകുന്നത്. സത്യം എന്നാല്‍ ദാര്‍ശനികസത്യം എന്നോ ശാസ്ത്രസത്യങ്ങള്‍ എന്നോ അല്ല ഇവിടുത്തെ അര്‍ത്ഥം. സത്യം എന്നതിന്റെ അര്‍ത്ഥം മനുഷ്യരക്ഷയ്ക്കുവേണ്ട കാര്യങ്ങളുടെ ഉള്ളടക്കം എന്നാണ്. രക്ഷാമാര്‍ഗം വെളിപ്പെടുത്തുന്നതില്‍ എല്ലാ മതങ്ങളും ഒരുപോലെയല്ല. ഇതിന്റെ കുറച്ചുകൂടെ കൃത്യതയാര്‍ന്ന അര്‍ത്ഥമിതാണ്: എല്ലാ മതങ്ങളും ദൈവത്തിലേക്കുള്ള വഴികളാണെന്ന് കരുതിയാലും അവ തുല്യമഹത്വമുള്ള വഴികളല്ല.
ക്രിസ്തുവാണ് ഏകരക്ഷാമാര്‍ഗമെന്ന് പഠിപ്പിക്കുമ്പോഴും മറ്റ് മതസ്ഥര്‍ രക്ഷിക്കപ്പെടില്ല എന്ന് സഭ പഠിപ്പിക്കുന്നില്ല. മറ്റ് മതങ്ങളില്‍ ദൈവത്തിന്റെ കൃപ പ്രവര്‍ത്തനനിരതമാവുകയില്ല എന്ന ബോധ്യം സഭയ്ക്കില്ല. ക്രിസ്തുവിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെങ്കിലും സത്യസന്ധമായ ഹൃദയത്തോടെ ദൈവത്തെ തേടുന്നവരും സ്വന്തം മനഃസാക്ഷിയുടെ സ്വരത്തില്‍ ദൈവഹിതം തിരിച്ചറിഞ്ഞ് അത് പാലിക്കുന്നവരും നിത്യരക്ഷ നേടാം എന്നാണ് സഭയുടെ പ്രബോധനം (Gaudium et Spes, 22).
മതങ്ങളെല്ലാം ദൈവത്തിലേക്കുള്ള വഴികളാണെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു, അതുകൊണ്ട് ക്രിസ്തീയ വിശ്വാസം മറ്റേത് മതവിശ്വാസവുംപോലെയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍, അവര്‍ പാപ്പയുടെ ചിതറിയ ഒരു പ്രസ്താവത്തിന്റെ മറവില്‍ സ്വന്തം വിശ്വാസത്തെ നിസാരവല്‍ക്കരിക്കുകയാണ്. ഇങ്ങനെ പറയുകവഴി പാപ്പ പാഷണ്ഡത പഠിപ്പിച്ചു എന്ന് ആരെങ്കിലും ആരോപിച്ചാല്‍, അവര്‍ പാപ്പയുടെ ആ പ്രസ്താവത്തെ അതിന്റെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി വിധിപറയുകയാണ്. രണ്ടും ഒഴിവാക്കപ്പെടേണ്ടതാണ്. ഇനി, മാര്‍പാപ്പ പറഞ്ഞതില്‍ എന്തെങ്കിലും ഗുണഫലമുണ്ടോ? വ്യത്യസ്ത മതവിശ്വാസികളോട് പാപ്പ പറയുകയായിരുന്നു, ഒരേ ദൈവത്തിലേക്ക് സഞ്ചരിക്കുന്ന പല വഴികളാണ് നമ്മള്‍. ദൈവത്തെപ്രതി നാം പരസ്പരം പോരടിക്കരുത്.