എന്തിനു നീ ഉപവസിക്കുന്നു?

എന്തിനു നീ ഉപവസിക്കുന്നു?
പിതാവുമായുള്ള ഗാഢബന്ധത്തിന്റെ പ്രയോഗികതലമായിരുന്നു ക്രിസ്തുവിന്റെ ഉപവാസം. 'പിതാവ് എന്നില്‍ വസിച്ചുകൊണ്ട് അവിടുത്തെ പ്രവൃത്തികള്‍ ചെയ്യുകയാണ്' എന്നതായിരുന്നു ഉപവാസത്തിന്റെ അര്‍ത്ഥം. അതുകൊണ്ടാണ്, കരുണ കാണിക്കാനും, ആശ്വസിപ്പിക്കാനും, കുഷ്ഠ രോഗിയെ കെട്ടിപ്പിടിക്കാനും, ജീവനറ്റവരെ ഉയിര്‍പ്പിക്കുവാനും, പുറത്താക്കപ്പെട്ടവരെ അടുത്തുചെന്നു കാണാനും, വെറുക്കപ്പെട്ടവരെ സ്‌നേഹിക്കുവാനും ക്രിസ്തുവിനു കഴിഞ്ഞത്.

നോമ്പ് ഒരു ധ്യാനവും തപസ്സുമാണ്. ധ്യാനമുള്‍ക്കൊള്ളുന്നത് ഒരേ സമയം ഓരോരുത്തരുടെയും ജീവിതവും അതിലൊക്കെയുമുള്ള ദൈവസാന്നിധ്യവുമാണ്. പൊടിയും ചാരവുമായ നികൃഷ്ട ജീവിയായി സ്വയം കാണുന്നതിനേക്കാള്‍ മണ്ണില്‍നിന്നുയരുന്ന ജീവ സാധ്യതയെ ധ്യാനിക്കേണ്ടതാണ് നോമ്പുകാലം. ജീവന്റെ തിരുശേഷിപ്പുകളുടെ ലാവണ്യമാണ് മണ്ണിലുള്ളത്. അതുകൊണ്ട്, മണ്ണ് നശ്വരതയെക്കുറിച്ചുള്ള ബോധ്യത്തെക്കാള്‍ കൃതജ്ഞതയാണ് ജനിപ്പിക്കേണ്ടത്. മണ്ണില്‍നിന്നുയരുന്ന മനുഷ്യര്‍ ക്രിസ്തുവായി രൂപാന്തരപ്പെടുന്നതാണ് ധ്യാനത്തിന്റെ ആത്മാര്‍ത്ഥതയും പ്രവൃത്തിചര്യയും. ഇന്നലെകളിലൂടെ രൂപപ്പെട്ട മനുഷ്യന്‍ കൃപയാല്‍ ആയിത്തീരുന്ന പുതിയ മനുഷ്യനെക്കുറിച്ചാണ് ആ ധ്യാനം. ദൈവകൃപയാല്‍ ഞാന്‍ ആരായിത്തീരും? ആ രൂപം എന്തായിരിക്കും? അതിലേക്കുള്ള പാതയെന്താണ്? പാത ക്രിസ്തുവാണ്. അതുകൊണ്ടുതന്നെ, നോമ്പാചരണത്തിന്റെ മാതൃകയും ഉദ്ദേശ്യവും ക്രിസ്തുതന്നെയാവണം. അതായത്, ഒരു ക്രിസ്തുരൂപമായിത്തീരാനുള്ള ആഗ്രഹവും, തന്റെ ജീവിതത്തില്‍ ക്രിസ്തു ജീവിച്ച ആ ജീവിതമാതൃക പ്രാര്‍ത്ഥനയേയും ഉപവാസത്തേയും സമീപനങ്ങളേയും രൂപപ്പെടുത്തണമെന്നര്‍ത്ഥം.

ക്രിസ്തുവെന്ന സത്യത്തിലൂടെ നമ്മെത്തന്നെ നോക്കിക്കാണാന്‍ ശ്രമിക്കുന്നതാണ് തപസ്സ്. ആ സത്യം നമ്മിലെ ആന്തരികതയെ നേര്‍ക്കാഴ്ചയാക്കുമ്പോഴാണ് അത് നമ്മെ പൊള്ളിക്കുന്നത്. തപിപ്പിക്കുന്ന ആത്മാര്‍ത്ഥ ചിത്രത്തെ കൃപയ്ക്കു മുമ്പില്‍ തുറന്നുവയ്ക്കുകയാണ് തപസ്സില്‍. സ്വയവും മറ്റുള്ളവരെയും മുറിപ്പെടുത്തുന്ന മുള്ളുകള്‍ സൃഷ്ടിക്കുന്ന ആത്മനൊമ്പരങ്ങള്‍ കൃപയുടെ തെളിനീരാല്‍ സ്‌നാപനം ചെയ്യപ്പെട്ട് ക്രിസ്തുവായി ഉയരുന്ന പുതുമനുഷ്യന്‍. അതുതന്നെയാണ് ജഡികമനുഷ്യനില്‍ നിന്നും ആത്മീയമനുഷ്യനിലേക്കുള്ള മാറ്റം. ജഡികതയെ ശാരീരികം എന്ന് ചുരുക്കുന്നത് ശരീരത്തെ വെറുക്കാന്‍ പഠിപ്പിക്കുന്ന കാഴ്ചപ്പാടുകളില്‍ നിന്നാവണം. അഹന്തയും അസൂയയും മാത്സര്യവുമെല്ലാം ജഡികതയാണ്. ഇവയൊക്കെ സ്വയം കേന്ദ്രീകൃതമായി ഒരാളെ അടച്ചുകളയുമ്പോള്‍, പതിയെയാണെങ്കിലും ഒരാളെ മറ്റുള്ളവരിലേക്ക് തുറക്കാനായി ആത്മപരി ത്യാഗം സഹായിക്കും. ശരീരത്തിന് അസ്വസ്ഥതയോ വേദനയോ നല്‍കുന്നതില്‍ ദൈവത്തിനു സന്തോഷമില്ല, എന്നാല്‍ തന്നിലൊതുങ്ങാതെ പരസ്‌നേഹം പരിശീലിക്കുന്നവരില്‍ ദൈവം കാണുന്നത് സ്വീകാര്യമായ ദൈവപുത്രരൂപമാകും.

പിതാവുമായുള്ള ഗാഢബന്ധത്തിന്റെ പ്രയോഗികതലമായിരുന്നു ക്രിസ്തുവിന്റെ ഉപവാസം. 'പിതാവ് എന്നില്‍ വസിച്ചുകൊണ്ട് അവിടുത്തെ പ്രവൃത്തികള്‍ ചെയ്യുകയാണ്' എന്നതായിരുന്നു ഉപവാസത്തിന്റെ അര്‍ത്ഥം. അതുകൊണ്ടാണ്, കരുണ കാണിക്കാനും, ആശ്വസിപ്പിക്കാനും, കുഷ്ഠരോഗിയെ കെട്ടിപ്പിടിക്കാനും, ജീവനറ്റവരെ ഉയിര്‍പ്പിക്കുവാനും, പുറത്താക്കപ്പെട്ടവരെ അടുത്തുചെന്നു കാണാനും, വെറുക്കപ്പെട്ടവരെ സ്‌നേഹിക്കുവാനും ക്രിസ്തുവിനു കഴിഞ്ഞത്. മണവാളന്‍ അകന്നുപോകുന്നതാണ് ഉപവാസപശ്ചാത്തല മാവേണ്ടത് എന്ന് യേശു പറഞ്ഞു. ഏകാന്തതയില്‍ ഉപവസിച്ചു പ്രാര്‍ത്ഥിച്ച ക്രിസ്തുവിന്റെ ശിഷ്യര്‍ എന്തുകൊണ്ട് ഉപവസിക്കുന്നില്ല എന്ന ചോദ്യം ഉയരുന്നത് ആചാരപരമായ ഉപവാസങ്ങളെക്കുറിച്ചാണ്. ഉപവാസം ആചാരമാകുന്നത് അതിനെ ശുഷ്‌കമാക്കുന്നു, മറിച്ച്, ഉപവാസം നീതിയുടെയും, സഹതാപത്തിന്റെയും കരുണയുടെയും അടയാളമാണ്.

മണവാളന്റെ സാന്നിധ്യം, തിന്നുകുടിച്ചാനന്ദിക്കാനുള്ള വേളയല്ല, സുവിശേഷത്തിന്റെ ആനന്ദം അത് പ്രാപ്യമല്ലാത്തവര്‍ക്ക് ക്രിസ്തുവിന്റെ മനോഭാവത്തോടെ തുറന്നുകൊടുക്കുക എന്നതാണ്. അത് ഒരേസമയം, ക്രിസ്തുവില്‍ നിറഞ്ഞവരായി പെരുമാറുന്നതിനും ദൈവരാജ്യം അന്യമാക്കപ്പെട്ടവരുടെ വേദനയില്‍ ഒന്നായിച്ചേര്‍ന്ന് യഥാര്‍ത്ഥ ഉപവാസമനുഷ്ഠിക്കാനും പ്രേരകമാകുന്നു. അന്ധര്‍ക്കു കാഴ്ചയും ബന്ധിതര്‍ക്കു മോചനവും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും നല്‍കാന്‍, ദുഷ്ടതയുടെ കെട്ടുകള്‍ പൊട്ടിക്കുന്ന, മര്‍ദിതരെ സ്വതന്ത്രരാക്കുന്ന, വിശക്കുന്നവനുമായി പങ്കുവയ്ക്കുന്ന ഉപവാസം.

പരിഹാരമായര്‍പ്പിക്കുന്ന ഉപവാസങ്ങളും ത്യാഗങ്ങളും ഭക്തിരൂപങ്ങളായുണ്ട്. 'വിജാതീയ' കോടതികളുടെ നടപടിക്രമങ്ങളിലേക്കു ദൈവനീതിയെ ചേര്‍ത്തുവയ്ക്കുന്നതുകൊണ്ടാണ് ശിക്ഷയ്ക്കുമേല്‍ ശിക്ഷവിധിക്കുന്ന ദൈവം പരിഹാരം തേടുന്നവനാക്കപ്പെടുന്നത്. നല്ലവരും ദുഷ്ടരും എല്ലാവരും ജീവന്റെ സമൃദ്ധി പ്രാപിക്കുകയെന്നതാണ് ദൈവനീതി. ദൈവം താങ്ങി നടത്തുകയും സൗഖ്യം നല്കുകയുമെല്ലാം ചെയ്യുന്നത് അതുകൊണ്ടുതന്നെ. ക്രിസ്തുപാലിച്ച ജീവിതക്രമവും ആ ദൈവനീതിയായിരുന്നു. ക്ഷമിക്കുകയെന്നത് സ്വീകാര്യതയായും കരുണയെന്നത് സ്‌നേഹത്തിന്റെ സാന്ത്വനസ്പര്‍ശമായും അറിഞ്ഞാല്‍ 'പിഴയടയ്‌ക്കേണ്ട' ഭക്തി രൂപങ്ങളെ തിരുത്താവുന്നതേയുള്ളൂ. വിധവയ്ക്ക് നീതി നടത്തിക്കൊടുക്കാതിരുന്ന ന്യായാധിപന്റെ ഉപമയിലൂടെ ക്രിസ്തു പഠിപ്പിച്ചതും, ദൈവം അതുപോലൊരു ന്യായാധിപനാണെന്നു ധരിക്കരുതെന്നല്ലേ?

പ്രാര്‍ത്ഥനയും, ഉപവാസവും ദാനധര്‍മ്മവും ക്രിസ്തുവെന്ന സൗന്ദര്യത്തെ വ്യക്തിയിലും സമൂഹത്തിലും യാഥാര്‍ത്ഥ്യമാക്കുവാനാണ്. ഉപവാസങ്ങള്‍, അത്ഭുതങ്ങളുടെ ഒരു മാസ്മരികകാലമായി നോമ്പുകാലത്തെ മാറ്റാനുള്ള ഉപാധിയല്ല. ഉപവാസത്തിന്റെ ശക്തി, അത് നീതിയുടെ പാതയിലേക്ക് ഉപവസിക്കുന്നവരെ നയിക്കുമ്പോഴാണ്. ദാനധര്‍മ്മം ഫലമായിത്തീരാത്ത ഉപവാസമൊന്നും ദൈവമാഗ്രഹിക്കുന്ന ഉപവാസമല്ല. നോമ്പെടുക്കുന്നതും ഉപവസിക്കുന്നതും പ്രത്യേക ശക്തിക്കായും കാര്യസാധ്യങ്ങള്‍ക്കായുമല്ല; മറിച്ച്, ഓരോരുത്തരിലും സഭയിലും ക്രിസ്തുരൂപം ഉണ്ടാകുവാനാണ്. ആ ലക്ഷ്യമില്ലാതെ, ഏതു പാരമ്പര്യമനുസരിച്ചു നോമ്പനുഷ്ഠിച്ചാലും അത് സ്വയം കൂടുതല്‍ ശിഥിലമാക്കുകയേയുള്ളൂ.

നോമ്പെടുക്കുന്നതും ഉപവസിക്കുന്നതും പ്രത്യേക ശക്തിക്കായും കാര്യ സാധ്യങ്ങള്‍ക്കായുമല്ല; മറിച്ച്, ഓരോരുത്തരിലും സഭയിലും ക്രിസ്തുരൂപം ഉണ്ടാകുവാനാണ്.

ജീവിതത്തെയും അതിന്റെ സംഘര്‍ഷങ്ങളെയും അസ്വസ്ഥതകളെയും കൂടെ നിര്‍ത്തിക്കൊണ്ടാണ് നോമ്പും പ്രാര്‍ത്ഥനയുമെല്ലാമുള്ളത്. അവയെയൊന്നും കണ്ടില്ലെന്നമട്ടില്‍ 'സ്വര്‍ഗീയമായ' ആത്മീയയാത്ര നടത്തുന്നത് നീതിയുടെ നിലവിളി സ്വരത്തില്‍ നിന്നും ഒഴിഞ്ഞുമാറി ശൂന്യമായ ഭക്തി പരിശീലിക്കലാണ്. അഹന്തയും കാര്‍ക്കശ്യവും ദൈവനാമത്തില്‍ രൂപപ്പെടുത്തുന്ന ആഴമേറിയ മുറിവുകളെ അതിന്റെ തീവ്രതയില്‍ ആത്മചൈതന്യത്തോടെ രക്ഷാകരമായ രീതിയില്‍ ഓരോ ദിവസവും ധ്യാനിച്ചെങ്കിലേ, സമരസപ്പെട്ടു കഴിഞ്ഞ ക്രൂരതകളെ ക്രിസ്തുവിന്റെ പ്രവാചകധീരതയോടെ അഭിമുഖീകരിക്കാനാകൂ. എങ്കിലേ നോമ്പ് ഉത്ഥിതനായ ക്രിസ്തുവിലുള്ള പ്രത്യാശയാല്‍ പ്രേരിതമാകുന്ന കാലമാകൂ.

ദേവാലയാങ്കണത്തിലെ പരിമളങ്ങളിലേക്ക് ചുരുക്കപ്പെടുന്ന ഭക്ത്യാചാരങ്ങള്‍ക്ക് 'നിങ്ങള്‍ക്കിടയിലുള്ള' ദൈവരാജ്യം തിരയാനുള്ള ആര്‍ദ്രതയില്ല. ക്രിസ്തു നഷ്ടമായിട്ടും, ആ നഷ്ടം ഒരു തരത്തിലും ബാധിക്കാതെ പോകുന്ന നമ്മുടെ കാലഘട്ടത്തിന് ഉപവാസവും, പെസഹായും, ദുഃഖവെള്ളിയുമെല്ലാം ആചാരങ്ങളാണ്; ജീവിക്കുന്ന സംഭവങ്ങളല്ല. Event managers വളരെ ഭംഗിയായി ചടങ്ങുകള്‍ നടത്തുന്നതുപോലെ ക്രമമായി എല്ലാം അനുഷ്ഠിക്കപ്പെടുന്നു. അനാഥര്‍ക്ക് നീതി നടത്തിക്കൊടുക്കുകയും മര്‍ദിതരെ മോചിപ്പിക്കുകയും ചങ്ങലകള്‍ പൊട്ടിക്കുകയും ചെയ്യുന്ന പ്രവാചക ധീരതയാണ് ഉപവാസത്തിന്റെ ചൈതന്യമെന്ന് ഗ്രഹിക്കുവാനാണ് വീണ്ടും ജനനമൊക്കെ നിത്യേന ആവശ്യമായുള്ളത്. ആത്മരോഷത്തിന്റെ തീജ്വാല, ഗുരുസ്വരത്തിനു നേരെ തിരിച്ചുവച്ച കാതുകളില്‍ കേള്‍ക്കപ്പെടുന്ന വചനത്താല്‍ അലിവിന്റെ ഹൃദയവും ധീരതയുടെ ശബ്ദവും സ്വാംശീകരിക്കുന്നു. അങ്ങനെ ഒരാള്‍ക്ക് ക്രിസ്തുവിന്റേത് പോലെ ഉപവാസത്തിന്റെയും ധ്യാനത്തിന്റെയും വിലാപത്തിന്റെയും രാത്രികളും, സൗഖ്യത്തിന്റെയും ശുശ്രൂഷയുടെയും ദിനങ്ങളും സ്വന്തമാക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org