

സി ജെ പി യുടെ ഡൽഹി ജന്തർ മന്ദിർ പ്രതിഷേധങ്ങൾ യുവതലമുറ നേരിടുന്ന ആഴമുള്ള മുറിവിലേക്ക് വിരൽ ചൂണ്ടുന്നു. കഷ്ടപ്പാടിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം പരീക്ഷകൾ എഴുതി വിജയിക്കുകയാണെന്ന് വിശ്വസിച്ച് വളർന്നുവന്ന ഒരു തലമുറ, ആ മാർഗം തന്നെ അട്ടിമറിക്കപ്പെട്ടേക്കാം എന്ന് തിരിച്ചറിയുന്നു. വർഷങ്ങളുടെ അധ്വാനവും കുടുംബത്തിന്റെ സമ്പാദ്യവും വൃഥാവിലാകുന്നു എന്ന ചിന്ത വരുന്നു. വീണ്ടും വീണ്ടും പരീക്ഷ എഴുതേണ്ടി വരികയും ഫലങ്ങളിൽ സംശയം ജനിക്കുകയും ചെയ്യുന്നു. ദേഷ്യവും നിരാശയും അപമാനവും അവരിൽ നിറയുന്നു. ഈ വർഷം തന്നെ പന്ത്രണ്ടിലധികം കുട്ടികൾ ഇതേ തുടർന്ന് ആത്മഹത്യ ചെയ്തു എന്ന റിപ്പോർട്ടും. അതുതന്നെയാണ് ഈ വിഷയത്തിന് ധാർമ്മിക അടിയന്തരാവസ്ഥ നൽകുന്നത്. യുവാക്കളുടെ ഈ മാനസികാവസ്ഥയെ ഭരണകൂടം രാഷ്ട്രീയത്തിൽ നിന്ന് വേർതിരിച്ചു കാണേണ്ടതുണ്ട്.
ജനാധിപത്യ സമൂഹത്തിലെ പ്രതിഷേധങ്ങളും ഇവിടെ പരിചിന്തന വിഷയമാകുന്നു. ജനാധിപത്യം വളരുന്നത് ഭയമില്ലാതെ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ അവസരം നൽകുന്ന മണ്ണിലാണ്. യുവാക്കളുടെ ആശങ്ക വിദ്യാഭ്യാസ മേഖലയിലെ നീതിയുക്തവും വിശ്വസനീയവുമായ ഒരു നിയമന പ്രക്രിയയെക്കുറിച്ചാണ്. കാരണം ജീവിക്കാൻ തൊഴിൽ ആഗ്രഹിച്ചുകൊണ്ട് വിദ്യാഭ്യാസമേഖലയിൽ അവർ നടത്തുന്ന കഠിനാധ്വാനവും നിക്ഷേപവും അത്ര വലുതാണ്. അതുകൊണ്ടുതന്നെ അവരുടെ ഭാവിയെ സംബന്ധിച്ച കാര്യങ്ങളിൽ വിദ്യാർത്ഥികളെ കേൾക്കുന്നത് സർക്കാരിന്റെ ദൗർബല്യമല്ല, ജനാധിപത്യത്തിലെ പക്വതയാണ്. കാരണം ഭാവിയിലെ ഇന്ത്യയുടെ അധ്യാപകരും സിവിൽ സർവീസ് ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും പ്രൊഫഷണലുകളും ആകേണ്ടവരാണ് തെരുവിൽ. സർക്കാരിന്റെ പൊതുസ്ഥാപന ങ്ങളിലുള്ള അവരുടെ വിശ്വാസം ദുർബലപ്പെടുത്തുകയല്ല വളർത്തുകയാണ് സർക്കാർ ചെയ്യേണ്ടത്.
സി ജെ പി സമരം ചില പരീക്ഷകളോടുള്ള പ്രതികരണമായാണ് തുടങ്ങിയത്. പക്ഷേ, ഇപ്പോൾ അത് ജനാധിപത്യത്തിനുള്ള പരീക്ഷയും പരീക്ഷണവുമാണ്. ഈ സമരം വിജയിക്കുമോ പരാജയപ്പെടുമോ എന്നതിലുപരി, ഈ പ്രതിഷേധത്തോട് രാജ്യം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ചരിത്രം ഓർക്കുക.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ സംഭവങ്ങളും അതിനോട് സർക്കാർ സ്വീകരിച്ച നിലപാടുകളും വിദ്യാർത്ഥി കളുടെ ജനാധിപത്യ ബോധത്തെയും സംസ്കാരത്തെയും എങ്ങനെയാണ് വളർത്തുന്നത്? സമരങ്ങൾക്ക് ആളുകൾ എത്താതിരിക്കാൻ മെട്രോ സ്റ്റേഷനുകൾ സാങ്കേതിക തകരാർ പറഞ്ഞു അടച്ചിടുക, സമരക്കാർക്കിടയിൽ ഇന്റർനെറ്റ് നിരോധിക്കുക, മതിലുകളിൽ സി ജെ പി ക്കുവേണ്ടി മ്യൂറൽ പെയിന്റിംഗ് നടത്തുന്നവരെ അറസ്റ്റ് ചെയ്യുക, സമാധാനപര മായി മാർച്ച് നടക്കുന്ന ഇടങ്ങളിൽ അടിയന്തരമായി 144 പ്രഖ്യാപിക്കുക, ആനുപാതികമല്ലാത്ത ബലപ്രയോഗം നടത്തുക, സത്യാഗ്രഹം നടത്തിയവരെ ബലംപ്രയോഗിച്ച് മെഡിക്കൽ കസ്റ്റഡിയിൽ ആക്കുക!
ആധുനിക ഇന്ത്യയിൽ എങ്ങനെയാണ് ഇനി യുവാക്കൾ പ്രതിഷേധിക്കേണ്ടത്? എവിടെയാണ് അവർ ഒത്തുചേരേ ണ്ടത്? എങ്ങനെയാണ് അവരുടെ ആവശ്യങ്ങൾ സർക്കാരിനെ അറിയിക്കേണ്ടത്? അതോ അധികാരത്തോടു ചേർന്ന് നിൽക്കു ന്നവർക്കും സംസാരിക്കുന്നവർക്കും മാത്രം ജീവിക്കാൻ അവസരം കിട്ടുന്ന നാടാണോ ഇന്ത്യ? 10 വർഷത്തിനിടെ ചോർന്നത് 152 ചോദ്യപേപ്പർ. അത് ബാധിച്ചത് 7.5 കോടി വിദ്യാർത്ഥികളെ. കഴിഞ്ഞവർഷം മാത്രം പരീക്ഷ സംബന്ധി യായ പ്രശ്നങ്ങളിൽ ആത്മഹത്യ ചെയ്തത് 12 ഓളം പേർ. ഒരു തലമുറ തങ്ങളുടെ ഭാവിയെക്കുറിച്ച് ശബ്ദമുയർത്തുമ്പോൾ, അവരുമായി സംവദിക്കുക എന്നതാണ് സ്ഥാപനങ്ങളുടെ ധാർമ്മികവും രാഷ്ട്രീയവുമായ ബാധ്യത, അല്ലാതെ അവരെ ഭീകരരോ കുറ്റവാളികളോ ആക്കുകയല്ല.
പ്രതിഷേധിക്കാനുള്ള അവകാശം ഒരു ഔദാര്യമല്ല; അത് ജനാധിപത്യത്തിലെ ഒരു പൗരോപകരണം ആണ്. തനിക്ക് ലഭിക്കുന്ന വോട്ടവകാശത്തിലൂടെ ജനപ്രതിനിധികളെ തിരഞ്ഞെടുക്കാൻ മാത്രമേ പൗരന്മാർക്ക് സാധിക്കൂ; ഭരണകൂട നയങ്ങളിൽ മാറ്റം വരുത്താൻ സാധിക്കുകയില്ല. അതിന് ഒന്നിച്ചു ചേരുകയും ശബ്ദം ഉയർത്തുകയും ചെയ്യേണ്ടിവരും.
അതുകൊണ്ടാണ് ജനാധിപത്യ സമൂഹങ്ങൾ അക്രമരഹിത മായ ഒത്തുചേരലുകളെയും സമരങ്ങളെയും രാഷ്ട്രീയ അഭിപ്രായപ്രകടനത്തിന്റെ നിയമാനുസൃതമായ മാർഗങ്ങളായി എക്കാലത്തും സംരക്ഷിച്ചിട്ടുള്ളത്. ഒരു തലമുറ തങ്ങളുടെ ഭാവിയെക്കുറിച്ച് ശബ്ദമുയർത്തുമ്പോൾ, അവരുമായി സംവദിക്കുക എന്നതാണ് സ്ഥാപനങ്ങളുടെ ധാർമ്മികവും രാഷ്ട്രീയവുമായ ബാധ്യത.
യുവാക്കൾ പുസ്തകങ്ങളിൽ നിന്നല്ല ജനാധിപത്യം ആദ്യം പഠിക്കുന്നത്; ന്യായമായ പ്രതിഷേധങ്ങളോട് ഭരണകൂടങ്ങൾ കടുത്ത അടിച്ചമർത്തലിലൂടെ പ്രതികരിക്കുമെന്നാണ് ഇതുവഴി യുവപൗരന്മാർ പഠിക്കുന്ന ആദ്യ പാഠമെങ്കിൽ, പൗരന്മാരുടെ നിസ്സംഗത, സിനിക്കൽ മനോഭാവം, തീവ്രവാദം എന്നിവയാകും അതിന്റെ ദീർഘകാല പ്രത്യാഘാതങ്ങൾ. അത് ജനാധിപത്യത്തിനു ഗുണകരമല്ല. അത് അധികാരത്തെ ഭയപ്പെടാനും വെറുക്കാനും മാത്രമേ ഉപകരിക്കൂ. മാറ്റങ്ങൾ ക്കായുള്ള ശബ്ദമുയരുമ്പോൾ അവയോട് സംവദിക്കാനുള്ള ക്ഷമയും, തടസ്സങ്ങൾ പക്വതയോടെ മറികടക്കാനുള്ള രാഷ്ട്രദർശനവും ഉള്ളതായിരിക്കണം ആരോഗ്യമുള്ള ഒരു ഭരണസംവിധാനം.
ഇന്ത്യയിൽ ആർക്കും എങ്ങനെയും പ്രതിഷേധിക്കാം എന്നല്ല ഇതിനർത്ഥം. മറ്റുള്ളവരുടെ അവകാശങ്ങളെ മാനിക്കുന്ന, സമാധാനപരവും അക്രമരഹിതവുമായ പ്രവർത്തനങ്ങളെയാണ് ജനാധിപത്യം സംരക്ഷിക്കുന്നത്. പൊതുമുതൽ നശിപ്പിക്കുകയോ, വിഷയവുമായി ബന്ധ മില്ലാത്ത വ്യക്തികളെ ലക്ഷ്യമിടുകയോ, പ്രതിഷേധവുമായി ബന്ധമില്ലാത്തവർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയോ ചെയ്യുന്ന സമരങ്ങൾ ജനാധിപത്യത്തിന് വിരുദ്ധം തന്നെയാണ്. പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കുന്നതിനൊപ്പം പൊതുസമാധാനവും വ്യക്തിസ്വാതന്ത്ര്യവും നിലനിർത്തുക എന്നത് പരമപ്രധാനമാണ്.
സി ജെ പി സമരം ചില പരീക്ഷകളോടുള്ള പ്രതികരണ മായാണ് തുടങ്ങിയത്. പക്ഷേ, ഇപ്പോൾ അത് ജനാധിപത്യ ത്തിനുള്ള പരീക്ഷയും പരീക്ഷണവുമാണ്. ഈ സമരം വിജയി ക്കുമോ പരാജയപ്പെടുമോ എന്നതിലുപരി, ഈ പ്രതിഷേധ ത്തോട് രാജ്യം എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് ചരിത്രം ഓർക്കുക. യുവാക്കളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയുന്ന ജനാധിപത്യമാണ് ആരോഗ്യകരമായ ജനാധിപത്യം. സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകാനും മാറ്റങ്ങൾ ഉൾക്കൊള്ളാനും നമ്മുടെ പൊതുസ്ഥാപനങ്ങൾക്ക് കഴിയുമോ എന്നതാണ് ഇവിടെ പരീക്ഷാചോദ്യങ്ങൾ. പ്രതിഷേധിക്കുന്നവരെ ഭയക്കുന്ന ഭരണകൂടമല്ല, അവരുമായി സംവദിക്കുന്ന ഭരണകൂടമാണ് ജനവിശ്വാസം നേടുന്നത്; പരീക്ഷയിൽ ജയിക്കുന്നത്. ഒരു ജനാധിപത്യത്തിന്റെ യഥാർത്ഥ അളവുകോൽ അതിന്റെ അധികാരപ്രയോഗം അല്ല, നീതി തേടിയുള്ള വിയോജിപ്പുകളെ കേൾക്കാനുള്ള അതിന്റെ മനസ്സാണ്.