'പന്ത്രണ്ട്' എന്ന സുവിശേഷം

'പന്ത്രണ്ട്' എന്ന സുവിശേഷം

ഏതുവിധേനയും പുനഃരാഖ്യാനിക്കാനും അപനിര്‍മ്മിക്കാനും സാധിക്കുന്ന ഒരു ചരിത്രപുരുഷന്‍ ഉണ്ടോ എന്ന് ചോദിച്ചാല്‍ ഒരേയൊരു ഉത്തരമേ നമുക്ക് നല്‍കാന്‍ സാധിക്കു; യേശു മാത്രം. തിരിച്ചും മറിച്ചും എങ്ങനെ വേണമെങ്കിലും അവനെ വ്യാഖ്യാനിച്ചു കൊളളുക അവന്റെ ആര്‍ദ്രതയെ അവഗണിച്ചു കൊണ്ട് ആര്‍ക്കും മുന്നോട്ട് പോകാന്‍ സാധിക്കില്ല. സുവിശേഷകന്മാര്‍ വരികളുടെയിടയിലൂടെ സംവദിച്ചതും ആ ആര്‍ദ്രതയുടെ അനിര്‍വചനീയതയാണ്. യോഹന്നാന്റെ സുവിശേഷത്തില്‍ അത് കൂടുതല്‍ താത്വികവും വാചികവുമാണ്. അത് സമവീക്ഷണ സുവിശേഷങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. അവയില്‍ ശിഷ്യരില്‍ പ്രധാനി പത്രോസാണ്. യോഹന്നാനില്‍ പ്രഥമനായി കടന്നുവരുന്നത് അന്ത്രയോസാണ്. അവനാണ് യേശുവിനെ അനുഗമിച്ച ആദ്യ ശിഷ്യന്‍. ആ ഒന്നാമനായ അന്ത്ര യോസിലൂടെ ആവിഷ്‌കൃതമാകുന്ന വര്‍ത്തമാനകാല സുവിശേഷമാണ് ലിയോ തദേവൂസിന്റെ പന്ത്രണ്ട് എന്ന സിനിമ. യേശുവിന്റെ ജീവിതത്തിന്റെ പുനരാഖ്യാനവും അപനിര്‍മാണവുമാണത്. എത്ര ശാലീനമാണ് ഈ വ്യാഖ്യാനം! സംഘര്‍ഷഭരിതമായ ചില ജീവിതങ്ങളിലേക്ക് കടന്നുവരുന്ന സൗമ്യ സാന്നിധ്യമായി യേശു മലയാളക്കരയുടെ തീരദേശത്തിലൂടെ നടന്നു നീങ്ങുന്നു. അവന്‍ ഇവിടെ ഇമ്മാനുവല്‍ ആണ്: കൂടെയുള്ള സാന്നിധ്യം, കൂട്ടാകുന്ന സാന്നിധ്യം.

വാചാലമായ നിശ്ബദതയാണ് പന്ത്രണ്ടിലെ ഇമ്മാനുവലിന്റെ പ്രത്യേകത. അവന്‍ ആരോടും തര്‍ക്കിക്കുന്നില്ല, ആരെയും നൊമ്പരപ്പെടുത്തുന്നുമില്ല. ഒരു നോട്ടം, ഒരു പുഞ്ചിരി. ഉണ്ട് അതിലെല്ലാം. കടലിന്റെ ആഴമുള്ള മാനുഷീകതയും ആകാശത്തിന്റെ അതിരുകള്‍ ഭേദിക്കുന്ന ദൈവീകതയുമുണ്ട്. എത്ര കരുണയോടെയാണ് അവന്‍ അന്ത്രയോസിന്റെ എതിര്‍പ്പിനെ ഒരു ആലിംഗനമാക്കി മാറ്റുന്നത്! എത്ര സ്വര്‍ഗ്ഗീയ മിഴിവോടെയാണ് അവന്‍ കാറ്റിലുലഞ്ഞ ബോട്ടിനെയും അതിനെക്കാള്‍ ഉലഞ്ഞ ജീവിതങ്ങളെയും കരയ്ക്കടുപ്പിക്കുന്നത്! ഒന്നും അവന്‍ അവകാശപ്പെടുന്നില്ല. ബഹളങ്ങളോ അകമ്പടി ജനങ്ങളോ ഒന്നുമില്ലാതെ ശാന്തനായാണ് ഓരോ കഥാപാത്രത്തിന്റെയും ജീവിതത്തിലേക്ക് അവന്‍ കടന്നു കൂടുന്നത്. ഒരു നവജീവിതമാണ് അവന്‍ അവര്‍ക്ക് നല്‍കിയത്. എന്നിട്ട് ഏകനായി മരണത്തിലേക്ക് നടന്നു നീങ്ങുന്നു. പീലി എന്ന രാഷ്ട്രീയക്കാരന്റെ കുടിലതയുടെ മുന്‍പില്‍ ജൂഡ് ഭയപ്പെട്ടത് പന്ത്രണ്ടു പേരുടെയും മരണമാണ്. പക്ഷെ, ഇമ്മാനുവല്‍ അവര്‍ക്കുവേണ്ടി മരണത്തിന്റെ ദംശനം ഏറ്റുവാങ്ങുന്നു. പോലീസുകാരന്‍ പത്രോസിനോട് ചോദിക്കുന്നുണ്ട് എത്ര കുത്തുകള്‍ അവന് കിട്ടിയെന്ന്. അപ്പോള്‍ അവന്‍ പറയുന്നുണ്ട് പന്ത്രണ്ടെന്ന്. കൂട്ടത്തിന്റെ എണ്ണം മാത്രമല്ല പന്ത്രണ്ട്. അവന്‍ വഹിച്ച മുറിവുകളുടെയും എണ്ണം കൂടിയാണ്.

കടലിനൊപ്പം കഥാപാത്രമായി ഭക്ഷണവും ഒരു പ്രതീകമാകുന്നുണ്ട് ലിയോ തദേവൂസിന്റെ വ്യാഖ്യാനത്തില്‍. ഇമ്മാനുവലിനെ ഭവനത്തില്‍ സ്വീകരിച്ച് ഭക്ഷണം വിളമ്പി കൊടുക്കുന്ന പത്രോസിന്റെ അമ്മായിയമ്മയേയും അന്ത്യ അത്താഴം ഒരുക്കുന്ന സ്ത്രീകളേയും കാണുമ്പോള്‍ Rosalind Miles ന്റെ Who Cooked the Last Supper? എന്ന കൃതി നമ്മുടെ മനസ്സിലേക്ക് ഓടി വരും. അവനായി പാചകം ചെയ്തത് ഏതെങ്കിലും പുരുഷനായിരുന്നെങ്കില്‍ അയാളിപ്പോള്‍ വിശുദ്ധനായേനെ എന്ന് എഴുത്തുകാരി പറയുന്നുണ്ട്. ഇല്ല, പുരുഷരല്ല. അവനായി പാചകം ചെയ്തത് അമ്മമാര്‍ മാത്രമാണ്.

അവസാനം താന്‍ സന്തത സഹചാരിയെ പോലെ കൊണ്ടു നടന്ന ഒരു സംഗീതോപകരണം മാത്രമാണ് അവന്‍ പന്ത്രണ്ടു പേര്‍ക്കായി കൈമാറുന്നത്. ഗാനമാണത്. ആനന്ദമാണത്. ആശ്വാസമാണത്. ഇനി മുതല്‍ ആ പന്ത്രണ്ടു പേരും മീട്ടേണ്ട ഗാനം ആ ഉപകരണത്തിലുണ്ട്. തള്ളിപ്പറയലിന്റെയും ഒറ്റപ്പെടുത്തലിന്റെയും ആരവങ്ങളൊന്നും ഇനി അവരില്‍ നിന്നും മുഴങ്ങില്ല. അതുകൊണ്ടുതന്നെയാണ് ഇമ്മാനുവലിനെ ഒറ്റികൊടുത്തവന്‍ നിങ്ങളുടെയിടയില്‍ തന്നെയില്ലേ എന്ന പോലിസുകാരന്റെ ചോദ്യത്തിനു മുമ്പില്‍ ചേര്‍ത്തു നിര്‍ത്തലിന്റെ ഹൃദയഭാഷ അന്ത്രയോസ് പ്രയോഗിക്കുന്നത്. അതെ, ഇമ്മാനുവല്‍ ഒരു അനുഭവമാകുമ്പോള്‍ കരുതല്‍ അഭിനിവേശമാകും, ചേര്‍ത്തുനിര്‍ത്തല്‍ പ്രഘോഷണത്തിന്റെ കാതലുമാകും.

പന്ത്രണ്ടിലെ ജോണ്‍ എന്ന കഥാപാത്രം ഒരേ സമയം സ്‌നാപകനും യേശു സ്‌നേഹിച്ച ശിഷ്യനുമാണ്. അവന്‍ വിപ്ലവകാരിയും യേശുവിന്റെ അമ്മയെ ഭവനത്തിലേക്ക് കൊണ്ടുവരുന്നവനുമാണ്. സുവിശേഷങ്ങളിലെ യോഹന്നാന്‍ എന്ന പേരുള്ള രണ്ടു കഥാപാത്രങ്ങളെ ജോണ്‍ എന്ന ഏക കഥാപാത്രത്തിലേക്ക് പരുവപ്പെടുത്തിയിരിക്കുന്ന സംവിധായകന്റെ മാന്ത്രികത ദൃശ്യപരതയില്‍ മാത്രമല്ല വെളിപ്പെടുന്നത്, ആഖ്യാനത്തിന്റെ അര്‍ത്ഥപരിവൃത്തിയില്‍ കൂടിയുമാണ്. ഇമ്മാനുവലിന്റെ അമ്മയെ വീട്ടില്‍ കൊണ്ടുവന്നവന്‍ തന്നെയാണ് പാവങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതും ഏതോ തീവണ്ടിപ്പാളത്തില്‍ തലയറ്റു വീഴുന്നതും. അവന് സമൂഹം നല്‍കിയ പേര് നക്‌സലൈറ്റ് എന്നാണ്. അവന്‍ ഇമ്മാനുവലിന്റെ ഹൃദയ തുടിപ്പറിഞ്ഞ് മുന്നേ നടന്നവനാണ്.

അതുപോലെതന്നെ എത്രയോ ആര്‍ദ്രമാണ് ജൂഡ് എന്ന കഥാപാത്രത്തിന് നല്‍കിയിരിക്കുന്ന വ്യക്തിത്വം. ലിയോ തദേവൂസിന്റെ കാഴ്ചപ്പാടില്‍ പൂര്‍ണ്ണമായി തിന്മയുടെ കരങ്ങളില്‍ പെട്ടുപോയവനല്ല യൂദാസ് സ്‌കറിയോത്തയെ പ്രതിനിധീകരിക്കുന്ന ജൂഡ്. അവന്‍ ഒരു വില്ലന്‍ അല്ല. ആത്മസംഘര്‍ഷങ്ങളുടെ മുള്‍പ്പടര്‍പ്പിനിടയില്‍ പെട്ടുപോയവനാണ്. പണത്തിനു മുന്‍പില്‍ പതറിപ്പോയെങ്കിലും അവസാനം അവന്‍ മരണത്തിലേക്ക് നടന്നു നീങ്ങുന്നില്ല. മറിച്ച് കൂട്ടത്തിന്റെ കരുതലിനും ചേര്‍ത്തുനിര്‍ത്തലിനും ഇടയില്‍ വിടര്‍ന്ന മിഴികളുമായി അവന്‍ നില്‍ക്കുന്നു. അവരുടെയിടയിലേക്ക് നഗ്‌നപാദനായി ഇമ്മാനുവല്‍ വീണ്ടും കടന്നുവരുമ്പോള്‍ ഉത്ഥാനം എന്ന ദൈവീക വിരോധാഭാസത്തിനുമേല്‍ 'പന്ത്രണ്ടു' നല്‍കുന്ന വ്യാഖ്യാനം അതിമനോഹരമാണ്.

ആര്‍ദ്രതയുടെ പരിപ്രേക്ഷ്യത്തിലൂടെയാണ് ലിയോ തദേവൂസ് നസ്രായേനെ അപനിര്‍മ്മിച്ചിരിക്കുന്നത്. ഈ വ്യാഖ്യാനം ആനുകാലികമാണ്. ഈ വ്യാഖ്യാനം ജീവിതസ്പര്‍ശവുമാണ്. ഈ വ്യാഖ്യാനമായിരിക്കണം നമ്മളും നസ്രായനെ പ്രഘോഷിക്കുമ്പോള്‍ ഹൃദയത്തോട് ചേര്‍ത്ത് വയ്‌ക്കേണ്ടതും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org