ചില മ്യൂസിയം അനുഭവങ്ങൾ

ചില മ്യൂസിയം അനുഭവങ്ങൾ
Published on

ഈയിടെ മാതൃഭൂമി വാരികയിൽ ശ്രദ്ധേയമായ ഒരു കഥ വായിക്കാനിടയായി. (കഥ: സമനില, രചന: അമൽ, ലക്കം: 44) ആധുനിക നഗരജീവിതത്തിന്റെ തീക്ഷ്ണമായ ചില അനുഭവങ്ങൾ കഥാകൃത്ത് അവിടെ വരച്ചിടുന്നുണ്ട്. നിർമ്മിത ബുദ്ധിയുടെയും, ഡിജിറ്റൽ ജീവിതങ്ങളുടെയും, ജീവിതമത്സരങ്ങളുടെയും കാലത്തു മനുഷ്യർക്ക് നഷ്ടമാകുന്ന അനുഭവങ്ങൾ എന്തൊക്കെയാണ് ?

നഗരജീവിതത്തിന്റെ അർഥവും അർഥമില്ലായ്മയും, തിരക്കും ഒക്കെ അവതരിപ്പിക്കുന്ന കഥയിൽ ഒരു മ്യൂസിയം കടന്നു വരുന്നുണ്ട്. മഹാനഗരങ്ങളിൽ എപ്പോഴും നമ്മൾ കൃത്രിമമായി സൃഷ്‌ടിച്ച കഠിനമായ പ്രതലങ്ങളിലൂടെയാണ് നടക്കുന്നത് എലിവേറ്റർ, സബ്‌വേ, എയർപോർട്ട്, മെട്രോ, മാൾ, പാർക്കിംഗ്, അപ്പാർട്മെന്റ് തുടങ്ങി എല്ലായിടത്തും ദൃഢമായ പരന്ന പ്രതലങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്. അതിലൂടെയാണ് നമ്മൾ നടക്കുന്നത്. ഇക്കാരണം കൊണ്ട് നമ്മുടെ ശരീരത്തെ, അതിന്റെ ഭാരത്തെയൊക്കെ മറക്കാൻ നമുക്ക് സാധിക്കുന്നു.

അതുകൊണ്ടു തന്നെ, നിരപ്പല്ലാത്ത, ദൃഢമല്ലാത്ത പ്രതലങ്ങളുടെ ഒരു അനുഭവമാണ് ആ മ്യൂസിയത്തിൽ ഒരിടത്ത് ഒരുക്കി വച്ചിരിക്കുന്നത്. കാൽ വച്ചാൽ കുഴിഞ്ഞു പോകുന്ന ഇടങ്ങൾ, മണൽ, ചെളി, ചെറിയൊരു ഗർത്തം, ചെറിയ കുന്ന്, വയൽ വരമ്പ് തുടങ്ങിയവ എല്ലാം മനുഷ്യന് അനുഭവിച്ച് അറിയാൻ അവിടെ ഒരുക്കിയിട്ടുണ്ട്. അതിലൂടെ നടന്നു ആഹ്ലാദിക്കുന്ന മനുഷ്യരെ നമ്മൾ കഥയിൽ കാണുന്നു. അന്യമാകുന്ന മനുഷ്യാനുഭവങ്ങളിലേക്കു കഥ നമ്മെ സാവധാനം കൊണ്ട് പോകുന്നു.

സാങ്കേതിക വിദ്യകളുടെ ഒരു പ്രധാന ഉദ്ദേശ്യം മനുഷ്യന്റെ ജീവിതം കൂടുതൽ ആയാസ രഹിതമാക്കുക, ആവർത്തന സ്വഭാവമുള്ള, വിരസമായ, ശാരീരിക അധ്വാനം കൂടുതൽ ആവശ്യമുള്ള ജോലികളിൽ നിന്നൊക്കെ അവനെ സ്വതന്ത്രമാക്കുക എന്നൊക്കെ ആയിരുന്നു. മനുഷ്യന്റെ അങ്ങനെയുള്ള ചില ജോലികൾ യന്ത്രങ്ങൾ ഏറ്റെടുക്കുമ്പോൾ, കാലക്രമേണ മനുഷ്യന് ചില കഴിവുകൾ നഷ്ടപ്പെടുന്നു.

നമ്മൾ ജീവിച്ചതിനെക്കാളും വളരെ വ്യത്യസ്തമായ അനുഭവങ്ങളിലൂടെയാണ് പുതിയ തലമുറ കടന്ന് പോകുന്നത്. സാങ്കേതിക വിദ്യകളുടെ ഒരു പ്രധാന ഉദ്ദേശ്യം മനുഷ്യന്റെ ജീവിതം കൂടുതൽ ആയാസരഹിതമാക്കുക, ആവർത്തന സ്വഭാവമുള്ള, വിരസമായ, ശാരീരിക അധ്വാനം കൂടുതൽ ആവശ്യമുള്ള ജോലികളിൽ നിന്നൊക്കെ അവനെ സ്വതന്ത്രമാക്കുക എന്നൊക്കെ ആയിരുന്നു. മനുഷ്യന്റെ അങ്ങനെ ഉള്ള ചില ജോലികൾ യന്ത്രങ്ങൾ ഏറ്റെടുക്കുമ്പോൾ, കാലക്രമേണ മനുഷ്യന് ചില കഴിവുകൾ നഷ്ടപ്പെടുന്നു. അവയിൽ ചിലതു എന്തുകൊണ്ടും മനുഷ്യന്റെ ജീവിതത്തിന്റെ ക്വാളിറ്റി മെച്ചപ്പെടുത്തുന്നവ തന്നെയാണ്.

പക്ഷെ എല്ലാറ്റിനും ഒടുവിൽ, മനുഷ്യൻ തനിയെ ചെയ്യേണ്ടത് എന്തൊക്കെ, മനുഷ്യനെ മനുഷ്യനാക്കുന്നതു എന്തൊക്കെ എന്ന ചോദ്യങ്ങളും ഉയരുന്നുണ്ട്. ആധുനിക നഗരമനുഷ്യന്റെ ജീവിതത്തിലേക്ക് വരുമ്പോൾ നമ്മെ ആകമാനം ചൂഴ്ന്നു നിൽക്കുന്ന സാങ്കേതിക വിദ്യകളുടെ ഇമ്പാക്ട് വളരെ പ്രകടമാണെന്നു കാണാം. ഈ കാലഘട്ടത്തിൽ ഒരുപാടു മനുഷ്യരെ നിരീക്ഷിച്ചാൽ മനുഷ്യൻ എന്നാൽ, സദാ സമയവും ഫോൺ സ്ക്രോൾ ചെയ്തു അത് നോക്കി ഇരിക്കുന്ന ഒരു ജീവിയാണെന്ന് തോന്നിപ്പോകും.

ശരീരത്തിന്റെ പൂർണമായ ഒരു അനുഭവം ഒരുപാടു മനുഷ്യർ അറിയുന്നില്ല. മൊബൈൽ സ്ക്രീൻ, ലാപ്ടോപ്പ് സ്ക്രീൻ, ടെലിവിഷൻ സ്ക്രീൻ എന്നിവയുടെ ഇടയിലുള്ള ഒരു ജീവിതം. ഇതിനോട് അനുബന്ധിച്ചു മനുഷ്യന്റെ ദൈനംദിന ശീലങ്ങളിൽ കാര്യമായ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഓൺലൈൻ ഫുഡ് ഡെലിവറി ഒക്കെ വ്യാപകമായതോടു കൂടി, പാചകം എന്നുള്ളത് വളരെ എളുപ്പത്തിൽ ഒഴിവാക്കാൻ പറ്റുന്ന ഒന്നായി മാറുന്നുണ്ട്.

പൂർണമായും ഓൺലൈൻ ഫുഡ്ഡിനെ ആശ്രയിക്കുന്നവരുടെ എണ്ണം നഗരങ്ങളിൽ കൂടി വരുന്നുണ്ട്. വീട്ടുകാർ ഒരുമിച്ചു ആഹാരം ഉണ്ടാക്കുന്നതും, കഴിക്കുന്നതും കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുന്ന ഒന്നാണ്, പാചകം പതിയെ അപ്രത്യക്ഷമാകുമ്പോൾ ഈ കാര്യങ്ങളും ഇല്ലാതെ ആകുന്നു. പുരോഗതി എന്ന് പറയുന്നത് ശരീരം ഒട്ടും അനങ്ങാതെ കസേരയിൽ ഇരുന്നു ജോലി ചെയ്തു, ഫോണും ടെലിവിഷനും കണ്ടു, ആഹാരം ഓർഡർ ചെയ്തു കഴിക്കുന്നതാണ് എന്ന ഒരു ലളിതമായ സങ്കൽപ്പത്തിലേക്കു മനുഷ്യൻ വരുന്നു.

നിർമ്മിത ബുദ്ധിയും ശാസ്ത്ര സാങ്കേതിക വിദ്യകളും നമുക്ക് സങ്കൽപ്പിക്കാൻ പറ്റുന്നതിലും വേഗം വളരുമ്പോൾ, പലരും പറയുന്ന ഒരു കാര്യം, യന്ത്രങ്ങൾ കൂടുതലായി മനുഷ്യരെപ്പോലെ ആകുന്നു എന്നതിനേക്കാളും മനുഷ്യർ കൂടുതലായി യന്ത്രങ്ങളെപ്പോലെ ആകുന്നു എന്നതാണ് നമ്മെ അലട്ടേണ്ടത് എന്നാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്.

പുതിയ കാലത്തെ പല ബിസിനസ് മോഡലുകൾ ലക്ഷ്യം വയ്ക്കുന്ന ഒരു കാര്യം, മനുഷ്യന്റെ പരമമായ കംഫർട് എന്നതാണ്. ചെറിയ നടപ്പോ, ചെറിയ അധ്വാനമോ പോലും ഇല്ലാതെയാക്കുന്ന ഐഡിയ ഒക്കെ ആകർഷകമാണ്. ഈയിടെ ഇന്ത്യ മുഴുവൻ ശ്രദ്ധ ആകർഷിച്ച instant ഡെലിവറി ചെയ്യുന്നവരുടെ സമരം ഇവിടെ ശ്രദ്ധേയമാണ്. പത്തു മിനിറ്റിനുള്ളിൽ വീട്ടിൽ സാധങ്ങൾ ഡെലിവറി ചെയ്യുന്ന ബിസിനസ് മോഡൽ വലിയ ഹിറ്റ് ആയിരുന്നു.

വീടിനു തൊട്ടു അടുത്തുള്ള കടയിൽ പോലും പോകേണ്ട ആവശ്യം ഇല്ലാതെ, ഏതാനും മിനിട്ടുകൾക്കുള്ളിൽ വീട്ടിൽ ആവശ്യമുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന സൗകര്യം ആളുകൾ സന്തോഷത്തോടെ സ്വീകരിച്ചു. ഇതിനു ഒരു മറുവശം കൂടിയുണ്ട്. അത് ഈ വിഭാഗത്തിൽപെട്ട ലക്ഷക്കണക്കിന് തൊഴിലാളികൾ കടന്നു പോകുന്ന ഒരു ചൂഷണവും കൂടിയാണ്. എത്രയും കൂടുതൽ ഡെലിവറികൾ ഏറ്റവും കുറഞ്ഞ സമയത്തു ചെയ്യുന്നതാണ് വേതനത്തിന്റെ മാനദണ്ഡം എന്നാകുമ്പോൾ, തൊഴിലാളികൾ നേരിടുന്ന കടുത്ത സമ്മർദ്ദം, ആരോഗ്യപ്രശ്നങ്ങൾ, റോഡ് അപകടങ്ങളൊക്കെ ചൂണ്ടി കാണിച്ചായിരുന്നു പണിമുടക്ക്. അതിന്റെ ഫലമായി, പത്തു മിനിറ്റ് ഡെലിവറി മോഡൽ തന്നെ ഇപ്പോൾ നിർത്തി എന്ന് അറിയുന്നു. അതായത്, ഒരു വിഭാഗം മനുഷ്യരുടെ സൗകര്യത്തിനുവേണ്ടി, തൊഴിൽ ഇല്ലാത്ത ഒരു ജനവിഭാഗം, കടുത്ത ചൂഷണവും, കഠിനമായ തൊഴിൽ സാഹചര്യവും അനുഭവിച്ചു ജോലി ചെയ്യാൻ നിർബ്ബന്ധിതർ ആകേണ്ടി വന്നു എന്ന ഒരു യാഥാർഥ്യവുമുണ്ട്.

നിർമ്മിത ബുദ്ധിയും ശാസ്ത്ര സാങ്കേതിക വിദ്യകളും നമുക്ക് സങ്കൽപ്പിക്കാൻ പറ്റുന്നതിലും വേഗം വളരുമ്പോൾ, പലരും പറയുന്ന ഒരു കാര്യം, യന്ത്രങ്ങൾ കൂടുതലായി മനുഷ്യരെപ്പോലെ ആകുന്നു എന്നതിനേക്കാളും നമ്മെ അലട്ടേണ്ടത്, മനുഷ്യർ കൂടുതലായി യന്ത്രങ്ങളെപ്പോലെ ആകുന്നു എന്നതാണ് എന്നാണ്. ഇതിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. നമ്മെ ചിന്തിപ്പിക്കേണ്ടതുമാണ്.

മനുഷ്യൻ അവന്റെ ചിന്താശേഷിയും, ഓർമ്മയും പൂർണമായും യന്ത്രങ്ങൾക്ക് വിട്ടുകൊടുക്കുന്ന അവസ്ഥകൾ. ഡാറ്റ മാത്രം നോക്കി തീരുമാനങ്ങൾ എടുക്കാൻ തുടങ്ങുമ്പോൾ, മനുഷ്യൻ മനുഷ്യനോട് കാണിക്കേണ്ട സ്വാഭാവികമായ അനുകമ്പ പോലും ഇല്ലാതെയാകുന്ന സാഹചര്യം. അതുപോലെ സ്ക്രീനിനു ചുറ്റും മാത്രം ജീവിക്കുമ്പോ, യാഥാർത്ഥ്യമായുള്ള ജീവിതാനുഭവങ്ങൾ തന്നെ നഷ്ടമാവുന്നു. തുടക്കത്തിലേ കഥയിൽ കണ്ടതുപോലെ, സ്വാഭാവികമായുള്ള ഒരുപാടു അനുഭവങ്ങൾ, മ്യൂസിയത്തിൽ മാത്രം ലഭ്യമാകുന്ന അവസ്ഥയാണ് അതിന്റെ പാരമ്യം.

  • ലേഖകന്റെ ബ്ലോഗ്:

  • www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org