പരമ്പരാഗത മതങ്ങളും മുതലാളിത്ത മതവും

പരമ്പരാഗത മതങ്ങളും മുതലാളിത്ത മതവും
വാങ്ങിക്കുന്നവന് മാത്രമേ രക്ഷയുള്ളൂ എന്ന ചിന്ത പുതിയ മതം എല്ലാവരിലും കുത്തിവച്ചു കഴിഞ്ഞു. ഈ മതത്തിന് വിശ്വാസം ആവശ്യമില്ല. ഓഫറുകള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വരുവിന്‍, വാങ്ങിക്കുവിന്‍, അങ്ങനെ രക്ഷ നേടുവിന്‍.

നശിച്ചുകൊണ്ടിരിക്കുന്ന നാഗരികതയുടെ ഒരു പ്രത്യേകതയാണ് നിലവിലുള്ള മതത്തില്‍ നിന്നും പുതിയൊരു മതം പൊട്ടി മുളക്കുന്നത്. പുതിയ മതം പഴയ മതത്തിന്റെ അവധി ദിവസങ്ങളെ അസാധുവാക്കും. പഴയ ജനപ്രിയ ഉത്സവങ്ങളെ സ്വന്തമാക്കുകയോ പേര് മാറ്റുകയോ ചെയ്യും. ചിലപ്പോള്‍ തീയതി അവിടെ നിര്‍ത്തി അവയുടെ അര്‍ത്ഥം മാറ്റും. ഉദാഹരണത്തിന് ക്രിസ്തുമതത്തിന്റെ വരവോടെ റോമാക്കാരുടെ സൂര്യദേവന്റെ തിരുനാള്‍ (Sol invinctus) ക്രിസ്തുമസ് ആയി മാറി. പുതിയ മതം പുതിയ ആഘോഷങ്ങള്‍ കൊണ്ടു വരിക മാത്രമല്ല ചെയ്യുന്നത്, പഴയതിനെ നിലനിര്‍ത്തി അതിന്റെ അര്‍ത്ഥത്തെ മാറ്റുക കൂടി ചെയ്യും. അക്ഷയതൃ തീയയില്‍ ഈ രണ്ട് സവിശേഷതകളും സമന്വയിക്കുന്നുണ്ട്. മുതലാളിത്തം എന്ന ഉപഭോക്തൃ മതം പരമ്പരാഗതമായ മതാഘോഷത്തെ ഹൈ ജാക്ക് ചെയ്ത് കഴിഞ്ഞിരിക്കുന്നു. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. മുതലാളിത്തം പരമ്പരാഗത മതത്തിന്റെ അനുഷ്ഠാനങ്ങളുടെ അര്‍ത്ഥം തന്നെ മാറ്റിയിരിക്കുന്നു. ദാനത്തിനു പ്രാധാന്യം കൊടുക്കുന്ന അക്ഷയതൃതീയയെ അത് സ്വര്‍ണ്ണം സ്വരൂപിക്കലായി മാറ്റിയെടുത്തു.

നാശമില്ലാത്ത പുണ്യകര്‍മ്മങ്ങള്‍ക്ക് അക്ഷയ തൃതീയ പ്രാധാന്യം കൊടുക്കുമ്പോള്‍, മുതലാളിത്തം സ്വര്‍ണത്തിന് ഇളവ് നല്‍കുന്നു. മോക്ഷത്തിന് വ്യത്യസ്ത അര്‍ത്ഥം നല്‍കുന്നു. ജ്വല്ലറിയിലെ ഇളവില്‍ പുതിയ ദൈവശാസ്ത്രം ഉണ്ടാകുന്നു. സ്‌നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതര്‍പ്പണം എന്നീ കര്‍മങ്ങളിലൂടെയുള്ള മോക്ഷത്തിന് മുകളില്‍ ഉപഭോഗം എന്ന കര്‍മ്മം സ്ഥാനം പിടിക്കുന്നു. വാങ്ങിക്കുന്നവന് മാത്രമേ രക്ഷയുള്ളൂ എന്ന ചിന്ത പുതിയ മതം എല്ലാവരിലും കുത്തിവച്ചു കഴിഞ്ഞു. ഈ മതത്തിന് വിശ്വാസം ആവശ്യമില്ല. ഓഫറുകള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. വരുവിന്‍, വാങ്ങിക്കുവിന്‍, അങ്ങനെ രക്ഷ നേടുവിന്‍.

മുതലാളിത്തം കൃത്യമായ ഒരു മെറ്റാഫിസിക്‌സ് ഇല്ലാത്ത മതമായി മാറും എന്ന് പറഞ്ഞത് മാര്‍ക്‌സും വാള്‍ട്ടര്‍ ബെഞ്ചമിനുമാണ്. അതൊരു മുന്നറിയിപ്പായിരുന്നു. പക്ഷെ നമ്മള്‍ അത് ചെവിക്കൊണ്ടില്ല. ഒരു സംസ്‌കാരത്തെ മായ്ച്ചുകളയാന്‍ പുതിയ മതത്തിന് ഒത്തിരി സമയമൊന്നും വേണ്ട. പാശ്ചാത്യ ലോകത്തെ ആ മതം കീഴടക്കിയത് പോലെ ഭാരതത്തെയും അത് കീഴടക്കും.

വ്യത്യസ്ത മത നൈതികതകളുടെ മിശ്രിതമാണ് ഭാരത സംസ്‌കാരം. ആ ധാര്‍മിക പൈതൃകത്തെ അപ്പാടെ വിഴുങ്ങാന്‍ ശക്തിയുള്ള മതമാണ് മുതലാളിത്തം. അത് പരമ്പരാഗത മതങ്ങളില്‍ നിന്നും ആത്മീയതയെ എടുത്തുമാറ്റി ദേവാലയങ്ങളെ കച്ചവട സ്ഥലമാക്കി മാറ്റും. മതവും മുതലാളിത്തവും കൂടിച്ചേര്‍ന്നാല്‍ മതത്തെ വിറ്റ് മുതലാളിത്തം പുതിയൊരു മതമായി മാറും. ഭാവിയില്‍ സംഭവിക്കുന്ന കാര്യമല്ല ഇതൊക്കെ. ഇത് ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുകയാണ്. പലരും അത് കണ്ടിട്ട് കാണാത്ത ഭാവം നടിക്കുകയും ചെയ്യുന്നു.

എല്ലാ മതങ്ങളുടെയും ആന്തരികതയിലേക്ക് ഒന്ന് ഇറങ്ങിചെന്ന് നോക്കുക, ആത്മവിമര്‍ശനം നടത്തുന്നതില്‍ വിമുഖത കാണിക്കുന്നത് കാണാന്‍ സാധിക്കും. പുറമേയുള്ള ബൗദ്ധിക ശക്തികളുമായി നിരന്തരം യുദ്ധം ചെയ്യുകയാണ് അവ. ഏതാണ് ഈ ബൗദ്ധികശക്തികള്‍? കമ്മ്യൂണിസം, നിരീശ്വരവാദം, ആപേക്ഷികവാദം തുടങ്ങിയവയുടെ അവശിഷ്ടങ്ങളാണവ. ഈ ശക്തികളോട് മല്ലിട്ട് ഭൂതകാലത്തിന്റെ പൈതൃക സംരക്ഷകരായി ചമയുകയാണ് മതങ്ങള്‍ ഇന്ന്. മതങ്ങള്‍ ഇങ്ങനെയുള്ള ചെറിയ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടപ്പോള്‍ അവയ്ക്കുള്ളില്‍ പ്രവേശിച്ച ഇത്തിക്കണ്ണിയാണ് ശൂന്യതാവാദത്തിന്റെ പതിപ്പായ ഉപഭോക്തൃ വാദം. മുതലാളിത്തത്തിന്റെ പരിഷ്‌കരിച്ച പതിപ്പാണ് ശൂന്യത വാദം (Nihilism). അത് വിശ്വാസികളുടെ ഹൃദയത്തെ ഏകദേശം പൂര്‍ണമായും കീഴടക്കി കഴിഞ്ഞിരിക്കുന്നു. സമൃദ്ധിയുടെ മാത്രം സുവിശേഷമായി മതങ്ങളെ മാറ്റിയെടുത്തു മുതലാളിത്തം. ദൈവവചനത്തെയും മന്ത്രണങ്ങളെയും കച്ചവട മനോഭാവത്തോടെ ഉപയോഗിക്കുന്ന ആത്മീയഗുരുക്കള്‍ വളര്‍ന്നുവന്നു. ഒരു വചനമോ ഒരു മന്ത്രമോ പത്ത് പ്രാവശ്യം ചൊല്ലിയാല്‍ കാര്യസാധ്യം ഉണ്ടാകുമെന്ന് അവര്‍ പഠിപ്പിക്കുന്നു. ആത്മീയതയെ വാണിജ്യ മൂല്യങ്ങള്‍ കൊണ്ട് അളക്കുന്ന അവര്‍ക്ക് ദൈവം ഒരു അടിമ മാത്രമാണ്. അങ്ങനെ വന്നപ്പോള്‍ ദേവാലയങ്ങള്‍ക്കും വാണിജ്യ മാളുകള്‍ക്കും ഒരേ മുഖവും ഭാവവും ലഭിച്ചു.

മതങ്ങള്‍ അതിന്റെ യഥാര്‍ത്ഥ തനിമയെ തിരിച്ചുപിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉപഭോഗ സംസ്‌കാരത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും പരമ്പരാഗത മതങ്ങള്‍ പുറത്തേക്ക് വരേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ പരസ്പരം കൈകോര്‍ത്ത് നമുക്ക് മുന്നിലേക്ക് സഞ്ചരിക്കാന്‍ സാധിക്കു.

ജറൂസലേമിന്റെ സ്വസ്ഥജീവിതത്തിലേക്ക് നബുക്കദ്‌നേസര്‍ കടന്നുവന്നത് പോലെയാണ് മുതലാളിത്തം മതങ്ങളില്‍ കടന്നുകയറിയിരി ക്കുന്നത്. വലിയ ഉപരോധമൊന്നും നബുക്കദ് നേസറിന് ഇസ്രായേലിന്മേല്‍ നടത്തേണ്ടി വന്നി ല്ല. ആ നഗരത്തിന്റെ മതിലുകള്‍ ദുര്‍ബലമായിരു ന്നു. വിശുദ്ധമന്ദിരത്തിലെ വാതിലുകള്‍ തുറന്നും കിടന്നിരുന്നു. നോക്കുക, മുതലാളിത്തം നമ്മു ടെ മതങ്ങളില്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മള്‍ ഇതിനകം ബാബിലോണിലെ നദിക്കര യില്‍ പ്രവാസത്തിലാണെന്ന കാര്യം അറിയുന്നു മില്ല. ഉപഭോഗ നാഗരികതയുടെ ഒരു ഉല്‍പ്പന്ന മായി അങ്ങനെ നമ്മളും മാറിയിരിക്കുന്നു. ഒരു വ്യവസ്ഥയുമില്ലാത്ത ഉപഭോഗം മാത്രമാണ് ഈ മതത്തിന്റെ പ്രഥമ സിദ്ധാന്തം. ചന്തകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങിക്കാന്‍ മാത്രമാണ് അത് നമ്മളോട് ആഹ്വാനം ചെയ്യുന്നത്.

വരവ് ചെലവുകളുടെ ഇടയില്‍നിന്നും എങ്ങനെ മിച്ചം ഉണ്ടാക്കാം എന്നതായിരുന്നു പരമ്പരാഗതമായി നമ്മുടെ സമ്പദ് വ്യവസ്ഥ ചിന്തിച്ചിരുന്നത്. വരുമാനം എല്ലാം ചെലവഴിക്കരുത്, മിച്ചം ഉണ്ടാക്കാന്‍ പഠിക്കുക, അനാവശ്യ കാര്യങ്ങള്‍ക്കായി പണം പാഴാക്കരുത് തുടങ്ങിയ ധന തത്വ ചിന്തകള്‍ മുതിര്‍ന്നവര്‍ കുട്ടികളെ പഠിപ്പിക്കുന്ന കുടുംബങ്ങള്‍ നമ്മുടെയിടയില്‍ ഉണ്ടായിരുന്നു. അതുപോലെതന്നെ മിച്ച മുള്ളതിനെ നിക്ഷേപിക്കാനുള്ള ഒരു ഇടമായിരുന്നു ബാങ്കുകള്‍. പക്ഷെ പുത്തന്‍ മതത്തിന്റെ വരവോടെ ബാങ്കുകളും നമ്മെ പ്രേരിപ്പിക്കുകയാണ് ഉപഭോഗത്തിന്റെ വഴിയിലൂടെ സഞ്ചരിക്കാന്‍. വരുമാനമുള്ളവര്‍ അതിനെ ഉപയോഗിക്കുന്നില്ലെങ്കില്‍ നാടിന്റെ സാമ്പത്തികവളര്‍ച്ചയെ മോശമായി ബാധിക്കും എന്നാണ് ബാങ്കുകളും പറയുന്നത്. അതായത്, മിച്ചമായി എന്തെങ്കിലും സൂക്ഷിക്കാം എന്ന് കരുതുകയാണെങ്കില്‍, അതൊരു സാമൂഹിക തിന്മയായി മാറാം എന്ന ചിന്ത വിദൂരത്തല്ല.

ഉപഭോഗത്തിന്റെ കണ്ണുകളിലൂടെ ലോകത്തെ കാണാനാണ് മുതലാളിത്ത മതം നമ്മെ പഠിപ്പിക്കുന്നത്. എല്ലാത്തിലും ഒരു വാണിജ്യ മൂല്യം കാണുക: അത് വ്യക്തികളായാലും വസ്തുക്കളായാലും, ഭൗതികമായാലും ആത്മീയമായാലും, സ്വകാര്യമായാലും പൊതുസ്വത്തായാലും, ശ്രേഷ്ഠമായാലും ആപേക്ഷികമായാലും. ഹിന്ദുമതത്തില്‍ നിന്നും ഹൈജാക്ക് ചെയ്യപ്പെട്ട അക്ഷയ തൃതീയ പോലെയുള്ള മുതലാളിത്ത ഉത്സവങ്ങളില്‍ ഗുണനില വാരത്തെക്കുറിച്ച് ആരും പരാമര്‍ശിക്കില്ല. ഉപഭോഗം മാത്രമാണ് അവിടെ വിഷയം. ഏത് ഉല്‍പ്പന്നം വാങ്ങിക്കണമെന്ന് അവര്‍ നമ്മളോട് കല്‍പ്പിക്കും. സാധനങ്ങള്‍ക്ക് ആത്മാവില്ലാത്തതു പോലെ മുതലാളിത്തം നമ്മെയും ആത്മാവില്ലാത്തവരായി ചിത്രീകരിക്കും. അങ്ങനെ നമ്മള്‍ കച്ചവടക്കാരും വാങ്ങിക്കുന്നവരും എന്ന ഗണം മാത്രമായി ചുരുങ്ങും. ഒരു മാറ്റം നമുക്ക് വേണ്ടേ? വേണം. മതങ്ങള്‍ അതിന്റെ യഥാര്‍ത്ഥ തനിമയെ തിരിച്ചു പിടിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഉപഭോഗ സംസ്‌കാരത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്നും പരമ്പരാഗത മതങ്ങള്‍ പുറത്തേക്ക് വരേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ പരസ്പരം കൈകോര്‍ത്ത് നമുക്ക് മുന്നിലേക്ക് സഞ്ചരിക്കാന്‍ സാധിക്കു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org