

ആന്തരീകവും ബാഹ്യവുമായ അച്ചടക്കം, സ്ഥൈര്യം, നിശ്ചയദാര്‍ഢ്യം, ത്യാഗമനോഭാവം, അപരനോടുള്ള കരുതല്‍, ശ്രദ്ധ, കൂട്ടായ്മ, ക്ഷമ, നീതി, മര്യാദ തുടങ്ങിയ മൂല്യങ്ങളെല്ലാം ആവശ്യമാണ്, വിശുദ്ധരാകാന്‍ മാത്രമല്ല, ഫുട്‌ബോള്‍ കളിക്കാനും. പന്തു മാത്രമല്ല, സകല മൂല്യങ്ങളും നിറഞ്ഞാടുന്നുണ്ട്, കളിമൈതാനങ്ങളില്‍. സ്വാര്‍ഥതയെയും വംശീയതയെയും അസഹിഷ്ണുതയെയും മറികടക്കുന്നുവെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഫുട്‌ബോള്‍ നന്നായി ആസ്വദിക്കാനാകൂ എന്നു പറഞ്ഞിട്ടുണ്ട്, ഫുട്‌ബോള്‍ ആരാധകനായിരുന്ന ഫ്രാന്‍സിസ് പാപ്പാ.
ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്താനും മനസ്സിനെ ശാന്തമാക്കാനും വിഭിന്നാവസ്ഥകളിലുള്ള ജനതകള്‍ക്കിടയില്‍ സാഹോദര്യം വളര്‍ത്താനും കായികവിനോദങ്ങള്‍ക്കു സാധിക്കുമെന്നു സഭ പഠിപ്പിക്കുന്നു (സഭ ആധുനികലോകത്തില്‍ നം. 61). ശരീരവും മനസ്സും ആത്മാവും ഒത്തുചേരുന്നതാണു മനുഷ്യവ്യക്തി എന്നതിനാല്‍, സഭ സ്‌പോര്‍ട്‌സിനെ വിലമതിക്കുന്നതായി 2018-ല്‍ സ്‌പോര്‍ട്‌സിനെ കുറിച്ചു അൽമായ-കുടുംബകാര്യാലയം പ്രസിദ്ധീകരിച്ച രേഖ വ്യക്തമാക്കുന്നു. സകലര്‍ക്കും മനസ്സിലാകുന്ന സാര്‍വത്രികഭാഷയായും ലോകസമാധാനം വളര്‍ത്താനുള്ള ഉപാധിയായും കായികമേളകള്‍ വര്‍ത്തിക്കുന്നുവെന്നു ലിയോ പതിനാലാമന്‍ മാര്‍പാപ്പയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (‘ജീവന്‍ സമൃദ്ധമായി’, അപ്പസ്‌തോലികലേഖനം, ഫെബ്രുവരി 26, 2026). സ്‌പോര്‍ട്‌സിനെ തികച്ചും ഭാവാത്മകമായി കാണുകയും കരുതലേകുകയും ചെയ്യുന്ന അജപാലനസമീപനമാണ് സഭ എക്കാലവും സ്വീകരിച്ചിട്ടുള്ളത്.
ഈ നാളുകളില്‍ ലോകം, അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഫുട്‌ബോള്‍ മേളയിലേക്കു ഹൃദയം തിരിച്ചിരിക്കുകയാണ്. 48 രാജ്യങ്ങള്‍, 104 കളികള്‍, 39 ദിവസങ്ങള്‍, എല്ലാം ഏറ്റവും ഉയര്‍ന്ന സംഖ്യകള്‍. അമേരിക്കയും കാനഡായും മെക്‌സിക്കോയും ആഘോഷങ്ങള്‍ക്ക് ആതിഥ്യമേകുന്നു. പങ്കെടുക്കുന്ന രാജ്യങ്ങളില്‍ മാത്രമല്ല, ഇന്ത്യ പോലെ ലോകകപ്പിനു യോഗ്യത നേടാന്‍ കഴിയാത്ത രാജ്യങ്ങളിലും അനേകായിരങ്ങള്‍ ഈ ദിവസങ്ങളില്‍ ചിന്തിക്കുന്നതും പറയുന്നതും കാണുന്നതുമെല്ലാം ഫുട്‌ബോളായിരിക്കും.
സ്വാര്‍ഥതയെയും വംശീയതയെയും അസഹിഷ്ണുതയെയും മറികടക്കുന്നുവെങ്കില്‍ മാത്രമേ നിങ്ങള്‍ക്ക് ഫുട്‌ബോള്‍ നന്നായി ആസ്വദിക്കാനാകൂ - ഫ്രാന്‍സിസ് പാപ്പാ
കായികമേളകളും വിനോദങ്ങളും മാനവജീവിതത്തെ വിമോചിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു, അതിന്റേതായ തലത്തില്‍. അതറിയുന്നതിനാല്‍ സഭ അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ ഇടവകപ്പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപനങ്ങളും സംഘടനകളും കായികവിനോദങ്ങള്‍ക്ക് വേദിയൊരുക്കുന്നതില്‍ എന്നും മുന്നിലായിരുന്നു. ഇക്കാര്യങ്ങളില്‍ സമകാലികമായ ആത്മപരിശോധനകളാവശ്യമുണ്ടെങ്കില്‍ ചെയ്യാനും അനന്തരനടപടികളാവശ്യമുണ്ടെങ്കില്‍ സ്വീകരിക്കാനും ഇതൊരു അനുയോജ്യസന്ദര്‍ഭമാണ്. വൈകുന്നേരങ്ങളില്‍ ആളൊഴിഞ്ഞു കിടക്കുന്ന പള്ളിമൈതാനങ്ങളുണ്ടെങ്കില്‍, കൗമാരയൗവനങ്ങള്‍ കളിമേളങ്ങളുമായി കടന്നുവരട്ടെ. അധികാരികള്‍ അവര്‍ക്കു സ്വാഗതമരുളട്ടെ.
കായികവിനോദങ്ങള്‍ അമിതമായി വാണിജ്യവത്കരിക്കപ്പെടുന്നതിന്റെ അപകടങ്ങളെ കുറിച്ചും സഭ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. കായികമേളകളുടെ ഏകലക്ഷ്യം ലാഭം എന്ന ഒറ്റവാക്കിലേക്കൊതുങ്ങുമ്പോള്‍, നടേ പറഞ്ഞ മൂല്യങ്ങളെല്ലാം കുത്തിയൊലിച്ചുപോകും. അഴിമതി, മയക്കുമരുന്ന്, ഒത്തുകളി, വാതുവയ്പ് തുടങ്ങിയവ കായികവേദികളിലേക്കു കടന്നു കയറുകയും കളി ഒരു സാംസ്‌കാരിക-മാനവീക-സാമൂഹ്യ ആവിഷ്‌കാരം എന്നതില്‍ നിന്നു വെറുമൊരു കച്ചവടം മാത്രമായി മാറുകയും ചെയ്യും. ആനന്ദവും ആരോഗ്യവുമല്ല, പണവും പ്രശസ്തിയും വിജയവും മാത്രമാണ് ലക്ഷ്യങ്ങളെന്നു വരുമ്പോള്‍ കളിയുടെ ആത്മചൈതന്യം അപ്രത്യക്ഷമാകും. ഈ അപചയങ്ങള്‍ക്കെതിരെ നാം ജാഗ്രത പാലിക്കണം.
പല രാജ്യങ്ങളും പരസ്പരം യുദ്ധം വെട്ടിക്കൊണ്ടിരിക്കെയാണ് ലോകം ഫുട്‌ബോള്‍ ആസ്വദിക്കാനായി ഒത്തുകൂടുന്നത്. യുദ്ധഭൂമികളില്‍ മനുഷ്യര്‍ മരിച്ചുവീഴുന്നു, ചോരപ്പുഴകളൊഴുകുന്നു, ചോര വിയര്‍പ്പാക്കി പടുത്ത മനുഷ്യനിര്‍മ്മിതികള്‍ കല്‍ക്കൂമ്പാരങ്ങളായി തറ പറ്റുന്നു. ഇവിടെ കളികള്‍ക്ക് എന്തു ചെയ്യാനുണ്ട്?
യുദ്ധം നടക്കുന്ന രാജ്യത്തേയ്ക്കു കളിക്കാന്‍ പോകരുതെന്നു പറഞ്ഞ രാജ്യത്തിന്റെ പ്രസിഡന്റിനോട് പ്രസിദ്ധനായ ചെസ് താരം ബോബ് ഫിഷര്‍ പറഞ്ഞു, “കളി നടക്കുന്നിടത്ത് യുദ്ധം നിറുത്തുകയാണു വേണ്ടത്, മറിച്ചല്ല.’’
യുദ്ധവും പോരാട്ടവും ആക്രമണവും പ്രതിരോധവും പോലെയുള്ള വാക്കുകള്‍ കളിയെഴുത്തുകാര്‍ അലങ്കാരത്തിനായി ഉപയോഗിക്കാറുണ്ടെങ്കിലും, കളി യുദ്ധമല്ലെന്നു മാത്രമല്ല, യുദ്ധത്തിനു നേര്‍വിരുദ്ധമായ ഒരു ആശയലോകം അതു മുന്നോട്ടു വയ്ക്കുന്നുമുണ്ട്. കളിയില്‍ എതിര്‍പക്ഷത്തുള്ളത് വാസ്തവത്തില്‍ എതിരാളിയല്ല, പങ്കാളി തന്നെയാണ്. കളി നടക്കണമെങ്കില്‍ ആ പങ്കാളി വേണം. എതിരാളികളെ തകര്‍ക്കാനല്ല കളിയില്‍ ശ്രമിക്കുന്നത്, മറിച്ച് ഇരുപക്ഷവും ചേര്‍ന്ന് കളിയില്‍ മികവാര്‍ജിക്കുകയാണ്.
യുദ്ധങ്ങള്‍ കൊണ്ടുഴറുന്ന ലോകത്തില്‍, അതെല്ലാം വിസ്മരിക്കുന്ന ഒരു മിഥ്യാലോകത്തില്‍ അഭിരമിക്കുകയല്ല ഫുട്‌ബോള്‍ ലോകകപ്പ് ചെയ്യുന്നത്. മറിച്ച്, എങ്ങനെയായിരിക്കണം ലോകം എന്നു ചൂണ്ടിക്കാണിക്കുകയാണ്. ‘ജീവന്‍ സമൃദ്ധമായി’ എന്ന അപ്പസ്‌തോലികലേഖനത്തില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഇതു സൂചിപ്പിക്കുന്നുണ്ട്. പുരാതന ഗ്രീസില്‍ ഒളിമ്പിക്‌സ് നടക്കുമ്പോള്‍ സംഘര്‍ഷങ്ങള്‍ നിറുത്തി വയ്ക്കണമെന്ന ‘ഒളിമ്പിക് ഉടമ്പടി’ ഉണ്ടായിരുന്നു. മാനവരാശിയെ മുഴുവന്‍ പരാജയപ്പെടുത്തുന്ന യുദ്ധങ്ങള്‍ക്ക് അറുതിയുണ്ടാകട്ടെ. ഫുട്‌ബോളിന്റെ കളിക്കളങ്ങള്‍ സാഹോദര്യത്തിന്റെ പാഠശാലകളാകട്ടെ. യുദ്ധങ്ങള്‍ നിറുത്തി വയ്ക്കുക, കളിക്കുക, കളി കാണുക.