

ഭാരതത്തില്‍, 2025-ലെ ക്രിസ്മസ് ആഘോഷങ്ങള്‍ ഇവിടുത്തെ ക്രൈസ്തവരില്‍ വളരെയധികം ഭയാശങ്കകള്‍ സൃഷ്ടിച്ചുകൊണ്ടാണ് കടന്നുപോയത്. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യം ഒരു ചോദ്യചിഹ്നത്തിന്റെ അകമ്പടിയില്‍ എത്തിപ്പെട്ടുവോയെന്ന് ചിന്തിച്ചുപോകുന്ന സ്ഥിതിവിശേഷം! പ്രധാന ഭരണകക്ഷിയുടെ പോഷകസംഘടനകള്‍ ന്യൂനപക്ഷങ്ങള്‍ക്കുനേരെ നടത്തുന്ന അക്രമങ്ങള്‍ വ്യാപകമാകുകയാണ്. എല്ലാവരും പരസ്പരം വര്‍ഗീയതയുടെ ചെളിവാരിയെറിയുന്ന (സോഷ്യല്‍ മീഡിയകളിലൂടെ) സ്ഥിതി സംജാതമായിരിക്കുന്നു. അഭ്യസ്തവിദ്യരും പണ്ഡിതരുമെന്ന് അറിയപ്പെടുന്നവര്‍ പോലും ഇത്തരം വിലകുറഞ്ഞ വർഗീയ ചെളിയേറില്‍ പങ്കെടുക്കുന്ന ദുഃഖകരമായ കാഴ്ചകള്‍ കാണുന്നുണ്ട്. ഇവിടെ ചിന്തിക്കേണ്ട ധാരാളം വസ്തുതകളുണ്ട്.
‘ഏകം സത് വിപ്രാ ബഹുധാവദന്തി’ ഈശ്വരന്‍ ഒന്നാണ് ബുദ്ധിമാന്മാര്‍ പലതരത്തില്‍ പറയുന്നു, എന്നേയുള്ളൂ എന്നു പ്രഖ്യാപിക്കുന്ന യഥാര്‍ഥ ഹൈന്ദവാദര്‍ശത്തില്‍ ഇടുങ്ങിയ ചിന്തകള്‍ക്ക് സ്ഥാനമില്ല. വെറും സഹിഷ്ണുത എന്നതിലും കവിഞ്ഞ് എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതാണ് അതിന്റെ നിലപാട്. എന്നാല്‍, സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്ന ഹിന്ദുത്വ ഇതല്ല. ആര്‍.എസ്.എസിന്റെ ശൈലിയും വ്യത്യാസമുണ്ട്. ബി.ജെ.പി.യുടെ തണലില്‍ തഴച്ചുവളരുകയും മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന വിശ്വഹിന്ദു പരിഷത്തും മറ്റു പോഷകസംഘടനകളും പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് മൃഗീയത നിറഞ്ഞ വര്‍ഗ്ഗീയതയാണ്.
ഹൈന്ദവാദര്‍ശങ്ങളും ആധുനിക ഇന്ത്യയുടെ ഹിന്ദുത്വവും തമ്മില്‍ അടിസ്ഥാനപരമായി വലിയ വ്യത്യാസങ്ങളുണ്ടെന്ന് കാണാം. ഇവരുടെ ‘ഹിന്ദുത്വ’ ചാതുര്‍വര്‍ണ്ണ്യത്തില്‍ അടിയുറച്ചതും ബ്രാഹ്മണമേല്‍ക്കോയ്മ അടിച്ചേല്‍പ്പിക്കുന്നതുമാണ്.
സനാതനധര്‍മ്മം
ഭാരതത്തില്‍ എന്നെങ്കിലും നിലനിന്നിരുന്നുവോ?
‘മാതൃവല്‍ പരദാരാണി പരദ്രവ്യാണിലോഷ്ടവല്‍
ആത്മവല്‍സര്‍വ്വഭൂതാനി യ: പശ്യതിസപണ്ഡിതാ:’ ഭാരതത്തിന്റെ സാംസ്‌കാരികമൂല്യത്തെ പ്രകീര്‍ത്തിക്കുവാന്‍ ഉദ്ധരിക്കാവുന്ന ഒരു ശ്ലോകമാണിത്. അന്യസ്ത്രീകളെ മാതാവിനെപ്പോലെ കരുതുകയും മറ്റുള്ളവരുടെ ധനത്തെ മണ്ണാങ്കട്ടയെന്നപോലെ (അനാസക്തിയോടെ) കാണുകയും ഈ പ്രപഞ്ചത്തിലുള്ളതെല്ലാം ഈശ്വരന്റെ അംശങ്ങളാണെന്ന് മനസ്സിലാക്കുകയും ചെയ്യുന്നവനാണ് യഥാര്‍ത്ഥ പണ്ഡിതന്‍ എന്നാണ് ഇതിന്റെ അര്‍ത്ഥം (നീതിസാരം). ഇത്തരത്തില്‍ സാംസ്‌കാരികമായ ഔന്നത്യം പുലര്‍ത്തിയിരുന്ന ഒരു കാലം ഭാരതത്തില്‍ നിലനിന്നിരുന്നുവോ?
‘ഏകം സത് വിപ്രാ ബഹുധാവദന്തി’ ഈശ്വരന്‍ ഒന്നാണ് ബുദ്ധിമാന്മാര്‍ പല തരത്തില്‍ പറയുന്നു, എന്നേയുള്ളൂ എന്നു പ്രഖ്യാപിക്കുന്ന യഥാര്‍ഥ ഹൈന്ദ വാദര്‍ശത്തില്‍ ഇടുങ്ങിയ ചിന്തകള്‍ക്ക് സ്ഥാനമില്ല. വെറും സഹിഷ്ണുത എന്ന തിലും കവിഞ്ഞ് എല്ലാ വിശ്വാസങ്ങളെ യും ബഹുമാനിക്കുന്നതാണ് അതിന്റെ നിലപാട്. എന്നാല്‍, സംഘപരിവാര്‍ മുന്നോട്ടു വയ്ക്കുന്ന ഹിന്ദുത്വ ഇതല്ല.
ജാബാലയും മകനും:
ഛാന്ദോഗ്യോപനിഷത്തില്‍ ഒരു അമ്മയുടെയും മകന്റെയും ഹൃദയസ്പൃക്കായ കഥയുണ്ട്.
ഗുരുകുലത്തില്‍ ചേര്‍ന്ന് പഠിക്കാൻ പോകുന്ന ഒരു പിഞ്ചുബാലന്‍. അവന്റെ അമ്മയോട് ചോദിക്കുകയാണ്, ഗുരുകുലത്തില്‍ ചെല്ലുമ്പോള്‍ ഗുരു എന്റെ പിതാവിനെയും ഗോത്രത്തെയുംപറ്റി ചോദിക്കുമല്ലോ. അപ്പോള്‍ എന്റെ പിതാവ് ആരെന്ന് പറയണം? ഞാന്‍ ഏതു ഗോത്രജനാണെന്നാണ് പറയേണ്ടത്?
വിഷണ്ണയായ ആ മാതാവ് ആലോചനാനിമഗ്‌നയായി. വാക്കുകള്‍ക്ക് വിഷയമാക്കാന്‍ പാടില്ലാത്ത ഏതോ സംഭവം ആ മാതൃഹൃദയത്തില്‍ തിരതല്ലുകയായിരുന്നു. അവള്‍ അസ്വസ്ഥയായെങ്കിലും ക്രമേണ ആ മാതാവ് സമാഹിതചിത്തയായി. എന്നിട്ട് വേദനയോടെ പറഞ്ഞു. ‘മകനെ നിന്റെ പിതാവ് ആരാണെന്ന് എനിക്കറിയില്ല. ഒരു ഗൃഹത്തില്‍ വേലക്കാരിയായിരുന്ന കാലത്താണ് ഞാന്‍ നിന്നെ ഗര്‍ഭം ധരിച്ചത്. നീ ആരാണെന്നും മറ്റും ഗുരു ചോദിക്കുമ്പോള്‍ നീ ഈ വസ്തുത പറഞ്ഞാല്‍ മതി. കൂട്ടത്തില്‍ നിന്റെ അമ്മയുടെ പേര് ജാബാല എന്നാണെന്നും നിന്റെ പേര് സത്യകാമന്‍ ആണെന്നും പറയുക. ദൈവം നിന്നെ രക്ഷിക്കും.’ സത്യകാമന്‍ ഗുരുകുലത്തില്‍ എത്തി. ഗുരു ഓരോരുത്തരെയും വിളിക്കാന്‍ തുടങ്ങി. സത്യകാമന്റെ ഊഴം വന്നു. ആരാണ് നീ?, നിന്റെ പിതാവ് ആര്? ഗോത്രം ഏത്? എന്ന് ഗുരു ആരാഞ്ഞപ്പോള്‍ ഹിമംപോലെ പരിശുദ്ധമായ മനസ്സോടുകൂടി ആ ബാലന്‍ അമ്മ പറഞ്ഞ അതേ വാക്കുകള്‍ ഓര്‍ത്തുകൊണ്ട് പറഞ്ഞു. ‘ഗുരോ എന്റെ അമ്മയോട് ഞാന്‍ ഇതിനെപ്പറ്റി ചോദിച്ചു. അപ്പോള്‍ അമ്മ പറഞ്ഞത് എന്റെ പിതാവ് ആരാണെന്ന് അറിയില്ലെന്നും ഒരു ഗൃഹത്തില്‍ വേലക്കാരിയായി ജീവിച്ചിരുന്ന കാലത്താണ് ഗര്‍ഭധാരണമുണ്ടായതെന്നും അമ്മയുടെ പേര് ജാബാല എന്നും എന്റെ പേര് സത്യകാമന്‍ എന്നും പറഞ്ഞാല്‍ മതിയാകുമെന്നുമാണ് അമ്മ ഉപദേശിച്ചത്. അതു ഞാന്‍ ഇവിടെ ഉണര്‍ത്തിക്കട്ടെ.’ അത്ഭുതപരതന്ത്രനായ ആ ഗുരു ഉടനെ പറഞ്ഞു,
‘സത്യത്തെ ഇവ്വണ്ണം തുറന്നു പ്രഖ്യാപിക്കുന്ന നിന്റെ അമ്മ തികഞ്ഞ ബ്രാഹ്മണ്യമുള്ള സാദ്ധ്വിയാണ്. അവരുടെ മകനായ നീ ബ്രാഹ്മണനും ഇവിടെ പ്രവേശനത്തിന് അര്‍ഹനുമാണ്.’ (ആര്‍ഷസന്ദേശം, വിദ്യാവാചാസപ്തി വി.പനോളി, പേജ് 130, 131, മാതൃഭൂമി പ്രസിദ്ധീകരണം 1987) ഇവിടെ ചിന്താര്‍ഹമായ ചില സംഗതികള്‍ ഉണ്ട് (ഇവിടെ ബ്രാഹ്മണ്യത്തെ പ്രകീര്‍ത്തിക്കുന്നുവെങ്കിലും അത് കര്‍മ്മംകൊണ്ടുള്ളത് എന്നെങ്കിലും കരുതാം!).
ബി.ജെ.പി.യുടെ തണലില്‍ തഴച്ചു വളരുകയും മുതലെടുപ്പ് നടത്തുകയും ചെയ്യുന്ന വിശ്വഹിന്ദു പരിഷത്തും മറ്റു പോഷകസംഘടന കളും പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് മൃഗീയത നിറഞ്ഞ വര്‍ഗ്ഗീയതയാണ്. ഹൈന്ദവാദര്‍ശങ്ങളും ആധുനിക ഇന്ത്യയുടെ ഹിന്ദുത്വവും തമ്മില്‍ അടിസ്ഥാനപരമായി വലിയ വ്യത്യാസങ്ങളുണ്ടെന്ന് കാണാം.
ചാതുര്‍വര്‍ണ്ണ്യ വ്യവസ്ഥയുടെ ആദ്യകാലങ്ങളില്‍ അത് ഇന്നത്തെപ്പോലെ ഉള്ള ഒരു ജാതിവ്യവസ്ഥ ആയിരുന്നില്ല എന്നാണല്ലോ ഗുരുവിന്റെ വാക്കുകളില്‍ നിന്നും നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത്.
എന്നാല്‍ ഹിന്ദുത്വവാദികള്‍ ഉയര്‍ത്തുന്ന ജാതിവ്യവസ്ഥ എന്താണ്?
‘സ്‌നാതമശ്വം ഗജം മത്തം വൃഷഭം കാമമോഹിതം
ശൂദ്രമക്ഷര സംയുക്തം ദൂരത: പരിവര്‍ജ്ജയേല്‍’
കുളിച്ചുവരുന്ന കുതിരയുടെയും മദിച്ചുവരുന്ന ആനയുടെയും പശുവിന്‍ പിമ്പേ വരുന്ന കാള(മൂരി)യുടെയും വിദ്യാഭ്യാസം ചെയ്ത ശൂദ്രരുടെയും അടുക്കല്‍ ചെല്ലരുത് എന്നറിയുക, മനുസ്മൃതി.) സനാതനധര്‍മ്മത്തില്‍ ഇങ്ങനെയൊരു വ്യതിചലനം ഉണ്ടാകാന്‍ കാരണമെന്ത്?
‘ചാതുര്‍വര്‍ണ്ണ്യം മയാസൃഷ്ടം ഗുണകര്‍മ്മ വിഭാഗശ:
തസ്യ കര്‍ത്താരമപി മാംവിദ്ധ്യകര്‍ത്താരമവ്യയം.’ (ശ്രീമദ് ഭഗവത്ഗീത നാലാം അധ്യായം 13-ാം ശ്ലോകം)
അവരവരുടെ പ്രകൃത ഗുണങ്ങളെ ആധാരമാക്കി ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ, ശൂദ്രാദി വര്‍ണ്ണങ്ങള്‍ എന്നാല്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഞാന്‍ ആ ചാതുര്‍വര്‍ണ്ണ്യത്തിന്റെ കര്‍ത്താവാണെങ്കിലും, പരമാര്‍ത്ഥത്തില്‍ നാശമില്ലാത്തവനായ എന്നെ അവയുടെ അകര്‍ത്താവായും അറിയൂ.' ഇവിടെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു സംഗതിയുണ്ട്. ജാബാലയുടെയും സത്യകാമന്റെയുമൊക്കെ കാലഘട്ടത്തിനുശേഷം ഭാരതത്തില്‍ സാംസ്‌കാരികമായ ഒരു വലിയ വ്യതിചലനം ഉണ്ടാണ്ടായിട്ടുണ്ട്.
'കേരളീയ വര്‍ണ്ണാശ്രമധര്‍മം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ ജാത്യാചാര പ്രകാരമുള്ള വസ്ത്രധാരണ സ്വാതന്ത്ര്യമേ അനുവദിച്ചു നല്‍കിയിരുന്നുള്ളൂ. വസ്ത്രം ധരിക്കുന്നതിനും ആഭരണങ്ങള്‍ അണിയുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ആരാധന നടത്തുന്നതിനും അറിവ് സമ്പാദിക്കുന്നതിനും സ്വന്തം പേര് സ്വീകരിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും വഴി നടക്കുന്നതിനും ചാവടിയന്തിര ങ്ങള്‍ക്കും എല്ലാം അവര്‍ണ്ണർ ക്കുമേല്‍ അതിഭീകരമായ ആചാരനിയന്ത്രണങ്ങളാണ് അടിച്ചേല്‍പിച്ചിരുന്നത്.
ഉത്തരേന്ത്യയില്‍ (ആര്യാവര്‍ത്തം) പുഷ്യമിത്രനും അതുപോലുള്ള മറ്റു പല ബ്രാഹ്മണ ചക്രവര്‍ത്തിമാരും രാജാക്കന്മാരും ഉയര്‍ന്നുവന്നു. അവര്‍ തങ്ങളുടെ അധീശത്വം ഉറപ്പിക്കുവാന്‍ ചാതുര്‍വര്‍ണ്ണ്യം ഈശ്വര കല്പിതമാണ് എന്നവിധത്തില്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിച്ചു. അതോടുകൂടി ചാതുര്‍വര്‍ണ്ണ്യം തൊഴിലുമായി അഭേദ്യമായി ബന്ധപ്പെടുത്തി. ജാതികളും ഉപജാതികളും സൃഷ്ടിച്ചു. സമൂഹത്തെ അനേകം തട്ടുകളായി തിരിച്ചു. എന്നാല്‍ ബി.സി. നാലാം നൂറ്റാണ്ടായപ്പോഴേക്കും ജൈന, ബുദ്ധമതങ്ങള്‍, ക്ഷത്രിയ രാജാക്കന്മാരുടെ ഇടയില്‍നിന്നും ഉയര്‍ന്നുവരികയുണ്ടായി.
പിന്നീട് പല നൂറ്റാണ്ടുകള്‍ ഭാരതത്തില്‍ ജൈന, ബുദ്ധമതങ്ങളുടെ അധീശത്വം നിലനിന്നു. ജാതിരഹിത സമൂഹവും, വിദ്യാഭ്യാസവും ആയുര്‍വ്വേദത്തിന്റെ വളര്‍ച്ചയുമൊക്കെ ഈ കാലഘട്ടത്തിന്റെ പ്രത്യേകതയായിരുന്നു; സംഭാവനകളുമായിരുന്നു.
പക്ഷേ, 8ാം നൂറ്റാണ്ടില്‍ കേരളീയനായ ശ്രീ. ശങ്കരാചാര്യരുടെ നേതൃത്വത്തില്‍ ജൈന, ബുദ്ധമത സിദ്ധാന്തങ്ങളെ പരാജയപ്പെടുത്തി. ഹൈന്ദവമതം വളര്‍ച്ച പ്രാപിച്ചു. അദ്ദേഹത്തിന്റെ അദ്വൈതസിദ്ധാന്തം ലോകപ്രശസ്തമാണല്ലോ. എന്നാല്‍ അദ്ദേഹം ഹൈന്ദവമതത്തിനു നല്‍കിയ സംഘടനാശേഷി ഭാരതത്തിലെങ്ങും ചാതുര്‍വര്‍ണ്ണ്യം പുനഃസ്ഥാപിച്ചു. ജാതിവ്യവസ്ഥ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നു. കേരളത്തിലും സാംസ്‌കാരികമായ ഈ വ്യതിചലനം ഉണ്ടായി.
'ജൈന, ബുദ്ധവിഹാരങ്ങള്‍ ഹൈന്ദവക്ഷേത്രങ്ങളാക്കി മാറ്റി. സാധാരണ ജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത പവിത്ര സ്ഥാനങ്ങളാക്കി മാറ്റി. കേരളം ഒരു അടഞ്ഞ സമൂഹമായി പരിവര്‍ത്തിക്കപ്പെട്ടു. അവിടം മുതല്‍ കേരളം പിന്നോട്ടു നടക്കാനും ആരംഭിച്ചു'. (മിഷണറിമാരുടെ കേരളം - ഡോ. വള്ളിക്കാവ് മോഹന്‍ദാസ്, പേജ് 193).
പുത്തന്‍ ഉണർവ് ലഭിച്ച ഹിന്ദുമതാനുയായികള്‍ കേരളത്തിലുള്‍പ്പെടെ ഭാരതത്തില്‍ ജൈന ബുദ്ധ വിഹാരങ്ങള്‍ തകര്‍ത്ത് ഹൈന്ദവക്ഷേത്രങ്ങള്‍ ആക്കി മാറ്റിയതുകൂടാതെ അവരുടെ കേന്ദ്രങ്ങള്‍ക്ക് തീ വയ്ക്കുക, അവരെ മാനസികമായും ശാരീരികമായും തകര്‍ക്കാന്‍ ശ്രമിക്കുക, അവരെ കുടിയൊഴിപ്പിക്കുക എന്നിവയൊക്കെ ചെയ്തതായി ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഫലമായി ഭാരതം സാംസ്‌കാരികമായും സാമൂഹികമായും അന്ധകാരത്തില്‍പെട്ടുപോയ കാലങ്ങളാണ് പിന്നീടുണ്ടായത്.
ഇങ്ങനെ അഞ്ചാറ് നൂറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഭാരതത്തിലും കേരളത്തിലുമുണ്ടായിരുന്ന ജനങ്ങളുടെ അവസ്ഥ ഏതു തരത്തിലായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതാണ്.
'കേരളീയ വര്‍ണ്ണാശ്രമധര്‍മം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യംവരെ ജാത്യാചാരപ്രകാരമുള്ള വസ്ത്രധാരണ സ്വാതന്ത്ര്യമേ അനുവദിച്ചു നല്‍കിയിരുന്നുള്ളൂ. വസ്ത്രം ധരിക്കുന്നതിനും ആഭരണങ്ങള്‍ അണിയുന്നതിനും ഭക്ഷണം കഴിക്കുന്നതിനും ആരാധന നടത്തുന്നതിനും അറിവ് സമ്പാദിക്കുന്നതിനും സ്വന്തം പേര് സ്വീകരിക്കുന്നതിനും വിവാഹം കഴിക്കുന്നതിനും വഴി നടക്കുന്നതിനും ചാവടിയന്തിരങ്ങള്‍ക്കും എല്ലാം അവര്‍ണ്ണര്‍ക്കുമേല്‍ അതിഭീകരമായ ആചാരനിയന്ത്രണങ്ങളാണ് അടിച്ചേല്‍പിച്ചിരുന്നത്. സമൂഹത്തിന്റെ ഉന്നതശ്രേണിയിലാണെന്ന് സ്വയം നിശ്ചയിച്ചുറപ്പിച്ച ബ്രാഹ്മണനും അധികാരം കുന്നുകൂടിയിരുന്നതുവഴി തൊട്ടടുത്താണെന്ന് ഭാവിച്ചിരുന്ന ക്ഷത്രിയനും മാത്രമേ സവര്‍ണ്ണസ്വാതന്ത്ര്യം ഉണ്ടായിരുന്നുള്ളൂ.
അപ്പോഴും ബ്രാഹ്മണനുമുന്നില്‍ രാജാധികാരത്തില്‍ ഉപവിഷ്ഠനായിരുന്ന ക്ഷത്രിയന് തീണ്ടല്‍ ഉണ്ടായിരുന്നു ചിലേടങ്ങളില്‍'. (മിഷണറിമാരുടെ കേരളം, ഡോ.വള്ളിക്കാവ് മോഹന്‍ദാസ്, പേജ് 195) രാജാവിന്റെ അവസ്ഥ ഇതാണെങ്കില്‍ അവര്‍ണരുടെ അവസ്ഥ എന്തായിരുന്നുവെന്ന് നോക്കാം.
'താണജാതിക്കാര്‍ക്ക് പൊതുനിരത്തുകളില്‍ നടക്കാന്‍ പാടില്ലായിരുന്നു. തീണ്ടല്‍പ്പാട് കടന്ന് ഒരു ബ്രാഹ്മണനെ സമീപിക്കുവാന്‍ ഇടവരുന്ന സാഹചര്യത്തില്‍ താണജാതിക്കാരനെ അപ്പോള്‍തന്നെ വെട്ടി വീഴ്ത്തുകയായിരുന്നു പതിവ്. താണജാതിക്കാരെ കണ്ടാല്‍ ഉടനെ തിരിച്ചറിയുന്നതിന് അവര്‍ ശരീരം അരയ്ക്കുമേല്‍ മറയ്ക്കരുതെന്നായിരുന്നു ചട്ടം. പാദരക്ഷ, കുട, നല്ലവസ്ത്രം, വിലപ്പെട്ട ആഭരണം എന്നിവയെല്ലാം അവര്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു. കോരിച്ചൊരിയുന്ന മഴയത്തുപോലും ബ്രാഹ്മണര്‍ക്കല്ലാതെ മറ്റൊരു ജാതിയില്‍പെട്ടവര്‍ക്കും കുട പിടിക്കുവാന്‍ അവകാശം ഉണ്ടായിരുന്നില്ല'. (ടി പേജ് 183) 'ചരിത്രത്തിലൊരിടത്തും സമാനതകളില്ലാത്തതാണ് ഈ നിര്‍ഭാഗ്യവാന്‍മാരായ മനുഷ്യജീവികളുടെ അവസ്ഥ. ഏറ്റവും വെറുക്കത്തക്ക സംഗതികള്‍ പോലും ചാരിതാര്‍ത്ഥ്യജനകമെന്ന മട്ടില്‍ അവരുടെ ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നു. കന്നുകാലികളെപ്പോലെ അവരെ വാങ്ങുകയും വില്ക്കുകയും ചെയ്യുന്നു. മിക്കപ്പോഴും കന്നുകാലികളോട് എന്നതിനേക്കാള്‍ മോശമായിട്ടാണ് അവരോട് പെരുമാറുന്നത്. അവരെ പ്രഹരിക്കാനും ചങ്ങലക്കിടാനും ചിലപ്പോള്‍ അംഗഭംഗം വരുത്താനും അവരുടെ ജീവന്‍ അപഹരിക്കാന്‍പോലും ഉടമകള്‍ക്കധികാരമുണ്ടായിരുന്നു. അവരുടെ അധ്വാനത്തിന്റെ പ്രതിഫലമായി കഷ്ടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഉതകുന്ന തരത്തില്‍ പരമാവധി കുറഞ്ഞ കൂലിയാണ് നല്‍കുന്നത്. വ്യത്യസ്ത ഇടങ്ങളില്‍ വ്യത്യസ്തമായിട്ടാണ് അവരുടെ വിലനിര്‍ണ്ണയിച്ചിട്ടുള്ളത്. താരതമ്യേന ഉയര്‍ന്ന കൂലിയുള്ള തീരത്തോട് അടുത്ത പ്രദേശങ്ങളില്‍ ആരോഗ്യമുള്ള ഒരടിമക്ക് 6 രൂപയില്‍ കൂടുതല്‍ വിലയില്ല. മല്ലപ്പള്ളിയില്‍ 18 രൂപയാണ് വില. മലയോട് അടുത്ത പ്രദേശങ്ങളില്‍ ഒരടിമയുടെ വില ഇതിന്റെ ഇരട്ടിവരെയെത്തുന്നു. അടിമയുടെ കുട്ടികള്‍ പിതാവിന്റെ ഉടമയുടെ സ്വത്തല്ല. മാതാവിന്റെ ഉടമയ്ക്കാണ് അവരുടെ മേല്‍ അവകാശം. എങ്കിലും ചിലയിടങ്ങളില്‍ ഒരു കുട്ടിക്കുള്ള അവകാശം പിതാവിന് അനുവദിച്ചിട്ടുണ്ട്. അതാകട്ടെ അയാളുടെ ഉടമയുടെ സ്വത്തുമാണ്... ഏറ്റവും കൗതുകകരമായത് സര്‍ക്കാര്‍ ഉടമസ്ഥതയിലും അന്ന് അടിമകള്‍ ഉണ്ടായിരുന്നുവെന്നതാണ് (ടി പേജ് 185).
ഇന്ത്യയില്‍ സാര്‍വ്വത്രികമായിരുന്ന സതിസമ്പ്രദായവും ശൈശവ വിവാഹവുമൊക്കെ നമ്മള്‍ ധാരാളം കേട്ടിട്ടുണ്ട്. കേരളത്തിലെ അവര്‍ണ്ണജാതികളിലെ സ്ത്രീകളുടെ അവസ്ഥയും പരമദയനീയമായിരുന്നു. അവര്‍ക്ക് മാറ് മറയ്ക്കുവാനോ മേല്‍മുണ്ട് ധരിക്കുവാനോ അനുവാദമുണ്ടായിരുന്നില്ല. ക്രൈസ്തവ നാടാര്‍ യുവതികളിലൊരു ധൈര്യശാലി 1858 ഒക്ടോബര്‍ 8 ന് ദീര്‍ഘകാലമായി നിലനിന്ന ആചാരത്തെ ലംഘിച്ചുകൊണ്ട് മേല്‍മുണ്ടും ധരിച്ച് നെയ്യാറ്റിന്‍കര ചന്തയില്‍ കമ്പോളസമയത്ത് പ്രത്യക്ഷപ്പെടുകയും നാട്ടിലെ നായര്‍ പ്രമാണിമാര്‍ ആ സ്ത്രീയെ വിവസ്ത്രയാക്കി അപമാനിക്കുകയുമുണ്ടായി
(ടി പേജ് 201).
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു ചെറുകഥയില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു, 'നമ്പൂതിരിയില്ലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ നായര്‍ സ്ത്രീകള്‍ ബ്ലൗസോ, റൗക്കയോ, ബോഡീസോ ഇടാന്‍ പാടില്ല' (ബഷീര്‍ സമ്പൂര്‍ണ്ണകൃതികള്‍, പേജ് 1037). ഇതൊന്നും നൂറ്റാണ്ടുകള്‍ക്കുമുമ്പു നടന്ന കാര്യങ്ങളില്ല. ഈ നൂറ്റാണ്ടില്‍ ബഷീര്‍ നേരിട്ടു കണ്ട കാര്യങ്ങളാണ്. ചരിത്രതാളുകളില്‍ തീണ്ടല്‍ ജാതിക്കാര്‍ ഒരു ബ്രാഹ്മണന്റെ പക്കല്‍ പാലിക്കേണ്ട അകലം എത്രയെന്ന് വിവരിച്ചിട്ടുണ്ട്. നായര്‍ 14 അടി അകലം പാലിക്കണം. ഈഴവന്‍ 34 അടി ദൂരം, പുലയന്‍ 64 അടി, പറയന്‍ 74 അടി, നായാടി 84 അടി (നായാടി മുതല്‍ നമ്പൂരി വരെ വരി നില്‍ക്കുന്നത് ഒന്ന് സങ്കല്പിച്ചുനോക്കുക)
സാമ്രാജ്യ ശക്തികളോടൊപ്പം ഭാരതത്തിലേക്ക് കടന്നുവന്ന ക്രിസ്ത്യന്‍ മിഷണറിമാരേയും മേല്‍പറഞ്ഞ സാമ്രാജ്യ ശക്തികളെയും ഒരുപോലെ ചേര്‍ത്തുവച്ച് കുറ്റവിചാരണ നടത്തുമ്പോള്‍ അത് ചരിത്രത്തോടും സ്വന്തം നാട്ടിലെ ജനങ്ങളോടും ചെയ്യുന്ന വഞ്ചനയും കടുത്ത അനീതിയും ആയിരിക്കും.
ഇങ്ങനെ എണ്ണിയാല്‍ ഒടുങ്ങാത്ത അനീതികളുടെയും ക്രൂരതകളുടെയും നീരാളിപ്പിടുത്തത്തിലായിരുന്നു ഇവിടത്തെ സാധാരണജനങ്ങളും അവര്‍ണ്ണവിഭാഗങ്ങളും. ഈ പശ്ചാത്തലത്തിലേക്കാണ് യൂറോപ്യന്മാരും മിഷണറിമാരും കടന്നുവന്നത്.
യൂറോപ്യന്‍ സാമ്രാജ്യശക്തികള്‍: 16-ാം നൂറ്റാണ്ടിന്റെ ആദ്യകാലം മുതല്‍ യൂറോപ്യന്മാര്‍ കടല്‍മാര്‍ഗ്ഗം കച്ചവടത്തിനായി ഭാരതത്തിലേക്ക് വന്നതും പാണ്ടികശാലകള്‍ സ്ഥാപിച്ചതും, ഭാരതത്തിലെ പ്രദേശങ്ങള്‍ ഓരോന്നായി അവരുടെ വരുതിയില്‍ കൊണ്ടുവന്നതും ഒടുവില്‍ ഭാരതം മുഴുവന്‍ വെള്ളക്കാരുടെ അടിമത്തത്തില്‍ ആയതും ഇവിടെ വിസ്തരിക്കേണ്ട ആവശ്യമില്ല. അത് ചരിത്രമാണ്.
പോര്‍ച്ചുഗീസ് ചക്രവര്‍ത്തി ഗോവ പിടിച്ചടക്കിയതും അങ്ങനെതന്നെ.
എന്നാല്‍ ഈ സാമ്രാജ്യശക്തികളോടൊപ്പം ഭാരതത്തിലേക്ക് കടന്നുവന്ന ക്രിസ്ത്യന്‍ മിഷണറിമാരേയും മേല്‍പറഞ്ഞ സാമ്രാജ്യശക്തികളെയും ഒരുപോലെ ചേര്‍ത്തുവച്ച് കുറ്റവിചാരണ നടത്തുമ്പോള്‍ അത് ചരിത്രത്തോടും സ്വന്തം നാട്ടിലെ ജനങ്ങളോടും ചെയ്യുന്ന വഞ്ചനയും കടുത്ത അനീതിയും ആയിരിക്കും.
മിഷണറിമാര്‍ നിശ്ചയമായും മതപ്രചാരണം ലക്ഷ്യമാക്കി വന്നവര്‍തന്നെയാണ്. എന്നാല്‍ മിഷണറിമാര്‍ ഇവിടുത്തെ ഹിന്ദുക്കളെ തെറ്റിദ്ധരിപ്പിച്ചു, പ്രലോഭിപ്പിച്ചു മതം മാറ്റി എന്ന് ചിലര്‍ ഒറ്റവാക്കില്‍ ചരിത്രം പൂരിപ്പിക്കുന്നത് ശരിയല്ല. മിഷണറിമാര്‍ ഭാരതത്തില്‍ വന്നപ്പോഴുള്ള സാംസ്‌കാരികവും സാമൂഹ്യവുമായ പശ്ചാത്തലം വളരെ ലഘുവായി മുന്നേ പറഞ്ഞുകഴിഞ്ഞു. അതൊന്നുകൂടി ചുരുക്കിപ്പറഞ്ഞാല്‍, ഉണ്ണുവാനും ഉടുക്കുവാനും വകയില്ലാത്തവരും വഴിയെ നടക്കുവാന്‍പോലും അനുവാദമില്ലാത്തവരും അക്ഷരം അഭ്യസിക്കാന്‍ നിഷേധിക്കപ്പെട്ടവരും എന്തിന് മനുഷ്യന്‍ എന്നു പറയാന്‍പോലും ഉള്ള അവകാശം കൂടി നിഷേധിക്കപ്പെട്ടവരും ആയ ഒരു ജനതതിയെ ആണ് മിഷണറിമാര്‍ ഇവിടെ കണ്ടത്.
അവര്‍ ഈ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കി. നല്ല ചികിത്സാസൗകര്യങ്ങള്‍ നല്‍കി. ജീവിത സൗകര്യങ്ങള്‍ ഉണ്ടാക്കി നല്‍കി. പത്രങ്ങള്‍ തുടങ്ങി. ഭാഷകള്‍ക്ക് വ്യാകരണവും നിഘണ്ടുക്കളുമുണ്ടാക്കി. സര്‍വ്വോപരി ഇവിടത്തെ ജനങ്ങളെ മനുഷ്യര്‍ എന്നു വിളിക്കാവുന്ന അവസ്ഥയിലേക്ക് മാറ്റിയെടുത്തു.
'കീഴാളജനത അതുവരെ ഉണ്ടായിരുന്ന തങ്ങളുടെ ഹിന്ദുമതം ഉപേക്ഷിച്ച് ക്രൈസ്തവമതം സ്വീകരിച്ചു എന്നുള്ള പല ചരിത്രഗ്രന്ഥങ്ങളിലേയും പ്രയോഗം സത്യത്തിന് നിരക്കുന്നതല്ല. കാരണം ചാതുര്‍വര്‍ണ്ണ്യ പ്രകാരം ബ്രാഹ്മണനും, ക്ഷത്രിയനും, വൈശ്യനും, ശൂദ്രനും മാത്രമേ ഹിന്ദുമതത്തിന്റെ എലുകകളില്‍പ്പെട്ടിരുന്നുള്ളൂ. പഞ്ചമര്‍ എന്ന അഞ്ചാം വിഭാഗമായി നിന്ന അവര്‍ണ്ണര്‍ ഹിന്ദുമതത്തിന് പുറത്തായിരുന്നു.
അതിനാല്‍ അവര്‍ക്ക് ഉപേക്ഷിക്കാന്‍ ഒരു മതം ഉണ്ടായിരുന്നില്ല. ഹൈന്ദവ ദേവന്മാരെ ആരാധിക്കാനോ, ഹൈന്ദവക്ഷേത്രങ്ങളില്‍ ആരാധന നടത്തുവാനോ ക്ഷേത്രങ്ങളുടെ സമീപത്തുള്ള നിരത്തുകളിലൂടെ സഞ്ചരിക്കാന്‍ പോലുമോ അവകാശമില്ലാത്ത കീഴാളര്‍ക്ക് സ്വന്തം ആചാരങ്ങളും അനുഷ്ഠാനങ്ങളും മാടന്‍, മറുത, ചാത്തന്‍ തുടങ്ങിയുള്ള ആരാധനാമൂര്‍ത്തികളുമാണുണ്ടായിരുന്നത്. ഇതൊന്നും സാമ്പ്രദായിക ഹിന്ദുമതത്തിന്റെ ഭാഗമായി അവര്‍ ഒരിക്കലും അംഗീകരിച്ചില്ല.(ഡോ.വള്ളിക്കാവ് മോഹന്‍ദാസ്, മിഷണറിമാരുടെ കേരളം, പേജ് 188) 'ഫലത്തില്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന സമൂഹത്തില്‍ അനുഭവിച്ചുവന്ന കൊടിയ പീഡനങ്ങള്‍ക്കും അവഗണനയ്ക്കും അറുതിവരുത്താന്‍ മിഷണറിമാരുടെ അടുക്കലേക്കു പോവുക എന്നതായി അടിമ വര്‍ഗ്ഗങ്ങളുടെ രീതി. യഥാര്‍ത്ഥത്തില്‍ മിഷണറിമാര്‍ കീഴാളരെ തേടിപ്പോവുകയായിരുന്നില്ല. ദളിത് ജനത മിഷണറിമാരുടെ അടുത്തേക്ക് വന്നുചേരുകയായിരുന്നു. (ടി പേജ് 188)
ഈ സത്യങ്ങളെല്ലാം മറച്ചുവെച്ചുകൊണ്ടല്ലെ 'മിഷണറിമാര്‍ വഞ്ചിച്ചു; അവര്‍ണ്ണജാതിക്കാരെ മതംമാറ്റി' എന്ന് ആക്ഷേപിക്കുന്നത്.
ഈ മതപ്രചാരണം ക്രിസ്തുമതക്കാര്‍ മാത്രമാണോ ചെയ്യുന്നത്? 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അമേരിക്കയിലും യൂറോപ്പിലും ഹിന്ദുക്കള്‍ എന്നുള്ളത് കേട്ടുകേള്‍വി മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അമേരിക്കയിലും യൂറോപ്പിലും ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഉണ്ട്.
അവിടങ്ങളിലെ മതം മാറ്റം ശരിയും ഇന്ത്യയിലേത് തെറ്റും എന്നു പറയാമോ? അവിടെ ആരും ആരേയും ചുട്ടെരിക്കാനും തല്ലാനും കൊല്ലാനും ഒന്നും പോകുന്നില്ലല്ലോ? പണ്ട് അശോകചക്രവര്‍ത്തി ബുദ്ധമത പ്രചാരണം നടത്തിയ കാര്യങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ആഹാരത്തിലും ഇരട്ടത്താപ്പ്: ഭാരതത്തില്‍ മാംസാഹാരം പാടില്ലെന്നാണ് ചിലര്‍ വാശിപിടിക്കുന്നത്. ഹിന്ദുക്കളുടെ പ്രധാന ആരാധ്യപുരുഷനാണ് ശ്രീരാമന്‍. ശ്രീരാമന്‍ സസ്യഭുക്കായിരുന്നോ അതോ മിശ്രഭുക്കായിരുന്നുവോ? എഴുത്തച്ഛന്റെ ആധ്യാത്മരാമായണത്തിലെ 'സീതയുടെ അടയാളവാക്യം' എന്നൊരു പാഠഭാഗം വിദ്യാര്‍ഥിയായിരുന്നപ്പോള്‍ പഠിച്ചതോര്‍ക്കുന്നു.
മനുഷ്യന്‍ എന്നു പറയാന്‍പോലും ഉള്ള അവകാശം കൂടി നിഷേധിക്കപ്പെട്ടവരം ആയ ഒരു ജനതതിയെ ആണ് മിഷണറിമാര്‍ ഇവിടെ കണ്ടത്. അവര്‍ ഈ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കി. നല്ല ചികിത്സാസൗകര്യങ്ങള്‍ നല്‍കി. ജീവിത സൗകര്യങ്ങള്‍ ഉണ്ടാക്കി നല്‍കി.
ലങ്കയില്‍വച്ച് സീത ഹനുമാനോട് പറയുന്ന അടയാളം എന്താണ്? വനവാസക്കാലത്ത് വേട്ടയാടിപിടിച്ച ഇറച്ചി വെയിലത്ത് ഉണക്കാനിട്ടു. സീതയും രാമനും അതിന് കാവലിരുന്നു. സീതയുടെ മടിയില്‍ തലവച്ചുകിടന്ന രാമന്‍ ഉറങ്ങിപ്പോയി. ഈ സമയം ദേവേന്ദ്രന്റെ മകന്‍ ജയന്തന്‍ ഒരു കാക്കയുടെ രൂപത്തില്‍ വരുകയും സീതയെ ശല്യപ്പെടുത്തുകയും ചെയ്തു. ശ്രീരാമന്‍ ഉണര്‍ന്നതുകണ്ട് ജയന്തന്‍ കാക്ക പറന്നുപോയി. ശ്രീരാമന്‍ ഒരു പുല്‍ക്കൊടി പറിച്ച് മന്ത്രം ജപിച്ച് അസ്ത്രമാക്കി അയച്ചു.
അത് ജയന്തനെന്ന കാക്കയുടെ പിന്നാലെ പാഞ്ഞുചെന്നു. നിവൃത്തിയില്ലാതെ ജയന്തന്‍ ശ്രീരാമന്റെ കാല്‍ക്കല്‍ വീണ് രക്ഷിക്കണേ എന്ന് അപേക്ഷിച്ചു. ശ്രീരാമന്റെ കാരുണ്യംകൊണ്ട് ജയന്തന്‍ കാക്കയുടെ ഒരു കണ്ണ് നഷ്ടപ്പെട്ടെങ്കിലും ജീവന്‍ തിരികെ കിട്ടി. ഈ പാഠഭാഗം പഠിച്ചപ്പോള്‍ ശ്രീരാമന്‍ മാംസം കഴിക്കുന്നതിന് തെളിവാണല്ലോ എന്നു തോന്നി. അപ്പോള്‍ പിന്നെ ഇന്ത്യയിലുള്ളവര്‍ മാംസം കഴിക്കരുതെന്ന് വാശിപിടിക്കുന്നത് എന്തിനുവേണ്ടിയാണ്? എന്തെങ്കിലും നിക്ഷിപ്ത താത്പര്യമാണോ? മറ്റൊന്നുകൂടി. ഏറ്റവും കൂടുതല്‍ 'ബീഫ്' കയറ്റുമതി ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് ഭാരതം.
ഇത്തരുണത്തില്‍ പരമഹംസയോഗാനന്ദ സ്വാമികളുടെ ഗുരുവായ ശ്രീ.യുക്തേശ്വരസ്വാമികള്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കുന്നതു നോക്കുക.
'മനുഷ്യശരീരം അമൂല്യമാണ്. അന്യാദൃശമായ മസ്തിഷ്‌കവും സുഷുമ്‌നാകേന്ദ്രങ്ങളും കാരണം അതിന് ഏറ്റവും മഹത്തായ പരിണാമാത്മകമൂല്യമുണ്ട്.
നല്ല പുരോഗതി നേടിയിട്ടുള്ള സാധകന് ഏറ്റവും ഉന്നതമായ ഈശ്വരതത്വത്തിന്റെ അംശങ്ങള്‍ ഗ്രഹിക്കാനും ബഹിര്‍സ്ഫുരിപ്പിക്കാനും ഇവ കഴിവ് നല്‍കുന്നു. താഴ്ന്ന ഒരു ജീവിയും ഇപ്രകാരം സജ്ജമാക്കപ്പെട്ടിട്ടില്ല. ഒരു ജന്തുവിനേയോ മറ്റെന്തെങ്കിലും ജീവജാലങ്ങളെയോ കൊല്ലാന്‍ മനുഷ്യന്‍ നിര്‍ബന്ധിതനായാല്‍ അവന്‍ ലഘുവായ ഒരു പാപത്തിന്റെ കടം വരുത്തിവയ്ക്കുന്നു എന്നത് സത്യമാണ്. പക്ഷേ, മനുഷ്യശരീരത്തിന്റെ വിവേചനരഹിതമായ നശീകരണം കര്‍മ്മനിയമങ്ങളുടെ ഗൗരവമായ ലംഘനമാണെന്ന് വിശുദ്ധ ശാസ്ത്രങ്ങള്‍ പഠിപ്പിക്കുന്നു. (ഒരു യോഗിയുടെ ആത്മകഥ, യോഗാനന്ദസ്വാമികള്‍ പേജ് 160) മഹാഗുരുക്കന്മാര്‍പോലും ഇങ്ങനെ പഠിപ്പിക്കുമ്പോള്‍ അതിനെ മറച്ചുവെച്ചുകൊണ്ട് ആരും മാംസാഹാരം കഴിക്കരുത് എന്ന് ആക്രോശിക്കുകയും, ഗോമാംസം കൈവശം ഇരിക്കുന്നു എന്ന് ആരോപിച്ചുകൊണ്ട് മനുഷ്യരെ ഹിംസിക്കുകയും ചെയ്യുന്നത് എന്ത് ധര്‍മ്മമാണ്?
വൈഷ്ണവപക്ഷവും ശൈവപക്ഷവും: ഹിന്ദുമതത്തിലെ രണ്ടു പ്രബല വിഭാഗങ്ങളാണല്ലോ വൈഷ്ണവ പക്ഷവും ശൈവപക്ഷവും. ഒരു കാലത്ത് വളരെയധികം സംഘര്‍ഷങ്ങള്‍ ഉണ്ടാക്കിയിട്ടുള്ളവരാണ് ഇവര്‍. എത്രയോ ആളുകളെ ഇരുപക്ഷവും കൊന്നൊടുക്കിയിരിക്കുന്നു. ചരിത്രബോധമുള്ള ആര്‍ക്കും ഇത് നിഷേധിക്കാന്‍ സാധ്യമല്ല.
ഇതുവരെ പറഞ്ഞ വസ്തുതകളെ വിലയിരുത്തുമ്പോള്‍ ഒരു ചോദ്യം നമ്മുടെ മുന്‍പില്‍ ഉയര്‍ന്നുവരുന്നു. ഭരണകക്ഷിയായ ബി.ജെ.പി.യുടെ തണലില്‍ തഴച്ചുവളരുന്ന വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദള്‍ പോലുള്ള സംഘടനകളും ഏതുതരം ഹിന്ദുത്വമാണ് നടപ്പാക്കാന്‍ പോകുന്നത്? അത് ആര്‍ എസ് എസില്‍ നിന്ന് തീര്‍ത്തും വിഭിന്നമെന്ന് കരുതാനാവുമോ? സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ ഹിന്ദുത്വമോ അതോ ജാബാലയും മകനും ജീവിച്ചിരുന്ന കാലഘട്ടത്തിലെ ഹിന്ദുത്വമോ? സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടത്തിലെ ഹിന്ദുത്വമാണെങ്കില്‍ അത് ഭാരതത്തെ ഛിന്നഭിന്നമാക്കുകയും വീണ്ടും വിദേശ ആധിപത്യത്തിലേക്ക് തള്ളിയിടുകയും ചെയ്യും.
മതപ്രചാരണം ക്രിസ്തുമതക്കാര്‍ മാത്രമാണോ ചെയ്യുന്നത്? 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അമേരിക്കയിലും യൂറോപ്പിലും ഹിന്ദുക്കള്‍ എന്നുള്ളത് കേട്ടുകേള്‍വി മാത്രമായിരുന്നുവെങ്കില്‍ ഇന്ന് അമേരിക്കയിലും യൂറോപ്പിലും ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഉണ്ട്. അത് എങ്ങനെ സംഭവിച്ചു?
ഭാരതത്തില്‍ ഉണ്ടാകുന്ന ഓരോ ചലനങ്ങളും വിദേശ രാജ്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. അതിന്റെ വ്യക്തമായ തെളിവാണ് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിന്റെ വ്യാപാര ഉപദേശകന്‍ പീറ്റര്‍ നവാറോയുടെ പ്രസ്താവന. ഇന്ത്യയില്‍ ബ്രാഹ്മണര്‍ സമ്പത്ത് കുന്നുകൂട്ടുന്നു എന്നായിരുന്നു കുറച്ചു മാസങ്ങള്‍ക്കു മുമ്പ് അദ്ദേഹം പറഞ്ഞത്. ആ പ്രസ്താവന ഒരു ഇരുതലവാളാണെന്ന് ഇന്ത്യക്കാര്‍ മനസ്സിലാക്കുമോ ആവോ? ഒന്ന്, ഇവിടത്തെ ജനങ്ങളെ ജാതീയമായി വിരുദ്ധ ചേരികളില്‍ ആക്കുക. രണ്ട്, വിഭജിച്ചു ഭരിക്കുക എന്ന വെള്ളക്കാരന്റെ കുതന്ത്രം പ്രാവര്‍ത്തികമാക്കുക. ഇത്തരം വിവിധതരം കെണികള്‍ ഭാരതത്തെ കാത്തിരിക്കുന്നു. ഹിന്ദുത്വ വാദികള്‍ ഇതിനെക്കുറിച്ച് ബോധവാന്മാരാണോ? ഭാരതത്തിന്റെ മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളിയും അതുതന്നെ.