ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആരണ്യകാണ്ഡം

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആരണ്യകാണ്ഡം
സാന്താക്ലോസിന്റെ നിറം കൊക്കക്കോള നിശ്ചയിച്ചതു പോലെ അധികാര രാഷ്ട്രീയത്തിനിണങ്ങുന്ന നിറം മതത്തില്‍ നിന്നും മോഷ്ടിച്ച് ജനതയുടെ കണ്ണുകെട്ടുന്നതാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയം. അപരമതദ്വേഷത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ദേശീയ സിദ്ധാന്തങ്ങള്‍ ചില ഫാക്ടറികളില്‍ നിര്‍മ്മിച്ച് ക്യാപ്‌സൂളുകളായി ഭാഷാന്തരം ചെയ്ത് ദേശദേശാന്തരങ്ങളിലേക്കെത്തിക്കുന്നു.

ലോകത്തില്‍ പലയിടത്തും പരിണാമപാതയിലാണ് ജനാധിപത്യം. ചില രാജ്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ മറ്റു ചിലര്‍ ഏകാധിപത്യ സ്വഭാവത്തിലേക്ക് വഴിമാറുന്നു. 2002-ലെ കണക്കുപ്രകാരം ലോകജനസംഖ്യയുടെ പകുതി ജനാധിപത്യത്തിന്റെ ശുദ്ധവായു ശ്വസിക്കുന്നവരാണ് (V.Dem Institute Democracy Report 2022, Economic Intelligence Unit Democracy Index, 2022). മറുപകുതി രാജാധികാരത്തിലും ഏകാധിപത്യത്തിന്റെ വ്യത്യസ്ത നുകങ്ങള്‍ക്കു കീഴിലും അധികാരികള്‍ക്ക് സ്തുതിപാടിയും പിഴവുകള്‍ വരാതെ യും ജീവന്‍ സംരക്ഷിക്കാനുള്ള കഠിനയത്‌നത്തിലുമാണ്. ഗ്രീക്ക് സിറ്റിസ്റ്റേറ്റുകളില്‍ നിന്നും സഞ്ചരിച്ചു തുടങ്ങിയ പദമാണ് 'ഡെമോക്രസി'. നിരവധി ജനതകള്‍ക്ക് വിമോചനത്തിനുള്ള ഭരണരീതിയായി ലോകമെങ്ങും ഈ പദവും ഇതിന്റെ ആശയങ്ങളും നൂറ്റാണ്ടുകളായി സഞ്ചരിക്കുന്നു. ഇത്തരത്തില്‍ സ്വതന്ത്രഭാരതം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സമൂഹമായി നിലകൊള്ളുകയാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് കുറെക്കാലമായി ജനാധിപത്യത്തിന് പരിണാമം സംഭവിക്കുന്നു. നാമത് പ്രത്യക്ഷത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടോ? മതവും ജനാധിപത്യവും അധികാരത്തിനനുകൂലമായി വോട്ടുരാഷ്ട്രീയത്തിലെ കരുക്കളാകുന്നു. അവതാരങ്ങളും ആരാധനാശൈലികളും അപഹരിക്കപ്പെടുന്നത് പുതിയ ഭാരതത്തില്‍ ജനാധിപത്യത്തിന്റെ വനവാസകാലമായി പരിഗണിക്കാം. ഭയപ്പെടുത്തുന്ന മാറ്റങ്ങളാണ് ജനാധിപത്യത്തില്‍ സംഭവിക്കുന്നത്. അപകടകരമായ മതരാഷ്ട്രീയം വിജയകരമായി ഭൂരിപക്ഷത്തിനു പ്രീതികരമായി അവതരിപ്പിച്ചാല്‍ അധികാര തുടര്‍ച്ചയുണ്ടാകും. സാക്ഷാല്‍ മതവും ആത്മീയതയും കോര്‍പ്പറേറ്റ് തന്ത്രങ്ങളുടെ ഭാഗമായി ജനാധിപത്യവിപണിയില്‍ മായക്കാഴ്ചയാകുന്നു. സാക്ഷാല്‍ ശ്രീരാമന്റെ വനവാസവും സീതാപഹരണവും നിറഞ്ഞ ജനാധിപത്യത്തിന്റെ ആരണ്യകാണ്ഡത്തിലാണ് ഇന്ത്യ.

ചരിത്രപരമായ നിയോഗം എന്നാണ് അധികാര ദുര്‍വിനിയോഗത്തെയും നേതൃപൂജയെയും വിമര്‍ശിച്ചുകൊണ്ട് നടത്തിയ പ്രസംഗം എം ടി തുടങ്ങിയത്. യാഥാര്‍ത്ഥ്യം അത്രയേറെ ഭയപ്പെടുത്തുന്നതാണ്. ജനാധിപത്യത്തില്‍ നിന്നും ജനം പുറത്താക്കപ്പെടുന്ന അധികാര കേന്ദ്രീകരണത്തിന്റെയും ഏകാധിപത്യത്തിന്റെയും സ്വഭാവം ഇന്ത്യന്‍ പാര്‍ലമെന്ററി സംവിധാനത്തില്‍ അധികാര ദണ്ഡ് നാട്ടുന്ന കാലമാണിത്. ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന സര്‍വരും ആധിപത്യ സ്വഭാവമുള്ള ഭരണകൂടത്തെ എതിര്‍ക്കും.

ചരിത്രപരമായി ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ജനാധിപത്യ സര്‍ക്കാരുകളുടെ രൂപീകരണവും ദേശീയതയും അത്ഭുതകരമാണ്. ബഹുസ്വരതയും വൈവിധ്യവും നിലനിര്‍ത്തി ഈ മഹാരാജ്യം മുന്നോട്ടു പോകുന്നതില്‍ എത്രയോ പേരുടെ പങ്കിനെ പ്രശംസിക്കണം. ബ്രിട്ടീഷ് വെസ്റ്റ്മിനിസ്റ്റര്‍ മാതൃകയില്‍ ഇന്ത്യന്‍ സര്‍ക്കാരിനെ വിഭാവനം ചെയ്തു. ഇന്ത്യയുടെ ഭരണഘടനയും അതിന്റെ ശില്പികളുടെ വിശാലദര്‍ശനവും നാള്‍ക്കുനാള്‍ തെളിച്ചമേറുകയാണ്. രാഷ്ട്രപിതാവായ ഗാന്ധിജിയും 17 വര്‍ഷം ഭരിച്ച നെഹ്‌റുവും പുതിയ രാജ്യത്തിന്റെ സ്വഭാവം നിര്‍ണ്ണയിച്ചവരാണ്. 1975 മുതല്‍ 1977 വരെ തുടര്‍ന്ന അടിയന്തരാവസ്ഥക്കാലമാണ് കോണ്‍ഗ്രസ് എന്ന ദേശീയബോധം നിര്‍മ്മിച്ച പാര്‍ട്ടിയില്‍ നിന്നും മാറി ഒരു സര്‍ക്കാരിനെ പരീക്ഷിക്കാന്‍ ഇന്ത്യന്‍ ജനതയെ പ്രേരിപ്പിച്ചത്. 1990 കളുടെ തുടക്കം മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയം അയോധ്യയെ ചുറ്റിക്കറങ്ങി ചരിത്രപരമായ മറ്റൊരു മാറ്റത്തിന് വഴിയൊരുക്കി.

ജനാധിപത്യത്തില്‍ നിന്നും പല പേരുകളും ഒഴിവാക്കുകയാണ്. പേരിലെന്തിരിക്കുന്നു? പേരിനൊപ്പം ആശയങ്ങളും ചരിത്രവും സ്വപ്‌നങ്ങളുമുണ്ട്. വ്യാജചരിത്രനിര്‍മ്മിതി കേന്ദ്രങ്ങള്‍ പേരുകളും അവയോടൊപ്പം അപമാനവീകരണത്തിന്റെ ജാതിബോധത്തെ പുനര്‍നിര്‍മ്മിക്കുന്ന പേരുകളെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിക്കുന്നതിനെയും കാണാതിരിക്കാനാവില്ല.

  • ഡിജിറ്റല്‍ കാലത്തിലെ ജനാധിപത്യം

രാഷ്ട്രീയത്തിന്റെ ഭൂമിക പുതിയ കാലത്ത് ഉയര്‍ന്നുവന്ന വിവരസാങ്കേതികതയുടെ സമഗ്ര സാധ്യതകളുടെ മുമ്പില്‍ ചുരുങ്ങുകയാണ്. ഭരണകൂടം കൂടുതല്‍ ഏകാധിപത്യത്തിലേക്ക് ചുരുങ്ങുന്നതിനാവശ്യമായ തരത്തില്‍ സഹായകരമാണ് സാങ്കേതികത. കോടിക്കണക്കായ ഡേറ്റാ ശേഖരണവും വിലയിരുത്തലും ഭരണനിര്‍വഹണത്തിനാവശ്യമായ അല്‍ഗോ രി തവുമുള്ള കാലത്ത് പൗരന്‍, വോട്ടവകാശം, വൈവിധ്യം, ബഹുസ്വരത എന്നീ വാക്കുകള്‍ ഭരണകൂടത്തിന് അശ്ലീല പദങ്ങളായി ഭവിക്കും. (Ref. Future Politics living together in a world transformed by Tech, James Suss-kind), 'ഫ്രത്തേലി തൂത്തി'യില്‍ ഫ്രാന്‍സിസ് പാപ്പ മെച്ചപ്പെട്ട രാഷ്ട്രീയത്തെക്കുറിച്ച് വിവരിക്കുന്നുണ്ട് (Fratelli Tutti, Pope Francis). ഡിജിറ്റല്‍ സര്‍വാധിപത്യകാലത്തെ മനുഷ്യവിചാരത്തെ പുസ്തകത്തിന്റെ തുടക്കത്തില്‍ കണിശമായി അടയാളപ്പെടുത്തുന്നു. ''ഇന്നത്തെ ലോകത്തില്‍ ഒരേ മാനവ കുടുംബത്തിന്റെ അംഗമായിരിക്കുകയെന്ന ബോധം മറഞ്ഞു പോയിക്കൊണ്ടിരിക്കുകയും നീതിക്കും സമാധാനത്തിനുംവേണ്ടി ഒന്നിച്ച് അധ്വാനിക്കുകയെന്ന സ്വപ്‌നം കാലഹരണപ്പെട്ട ഉട്ടോപ്യയായി തോന്നുകയും ചെയ്യുകയാണ്. അതിനു പകരം ഭരിക്കുന്നത് സുഖ ശീതളിമയില്‍ ആശ്വാസം തേടുന്നതും ആഗോളവല്കൃതവുമായ നിസ്സംഗതയാണ്. അത് അഗാധമായ മിഥ്യാദര്‍ശനത്തില്‍ നിന്നുണ്ടായതും വഞ്ചനാത്മകമായ ഒരു മായയുടെ പിന്നില്‍ ഒളിച്ചു വയ്ക്കപ്പെട്ടിരിക്കുന്നതുമാണ്'' (അധ്യായം ഒന്ന്, നമ്പര്‍ 30.)

നമ്മുടെ സംഘാതമായ ജീവിതത്തില്‍ ഏതു പരിധിവരെ സ്റ്റേറ്റിന്റെ തീരുമാനത്തില്‍ വരും എന്നതായിരുന്നു കഴിഞ്ഞ നൂറ്റാണ്ടിലെ പ്രസക്തമായ ചോദ്യം, അതിലെത്ര മാത്രമാണ് കമ്പോള ശക്തികള്‍ക്കും സാംസ്‌കാരിക സമൂഹത്തിനും വിട്ടുനില്‍ക്കേണ്ടതെന്നും. ഇനിയങ്ങോട്ട് ചോദ്യം വ്യത്യസ്തമാണ്. അതിശക്തമായ ഡിജിറ്റല്‍ സംവിധാനങ്ങളുടെ നിയന്ത്രണത്തിലും പരിശോധനയിലും ഏതു പരിധി വരെയാണ് പൗരന്റെ വ്യക്തിജീവിതം എന്നതായിരിക്കും.

  • ഡിജിറ്റല്‍ സര്‍വാധിപത്യം വന്നു കഴിഞ്ഞു

ലിബറല്‍ ജനാധിപത്യരീതിക്കും ഏകാധിപത്യത്തിനുമിടയിലെ സംഘട്ടനത്തിലാണ് ഇന്ത്യന്‍ രാഷ്ട്രീയം. മനുഷ്യ സമൂഹം മുഴുവന്‍ 'ഡിജിറ്റല്‍ ഏകാധിപത്യത്തിന്റെ' പാതയിലാണെന്നാണ് യുവാല്‍ ഹരാരിയുടെ അഭിപ്രായം, ''എല്ലാ വിവരവും അധികാരവും ഒരിടത്തില്‍ കേന്ദ്രീകരിക്കുന്നതിന് ഇരുപതാം നൂറ്റാണ്ടിലെ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കുണ്ടായിരുന്ന ബുദ്ധിമുട്ട് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അവരുടെ നിര്‍ണ്ണായക നേട്ടമാകുന്നു.'' ജനാധിപത്യവും ഏകാധിപത്യവും രണ്ടുതരം വിവര സംസ്‌കരണ രീതികളാണ് (data processing system). വിവരങ്ങളുടെ വിതരണം അധികാരത്തിന്റെ വിതരണത്തിലും പ്രതിഫലിക്കുന്ന ജനാധിപത്യത്തെ പുതിയ സാങ്കേതികത വിവരങ്ങളുടെ കേന്ദ്രീകരണത്തിലൂടെ ഏകാധിപത്യത്തിന് അനുകൂലമാക്കുന്നു. കേന്ദ്രീകൃത സംവിധാനങ്ങളിലൂടെ വിവരങ്ങളും അധികാരവും സുരക്ഷിതവും സൗകര്യപ്രദവുമാകും. പൗരന്മാരുടെ ഡി എന്‍ എ യും മെഡിക്കല്‍ ശേഖരവും ഇത്തരം ഏകീകൃത സാങ്കേതിക സംവിധാനത്തിനു ലഭ്യമാകുന്നതോടെ പഠനവും വിവേചനവും ആവിഷ്‌കരിക്കാം. രക്തവും മാംസവും മാത്രമല്ല ജാതിയും നിറവും മതവും ഏകാധിപത്യകാലത്തെ ഡിജിറ്റല്‍ ഡേറ്റയാണെന്നത് ഇന്ത്യന്‍ പൗരനെ ഭയപ്പെടുത്തുമോ?

ലോകത്തിലെ ഏറ്റവും വലിയ സര്‍വയലന്‍സ് (surveillance) സ്റ്റേറ്റാണ് ചൈന. 2000 മില്യണ്‍ ഫേഷ്യല്‍ റെക്കഗ്നീഷന്‍ ക്യാമറകള്‍ പൗരന്മാരെ പിന്തുടരുന്നു. ചൈനയുടെ ഷിംജിയാങ്ങ് പ്രവിശ്യയിലെ ഉയ്ഗൂര്‍ (Uyghur) ജനതയെ അവിശ്വസ്തരുടെയും ശരാശരിക്കാരുടെയും ഗണത്തിലാണ് ചൈനീസ് ഭരണകൂടം പരിഗണിക്കുന്നത്. പോയിന്റുകളുടെ അളവുമാറ്റത്തില്‍ ചൈനയില്‍ ഒരു പൗരന് എന്തും സംഭവിക്കാം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നല്ല പിള്ളയല്ലെങ്കില്‍ അറുപതിനായിരം വരുന്ന ആള്‍ക്കൂട്ടത്തില്‍ നിന്നു പോലും നിങ്ങളെ അവര്‍ കണ്ടെത്തും ഉപദ്രവിക്കും. ലോക ഉയ്ഗൂര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ ഡോല്‍ക്കുന്‍ ഇസ (Dolkun Isa) യു കെ പാര്‍ലമെന്റില്‍ 2017 ഡിസംബറില്‍ ചൈനീസ് ഭരണകൂടത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണ്. ഉയ്ഗൂറുകളെ നിര്‍ബന്ധിത അവയവമെടുക്കലിന് വിധേയരാക്കുന്നുണ്ട്, അവരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ഇത്തരം ഡിജിറ്റല്‍ ഏകാധിപത്യ മാര്‍ഗങ്ങളില്‍ ഇന്ത്യ എവിടെ എത്തിനില്‍ക്കുന്നുവെന്ന് ഭയത്തോടെ പഠിക്കണം.

രാജ്യങ്ങളുടെ ഭരണനിര്‍വഹണത്തിലേക്ക് ബിഗ് ഡേറ്റയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും കടന്നെത്തിയതു മുതല്‍ ജനാധിപത്യത്തിന്റെ സ്വഭാവവും നിറവും മാറിത്തുടങ്ങി. അസഹിഷ്ണുതയുടെ രൂപങ്ങള്‍ നമ്മുടെ ജനാധിപത്യത്തില്‍ പിടിമുറുക്കുന്നത് കേവലം ഒരു ദിവസത്തെ പത്രവാര്‍ത്തയായി പരിണമിക്കുന്നു. പത്രങ്ങളും പത്രപ്രവര്‍ത്തകരും പോയിന്റ് കുറയാതെ സ്തുതിപാഠകരായി മാറിക്കഴിഞ്ഞത് ഡിജിറ്റല്‍ ഡിക്‌റ്റേറ്റര്‍ഷിപ്പിന്റെ കാലത്തെ കാഴ്ചയാണ്. കോര്‍പ്പറേറ്റുകള്‍ ഇന്ത്യന്‍ പത്രമാധ്യമ വ്യവസായത്തെ ഏകദേശം വിഴുങ്ങിക്കഴിഞ്ഞു. അവരുടെ അടുക്കളയിലെ നിറവും രുചിയുമുള്ള വര്‍ത്തമാന പലഹാരങ്ങള്‍ തിന്ന് തൃപ്തിപ്പെടണം ഇനിയുള്ള കാലം.

  • ബ്രാന്റിംഗ് രാഷ്ട്രീയം, ബ്രാന്റഡ് നേതാക്കള്‍

ജനങ്ങളുടെ സേവകരാകുന്ന ജനപ്രതിനിധികള്‍, ജനങ്ങള്‍ക്കുവേണ്ടി ഭരണ നിര്‍വഹണം നടത്തുന്ന പാര്‍ലമെന്ററി ജനാധിപത്യം ഇവ ഇപ്പോള്‍ ഭരണാധികാരിയുടെ ബ്രാന്റ് മൂല്യത്തിലേക്ക് മാറി.

സമീപകാലത്തെ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ പ്രശസ്തമായ ഒരു നിരീക്ഷണമുണ്ട്. '"Whether you are Pepsi or Obama, you have to run a campaign to get your brand out' - Celinda Lake. സാന്താക്ലോസിന്റെ നിറം കൊക്കക്കോള നിശ്ചയിച്ചതു പോലെ അധികാര രാഷ്ട്രീയത്തിനിണങ്ങുന്ന നിറം മതത്തില്‍ നിന്നും മോഷ്ടിച്ച് ജനതയുടെ കണ്ണുകെട്ടുന്നതാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയം. അപരമതദ്വേഷത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള ദേശീയ സിദ്ധാന്തങ്ങള്‍ ചില ഫാക്ടറികളില്‍ നിര്‍മ്മിച്ച് ക്യാപ്‌സൂളുകളായി ഭാഷാന്തരം ചെയ്ത് ദേശദേശാന്തരങ്ങളിലേക്കെത്തിക്കുന്നു. ബ്രാന്റുകള്‍ കമ്പോളത്തില്‍ തന്നെ ഒരു മതാനുഭവമായി മാറുന്നതാണ് നാം കാണുന്നത്. രാഷ്ട്രീയം പൂര്‍ണ്ണമായും ഇത്തരമൊരു വ്യവസായിക ഉത്പന്നമാണ്. ജനാധിപത്യത്തില്‍ കമ്പോളം നടത്തിയ അതിസമര്‍ത്ഥമായ ഇടപെടലാണിത്. ഡൊണാള്‍ഡ് ട്രംപിന്റെ അമേരിക്കന്‍ പ്രസിഡന്റായുള്ള കുതിപ്പിനെ "greatest informercial in political history' എന്നാണ് വിശേഷിപ്പിക്കുന്നത് (Michael Cohen) (Ref. Larry Berman, Bruce Allen Murphy, Approaching Democracy: American Government in Times of Challenge, 2021).

Truth Decay യും ട്രംപിന്റെ തിരഞ്ഞെടുപ്പും പരസ്പരം നെയ്യപ്പെട്ട രണ്ട് വസ്തുതകളാണ് (Ciara Torres Spelliscy, Oct. 16, 2019, Brennan Center for Justice, the Power of Branding in Politics). നമ്മുടെ കാലം സത്യാനന്തരമാണ്, സത്യശോഷണത്തിന്റേതുമാണ്. എവിടെയോ ആരെല്ലാമോ നിര്‍മ്മിക്കുന്നതാണ് സത്യമെന്ന് നാം കരുതുന്നത്. ഇവയെല്ലാം വ്യാജത്തിന്റെ നിറമുള്ള രൂപങ്ങളാണെന്ന് അറിയാനും പറയാനും കഴിയാത്ത വിധം ഇന്ത്യയും മാറിക്കഴിഞ്ഞു. സാംസ്‌കാരികവും മതപരവുമായ രൂപങ്ങള്‍ രാഷ്ട്രീയപാര്‍ട്ടിയും ഭരണകൂടവും അപഹരിക്കുന്നു. പിന്നീടവര്‍ സംസ്‌കാ രത്തിന്റെയും മതത്തിന്റെയും ഉടയോരാകുന്നു. പക്ഷേ, പ്രവര്‍ത്തിക്കുന്നതും ചിന്തിക്കുന്നതും കൊടിയ ഹിംസയും പാതകങ്ങളും.

ഇരുപതാം നൂറ്റാണ്ടിലെ മികച്ച കലാരൂപം പരസ്യമാണെന്ന് Marshell Macluhan പറഞ്ഞതിന്റെ രാഷ്ട്രീയ സാധ്യതകളാണ് നാമിന്നനുഭവിക്കുന്നത്. 'സത്യം' നിര്‍മ്മിക്കുന്ന "Digital Army' യെക്കുറിച്ച് നാം അറിവുള്ളവരാണോ? രാമാനന്ദ സാഗറിന്റെ സീരിയല്‍ വരും മുന്‍പ് ശ്രീരാമന്‍ മര്യാദാപുരുഷോത്തമന്‍ ആയിരുന്നു എന്നാരോ എഴുതിക്കണ്ടു. പിന്നീടാണല്ലോ രാഷ്ട്രീയമായി ശ്രീരാമനെ ഇത്രയേറെ വിപണിവല്‍ക്കരിച്ചത്. പുരോഹിതനും യഥാര്‍ത്ഥ മതവും വിശ്വാസിയും ബ്രാന്റഡ് ഐക്കണുകളുടെ മുന്‍പില്‍ നിസ്സഹായരാകും. അധികാര വഴിയില്‍ കോര്‍പ്പറേറ്റ് ജനാധിപത്യത്തില്‍ പൗരനും വിശ്വാസിക്കും മുഖമില്ല, സ്വരമില്ല. തീവ്രവാദത്തിന്റെ തീവ്ര രാഷ്ട്രീയത്തിന്റെയും വേരുകള്‍ ഒരിടത്താണ്, അവയുടെ ജൈവരീതികളും ഒന്നുതന്നെ. ബഹുസ്വരമായ സംസ്‌കാരത്തിന് ഏകീകൃത രൂപം നല്‍കാനും നിയന്ത്രിക്കാനുമുള്ള അപകടകരമായ ശ്രമങ്ങള്‍ ഇന്ത്യയില്‍ കാണുന്നത് കേവലമായ സാംസ്‌കാരിക യുദ്ധം മാത്രമല്ല, കോര്‍പ്പറേറ്റ് രീതിയില്‍ ജനാധിപത്യത്തെ മെരുക്കുന്നതിന്റെ ഭാഗം കൂടിയാണ്.

  • ഹൈജാക്ക് ചെയ്യപ്പെട്ട മതവിശ്വാസം

ദൈവാരാധന, ദൈവാന്വേഷണം, മനുഷ്യന്റെ മെച്ചപ്പെടല്‍, രക്ഷ എന്നിങ്ങനെ മതവുമായി ബന്ധപ്പെട്ട ഒന്നും അധികാര രാഷ്ട്രീയത്തിന്റെ മതബോധത്തില്‍ ഇല്ല. മത മൂല്യങ്ങളില്‍ ഉറച്ചതായിരുന്നു മത രാഷ്ട്രീയമെങ്കില്‍ 2023-ലെ നൊബല്‍ ജേതാവായ നര്‍ഗീസ് മുഹമ്മദി ഇറാനിലെ ജയിലില്‍ ഇപ്പോഴും കഴിയുകയില്ല, ദളിത് പീഡനങ്ങള്‍ ഇന്ത്യയില്‍ തുടര്‍ക്കഥയാവില്ല, 2002-ല്‍ ഗുജറാത്തില്‍ കലാപമോ, ബില്‍ക്കിസ് ബാനുവിനെ പീഡിപ്പിക്കുകയോ അതിലെ പ്രതികളെ സംസ്ഥാന സര്‍ക്കാര്‍ സ്വതന്ത്രരാക്കാന്‍ ശ്രമിക്കുകയോ, പ്രതികള്‍ക്ക് സ്വീകരണം നല്‍കാന്‍ പാര്‍ട്ടിക്കാര്‍ ഒരുങ്ങുകയോ ചെയ്യില്ല. 2024-ലെ പ്രാണ പ്രതിഷ്ഠയ്ക്ക് 25 വര്‍ഷം മുമ്പ് ഗ്രഹാം സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകൊല്ലുകയില്ല, മണിപ്പൂരിലെ നിരപരാധികളുടെ കൊലപാതകത്തില്‍ പ്രതികരിക്കാതെ മൗനമായിരിക്കാന്‍ ഭരണാധികാരിക്ക് കഴിയില്ല. ഗ്ലോബല്‍ ടെററിസം ഡേറ്റാബേസ് പരിശോധിച്ചാല്‍ തീവ്രവാദ ആക്രമണങ്ങളുടെ കണക്കുകള്‍ ലഭിക്കും. ഹമാസ്, താലിബാന്‍, ഐസിസ് തുടങ്ങിയ തീവ്രവാദ സംഘങ്ങളുടെ അതിക്രമങ്ങളില്‍ ഇരകളാകുന്നതും കൊല്ലപ്പെടുന്നതില്‍ ഭൂരിപക്ഷവും അവരുടെ വിശ്വാസ ധാരയോട് ചേര്‍ന്ന് പോകുന്നവരാണ് എന്നു കാണാം. മനുഷ്യരാശിക്കെതിരെ ആയുധമെടുക്കുന്നവരാണ് തീവ്രവാദം പറയുന്നവരും പ്രവര്‍ത്തിക്കുന്നവരും. അഫ്ഗാനിലും ഗാസയിലും ഇസ്രായേലിലും അര്‍മേനിയയിലും ഗുജറാത്തിലും മണിപ്പൂരിലും ഇതാണ് ജനാധിപത്യബോധമുള്ളവരെ നിരാശരാക്കുന്നത്.

മതവും രാഷ്ട്രീയവും നിരന്തര ചര്‍ച്ചകളില്‍ പല കാരണങ്ങളാല്‍ പൊതുമണ്ഡലത്തില്‍ ഇടംപിടിക്കാറുണ്ട്. ഗാന്ധിയുടെ രാമരാജ്യ സങ്കല്പത്തില്‍ നിന്ന് ഗാന്ധിഘാതകന്റെ രാമരാജ്യത്തിലേക്ക് ഇന്ത്യാ രാജ്യത്തെ നയിക്കുമ്പോള്‍ 'ഹേ റാം' എന്ന് നിലവിളിച്ച് പിടഞ്ഞു വീഴാനേ രാഷ്ട്രപിതാവിന്റെ ആത്മാവിനു കഴിയൂ. ഖനന കമ്പനികള്‍ മധ്യേന്ത്യയില്‍ കാടുകള്‍ വെട്ടിത്തെളിക്കുകയും ഗോത്ര വിഭാഗക്കാരെ കുടിയൊഴുപ്പിക്കുകയും ചെയ്തു. അത്തരം ക്രൂരതകളെ എതിര്‍ക്കുന്നവര്‍ അര്‍ബന്‍ നക്‌സലുകളാണെന്ന് ഭരണകൂടം വിശേഷിപ്പിക്കുന്ന കാലത്താണ് 84 വയസ്സ് കഴിഞ്ഞ സ്റ്റാന്‍സ്വാമിയെ ജയിലില്‍ അടച്ചതും വെള്ളം കുടിക്കുന്നതു പോലും തടഞ്ഞതും. രാഷ്ട്രീയ വിജയത്തിനായി കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് വ്യാജ തെളിവുകള്‍ തിരുകി കയറ്റിയതിന്റെയും കോര്‍പ്പറേറ്റ് പകയുടെയും ഇരയാണ് ഫാദര്‍ സ്റ്റാന്‍. ന്യൂനപക്ഷങ്ങളെ വാള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ ഭൂരിപക്ഷ വോട്ടുകള്‍ നേടാമെന്ന തന്ത്രം വിജയകരമാകുന്നതിനെ ഈ മഹാരാജ്യത്തെ ജനങ്ങള്‍ തള്ളിക്കളയും.

ഭക്ഷണം കഴിക്കാനാവതില്ലാതെ കോടിക്കണക്കിനു മനുഷ്യര്‍ ഇന്ത്യയിലുണ്ട്. 125 രാജ്യങ്ങളുടെ കണക്കില്‍ 111-ാം റാങ്കാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്റക്‌സില്‍ ഇന്ത്യയ്ക്ക് 2023 ല്‍ (Global Hunger Index - 2023). 2022 ല്‍ ഇത് 107-ാം സ്ഥാനമായിരുന്നു എന്ന് ഓര്‍ക്കണം. "India has the highest child wasting rate in the world, at 18.7 percent, neglecting acute under nutrition.' അവതാരപ്പിറവിയുടെ അഞ്ചു വയസ്സുള്ള രൂപത്തിലേക്ക് ഇന്ത്യയുടെ സകല രാഷ്ട്രീയ ചര്‍ച്ചകളെയും പ്രതിഷ്ഠിക്കുമ്പോള്‍ അതേ പ്രായക്കാരായ കുട്ടികളുടെ ദാരിദ്ര്യം തിരഞ്ഞെടുപ്പിലോ ജനകീയ ചര്‍ച്ചയിലോ പ്രസക്തമല്ലാതാകുമോ? ഇന്ത്യയുടെ യഥാര്‍ത്ഥ ചിത്രം ഈ "Hunger' കണക്കെടുപ്പില്‍ പ്രതിഫലിച്ചില്ലെന്ന് ഗവണ്‍മെന്റ് പ്രസ്താവിച്ചു. ഇതിലുമെളുപ്പം ഇന്ത്യയിലാര്‍ക്കും വിശപ്പും ദാരിദ്ര്യവുമില്ലെന്ന് ദേശീയ പത്രങ്ങളുടെ ആദ്യ പേജില്‍ പരസ്യം ചെയ്യുന്നതല്ലേ? 25 കോടി ആളുകള്‍ കഴിഞ്ഞ 9 വര്‍ഷങ്ങള്‍ കൊണ്ട് ദാരിദ്ര്യരേഖയുടെ മുകളില്‍ കയറിയെന്ന് നീതി ആയോഗ് പറയുന്നു.

ഇങ്ങനെ കഴിക്കാന്‍ ഭക്ഷണമില്ലാത്തവരുടെ നാട്ടിലാണ് കഴിച്ച ഭക്ഷണത്തിന്റെ പേരില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നത്. വിശക്കുന്നവന് ഭക്ഷണം നല്കുന്നതാണ് മതം, കഴിച്ച ഭക്ഷണത്തിന്റെ ജാതി നോക്കുന്നതല്ല എന്നു പയാന്‍ കഴിയാത്തത് എന്തുതരം ആത്മീയതയാണ്?

സിനിമയുടെ നോട്ടീസ് വിതരണം ചെയ്യാന്‍ ചെണ്ടകൊട്ടി തുടങ്ങിയപ്പോള്‍ കലയുടെ കച്ചവട സാധ്യതയിലേക്ക് സംസ്‌കാരവും ആത്മീയതയും പരീക്ഷിച്ചു വിജയിച്ച കാലത്ത് നിന്നും പൗരോഹിത്യ മതകര്‍മ്മങ്ങള്‍ ഭരണാധികാരി നിര്‍വഹിക്കുന്ന കോര്‍പ്പറേറ്റ് രാഷ്ട്രീയ നാടകത്തിലേക്ക് ഇന്ത്യന്‍ ജനാധിപത്യം വളരുന്നിടത്ത് ജനതയുടെ അടിസ്ഥാന പ്രതിസന്ധികള്‍ അപ്രസക്തമാകുന്നു. ഗുജറാത്തിലും മണിപ്പൂരിലും നടക്കുന്ന മനുഷ്യഹത്യ എങ്ങനെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് നിറവും മണവും നല്‍കുന്ന ഒന്നായി മാറുന്നു? രാഹുല്‍ഗാന്ധിയുടെ മണിപ്പൂര്‍ സന്ദര്‍ശനത്തിനെതിരെ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞ പ്രയോഗമാണ് "Vulture Tourism' (കഴുകന്റെ ടൂറിസം). ഒരു "Vulture Politics' (കഴുകന്റെ രാഷ്ട്രീയം) ഇന്ത്യയില്‍ പ്രബലമാകുന്നോ എന്നതിന് ആരുത്തരം പറയും? ഏതു മത രാഷ്ട്രീയ സങ്കല്പത്തിലാണ് ഇന്ത്യയിലെ ദളിത് സമൂഹം മികച്ച പൗരന്മാരായി ഉയര്‍ന്നുവരുന്നത്? കേരളത്തിലെ ചിത്രവും വ്യത്യസ്തമല്ല. ''കേരളത്തില്‍ ദളിതര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കണമെങ്കില്‍ മൂട്ടയായി പിറക്കണം'' എന്ന് കുഞ്ഞാമന്‍ മാഷ് പറഞ്ഞത് ഈ വേദനയില്‍ നിന്നാണ്. അയോധ്യ കൊണ്ട് ഇന്ത്യയിലെ തിരഞ്ഞെടുപ്പ് അവസാനിക്കില്ല. സീതാറാം ഘോയലിന്റെ പുസ്തകത്തില്‍ (Hindhu Temples what happened them) ഇനിയും എത്രയോ തിരഞ്ഞെടുപ്പുകള്‍ക്കുള്ള വിഷയം ഉണ്ട്.

ന്യൂനപക്ഷങ്ങളെ വാള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ ഭൂരിപക്ഷ വോട്ടുകള്‍ നേടാമെന്ന തന്ത്രം വിജയകരമാകുന്നതിനെ ഈ മഹാരാജ്യത്തെ ജനങ്ങള്‍ തള്ളിക്കളയും. ഭക്ഷണം കഴിക്കാനാവതില്ലാതെ കോടിക്കണക്കിനു മനുഷ്യര്‍ ഇന്ത്യയിലുണ്ട്. 125 രാജ്യങ്ങളുടെ കണക്കില്‍ 111-ാം റാങ്കാണ് ഗ്ലോബല്‍ ഹംഗര്‍ ഇന്റക്‌സില്‍ ഇന്ത്യയ്ക്ക് 2023 ല്‍.

  • വിയോജിക്കുന്നവരെല്ലാം രാജ്യദ്രോഹികളോ?

"Dissent in Safety value of democracy' എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് 2020 ല്‍ നടന്ന "The hues that make India: from plurality to pluralism'' എന്ന പ്രഭാഷണത്തില്‍ പറഞ്ഞത് ഓര്‍മ്മിക്കാം. വിയോജിപ്പ് അറിയിക്കുന്നവരും പ്രകടിപ്പിക്കുന്നവരും ജനങ്ങള്‍ തിരഞ്ഞെടുത്ത ഭരണകൂടത്തിന് 'ആന്റി നാഷണല്‍' (Anti National) ആകുന്നതെങ്ങനെ? 2018 ജൂലൈയില്‍ അലഹബാദ് യൂണിവേഴ്‌സിറ്റിയിലെ നേഹാ യാദവ്, രമാ യാദവ്, കിഷന്‍ ആര്യ എന്നിവരുള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ അന്നത്തെ ബി ജെ പി പ്രസി ഡന്റ് അമിത് ഷായെ കരിങ്കൊടി വീശി കാണിച്ചു. വിദ്യാര്‍ത്ഥികളോട് യു പി സര്‍ക്കാരിന്റെ മനോഭാവത്തിനെതിരായി നടത്തിയ പ്രതിഷേധമായിരുന്നത്. ഗവണ്‍മെന്റ് വളരെ ക്രൂരമായി പ്രതികരിച്ചു. കരിങ്കൊടി കാട്ടിയ പെണ്‍കുട്ടികളുടെ മുടിയില്‍ പിടിച്ചു വലിച്ചു, തല്ലി ചതച്ചു, നിരവധി കേസുകള്‍ ചുമത്തി. സമാനമായ ദൃശ്യങ്ങള്‍ കേരളത്തിലും അടുത്തകാലത്ത് കണ്ടു. സമരം ചെയ്യുന്ന പെണ്‍കുട്ടിയെ നിലത്തിട്ട് മുടിയില്‍ ചവിട്ടി വലിക്കുന്നത് ഭരണകൂടത്തോടുള്ള പൊലീസുകാരുടെ വിധേയത്വമാണോ? അതോ ജനാധിപത്യത്തിന്റെ അവസാന നാളുകളില്‍ എത്തിയതിന്റെ അടയാളങ്ങളാണോ?

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കരിങ്കൊടി കാണിച്ച പൂജാ ശുക്ല എന്ന വിദ്യാര്‍ത്ഥിനി ഒരു മാസം ജയിലില്‍ കിടന്നു. കരിങ്കൊടി കണ്ടാലോ, വിസമ്മതം കേട്ടാലോ ഒരുപോലെ ഭ്രാന്തിളകുന്നവരാണ് യു പി യിലും കേരളത്തിലുമെന്നത് ശരാശരി പൗരന്മാരെ ഭയപ്പെടുത്തും. ജനാധിപത്യ പ്രക്രിയയില്‍ നിന്നു തന്നെ അകറ്റും. ജനം തിരഞ്ഞെടുത്ത ഭരണാധികാരിയുടെ അതീവ സുരക്ഷയുള്ള സഞ്ചാരപാതയില്‍ വഴിയരികിലും മരണവീട്ടിലും കരിങ്കൊടി പാടില്ലെന്ന ധാര്‍ഷ്ട്യം ഏകാധിപത്യ ശീലമാണ്.

  • അതിസമ്പന്നരുടെ അതിജീവനം

ലോകത്തെല്ലായിടത്തുമെന്നതുപോലെ 'വികസനം' എന്ന മന്ത്രത്തിന്റെ പേരിലാണ് ജനം എല്ലാം സഹിക്കുന്നത്. 'വികസനം എന്നത് കുറച്ചുപേര്‍ സമ്പത്ത് വാരിക്കൂട്ടുന്ന ഏര്‍പ്പാടാകരുത്. പിന്നെയോ അത് രാഷ്ട്രങ്ങളുടെയും ജനതകളുടെയും അവകാശങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യക്തിപരവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ മനുഷ്യാവകാശങ്ങളെ ഉറപ്പുവരുത്തണം.' (എല്ലാവരും സഹോദരര്‍, ഫ്രാന്‍സിസ് മാര്‍പാപ്പ, 122). 2023 ഏപ്രില്‍ മാസത്തെ കണക്കനുസരിച്ച് 167 ബില്യണേഴ്‌സ് ഇന്ത്യയിലുണ്ട്, അമേരിക്കയും ചൈനയും കഴിഞ്ഞാല്‍ അടുത്ത സ്ഥാനമാണത്. ഇന്ത്യയിലെ ഒരു ശതമാനം സമ്പന്നര്‍ 40.5% സ്വത്തിന്റെ ഉടമസ്ഥരാണ് (Oxfam, 2021). ഗൗതം അദാനിയുടെ സ്വത്തിന്റെ 46% വര്‍ധിച്ചത് 2022 ല്‍. "Survival of the richest' എന്ന സങ്കല്പത്തിലേക്ക് ഇന്ത്യന്‍ ഭരണരീതികളും മാറിക്കഴിഞ്ഞിട്ടു നാളേറെയായി. 60%ത്തിലധികം ഇന്ത്യക്കാര്‍ (1.3 billion) വേള്‍ഡ് ബാങ്ക് നിശ്ചയിച്ച ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്. അഴിമതി ഇല്ലാതാക്കി സുതാര്യത നേടുന്ന കാര്യത്തില്‍ ഇന്ത്യ 176 രാജ്യങ്ങളില്‍ 79-ാമതാണ്, (Transparency International's Corruption Perception Index), ഒന്നാമത് ഡെന്മാര്‍ക്കാണ്, അമേരിക്ക പതിനെട്ടിലും. ഈ സഹസ്രകോടീശ്വരന്മാരുടെ വര്‍ധന പരാജയത്തിന്റെ അടയാളമെന്നാണ് Amitabh Behar ന്റെ (CEO, Oxfam India) നിരീക്ഷണം. എയര്‍പോര്‍ട്ടുകളും മിക്ക പൊതുമേഖല സ്ഥാപനങ്ങളും ഉള്‍പ്പെടെയുള്ള പൊതുസംവിധാനങ്ങളെല്ലാം രാജ്യത്തെ ഗവണ്‍മെന്റ് കയ്യൊഴിയുമ്പോള്‍ ആരാണ് നേടുന്നത്?

മെച്ചപ്പെട്ട ഒരു രാഷ്ട്രീയവും ഭരണവും മികച്ച ജനാധിപത്യത്തിനെ ഉറപ്പുവരുത്താന്‍ കഴിയൂ. ''ജനങ്ങളുടെയും രാഷ്ട്രങ്ങളുടെയും ഭാഗത്തുള്ള സാമൂഹിക സൗഹൃദ അഭ്യസനത്തിന്റെ അടിസ്ഥാനത്തില്‍ സാഹോദര്യത്തിന്റേതായ ആഗോള വികസനത്തിന് മെച്ചപ്പെട്ട രാഷ്ട്രീയം ആവശ്യമാണ്'' (154, എല്ലാവരും സഹോദരര്‍).

ഫ്രാന്‍സിസ് പാപ്പ ഇതേ പുസ്തകത്തില്‍ തുടരുന്നു. ''സ്വന്തം താല്പര്യങ്ങള്‍ക്കായി ജനവികാരമിളക്കിവിട്ട് അവരെ ചൂഷണം ചെയ്യുന്ന ഒരുതരം ജനപ്രീതി വാദത്തിനോ (populism) ശക്തരുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് കുടപിടിക്കുന്ന സ്വതന്ത്രതാവാദത്തിനോ (Liberalism) പിന്നില്‍ മറഞ്ഞിരിക്കുന്നത് ദുര്‍ബലരോടുള്ള കരുതലില്ലായ്മയാണ്. അങ്ങേയറ്റം ദുര്‍ബലരായവരുള്‍പ്പെടെയുള്ള ഓരോ വ്യക്തിക്കും ഇടം അനുവദിക്കുകയും വ്യത്യസ്ത സംസ്‌കാരങ്ങളോട് ആദരം കാണിക്കുകയും ചെയ്യുന്ന ഒരു തുറന്ന ലോകത്തെ വിഭാവനം ചെയ്യാന്‍ ഇപ്പറഞ്ഞ രണ്ടു കാര്യങ്ങളിലും പ്രയാസമുണ്ടാകും.'' ഏകാധിപത്യത്തിലേക്ക് പരിണമിക്കുന്ന ജനാധിപത്യം ലോകത്തെല്ലായിടത്തും ആശങ്കയാണ്. വ്യാജ നിര്‍മ്മിതികളുടെ ബ്രാന്റഡ് രാഷ്ട്രീയം ഇന്ത്യയിലും മുന്നേറുന്നത് കാണാം. നിരന്തരമായ ജാഗ്രത ഇല്ലെങ്കില്‍ നമ്മുടെ മസ്തിഷ്‌കങ്ങളില്‍ കോര്‍പ്പറേറ്റ് രാഷ്ട്രീയം വിദഗ്ധമായി റീ വയറിങ്ങ് (Rewiring) നടത്തും. ഏകാധിപത്യവും പിന്നെ കരുത്തും സൗന്ദര്യവും ആത്മീയതയുമുള്ള ജനാധിപത്യമായി തോന്നും.

അത്തരം മായക്കാഴ്ചകളില്‍ ഭ്രമിച്ച് ഭാരതത്തിലെ ജനാധിപത്യം വനവാസത്തില്‍ ഒടുങ്ങില്ല. പൊട്ടിയിട്ടും കാഴ്ചകള്‍ക്ക് കരുത്തുകൂട്ടുന്ന ഗാന്ധിയുടെ കണ്ണട ഇന്ത്യയുടെ ജനാധിപത്യത്തിന് കാവല്‍ നില്‍ക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org