ആർദ്രതയുടെ ദൈവശാസ്ത്രം മറക്കുമ്പോൾ

ആർദ്രതയുടെ ദൈവശാസ്ത്രം മറക്കുമ്പോൾ
സീറോ മലബാര്‍ സഭയിലെ സംഭാഷണങ്ങളിലെ ഊഷ്മളത നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പരസ്പര സംഭാഷണത്തിന്റെ ചലനാത്മകതയെ ഉള്‍പ്പെടുത്തുന്ന ഒരു ചട്ടക്കൂട് ഇനിയും പണിയേണ്ടിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അത് തുടങ്ങേണ്ടത് അധികാരികളില്‍ നിന്നാണ്.

ഓരോ തവണയും നമ്മില്‍ സ്വത്വനിര്‍മ്മിതി ഉണ്ടാകുന്നത് സുഹൃത്ത്/ശത്രു എന്ന വൈരുദ്ധ്യത്തില്‍ നിന്നാണെന്ന് പറഞ്ഞത് ജര്‍മ്മന്‍ ചിന്തകനായ കാള്‍ ഷ്മിറ്റ് ആണ്. അതുകൊണ്ടാണ് വിശ്വാസത്തിന് ഒരു ദൈവശാസ്ത്ര രാഷ്ട്രീയ തലമുണ്ടെന്ന് പറയുന്നത്. ശത്രുവില്ലെങ്കില്‍ ദൈവശാസ്ത്രത്തില്‍ രാഷ്ട്രീയമില്ല. ഇത് രാഷ്ട്രീയ ദൈവശാസ്ത്രമല്ല. മറിച്ച് നമ്മെ തകര്‍ക്കാനായി ഒരു ശത്രു എവിടെയോ പതിയിരിക്കുന്നുണ്ട് എന്ന ചിന്ത അനുയായികളില്‍ കുത്തിവച്ച് മറ്റൊരു മൗലികവാദം സൃഷ്ടിക്കാനുള്ള ശ്രമമാണ്. ഇത് പുതുമയുള്ള ഒരു കാര്യമല്ല. ദശാബ്ദങ്ങളായി കേരളത്തിലെ കത്തോലിക്കാസഭയ്ക്കുള്ളില്‍ ചില ബാഹ്യ-ആന്തരിക ശക്തികളുടെ പിന്തുണയോടെ ഇത് നടക്കുന്നുണ്ട്. എന്തായിരിക്കും അതിന്റെ അനന്തരഫലം? ധ്രുവീകരണം. അതാണ് ഇന്ന് സീറോ മലബാര്‍ സഭയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിനു ശേഷം സംവാദത്തിന്റെ പാതയാണ് കത്തോലിക്കാസഭ സ്വീകരിച്ചത്. ആരെയും ശത്രുവായി കരുതാന്‍ സഭ ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടാണ് ഉള്ളിലും പുറത്തുമുള്ള ചില എതിരാളികളാല്‍ സഭ ചൂഷണം ചെയ്യപ്പെടുമ്പോഴും സൗഹൃദത്തിന്റെയും സംഭാഷണത്തിന്റെയും മാര്‍ഗ്ഗങ്ങള്‍ ഇന്നുവരെയും സ്വീകരിച്ചിരുന്നത്. വെറുപ്പിന്റെ വ്യത്യസ്തമായ പ്രത്യയശാസ്ത്രത്തിനു മുന്നില്‍ ആര്‍ദ്രതയുടെ ധര്‍മ്മശാസ്ത്രത്തെ മുറുകെ പിടിച്ചതുകൊണ്ടാണ് ധ്രുവീകരണ സിദ്ധാന്തങ്ങളുടെ എതിര്‍ദിശയിലൂടെ സഭയ്ക്ക് നടക്കാനും സാധിച്ചത്. അത് ഒരു കാര്യം നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്; സ്വത്വനിര്‍മ്മിതി ആത്മാര്‍ത്ഥമായ സംഭാഷണത്തിനും അപരത്വത്തിന്റെ സാമ്യത്തിനും എതിരല്ല. മാനവികതയുടെയും നാഗരികതയുടെയും വിളക്കുമാടമായി നില്‍ക്കേണ്ട ക്രൈസ്തവീകത സാഹോദര്യത്തിന്റെ സാര്‍വത്രികതയുടെ മുന്നില്‍ വീണുപോകുന്ന ചിത്രമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ആരാധനക്രമത്തിന്റെ ദൈവശാസ്ത്രവും നരവംശപരമായ രാഷ്ട്രീയ നിലപാടുകളും കൂടിച്ചേര്‍ന്ന് പ്രത്യക്ഷത്തില്‍ സഭാമക്കളില്‍ നിന്നും എടുത്തു മാറ്റുന്നത് സദ്ഗുണങ്ങളുടെ നൈതികതയാണ്. സദ്ഗുണങ്ങളുടെ നൈതികത (ലവേശര െീള ്ശൃൗേല)െ അത് സുവിശേഷത്തിന്റെ തനിമയാണ്. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും ചിന്തകളില്‍ വേരൂന്നിയിട്ടുള്ള അത് സുവിശേഷങ്ങളിലൂടെ വളര്‍ന്ന് തോമസ് അക്വിനാസിന്റെ കൃതികളിലൂടെ ക്രൈസ്തവികതയുടെ അടിസ്ഥാന നന്മകളായി മാറി എന്നതാണ് ചരിത്രവസ്തുത.

സംവാദാത്മകതയേയും അപരത്വത്തിന്റെ തനിമയേയും വിസ്മരിച്ചുകൊണ്ട് കേരളത്തിലെ ഒരു മതത്തിനും മുന്നോട്ടു പോകാന്‍ സാധിക്കില്ല. കാരണം, ഇവിടെയുള്ള മതരാഷ്ട്രീയ വൈവിധ്യങ്ങള്‍ക്കുള്ളില്‍ ആരും തന്നെ അസ്തമിച്ചു കൊണ്ടിരിക്കുന്ന തമോഗര്‍ത്തങ്ങളല്ല. എല്ലാവരും സൂര്യശോഭയോടെ ഉയിര്‍ത്തു നില്‍ക്കുകയാണ്. മാത്രമല്ല, മുന്‍ പുണ്ടായിരുന്നതിനേക്കാള്‍ ശക്തമായി ഒരു ധാര്‍മ്മിക പ്രതിഫലനം അവര്‍ക്ക് സമൂഹത്തില്‍ നല്‍കാനും സാധിക്കുന്നുണ്ട്. അങ്ങനെ ബന്ധം, വൈകാരികത, സാംസ്‌കാരികത എന്നീ മേഖലകളില്‍ ഫലപ്രദമായ ഒരു പുനര്‍നിര്‍മ്മാണം നമ്മുടെയിടയില്‍ നടക്കുന്നുണ്ട്. അതിലൂടെ ജനങ്ങള്‍ പരസ്പരം ആശ്രയിച്ച് വൈകാരിക പ്രതിരോധ ശേഷിയുള്ളവരാകുന്നുമുണ്ട്. അപ്പോഴും സദ്ഗുണങ്ങളുടെ നൈതികതയിലേക്ക് ഒരു തിരിച്ചുവരവ് അവിടെ സംഭവിക്കുന്നില്ല എന്നതാണ് മലയാള മണ്ണ് അനുഭവിക്കുന്ന ഏറ്റവും വലിയ ദുരിതം. മതവും രാഷ്ട്രീയവും കൂടി മനുഷ്യന്‍ എന്ന ചിന്തിക്കുന്ന ജീവിയെ വെറുമൊരു ആശ്രിത മൃഗമാക്കി മാറ്റുകയും സദ്ഗുണങ്ങളില്‍ കേന്ദ്രീകൃതമായ ആര്‍ദ്രതയുടെ ദൈവപ്രത്യയശാസ്ത്രങ്ങളെ തമസ്‌കരിക്കുകയുമാണ് ചെയ്യുന്നത്.

ഫ്രഞ്ച് ചിന്തകനായ ജൈല്‍സ് ഡെല്യൂസ് പറയുന്ന ഒരു കാര്യമുണ്ട് ഗഹനമായതിനുള്ള അതേ പ്രാധാന്യം തന്നെ ഉപരിപ്ലവമായതിനുമുണ്ട്. വിശ്വാസസംബന്ധമായ നിഗൂഢതയ്ക്ക് അമിത പ്രാധാന്യം കൊടുത്തപ്പോള്‍ അതിന്റെ ഉപരിപ്ലവതയെ മറന്നു എന്നതാണ് സീറോ മലബാര്‍ സഭയിലെ ഇന്നത്തെ പ്രശ്‌നങ്ങളുടെ മൂലകാരണം. ശരീരങ്ങള്‍ തമ്മിലുള്ള സംഭാഷണം ആരംഭിക്കുന്നത് കുഞ്ഞിന്റെ ശരീരവും അമ്മയുടെ ശരീരത്തിന്റെ ഊഷ്മളതയും തമ്മിലുള്ള കൈമാറ്റത്തില്‍ നിന്നാണ്. ജനിക്കുമ്പോള്‍ തന്നെ കുഞ്ഞ് അമ്മയുടെ ആലിംഗനത്തിലമരുന്നുണ്ട്. ഇതേ ഊഷ്മളത തന്നെ പിതാവിന്റെ ശരീരത്തിലും സംഭവിക്കുന്നുണ്ട്. കൈമാറ്റം ചെയ്യപ്പെടുന്ന ഈ ഊഷ്മളതയില്‍ നിന്നുമാണ് കുഞ്ഞ് അംഗീകരിക്കപ്പെട്ടവനും സ്‌നേഹിക്കപ്പെട്ടവനുമാണെന്ന് സ്വയം തിരിച്ചറിയുന്നത്. ഇവിടെ വാക്കുകളില്ല. പക്ഷേ, പരസ്പരമുള്ള അംഗീകാരവും സ്‌നേഹവും വളരെ വാ ചാലമാണ്. സീറോ മലബാര്‍ സഭയിലെ സംഭാഷണങ്ങളിലെ ഊഷ്മളത നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പരസ്പര സംഭാഷണത്തിന്റെ ചലനാത്മകതയെ ഉള്‍പ്പെടുത്തുന്ന ഒരു ചട്ടക്കൂട് ഇനിയും പണിയേണ്ടിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. അത് തുടങ്ങേണ്ടത് അധികാരികളില്‍ നിന്നാണ്. മനുഷ്യത്വനിഷേധവും ക്രിസ്തു വിരുദ്ധവും ദൈവദൂഷണപരവുമായ ചില മുദ്രാവാക്യങ്ങളില്‍ നിന്നും തന്ത്രപരമായ നിശബ്ദതകളില്‍ നിന്നും പുറത്തു കടക്കാന്‍ അവര്‍ക്ക് സാധിക്കണം.

തിന്മയുടെ ശക്തികള്‍ ആശയപരമായ ഒരു കോളനിവല്‍ക്കരണം എന്ന പോലെ സഭയുടെ ഉള്ളില്‍ കയറി കൂടിയിട്ടുണ്ട് എന്നത് നിസ്തര്‍ക്കമായ കാര്യമാണ്. ഹ്യൂഗ് ബെന്‍സന്റെ ഘീൃറ ീള വേല ണീൃഹറ എന്ന നോവല്‍ ചിത്രീകരിക്കുന്നതു പോലെ ലൗകികതയുടെ ആത്മാവ് പലരെയും വിശ്വാസ ത്യാഗത്തിലേക്ക് നയിക്കുന്നുണ്ട്. സാത്താന്‍ എന്ന പേര് വളരെ പുരാതനമാണെങ്കിലും അത് ഇപ്പോഴും പ്രവര്‍ത്തനക്ഷമവും ശക്തമായ എതിരാളിയുമാണെന്ന കാര്യം സഭാ നേതൃത്വം മറക്കുകയാണ്. മനുഷ്യര്‍ തമ്മിലുള്ള ഏതൊരു സംഘട്ടനവും പരസ്പര നാശത്തിലെ അവസാനിക്കൂ എന്ന് എല്ലാവര്‍ക്കും അറിയാം. എന്നിട്ടും ഒരു ആത്മശോധന അവരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. വല്ലപ്പോഴെങ്കിലും അവര്‍ സ്വയം ചോദിക്കണം; ഏത് ആത്മാവാണ് നമ്മെ നയിക്കുന്നതെന്ന്, എപ്പോഴാണ് നമ്മള്‍ പരസ്പരം ശത്രുക്കളായി മാറിയതെന്ന്.

കാള്‍ ഷ്മിറ്റിന്റെ കാഴ്ച്ചപ്പാടില്‍ സുഹൃത്തും ശത്രുവുമാണ് സമൂലമായ അപരത്വത്തെ നിര്‍ണയിക്കുന്നത്. ഈ വൈരുദ്ധ്യത്തെ അസ്തിത്വപരമായ തലത്തില്‍ പരിഹരിക്കുകയെന്നത് അസാധ്യമായ കാര്യമാണ്. അതുകൊണ്ടു തന്നെ അപരത്വത്തിന്റെ പേരിലുള്ള സംഘര്‍ഷം എന്നും നിലനില്‍ക്കും. ഷ്മിറ്റിന്റെ കാഴ്ച്ചപ്പാട് സംഘര്‍ഷങ്ങള്‍ക്ക് പിന്നിലുള്ള താത്വികവിചാരമാണ്. പക്ഷേ ഇതാണോ ക്രൈസ്തവ വിചാരം? സു വിശേഷങ്ങളെ ഏതു വിധേനയും വ്യാഖ്യാനിച്ചാലും മറ്റുള്ളവരോട് കൂടുതല്‍ ആത്മവിശ്വാസത്തോടെ കരുണയിലധിഷ്ഠിതമായ ഒരു ബന്ധം സ്ഥാപിക്കാനുള്ള വാതിലുകള്‍ തുറന്നു കിട്ടും. കാരണം, സുവിശേഷം പഠിപ്പിക്കുന്നത് ഓരോ ദൈവിക പ്രവൃത്തിയിലും നീതിയും കരുണയുമുണ്ടെന്നാണ്. അങ്ങനെയാകുമ്പോള്‍ അപരത്വത്തെ സംഘര്‍ഷമായി കരുതുന്നതിന് പകരം കരുണ കൊണ്ട് അതിജീവിക്കുക എന്നതല്ലേ പുണ്യം? ദൈവശാസ്ത്രത്തെ രാഷ്ട്രീയം കൊണ്ട് നമ്മള്‍ കൂട്ടിക്കുഴച്ചപ്പോള്‍ മറന്നു പോയത് കരുണ എന്ന സദ്ഗുണത്തെയാണ്. അതു കൊണ്ട് എന്ത് സംഭവിച്ചു? ഒരു കത്തോലിക്കനായിരിക്കുന്നതിന്റെ പോസിറ്റിവിറ്റി നമ്മുടെ സമൂഹത്തിലേക്ക് പകര്‍ന്നു കൊടുക്കാന്‍ നമുക്ക് സാധിക്കുന്നില്ല. പലതിന്റെയും പേരിലുള്ള പോര്‍വിളികളില്‍ കരുണയുടെ വളക്കൂറും ചൈതന്യവും നമ്മില്‍ നിന്നും അറിയാതെ നഷ്ടപ്പെട്ടു.

കത്തോലിക്കാസഭ സുവിശേഷത്തിലധിഷ്ഠിതമായി കാത്തു സൂക്ഷിച്ച ആര്‍ദ്രതയാണ് അവളെ അകത്തും പുറത്തുമുള്ള സൗഹൃദം രൂപപ്പെടുത്തുന്നതിന് സാധ്യമാക്കുന്നത്. അത് നടപടിക്രമങ്ങളില്ലാത്ത ഒരു നീതിയുടെ അടിത്തറയാണ്. ആര്‍ദ്രതയുടെ കയ്യൊപ്പുകള്‍ കൊണ്ടാണ് ആഗോള രാഷ്ട്രീയത്തിലും ഇതര വിഭാഗങ്ങളോടുള്ള സൗഹൃദത്തിലും സഭ സ്വയം അടയാളപ്പെടുത്തുന്നത്. അത് ഭൂമിശാസ്ത്രങ്ങള്‍ക്കും സാംസ്‌കാരികമായ അതിരുകള്‍ക്കും അപ്പുറത്തു നില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. അവിടെ സഭ ചെയ്യുന്നത് അപരന്‍ എന്ന സാധ്യതയിലേക്ക് കണ്ണും ഹൃദയവും തുറക്കുക മാത്രമാണ്. കേരളത്തിലെ സീറോ മലബാര്‍ സഭയില്‍ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്നത് അപരത്വത്തെക്കുറിച്ചും അതിലുപരി സ്വന്തം വ്യക്തിത്വത്തെ കുറിച്ചുമുള്ള ധാരണകളില്‍ സംഭവിച്ചിട്ടുള്ള പിശകാണ്. സുവിശേഷം വിഭാവനം ചെയ്യുന്ന കരുണ എന്ന പുണ്യത്തിലൂടെ മാത്രമേ ആ ധാരണാ പിശകിനെ അതിജീവിക്കാന്‍ സാധിക്കു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org