കെ.സി.ബി.സിയുടെ നവീകരണ പദ്ധതിയില്‍ കൂട്ടിച്ചേര്‍ക്കേണ്ടവ

കെ.സി.ബി.സിയുടെ നവീകരണ പദ്ധതിയില്‍ കൂട്ടിച്ചേര്‍ക്കേണ്ടവ

നവീകരണ ലക്ഷ്യവുമായി കെസിബിസി മുന്നോട്ടുവയ്ക്കുന്ന ഏതാനും മേഖലകളെക്കുറിച്ച് പത്രവാര്‍ത്തയില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. തീര്‍ത്തും സ്വാഗതാര്‍ഹവും ശുഭകരവുമായ ഒരു ചുവടുവയ്പാകും അത് എന്നതില്‍ സംശയമില്ല. ആത്മ വിചിന്തനം നടത്താന്‍ തയ്യാറാകുന്ന ഒരു സഭയെ കാണുന്നു എന്നതുകൊണ്ട് പരാമര്‍ശിക്കപ്പെടാത്ത ഏതാനും മേഖലകളെ എടുത്തു കാണിക്കുവാന്‍ ശ്രമിക്കട്ടെ.

1) സഭയുടെ നവീകരണം ലക്ഷ്യമാക്കി വളര്‍ന്നു വന്നിരുന്ന കരിസ്മാറ്റിക് നവീകരണത്തെ ത കര്‍ത്തുകൊണ്ട് അതേപേരില്‍ പ്രബലമായ pseudo charismatic പ്രവണതകളെ മനസിലാക്കാന്‍ തക്കവിധം ആളുകള്‍ക്ക് ബോധവത്കരണം ലഭ്യമാക്കണം. ചെപ്പടി വിദ്യകളിലേക്കും പ്രതിഫല ദൈവവശാസ്ത്രവും ഉന്നതിയുടെ സുവിശേഷവും അടിസ്ഥാനമാക്കിയുള്ള പ്രസംഗങ്ങളിലേക്കും ആകൃഷ്ടരാകുന്ന വിശ്വാസികളെ വേണ്ട വഴിയില്‍ നയിക്കാന്‍ ലാഭങ്ങള്‍ മറന്നും തയ്യാറാകണം.

2) മാതാവും മറ്റു വിശുദ്ധരും കൂടുതല്‍ പ്രാദേശികവത്കരിക്കപ്പെടുകയും, വിശുദ്ധരുടെ പേരിലാണെങ്കിലും ഫലത്തില്‍ സ്വകാര്യമായ കള്‍ട്ടുകളായി മാറുകയും ചെയ്യുന്നത് അജപാലനതലത്തിലും പ്രബോധനതലത്തിലും തിരുത്തപ്പെടണം. ഓരോ സ്ഥലത്തിന്റെയോ, ധ്യാനകേന്ദ്രങ്ങളുടെയോ പേരില്‍ ....... അമ്മ, ....... ഉണ്ണീശോ തുടങ്ങിയ ഉപയോഗങ്ങള്‍ ഇതിനോടകം തന്നെ പ്രാദേശിക കള്‍ട്ടുകളായി തീര്‍ന്നിട്ടുണ്ട്. ചില സ്ഥലങ്ങള്‍ അവരുടെ പ്രത്യേക ഐഡന്റിറ്റി ആയി തീര്‍ക്കുന്ന ഭക്തിരീതികളും, അവ ജീവിച്ചിരിക്കുന്നവരെക്കുറിച്ചും മരിച്ചവരെക്കുറിച്ചും നല്‍കുന്ന വികലമായ ചിന്തകളും നിരീക്ഷിക്കപ്പെടണം.

3) മറ്റു സഭാവിഭാഗങ്ങളും മതങ്ങളും തമ്മില്‍ സൗഹൃദവും സംഭാഷണങ്ങളും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നെങ്കില്‍, വെറുപ്പും സംശയവും സൂക്ഷിച്ചുകൊണ്ട് അത് സാധ്യമല്ല. ഒന്നാമതായി, exclusivist സാംസ്‌കാരിക ചിന്തകള്‍ പുലര്‍ത്തുന്ന ഏതാനും evangelical പ്രവണതകളെ പിഞ്ചെല്ലുന്ന 'വിശ്വസ്ത കത്തോലിക്കര്‍,' സഭ സംവാദത്തെയും സംഭാഷണങ്ങളെയും കുറിച്ച് എന്ത് പഠിപ്പിക്കുന്നെന്നോ എന്ത് ആഗ്രഹിക്കുന്നെന്നോ എന്താണ് അവയുടെ അടിസ്ഥാന ദൈവശാസ്ത്രചിന്ത എന്നൊന്നും മനസ്സിലാക്കാന്‍ ശ്രമിക്കാതെ അന്ധമായ വിരോധവും ബൈബിള്‍ പോലും വളച്ചൊടിച്ചു കൊണ്ടുള്ള പ്രബോധനകളും നല്‍കുന്നുണ്ട്. രണ്ടാമതായി, വിഭാഗീയതയും വെറുപ്പും പ്രചരിപ്പിക്കുന്നവരെ തള്ളിപ്പറയുവാന്‍ സഭ തയ്യാറാവണം. മൂന്നാമതായി, സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെടുന്ന കാര്യങ്ങള്‍ മതബോധനവും വിശ്വാസവുമായി സ്വീകരിക്കേണ്ട നിസ്സഹായാവസ്ഥ ഇന്ന് ആളുകള്‍ക്കുണ്ട്. സാമൂഹ്യമാധ്യമങ്ങളെ നിരീക്ഷിക്കുകയും സമയോചിതമായ ഇടപെടല്‍ വേണ്ടപ്പെട്ടവര്‍ നടത്തുകയും വേണം.

4) നിലവിലുള്ളതിനെ ഇളക്കിയുറപ്പിക്കുന്നതിനെ നവീകരണം എന്ന് കരുതാനാവില്ല. പുതുതലമുറയെ അവരുടെ സാഹചര്യങ്ങളെ മുന്‍കൂട്ടി കണ്ടുകൊണ്ട് വേണ്ടവിധം നയിക്കാന്‍ ഈ നവീകരണ ശ്രമങ്ങള്‍ക്ക് കഴിയണം. ശാസ്ത്രാവബോധവും ക്രിയാത്മക വിമര്‍ശനവും വളര്‍ത്താനുള്ള സാഹചര്യങ്ങള്‍ അവര്‍ക്കുണ്ടാവണം. ശാസ്ത്രവും വിശ്വാസവും ഏതുതരത്തില്‍ ജീവിതത്തില്‍ മൂല്യമുള്ളതാണെന്ന് അവര്‍ക്കു ബോധ്യപ്പെടും വിധം പാഠ്യപദ്ധതികളും അധ്യാപകരുടെ പരിശീലനങ്ങളും നടക്കണം. ബിഗ് ബാങ്, പരിണാമസിദ്ധാന്തങ്ങളും അവ മൂലം വിശ്വാസത്തിലുള്ള സംഘര്‍ഷങ്ങളുമല്ല ശാസ്ത്രമത സംവാദം. സാമൂഹ്യശാസ്ത്രവും സാംസ്‌കാരിക മാറ്റങ്ങളെ പഠിക്കുന്ന ശാസ്ത്രങ്ങളും അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കണ്ടുകൊണ്ട് വിശ്വാസത്തെയും വിശ്വാസിസമൂഹത്തെയും കാലോചിതമായി രൂപപ്പെടുത്തുവാന്‍ അവര്‍ക്കു സാധിക്കണം.

5) വിശ്വാസി ജീവിക്കുന്നത് ബഹുസ്വരതയുള്ള ഒരു സമൂഹത്തിലാണ്. അവിടെയുള്ള സാമൂഹിക സാംസ്‌കാരിക സാമ്പത്തിക പശ്ചാത്തലങ്ങള്‍ വിശ്വാസിയുടെ ജീവിതാന്തരീക്ഷമാണ്. അവയില്‍ നടക്കുന്ന മാറ്റങ്ങളും, അവയുണ്ടാക്കുന്ന സമ്മര്‍ദ്ദങ്ങളും പഠിക്കാനും അവയെ വിശ്വാസചര്യയിലേക്കു ചേര്‍ത്തുനിര്‍ത്തുവാനും എങ്ങനെ കഴിയുമെന്നത് ആലോചിക്കുവാനും കൂട്ടായ ശ്രമങ്ങള്‍ ആവശ്യമാണ്. നിലവിലുള്ള നാലു തലമുറകളെ ചേര്‍ത്ത് നിര്‍ത്തിയാല്‍ അവക്കിടയിലും, വ്യത്യസ്തമായ പശ്ചാത്തലങ്ങള്‍ മൂലം, ഓരോ തലമുറയ്ക്കുമുള്ളില്‍ത്തന്നെയും നിലവിലുള്ള വൈരുദ്ധ്യതകള്‍ യഥാര്‍ത്ഥത്തിലുള്ള സംഘര്‍ഷങ്ങളാണ്. അര്‍ത്ഥം, മൂല്യം, അധികാരം എന്നിവയെക്കുറിച്ചൊക്കെ തങ്ങളെ ചേര്‍ത്തുനിര്‍ത്താവുന്ന ആശ്വാസപ്രദമായ ഇടം വിശ്വാസത്തിന്റെയും ധാര്‍മി കതയുടെയും അവതരണത്തില്‍ അവര്‍ തേടുന്നുണ്ട്. ഒരൊറ്റ പ്രസ്താവനയില്‍ പരിഹരിക്കപ്പെടാവുന്ന സാംസ്‌കാരിക അകല്‍ച്ചയല്ല നിലവിലുള്ളത്. ഓരോരുത്തരുടെയും ഞെരുക്കത്തില്‍ പ്രത്യേകമായ അജപാലന പ്രതികരണം ആവശ്യമായി വരുന്നു. അവയെ പഠിക്കാനുള്ള കഴിവും ഒരുക്കവും തീര്‍ത്തും ആവശ്യമാണ്. ഈ കഴിഞ്ഞ മൂന്നു നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ സഭയില്‍ നിന്നും വിശ്വാസത്തില്‍ നിന്നും അകന്നവരെ (ആ സംഖ്യ വളരെ വലുതാണ്) എത്രയും വേഗം കേള്‍ക്കുകയും അവയുടെ കാരണങ്ങള്‍ ഈ നവീകരണത്തിന് സൂചകങ്ങളാവുകയും വേണം. നേതൃത്വത്തിന്റെ അഭാവം, സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് വക്താക്കളാകാന്‍ കഴിയും വിധം പാലിച്ചു പോരുന്ന മൗനം, സുവിശേഷ ചൈതന്യം മാറ്റിനിര്‍ത്തി താങ്ങിനിര്‍ത്താന്‍ ശ്രമിക്കുന്ന സഭാസംവിധാനം ഇവയൊക്കെയും ന്യൂട്രാലിറ്റിക്ക് കാരണങ്ങളാണ്.

സഭയുടെ സാക്ഷ്യം, പ്രസക്തി, ഈ കാലഘട്ടത്തേക്കുള്ള ദര്‍ശനബോധം, യഥാര്‍ത്ഥ ജീവിതാവസ്ഥകളിലേക്കുള്ള എത്തിച്ചേരല്‍ എന്നിവയെക്കുറിച്ചൊക്കെ അവ ഒത്തിരി വെളിച്ചം പകര്‍ന്നേക്കും.

5) മാര്‍പാപ്പ ആഹ്വാനം ചെയ്ത സിനഡ് പ്രക്രിയ വേണ്ട വിധം നടന്നിരുന്നെങ്കില്‍, വലിയ കേള്‍വിയുടെയും തിരിച്ചറിവിന്റെയും അവസരമാകുമായിരുന്നു. അത് സിനഡിന്റെ ചൈതന്യത്തില്‍ നടത്തപ്പെടുവാന്‍ ധൈര്യം കാണിച്ച എത്ര ഇടവകകള്‍ ഉണ്ടായി എന്ന് ആത്മശോധന നടത്തുന്നത്, ഈ ഉദ്ദേശിക്കുന്ന നവീകരണ ശ്രമങ്ങള്‍ പൊയ്‌വാക്കുകളാവാതിരിക്കാന്‍ സഹായിച്ചേക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org