നടപ്പവകാശം തിരിച്ചു നല്കുമോ?

നടപ്പവകാശം തിരിച്ചു നല്കുമോ?

നവംബര്‍ 26-ന് മറ്റൊരു ഭരണഘടനാദിനം കൂടി നമ്മെ തൊട്ട് കടന്നു പോകുമ്പോള്‍ രാജ്യത്തെ അടിസ്ഥാന വര്‍ഗ്ഗ വിമോചനത്തെ വേണ്ടവിധം തൊടാതെ പോയ ജനാധിപത്യ ഇന്ത്യയുടെ ഭരണഘടനാജീവിതം വിചാരണയ്ക്ക് വിധേയമാക്കേണ്ടതാണ്.

1950-ല്‍ നടപ്പാക്കിയതു മുതല്‍ അന്ധമായി ആഘോഷിക്കപ്പെടുന്ന വിശുദ്ധ പശുവാണ് ഇന്ത്യന്‍ ഭരണഘടന. ആഗോള ഭൂപടത്തിലെ എഴുതപ്പെട്ട ഏറ്റവും ദൈര്‍ഘ്യമുള്ള ഇന്ത്യന്‍ ഭരണഘടനയില്‍ ഒന്നരലക്ഷം പദങ്ങളുണ്ട്. നാളിതുവരെ 127 ഭേദഗതികള്‍ വിവിധ കാലങ്ങളില്‍ തിരുത്തിച്ചേര്‍ക്കപ്പെട്ടിട്ടുണ്ട്. എളുപ്പത്തില്‍ എഴുതിച്ചേര്‍ക്കാന്‍ മാത്രം ദുര്‍ബലമാണോ ഇതിന്റെ ആന്തരിക ഘടനൈക്യം എന്ന സംശയം നേരത്തെയുണ്ടെങ്കിലും അത് ബലപ്പെട്ടത് അടുത്തകാലത്താണ്. മോദി ഭാരതത്തിലെ 'കാശ്മീര്‍ വധവും', 'പൗരത്വനിയമവും', 'ഭരണഘടനാനുസരണം' നടപ്പാക്കിയപ്പോഴാണ് ജനാധിപത്യ ഇന്ത്യയിലെ ഭരണഘടനാനുഭവം അതിമനോഹരമായ നുണയാണെന്ന് ജനസാമാന്യത്തിന് ബോധ്യപ്പെട്ടത്.

രാജ്യസുരക്ഷയും കാശ്മീരിന്റെ സമഗ്ര വികസനവും എന്ന ജനക്ഷേമതാല്പര്യത്തില്‍പ്പൊതിഞ്ഞ് പ്രദര്‍ശിപ്പിച്ചതിനാല്‍ അതിന്റെ ജനാധിപത്യ വിരുദ്ധ ഉള്ളടക്കം വേണ്ടവിധം വെളിവാക്കപ്പെട്ടില്ല. പൗരത്വം തെളിയിക്കാന്‍ മതത്തെ അടിസ്ഥാന കാരണമാക്കിയ പൗരത്വനിയമം ഭരണഘടനയുടെ അടിസ്ഥാന തത്വമായ സമത്വത്തിന്റെ നഗ്നമായ ലംഘനമാണെന്ന് വിളിച്ചു പറഞ്ഞിട്ടും ഭണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റവര്‍ അതവഗണിച്ചു. അടിസ്ഥാന ഘടനയില്‍ (basic structure) മാറ്റം അസാധ്യമാണെന്ന് ആവര്‍ത്തിക്കുമ്പോഴും, മൃഗീയ ഭൂരിപക്ഷത്തിന്റെ ആള്‍ബലത്തില്‍ നാടിന്റെ അടിസ്ഥാനതത്വങ്ങള്‍ തന്നെ റദ്ദാക്കപ്പെടുന്നുവെന്നതാണ് വാസ്തവം.

തുല്യതയും നീതിയും സ്വാതന്ത്ര്യവും മൗലിക പ്രമാണങ്ങളായി സ്വീകരിക്കപ്പെട്ട ഒരു ഭരണഘടനയെ തൊട്ട് തൊഴുതാണിവിടെ ഭരണക്രമമെങ്കിലും, മതവിവേചനത്തെ വ്യവഹാര രീതിയാക്കിയ മോദി ഭാരതത്തില്‍ അത് സത്യപ്രതിജ്ഞാവേളയിലെ അലങ്കാര പുസ്തകം മാത്രമായി പലപ്പോഴും പരിഹസിക്കപ്പെടുകയാണ്.

ജനാധിപത്യ ഇന്ത്യയില്‍ ജനാധിപത്യത്തെ ഇല്ലാതാക്കുന്നതും ജനാധിപത്യ രീതിയിലാണെന്നതാണ് മറ്റൊരു വൈചിത്ര്യം. പാര്‍ലമെന്റില്‍ പാസ്സാക്കിയെടുത്ത ജനവിരുദ്ധ നയങ്ങള്‍ തന്നെയാണ് പിന്നീട് നിയമങ്ങളും നിയമപ്രശ്‌നങ്ങളുമായി കോടതിയിലെത്തുന്നത്. കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകസമരം ഒരു വര്‍ഷത്തിലേറെ തെരുവില്‍ തുടരാനിടയായത് അങ്ങനെയാണ്. കര്‍ഷക ഭൂരിപക്ഷ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് നരേന്ദ്ര മോദി അത് പിന്‍വലിച്ചെങ്കിലും പാര്‍ലമെന്റില്‍ 'പാസ്സാക്കി'യെടുത്ത ജനദ്രോഹനയങ്ങള്‍ പാര്‍ലമെന്റില്‍ത്തന്നെ തിരുത്തണമെന്ന നിലപാടിലുറച്ചാണ് കിസാന്‍ സംയുക്ത മോര്‍ച്ചയുടെ നേതാക്കള്‍. പ്രതിഷേധം പോലും രാജ്യദ്രോഹമാകുന്ന രാജ്യത്ത് 700 ഓളം കര്‍ഷകര്‍ക്കാണ്, ഭാരതം കണ്ട ഏറ്റവും വലിയ കര്‍ഷകപ്രക്ഷോഭത്തിനിടയില്‍ ജീവന്‍ നഷ്ടമായത്. പാര്‍ലമെ ന്റില്‍ നഷ്ടമായ ജനാധിപത്യത്തെ പാര്‍ലമെന്റിന് പുറത്ത് തിരിച്ചുപിടിച്ച സംഭവമായി കര്‍ഷകപോരാട്ട വിജയത്തെ കാണാം, കാണണം.

രണ്ട് ശതാബ്ദത്തിലേറെ നീണ്ട അസംഖ്യം പ്രക്ഷോഭ പരമ്പരകളുടെ പരിണിതിയാണ് ഇന്ത്യ നേടിയ സ്വാതന്ത്ര്യം. എന്നിട്ടും സ്വതന്ത്ര ഇന്ത്യ യില്‍ പ്രതിഷേധത്തെ രാജ്യദ്രോഹക്കുറ്റമാക്കുന്ന വകുപ്പുകള്‍ ഭരണഘടനയുടെ ഭാഗമായി എന്നതാണ് മറ്റൊരു വൈരുദ്ധ്യം.

രാജ്യത്തെ അനുകൂലിക്കുന്നവര്‍, പ്രതികൂലിക്കുന്നവര്‍ എന്ന മട്ടില്‍ രാജ്യസ്‌നേഹി/രാജ്യദ്രോഹ കളങ്ങില്‍ മാത്രം ഇന്ത്യന്‍ ജനതയെ വേര്‍തിരിച്ച് വിശദീകരിക്കുന്ന ആശങ്ക ആധിപത്യ ഭരണകൂടത്തിന്റേതാണ്. ഒരു ജനതയെ മുഴുവന്‍ രാജ്യം അതിന്റെ ശത്രുപക്ഷത്ത് നിറുത്തുന്ന ആസൂത്രിതാപകടമാണത്. അത് വന്നുകഴിഞ്ഞുവെന്നതിന്റെ സ്ഥിരീകരണം രാജ്യരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന്റെ വാക്കുകളില്‍ വ്യക്തമാണ്.

''രാജ്യതാല്പര്യങ്ങളെ ഹനിക്കുന്ന വിധത്തില്‍ അട്ടിമറിക്കപ്പെടുകയും, തെറ്റിദ്ധരിപ്പിക്കപ്പെടുകയും, ഭിന്നിപ്പിക്കപ്പെടുകയും, അവിഹിതമായി സ്വാ ധീനിക്കപ്പെടുകയും ചെയ്യുന്ന പൊതുസമൂഹ''ത്തെക്കുറിച്ചുള്ള ഡോവലിന്റെ ആശങ്കയില്‍ നിര്‍മ്മിത രാജ്യ താല്പര്യത്തിന്റെ അപചയമുണ്ടെന്ന് തിരിച്ചറിയണം. നാലാം തലമുറ യുദ്ധമുന്നണിയില്‍ സിവില്‍ സൊസൈ റ്റിയെ പ്രതിഷ്ഠിച്ചുകൊണ്ട് അദ്ദേഹം നടത്തിയ പ്രസ്താവന പ്രതിലോമകരമാണ്. പൊതുജനാഭിപ്രായ രൂപീകരണ സ്വാധീനത്തെ ഫാസിസ്റ്റ് ഭരണക്രമം എന്നും ഭയന്നിട്ടുണ്ട്.

ഭരിക്കുന്നവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വഴങ്ങാന്‍ തക്കവിധം ഇലാസ്തികതയുറപ്പാക്കുന്ന ഭരണഘടനാ സ്ഥാപനങ്ങള്‍ ഫാസിസ്റ്റ് ഭരണ രീതിയുടെ സ്വാഭാവിക ന്യായീകരണ വേദികളാകുന്ന കാഴ്ചയാണ്, പുതിയ ഇന്ത്യയുടേത്. അയോധ്യാവിധി വേളയില്‍ സുപ്രീം കോടതി പോലും വ്യാഖ്യാന വഴക്കത്തിലൂടെ ഭൂരിപക്ഷത്തിന് വഴങ്ങുന്നത് രാജ്യം കണ്ടതാണല്ലോ.

ഭരണഘടനയില്‍ എഴുതിവച്ച വാക്കുകള്‍ ചത്ത് മലച്ചുകിടക്കാതിരിക്കണമെങ്കില്‍ അതില്‍ അവസാനത്തവനും ഇടമെന്ന ഗാന്ധി സ്വപ്ന ചൈതന്യത്തിന്റെ അഭിഷേകമുണ്ടാകണം. ഭരണഘടന വിലക്കുന്നതൊക്കെ നിയമമാക്കി നിലനിര്‍ത്തുന്ന ഏകാധിപത്യത്തിന്റെ ഇന്ത്യയെയല്ല, സാമൂഹ്യനീതിയിലധിഷ്ടിതമായ സാഹോദര്യ ഭാരതത്തെ ഉറപ്പാക്കുംവിധം ഭരണഘടനാ വാഴ്ച്ച സത്യമാകണം.

ഭരണത്തിന്റെ മാത്രമല്ല, ഭാരതത്തിന്റെ തന്നെ ഘടനയെ നിശ്ചയിക്കുന്ന ഭരണഘടന പൂര്‍ണ്ണമാകുന്നത് അത് പുസ്തകത്തിലിരിക്കുമ്പോഴല്ല; പുറത്തിറങ്ങി നടക്കുമ്പോഴാണ്. ഇത് വെറുതെ വായിച്ച് മടക്കാനുള്ളതല്ല; വിഭജിച്ച് വിളമ്പാനുള്ളതാണ്. ഭരണഘടനയുടെ നടപ്പവകാശം തിരിച്ചു നല്കണം.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org