ഭരണഘടന ധാര്‍മ്മികതയില്‍ തെളിയാത്ത കാവിക്കൊടി

ഭരണഘടന ധാര്‍മ്മികതയില്‍ തെളിയാത്ത കാവിക്കൊടി
Published on

1882-ല്‍ പുറത്തിറങ്ങിയ 'ആനന്ദമഠം' എന്ന നോവലിലൂടെ 'ഭാരതമാതാ' എന്ന സങ്കല്‍പം ആദ്യം അവതരിപ്പിച്ചത് ബംഗാളി എഴുത്തുകാരനായ ബങ്കിംചന്ദ്ര ചാറ്റര്‍ജിയാണ്. ഭിന്നിപ്പിച്ച് ഭരിക്കുക (Divide and Rule) എന്ന ലക്ഷ്യം വച്ച് 1905-ല്‍ ബ്രിട്ടീഷുകാര്‍ ബംഗാള്‍ വിഭജിക്കുന്നതിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് 'പ്രഭാസി'യെന്ന വാരികയില്‍ അബനീന്ദ്രനാഥ ടാഗോറിന്റെ ഭാരതമാതാ ചിത്രം പ്രത്യക്ഷപ്പെട്ടത്.

ഭാരതാംബയുടെ ചിത്രം വരയ്ക്കുമ്പോള്‍ സാമ്രാജ്യത്വത്തിനെതിരെ ഭാരതീയരെ ഏകീകരിക്കുന്ന ഒരു മാതൃസ്വരൂപത്തിന്റെ പ്രതീകമെന്ന നിലയിലാണ് അബനീന്ദ്രനാഥ ടാഗോര്‍ അത് ആവിഷ്‌കരിച്ചത്. കൈകളില്‍ നെല്‍ക്കതിരും പുസ്തകവും വെള്ളത്തുണിയും രുദ്രാക്ഷവുമായി പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഭാരതത്തിന്റെ ബഹുസ്വരത യുടെ ആത്മാവിനെ ഉള്ളില്‍ പേറുന്നതായിരുന്നു.

ഭാരതാംബയുടെ ചിത്രം വരയ്ക്കുമ്പോള്‍ സാമ്രാജ്യത്വത്തിനെതിരെ ഭാരതീയരെ ഏകീകരിക്കുന്ന ഒരു മാതൃസ്വരൂപത്തിന്റെ പ്രതീകമെന്ന നിലയിലാണ് അബനീന്ദ്രനാഥ ടാഗോര്‍ അത് ആവിഷ്‌കരിച്ചത്.

എല്ലാവരെയും ഒരേ പോലെ പരിഗണിക്കുന്ന ഒരു മാതൃസങ്കല്‍പമാണത്. എന്നാല്‍ കാവിക്കൊടി കൈകളില്‍ പേറുന്ന ആര്‍ എസ് എസിന്റെ ഭാരതാംബ സങ്കല്‍പവുമായി ഇന്ത്യന്‍ ജനത മനസ്സില്‍ കുടിയിരുത്തിയ ഭാരതാംബയ്ക്ക് വലിയ അന്തരമുണ്ട്.

1857-ലെ ആദ്യ സ്വാതന്ത്ര്യസമരത്തിനുശേഷം ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ തലപ്പത്തുണ്ടായ ഏതാനും ചിലര്‍ മതപ്രതീകങ്ങളുടെ ശാക്തീകരണത്തിലൂടെയും മതപുനരുദ്ധാരണത്തിലൂടെയും ബ്രിട്ടീഷ് അധിനിവേശത്തെ ചെറുക്കാനുള്ള ശ്രമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചവരായിരുന്നു. ഇത്തരം ശ്രമങ്ങള്‍ ഇടുങ്ങിയ മതാത്മക ദേശീയതയിലേക്കാണ് നയിച്ചതെന്ന് വാദിക്കുന്നവരുമുണ്ട്.

എന്നാല്‍ ദേശീയ പ്രസ്ഥാനത്തിലേക്കുള്ള മഹാത്മാ ഗാന്ധിയുടെ വരവോടു കൂടിയാണ് മതാത്മക ദേശീയതയ്ക്കു ബദലായി എല്ലാ മതവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന വിശാലാര്‍ഥത്തിലുള്ള ദേശീയതാസങ്കല്‍പം ഇന്ത്യയില്‍ രൂപപ്പെട്ടത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഈ വിശാല ദേശീയതയെയാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തിലൂടെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നത്.

'സാരെ ജഹാംസെ അച്ചാ' എന്ന് ഇഖ്ബാല്‍ പാടുമ്പോഴും 'പാരുക്കുള്ളേല്‍ നല്ല നാട് ഭാരതനാട്' എന്ന് തമിഴ്കവി സുബ്രഹ്മണ്യ ഭാരതി പാടുമ്പോഴും 'ഭാരതമെന്ന പേര്‍ കേട്ടാല്‍ അഭിമാന പൂരിതമാകണമന്തരംഗം' എന്ന് മലയാള കവി വള്ളത്തോള്‍ പാടുമ്പോഴും വിശാലാര്‍ഥത്തിലുള്ള ഈ ദേശീയതാസങ്കല്‍പമാണ് ഭാഷ-മത-ജാതി വ്യത്യാസമില്ലാതെ ഭാരതീയര്‍ ഏറ്റുപാടിയത്. എന്നാല്‍ ഭൂരിപക്ഷ വര്‍ഗീയതയുടെ തൊഴുത്തില്‍ ഈ ദേശീയതയെ കെട്ടിയിടാനുള്ള ശ്രമം ഭരണഘടന സ്ഥാനത്തുള്ള ഒരാള്‍ ചെയ്യുന്നത് ഈ നാടിന്റെ ബഹുസ്വരതയുടെ ആത്മാവിനെ അപമാനിക്കലാണ്.

കാവിക്കൊടിക്കു പകരം ഇന്ത്യയുടെ ദേശീയ പതാക ത്രിവര്‍ണ പതാകയാകണമെന്നു സ്വാതന്ത്ര്യസമര കാലത്തു തന്നെ തിരുമാനിക്കപ്പെട്ടത് ഇന്ത്യയുടെ വൈവിധ്യങ്ങളോടുള്ള ആദരസൂചന തന്നെയായിരുന്നു. ഇന്ത്യന്‍ സാഹചര്യത്തില്‍ 'ഭൂരിപക്ഷവര്‍ഗീയത ദേശീയതയായും ന്യൂനപക്ഷ വര്‍ഗീയത തീവ്രവാദമായും തെറ്റിദ്ധരിക്കപ്പെടാനുള്ള സാഹചര്യമുണ്ടെന്ന്' ഇന്ത്യയുടെ ഭരണഘടന അസംബ്ലിയുടെ പ്രാരംഭയോഗത്തില്‍ ജവഹര്‍ലാല്‍ നെഹ്‌റു സൂചിപ്പിച്ചത് ഹിന്ദുത്വത്തെ ദേശീയതയാക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളെ മനസ്സില്‍ കണ്ടുകൊണ്ടു തന്നെയായിരിക്കണം.

മതാത്മക ദേശീയതയെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നതില്‍ നിന്നും ഭരണഘടന സ്ഥാനത്തിരിക്കുന്നവര്‍ പിന്തിരിഞ്ഞില്ലെങ്കില്‍ ഛിന്നഭിന്നമാകുന്നത് മതേതര ഇന്ത്യയെ സ്വപ്നം കണ്ട മഹാത്മാവിന്റെ രാഷ്ട്രസങ്കല്‍പങ്ങളാണ്. ഗോഡ്‌സെക്ക് അമ്പലം പണിയുന്ന ഈ നെറികെട്ട കാലത്ത് രാജ്ഭവന്റെ പരിസരങ്ങളില്‍ ആ വന്ദ്യ വയോധികന്റെ 'ഹേ റാം' നിലവിളി വീണ്ടും മുഴങ്ങുന്നുണ്ടോ? ത്രിവര്‍ണപതാക കാവിയാകാതിരിക്കാന്‍ ശബ്ദമുയര്‍ത്തേണ്ടത് ഭരണഘടന ധാര്‍മ്മികത നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരുടെയും ഉത്തരവാദിത്തമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org