കരിന്തിരി കത്തുന്ന വഴിവിളക്കുകള്‍

കരിന്തിരി കത്തുന്ന വഴിവിളക്കുകള്‍
വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പം സഹതപിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ കെണിയില്‍ ക്രൈസ്തവസഭാ നേതൃത്വം വീഴുന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.

പക്ഷപാതരഹിതവും വസ്തുനിഷ്ഠവുമായ ഇടപെടലുകള്‍ കൊണ്ട് ജനാധിപത്യത്തെ ശാ ക്തീകരിക്കേണ്ട നീതിന്യായ കോടതികള്‍ക്ക് ഇന്ന് എന്താണ് സംഭവിക്കുന്നത്? ഏറ്റവും പാവപ്പെട്ടവന് നീതി നല്‍കേണ്ട ജുഡീഷ്യറി ഭരണകൂടത്തിന്റെ സ്തുതിപാടകരും താത്പര്യസംരക്ഷകരുമായി തരം താഴുന്നുണ്ടോ എന്ന ആശങ്ക ഒരു ശരാശരി ഇന്ത്യന്‍ പൗരനുണ്ട്. ലെജിസ്ലേറ്റീവിലും എക്‌സിക്യൂട്ടീവിലും ഉണ്ടാകുന്ന അപചയങ്ങളെ ഭരണഘടനാനുസൃതമായി തിരുത്തേണ്ട ജുഡീഷ്യറി ചിലയിടത്തെങ്കിലും തങ്ങളുടെ ദൗത്യബോധത്തെക്കുറിച്ചുള്ള സ്മൃതി നാശത്തിലാണ്. സ്റ്റാന്‍ സ്വാമിയെപ്പോലുള്ള നി സ്വാര്‍ത്ഥ ജന്മങ്ങള്‍ കാരാഗൃഹത്തിന്റെ കൂരിരുട്ടില്‍ അടയ്ക്കപ്പെടുമ്പോഴും കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെ സംരക്ഷകരായി ഭരണകൂടം അധഃപതിക്കുന്നതും മേല്‍പറഞ്ഞ ദൗത്യബോധ വിസ്മൃതിക്ക് രാസത്വരകമായി വര്‍ത്തിക്കുന്നതാണ്. ഗവണ്‍മെന്റ് ചിലവില്‍ ന്യായാധിപന്മാര്‍ക്ക് വിടവാങ്ങല്‍ വിരുന്നൊരുക്കുന്ന ഗവണ്‍മെന്റുകളും അത് സ്വീകരിക്കുന്ന ന്യായാധിപരും പരസ്പര സഹായ സഹകരണ സംഘങ്ങളിലെ സഹപ്രവര്‍ത്തകരാണെന്ന് സാധാരണക്കാരന്‍ കരുതിയാല്‍ തെറ്റുപറയാന്‍ പറ്റില്ല. കോളേജിയം വിവാദവും ന്യായാധിപ നിയമനങ്ങളിലെ ഗൂഢതാത്പര്യങ്ങളും ചേര്‍ന്ന് ഏറ്റവും പ്രകാശമാനമായ ജുഡീഷ്യറിയെ ചിലപ്പോഴെങ്കി ലും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. റിട്ടയര്‍ ചെയ്താലും ഭരണകൂടത്തിന്റെ താത്പര്യം സംരക്ഷക്കുന്നവര്‍ക്ക് ലഭിക്കുന്ന ഉയര്‍ന്ന പദവികളും രാജ്യസഭാ സീറ്റുമൊക്കെ മേല്‍പ്പറഞ്ഞ അഴിച്ചിലിന്റെ പ്രകടസാക്ഷ്യങ്ങളാണ്. കണ്ണ് മൂടിക്കെട്ടി നിഷ്പക്ഷമായി നീതി നിര്‍വഹണം നടത്തേണ്ട നീതിദേവത വേണ്ടപ്പെട്ടവരെ കാണാന്‍ കണ്ണു തുറക്കുകയും ചില കാര്യങ്ങള്‍ കാണുമ്പോള്‍ കണ്ണടച്ചു കളയുന്നതും ചിലയിടങ്ങളില്‍ കണ്ണിറുക്കി കാട്ടുന്നതുമൊക്കെ ആശാസ്യമല്ല. പ്രത്യാശയുടെ രജതരേഖകളായി കുറച്ചു ന്യായാധിപന്മാര്‍ ഇപ്പോഴുമുണ്ടെന്നതാണ് ആശ്വാസം നല്കുന്ന കാര്യം!

നിങ്ങള്‍ വല്യേട്ടന്റെ നിരീക്ഷണ വലയത്തിലാണ്

''1984'' എന്ന തന്റെ വിഖ്യാത നോവലില്‍ പൗരന്മാരെ നിരീക്ഷണ വലയത്തിലാക്കി ചങ്ങലയ്ക്കിടുന്ന വല്യേട്ടനെക്കുറിച്ച് ജോര്‍ജ് ഓര്‍വെല്‍ വിവരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയുടെ ഉള്ളടക്കത്തെ നിയന്ത്രിച്ചു നിരീക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കം മേല്‍പ്പറഞ്ഞ വല്യേട്ടന്മാരുടെ സമകാലിക ലോകത്തേക്കുള്ള അവതാരപ്പിറവിയാണ്. ഭരണകൂടത്തെ വിമര്‍ശിക്കുന്ന ഓണ്‍ലൈന്‍ പ്രസ്ഥാനങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനും വിനീത വിധേയരെ പ്രോത്സാഹിപ്പിക്കാനുമുള്ള ഭരണകൂടത്തിന്റെ തന്ത്രം മാത്രമാണിത്. ജനാധിപ്യത്തിന്റെ അഞ്ചാം തൂണ് (Fifth Estate of Democracy) എന്ന് വാഴ്ത്തപ്പെടുന്ന സോഷ്യല്‍ മീഡിയ മുഖ്യാധാരാ മാധ്യമങ്ങള്‍ മുക്കിയ വിവരങ്ങള്‍ പുറത്തുവിട്ട് അറിയാനുള്ള ജനത്തിന്റെ അവകാശത്തെ സംരക്ഷിക്കുന്ന ഒരിടമാണ്. അത്തരം ഇടങ്ങളെ ഭരണകൂടത്തിന്റെ ചൊല്‍പ്പടിക്ക് നിര്‍ത്താനാണ് പുതിയ നിയമനിര്‍മ്മാണം.

വിയോജിപ്പ് രാജ്യദ്രോഹമാണ്

വിയോജിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിന്റെ ആത്മാവ്. എന്നാല്‍ വിയോജിക്കുന്നവരെ രാജ്യദ്രോഹികളും വിമതരുമാക്കുന്ന തന്ത്രം ഭരണകൂടം എന്നും പരീക്ഷിക്കുന്ന തന്ത്രമാണ്. മനുഷ്യാവകാശങ്ങള്‍ക്കും സാമൂഹ്യനീതിക്കുംവേണ്ടി ശബ്ദമുയര്‍ത്തിയ എത്രയോ മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇന്ത്യയിലെ വിവിധ ജയിലറകളില്‍ നിശ്ശബ്ദരാക്കപ്പെടുന്നത്. സത്യം പറയുന്നവരെ കുരിശില്‍ തറയ്ക്കുന്ന പാരമ്പര്യത്തിന് രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പാരമ്പര്യമുണ്ട്. ആഥന്‍സിലെ അഴിമതി ഭരണകൂടത്തെ ചോദ്യങ്ങളിലൂടെ മുള്‍മുനയില്‍ നിര്‍ത്തിയ സോക്രട്ടീസിന്റെ വിധി ഹെംലോക്ക് എന്ന വിഷം കുടിച്ച് അകാലമൃത്യുവിനിരയാകുവാനായിരുന്നു. ചോദ്യങ്ങള്‍ ചോദിക്കുന്നവരെ വിമതരാക്കുന്ന ഫാസിസ പാരമ്പര്യം പിന്‍വാതിലുകളിലൂടെ സഭയിലേക്കും കയറുന്നുണ്ട്. ചില സഭാധികാരികളുടെ വഴിവിട്ട പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യുന്നവരെ അച്ചടക്കത്തിന്റെ വാളുയര്‍ത്തി ഭയപ്പെടുത്താന്‍ ശ്രമിക്കുന്ന സഭാനേതൃത്വം മധ്യകാലത്തിന്റെ ജീര്‍ണ്ണതകളുടെ തനിയാവര്‍ത്തന നാടകത്തിലഭിനയിക്കുന്നരാണ്. ''ചരിത്രം ആദ്യം പ്രഹസനമായും പിന്നെ ദുരന്തമായും ആവര്‍ത്തിക്കു ന്നുവെന്ന'' പ്രസ്താവന സമകാലിക സഭാജീവിതത്തെയും അടയാളപ്പെടുത്തുന്നതാണ്. ചോദ്യം ചെയ്യുന്നവരെല്ലാം വിമതരായിരുന്നെങ്കില്‍ യേശുവും വിമതനായിരുന്നു. അവന്‍ യഹൂദ മതത്തിലെ അനാചാരങ്ങളെയും മനുഷ്യത്വ വിരുദ്ധതയെയും ചോദ്യം ചെയ്തു. അവന്‍ സത്യത്തിന്റെ പക്ഷംപിടിച്ചു. സഭാ നേതൃത്വം താത്കാലിക അസത്യത്തിന്റെ പക്ഷം പിടിക്കുന്നത് ചരിത്രപരമായ മണ്ടത്തരമാണ്. നുണകളുടെ ആയുസ്സ് ഹ്ര സ്വമാണ്. സത്യം കല്ലറയിലടയ്ക്കപ്പെട്ടാലും മൂന്നാം ദിവസം അതിനൊരുയര്‍പ്പുണ്ടാകും.

ക്രൈസ്തവര്‍ സുരക്ഷിതരോ അരക്ഷിതരോ?

ക്രൈസ്തവര്‍ സമകാലിക ഇന്ത്യയില്‍ സുരക്ഷിതരാണെന്നത് അടുത്തകാലത്ത് കേട്ട ഏറ്റവും വലിയ നുണയാണ്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ക്രൈ സ്തവ പീഡനങ്ങളുടെ കണക്കുകള്‍ തന്നെ മേല്‍പ്പറഞ്ഞ നുണയെ പൊളിച്ചടുക്കുന്നതാണ്.

താത്ക്കാലിക ലാഭത്തിനു ക്രൈസ്തവരെ ഏതെങ്കിലും വര്‍ഗീയ പാര്‍ട്ടികളോടടുപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് നിക്ഷിപ്ത താത്പര്യങ്ങളുണ്ട്. കേരളമല്ല ഇന്ത്യ! വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവ പീഡനങ്ങള്‍ കാണുമ്പോള്‍ സമകാലിക ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ സുരക്ഷിതരാണെന്ന് എങ്ങനെ പറയാന്‍ കഴിയും. വേട്ടക്കാരനോടൊപ്പം ഓടുകയും ഇരയോടൊപ്പം സഹതപിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ കെണിയില്‍ ക്രൈസ്തവ സഭാ നേതൃത്വം വീഴുന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്.

(ഫാ. സെദ്രിക് പ്രകാശുമായി നടത്തിയ അഭിമുഖത്തെ ആധാരമാക്കി തയ്യാറാക്കിയ ലേഖനം.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org