സ്ത്രീ ശാക്തീകരണത്തില്‍ തൊഴിലിന്റെ അനിവാര്യത

സ്ത്രീ ശാക്തീകരണത്തില്‍ തൊഴിലിന്റെ അനിവാര്യത

സ്ത്രീശാക്തീകരണ രംഗത്ത് വലിയ കുതിച്ചുചാട്ടം 2000ത്തിനു ശേഷം, നമ്മുടെ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിലുണ്ടായിട്ടുണ്ടെന്നത് വാസ്തവമാണ്. സംവരണക്രമത്തിനപ്പുറമുള്ള ഒരു വളര്‍ച്ച, സ്ത്രീകളുടെ മുന്നേറ്റത്തില്‍ നമുക്ക് കാണാം. വിദ്യാഭ്യാസ മേഖല പരിശോധിച്ചാല്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പെണ്‍കുട്ടികളുടെ അനുപാതം വളരെ ഉയര്‍ന്നതായി കാണാം. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദ വിദ്യാര്‍ത്ഥികളില്‍ 60% അധികവും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളില്‍ 70% അധികവും പെണ്‍കുട്ടികളാണെന്നത്, ഇതിന്റെ നേര്‍ക്കാഴ്ച കൂടിയാണ്. ഏതെങ്കിലുമൊരു സംവരണക്രമത്തിന്റെ ഭാഗമായല്ല; മറിച്ച് യോഗ്യതാ മാനദണ്ഡങ്ങളില്‍ ഏറ്റവും മികവ് അവര്‍ പുലര്‍ത്തിയതു കൊണ്ട് തന്നെയാണ് അവര്‍ക്ക് പ്രവേശനം ലഭിച്ചതും ഉന്നതപഠനം തുടരുന്നതുമെന്നത് ഏറെ അഭിമാനകരം തന്നെ.

ഐക്യരാഷ്ട്ര സഭയുടെ സു സ്ഥിര വികസന ലക്ഷ്യങ്ങളില്‍ (Sustainable Development Goal) 2030-ഓടെ നേടിയെടുക്കേണ്ട ലക്ഷ്യങ്ങളില്‍ സുപ്രധാനമായ ഒന്നാണ്, സമഗ്രമായ വിദ്യാഭ്യാസ പുരോഗതി.

വിദ്യാഭ്യാസത്തിനു ശേഷമുള്ള സ്ത്രീകളുടെ ജീവിതക്രമത്തില്‍ പ്രഫഷണലിസത്തിന് ഒരളവുവരെ പ്രാമുഖ്യമില്ലാതെ പോകുന്നുണ്ടെന്നത്, ഇന്നിന്റെ യാഥാര്‍ത്ഥ്യമാണ്. അവരുടെ പ്രവര്‍ത്തനമണ്ഡലത്തിന്റെ മുഖ്യഭാഗം കുടുംബം മാത്രമായി പോകുന്നതിന്റെ സാംഗത്യം ഗൗരവതരമായി തന്നെ പരിശോധിക്കപ്പെടേണ്ടതുണ്ട്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന അവരില്‍ ഒരു പക്ഷമെങ്കിലും ജോലി നേടിയെടുക്കുന്നതില്‍ ആ വൈഭവം കാണിക്കുന്നില്ലെന്നത് നാം കാണാതെ പോകരുത്. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന കാലത്തു തന്നെ അവരെ കല്യാണം കഴിച്ചുവിടുകയും, പിന്നെ കുട്ടികള്‍, ഭര്‍ത്താവിന്റെ കുടുംബം തുടങ്ങി ബന്ധങ്ങളില്‍ തിരക്കില്‍പ്പെട്ടു ജോലി നേടുകയെന്നത് അവര്‍ക്ക് വിദൂരമായ ഒരു സ്വപ്നം മാത്രമാകുകയും ചെയ്യുന്നുണ്ട്.

ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതകളോടെ ഉത്തമ കുടുംബിനികള്‍ മാത്രമായി പോയ എത്രയോ അധികം പേരെ നമ്മുടെ ചുറ്റും കാണാം. അവരുടെ പഠനമികവി നും അതു തീര്‍ക്കുന്ന ഉന്നതമായ ജോലി സാധ്യതകള്‍ക്കുമപ്പുറം, അടുക്കളയുടേയും ഗൃഹഭരണത്തിന്റേയും താക്കോലുകളേന്തി നില്‍ക്കുന്ന കാഴ്ചയ്ക്ക്, സാക്ഷര കേരളം പോലും സാക്ഷ്യം വഹിക്കുന്നുവെന്നത് എത്രയോ വിരോധാഭാസമാണ്. അതില്‍ ഒരു ചെറു ന്യൂനപക്ഷം സംതൃപ്തി കാണുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ നമ്മുടെ സ്ത്രീകളില്‍ ഒരു വലിയ പക്ഷത്തിനും ഒരു ജോലി ഉണ്ടായിരുന്നുവെന്നെങ്കിലെന്ന ചിന്തപോലും ഉണ്ടാകുന്നത്, മുപ്പത്തഞ്ചു നാല്പതു വയസ്സൊക്കെയെത്തുമ്പോഴാണ്. ആ പ്രായത്തില്‍ ജോലി കണ്ടെത്തുകയെന്നതും, കേരളത്തിന്റെ സാഹചര്യത്തില്‍ അത്രയെളുപ്പമല്ല.

നാഷനല്‍ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈഷേസന്‍ (എന്‍.എസ്. എസ്.ഒ) യുടെ തൊഴില്‍ സര്‍വേ പ്രകാരം കേരളത്തില്‍ 15 വയസ്സിനും 59 വയസ്സിനുമിടയിലുള്ള പുരുഷന്മാരില്‍ 74 ശതമാനവും ജോലി ചെയ്യുന്നവരാണെങ്കില്‍, ഇതേ പ്രായത്തിലുള്ള സ്ത്രീകളില്‍ 30 ശതമാനം മാത്രമാണ് ജോലി ചെയ്യുന്നത്. തൊഴിലില്ലായ്മ ഒരു സാമൂഹ്യ പ്രശ്‌നം കൂടിയായ കേരളത്തില്‍ സ്ത്രീകള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക്, 55 ശതമാനമാണ് (പുരുഷന്മാര്‍ക്കിടയില്‍ 23 ശതമാനം). പുരുഷന്മാരില്‍ 78 ശതമാനവും തൊഴിലിടങ്ങളില്‍ വ്യാപരിക്കുകയും തൊഴിലന്വേഷിക്കുകയും ചെയ്യുമ്പോള്‍ ഉല്പാദനക്ഷമരായ സ്ത്രീകളില്‍ 35 ശതമാനം മാത്രമേ ജോലി ചെയ്യുകയോ തൊഴിലന്വേഷിക്കുകയോ ചെയ്യുന്നുള്ളൂവെന്നതും അടിയന്തിര ശ്രദ്ധപതിപ്പിക്കേണ്ട വിഷയമാണ്.

സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തനിരക്കില്‍ ഗണ്യമായ വര്‍ധന ഉണ്ടായിട്ടില്ലെന്നു മാത്രമല്ല; വൈദഗ്ധ്യം തീരെ ആവശ്യമില്ലാത്ത തൊഴില്‍ രംഗങ്ങളില്‍ സ്ത്രീകളെ നിയമിക്കുകയും വേതനം കുറഞ്ഞ തൊഴില്‍ മേഖലകളില്‍ സ്ത്രീകള്‍ കൂടുതലായി നിയമിക്കപ്പെടുകയും ചെയ്യുന്നു. സ്ത്രീപുരുഷ വേതനത്തിന്റെ അന്തരം കുറഞ്ഞു വരുന്നുണ്ടെങ്കിലും കാര്‍ഷികകാര്‍ഷികേതര രംഗങ്ങളില്‍ സ്ത്രീപുരുഷ വേതനത്തിന്റെ വ്യത്യാസം നിലവിലുണ്ട്.

ഐ.ടി പോലുള്ള പുതിയ മേഖലകളുടെ വരവോടെ സ്വകാര്യ വല്‍ക്കരണത്തിന്റെ പ്രവേഗം വര്‍ദ്ധിച്ചുവെന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. അസംഘടിത മേഖലകളില്‍ കുറഞ്ഞ കൂലി, കൂടുതല്‍ സമയം, തൊഴില്‍ അവകാശധ്വംസനം, തൊഴില്‍ നിയമങ്ങളുടെ അഭാവം, എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടുകയും തിരിച്ചെടുക്കുകയും നിയമിക്കുകയും ചെയ്യുന്ന റിസേര്‍വ് ആര്‍മി സങ്കല്പം ഇവയെല്ലാം തന്നെ നിലനില്‍ക്കുന്നു.

സ്ത്രീകളുടെ തൊഴില്‍ മുഖ്യധാരാവത്കരണത്തിന് വിധേയമാകും വിധം പദ്ധതികള്‍ ആവിഷ്‌കരിക്കുകയെന്നതാണ് ഇതിനുള്ള പ്രതിവിധി. വികസന പ്രക്രിയകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്താനും വീട്ടമ്മയുടെ വരെ സാമൂഹ്യപങ്കാളിത്തവും കഴിവും (Potential) വികസനപ്രക്രിയയ്ക്കായി ഉപയോഗിക്കാനും കഴിയുന്ന രീതിയില്‍ മാറ്റങ്ങളുണ്ടാവണം. KILA യും സഖിയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ കാണുന്നത്, സ്ത്രീകള്‍ക്ക് ഭൂസ്വത്തവകാശം 10-ല്‍ താഴെ ശതമാനം മാത്രമേയുള്ളൂവെന്നാണ്. സ്ത്രീകള്‍ക്ക്, ഭൂമിയുടെയും, ആസ്തികളുടെയും മേല്‍ പൂര്‍ണ അവകാശമുണ്ടാവേണ്ടതാണ്. സ്വത്തിന്റെയും ആസ്തികളുടെയും ഉടമസ്ഥാവകാശം സ്വാഭാവികമായും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്തിക്കുമെന്നു തീര്‍ച്ച. പുരുഷന്മാരെപ്പോലെ ജോലിയുള്ളവരും ഭൂവുടമകളും ആകുമ്പോള്‍ സ്വാഭാവികമായും അവരുടെ പദവി സമൂഹത്തിലുയരും.

അതുപോലെ തന്നെ, സമൂഹത്തിലെ ആകര്‍ഷകമായ തൊഴില്‍ മേഖലകളില്‍ വ്യാപരിക്കാന്‍ അവര്‍ തയ്യാറാകേണ്ടതുണ്ട്. പഠനം പൂര്‍ത്തീകരിക്കുന്ന മുറക്ക് തന്നെ മത്സരപരീക്ഷകളിലൂടെ ഉന്നത നിലവാരമുള്ള ജോലികളെ തേടി പിടിക്കാനും അങ്ങനെ തലയുയര്‍ത്തി നില്‍ക്കാനും അവര്‍ക്കു സാധിക്കുമ്പോള്‍, സ്വാഭാവികമായും അവര്‍ മുഖ്യധാരയിലിടം പിടിക്കും. അങ്ങനെ ലിംഗസമത്വവും ശാക്തീകരണവും തൊഴിലിന്റെ കൂടി മാഹാത്മ്യത്തിലൂടെ യാഥാര്‍ത്ഥ്യമാകുകയും ചെയ്യും.

daisonpanengadan@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org