
സി. ലിസ് ഗ്രേസ് എസ് ഡി
സുപ്പീരിയര്‍ ജനറല്‍
''നിങ്ങളുടെ ഭക്തി പാവങ്ങളോടുള്ള ഭക്തിയായിരിക്കണം; അഗതിശുശ്രൂഷ നിങ്ങള്‍ക്ക് നിരന്തരം ദൈവാനുഭവം ആയിരിക്കണം'' എന്ന സ്ഥാപകപിതാവിലൂടെ എസ് ഡി സന്യാസസമൂഹത്തിന് ലഭിച്ച ദിവ്യാത്മപ്രചോദനം ലോകമെമ്പാടും ജീവിക്കുവാന്‍ സെന്റിനറി നിറവില്‍ ആയിരിക്കുന്ന എസ് ഡി സഹോദരിമാര്‍ പ്രതിജ്ഞാബദ്ധരാണ്. ദൈവത്തോടുള്ള അപരിമിതമായ സ്‌നേഹമാണ്, താല്‍പര്യമാണ് ഭക്തി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ദൈവത്തിലേക്കുള്ള അഗാധമായ സ്‌നേഹത്തിന്റെ, വേര്‍പിരിയാനാവാത്ത സ്‌നേഹത്തിന്റെ ഒഴുക്കും, അവിടുന്നുമായി ഒന്നായിച്ചേരലുമാണ് ഭക്തി. തന്റെ ജീവിതത്തിലൂടെ ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി ഈ ഭക്തി നമുക്ക് കാണിച്ചു തന്നു. 1927 ല്‍ എസ് ഡി സന്യാസമൂഹം ആലുവ ചുണങ്ങംവേലിയില്‍ സ്ഥാപിതമായതോടെ അഗതി മന്ദിരത്തിലേക്കുള്ള അംഗങ്ങളുടെ എണ്ണം വര്‍ധിച്ചു. തദവസരത്തില്‍, ആലുവായുടെ തെരുവുകളില്‍ സിസ്‌റ്റേഴ്‌സിനോടൊപ്പം സഹായങ്ങള്‍ ചോദിച്ചുകൊണ്ട് അദ്ദേഹം നടന്നു. വളരെ പ്രശസ്തമായിരുന്ന ആലുവ സെന്റ് മേരിസ് സ്‌കൂളിന്റെ മാനേജര്‍, കൈയില്‍ ഒരു ഭിക്ഷാപാത്രവുമായി, ഭിക്ഷുവായി മാറിയ രംഗം ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. പാവങ്ങളോടുള്ള ഭക്തി അത്രമാത്രം എളിമപ്പെടാന്‍ അദ്ദേഹത്തിന് പ്രചോദനം നല്‍കി.
അഗതികളെ ശുശ്രൂഷിക്കുന്ന കാര്യത്തില്‍ വര്‍ഗീസ് അച്ചന്‍ തന്നെയായിരുന്നു സഹോദരിമാരുടെ ഗുരുനാഥന്‍. ദൈവമനുഷ്യ സംഗമത്തിന്റെ ഒരു വേദിയായിരുന്നു അദ്ദേഹത്തിന് അഗതിശുശ്രൂഷ. ദിവംഗതനായ ഫ്രാന്‍സിസ് മാര്‍പാപ്പ വൈദികരോട് പറഞ്ഞു: ''ളോഹയുടെ കൈ ചുരുട്ടി വച്ച് പാവപ്പെട്ടവനെ ശുശ്രൂഷിക്കുന്ന വൈദികരെയാണ് സഭയ്ക്കിന്ന് ആവശ്യം.'' എന്നാല്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ ധന്യവൈദികന്‍ ളോഹയുടെ കൈ ചുരുട്ടിവച്ച് പാവപ്പെട്ടവനെ ശുശ്രൂഷിക്കേണ്ടത് എങ്ങനെയെന്ന് സഹോദരിമാര്‍ക്ക് പഠിപ്പിച്ചു കൊടുത്തു. മാത്രമല്ല, ആദ്യസഹോദരിമാരില്‍ ഒരാളായ സിസ്റ്റര്‍ കൊച്ചുത്രേസ്യായോട്, ''കൊച്ചുത്രേസ്യാ ആരാണ് ഈ കിടക്കുന്നത്?'' എന്നു പല പ്രാവശ്യം ചോദിച്ചു കൊണ്ട് സ്‌നേഹപരിചരണത്തിലൂടെ
പാവപ്പെട്ടവനില്‍ നിന്നും മുഖം മറക്കാതെ അവര്‍ക്കുവേണ്ടി പരമാവധി ചെയ്യുവാന്‍ വര്‍ഗീസ് അച്ചന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം എന്നും അവരോടൊപ്പവും അവര്‍ക്കുവേണ്ടിയും നിലകൊണ്ടിരുന്നു.
ഈ മനുഷ്യവ്യക്തി 'ഈശോ തന്നെയാണ്' എന്ന് മനസ്സിലാക്കി കൊടുത്തു. ''ഈ ചെറിയവരില്‍ ഒരുവനു നിങ്ങള്‍ ഇതു ചെയ്തു കൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് നിങ്ങള്‍ ചെയ്തു തന്നത്'' (മത്തായി 25:40) എന്ന തിരുവചനം ജ്ഞാനപ്രകാശമായി ലഭിച്ച സ്ഥാപകപിതാവ് തന്റെ ആത്മചൈതന്യം സഭാമക്കള്‍ക്ക് കൈമാറുന്ന അസുലഭ രംഗമായിരുന്നു അത്.
പാവപ്പെട്ടവനില്‍ നിന്നും മുഖം മറക്കാതെ അവര്‍ക്കുവേണ്ടി പരമാവധി ചെയ്യുവാന്‍ വര്‍ഗീസ് അച്ചന്‍ ശ്രദ്ധിച്ചിരുന്നു. അദ്ദേഹം എന്നും അവരോടൊപ്പവും അവര്‍ക്കുവേണ്ടിയും നിലകൊണ്ടിരുന്നു.
1920 ഫെബ്രുവരി 20 ന് അദ്ദേഹം അഗസ്റ്റിന്‍ കണ്ടത്തില്‍ മെത്രാന് എഴുതിയ കത്ത് അദ്ദേഹത്തിന്റെ പാവപ്പെട്ടവരോടും വേദനിക്കുന്നവരോടുമുള്ള കരുണ വ്യക്തമാക്കുന്നതാണ്. ഒരു വിധവയുടെ സ്ഥലം വാങ്ങി, ആ വിധവയ്ക്ക് വീട് നഷ്ടമാകാതെ സഹായിക്കുന്നതിനുളള അനുവാദം ചോദിച്ചു കൊണ്ടുള്ളതായിരുന്നു ആ കത്ത്. ഈയ്യോ ഭാര്യ റോസയുടെ വാക്കുകളില്‍, ''എന്റെ സ്ഥലം ഒന്നു തീറു വാങ്ങി കുടിയിറങ്ങിപ്പോകാതെ സഹായിച്ചിരുന്നെങ്കില്‍! ഞാന്‍ പാവപ്പെട്ട അഗതി ആകയാല്‍ പെരിയ ബഹുമാനപ്പെട്ട പിതാവിന്റെ അനുഗ്രഹമുണ്ടായി, ഞാനും കുഞ്ഞുകുട്ടികളും വീടുവിട്ടുപോകുന്നതിനു വേണ്ടാത്ത വിധത്തില്‍ രക്ഷ ചെയ്തു തരണമെന്ന് താഴ്മയോടെ അപേക്ഷിച്ചു കൊള്ളുന്നു.''
ഈ കത്തിനെക്കുറിച്ച് വിശദമായി പഠിച്ച ആലങ്ങാട് പള്ളിയുടെ വികാരി ബഹുമാനപ്പെട്ട വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍ യോഗമായി ആലോചിച്ച് ഇതില്‍ പറയുന്നതെല്ലാം വാസ്തവമാണെന്നും പള്ളിയില്‍നിന്ന് ഇവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്തു കൊടുക്കണമെന്നും അഭിവന്ദ്യ പിതാവിനോട് ആവശ്യപ്പെട്ടു.
1920 ഫെബ്രുവരി 21 ന് ''ഈ ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്ന സ്ഥലം ന്യായമായ വിലയ്ക്കു തീറു വാങ്ങുന്നതിന് അനുവദിക്കുന്നു'' എന്ന മറുപടി പിതാവില്‍ നിന്നും ലഭിച്ചു. വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍ ആരക്കുഴ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ആയിരിക്കുമ്പോള്‍ അഗസ്റ്റിന്‍ കണ്ടത്തില്‍ പിതാവിന് എഴുതിയ മറ്റൊരു കത്ത്, തന്റെ അജഗണങ്ങളോടുള്ള ദീനാനുകമ്പ വ്യക്തമാക്കുന്നതാണ്. ''ഈ പള്ളിയുടെ മാസപ്പടിയായി 35 വര്‍ഷത്തോളം പള്ളിവക സ്ഥലങ്ങള്‍ നോക്കി അന്വേഷിച്ച് പള്ളിക്ക് നല്ല ലാഭം ഉണ്ടാക്കിയിട്ടുള്ള ചെറിയ കണ്ണീട്ടില്‍ പ്രായാധിക്യംമൂലം അവശതയിലാണ്; കഴിയാന്‍ മാര്‍ഗങ്ങള്‍ ഒന്നുമില്ല. അതുകൊണ്ട് മാസംതോറും 10 പറ നെല്ല് മരണം വരെ പളളി യോഗനിശ്ചയപ്രകാരം കൊടുക്കുന്നതിനുള്ള അനുവാദം ഏറ്റം താഴ്മയോടെ അപേക്ഷിക്കുന്നു.''
ഇപ്രകാരം അനേകം കത്തുകളിലൂടെയും പ്രസംഗങ്ങളിലൂടെയും അഗതിമക്കള്‍ക്കുവേണ്ടി ചലിച്ചിരുന്ന ആ ഭൗതികശരീരം മണ്ണില്‍ അഴിയാന്‍ ദൈവം അനുവദിച്ചില്ല. ഒളിമങ്ങാത്ത പ്രഭയോടെ കോന്തുരുത്തി സെന്റ് നെപുംസ്യാനോസ് പള്ളിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹം, ഇന്നും ''വിളിച്ചാല്‍ വിളി കേള്‍ക്കുന്ന'' അഗതികളുടെ സ്‌നേഹിതനാണ്. ഒക്‌ടോബര്‍ 5 ന് 96-ാം ചരമവാര്‍ഷികം അനുസ്മരിക്കുന്ന ധന്യന്‍ വര്‍ഗീസ് പയ്യപ്പിള്ളി അച്ചന്‍ എത്രയും വേഗം വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ എണ്ണപ്പെടുവാന്‍ ദൈവം കനിഞ്ഞ് അനുഗ്രഹിക്കട്ടെ.