മതഭാഷ്യങ്ങള്‍ നമ്മെ ചേര്‍ത്തു നിര്‍ത്തട്ടെ

മതഭാഷ്യങ്ങള്‍ നമ്മെ ചേര്‍ത്തു നിര്‍ത്തട്ടെ
പുച്ഛിക്കുന്നതും പരിഹസിക്കുന്നതുമായ വിശ്വാസ പ്രതിരോധശ്രമങ്ങള്‍ ഒഴിവാക്കുക. ഓരോ കാലത്തിന്റെയും സാംസ്‌കാരിക സ്വാധീനങ്ങള്‍ മതവിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും ഉണ്ട്. ആ കാലഘട്ടത്തില്‍ നിയമിതമായി രുന്നവയെക്കുറിച്ച് ഇന്നത്തെ സമൂഹത്തെ പരിഹസിക്കുന്നതില്‍ അര്‍ത്ഥമില്ല.

പുച്ഛിക്കുന്നതും പരിഹസിക്കുന്നതുമായ വിശ്വാസ പ്രതിരോ ധശ്രമങ്ങള്‍ ഒഴിവാക്കുക. ഓരോ കാലത്തിന്റെയും സാംസ്‌കാരിക സ്വാധീനങ്ങള്‍ മതവിശ്വാസങ്ങളിലും പാരമ്പര്യങ്ങളിലും ഉണ്ട്. ആ കാലഘട്ടത്തില്‍ നിയമിതമായിരുന്നവയെക്കുറിച്ച് ഇന്നത്തെ സമൂഹത്തെ പരിഹസിക്കുന്നതില്‍ അര്‍ത്ഥമില്ല.

സ്വന്തം മതഗ്രന്ഥങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ കഴിയുന്ന മാര്‍ഗ്ഗങ്ങള്‍ തുറവിയോടെ സ്വീകരിക്കുക. ചരിത്രത്തോടും സം സ്‌കാരത്തോടും ബന്ധപ്പെടുത്തി, അവയുടെ വളര്‍ച്ചയും വികാസവും മനസ്സിലാക്കാന്‍ ശ്രമിക്കുക. കാലഹരണപ്പെട്ടവയെക്കുറിച്ചു പുനര്‍വിചിന്തനം നടത്താന്‍ ധൈര്യപ്പെടുക.

മറ്റുള്ളവരുടെ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും അവ സൂക്ഷിക്കുന്ന മൂല്യങ്ങളെയും അടുത്തറിയാന്‍ പരിശ്രമിക്കുക.

സാമൂഹികമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള നിരവധിയായ ഘടകങ്ങളെ ക്രിയാത്മകമായ രീതിയില്‍ വിലയിരുത്തി സാധിക്കുന്ന പരിഹാരങ്ങള്‍ക്കു ശ്രമിക്കുക.

രാഷ്ട്രീയമായ ലാഭങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ ഉപയോഗിക്കുന്നവരെ അത് ഏതു വിശ്വാസത്തെയാണോ അതിന്റെ മതനേതാക്കള്‍ തന്നെ തള്ളിപ്പറയാനുള്ള ആര്‍ജ്ജവം രൂപപ്പെടുത്തുക. അത് സാമൂഹികവും സാമുദായികവുമായ കൂട്ടം ചേരലുകളെ ഒഴിവാക്കാനുള്ള നിര്‍ദ്ദേശത്തോടു കൂടിത്തന്നെ.

സങ്കീര്‍ണമായ പശ്ചാത്തലങ്ങളില്‍ വാര്‍ത്തെടുക്കപ്പെടുന്നതാണ് തീവ്രവാദ നിലപാടുകള്‍. സംശയം, വെറുപ്പ്, പക, ശത്രുത ഇവയുടെ ആസൂത്രിതമായ വളര്‍ച്ചയാണ് അത്തരം ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നത്. വിശ്വാസത്തിന്റെയോ ദേശീയതയുടെയോ വംശീയതയുടെയോ പേരില്‍ അവയെ ന്യായീകരിക്കുവാനാവില്ല. അത്തരം സംഭവങ്ങളുടെ പേരില്‍ ഒരു വിശ്വാസി സമൂഹത്തെ (അത് ക്രിസ്ത്യാനിയോ ഹിന്ദുവോ മുസ്ലിമോ ആവട്ടെ) മുഴുവന്‍ പഴിചാരാനോ കുറ്റം വിധിക്കാനോ ശ്രമിക്കരുത്. മൗലികവാദത്തിലേക്കും തീവ്രവാദത്തിലേക്കും ചായുന്ന നേരിയ ലക്ഷണങ്ങള്‍ പോലും എങ്ങനെ യഥാര്‍ത്ഥ ഭക്തിയിലും വിശ്വാസത്തിലും നിന്ന് വ്യത്യസ്തമാണെന്ന് പറഞ്ഞു തിരുത്താന്‍ മതനേതാക്കള്‍ക്കു കഴിയണം.

മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകം ഏതാണോ, അത് ഏത് സമൂഹത്തിലേതാണെങ്കിലും ഏതു മതത്തിലേതാണെങ്കിലും തിരിച്ചറിയപ്പെടുകയും തിരുത്തപ്പെടുകയും വേണം. കത്തിയും ബോംബുമല്ല ആദ്യ ഘട്ടം വെറുപ്പും ശത്രുബോധവുമാണ്. അത് എപ്രകാരം കൈകാര്യം ചെയ്യപ്പെടുന്നു, അവയുടെ ഉറവിടങ്ങള്‍, അതിലേക്കു നയിക്കുന്ന ഘടകങ്ങള്‍ എന്നിവ പരിശോധിക്കാന്‍ ആഗോള തലത്തില്‍ ശ്രമിക്കണം.

തിരുത്തണം തിരുത്തണം തിരുത്തുക തന്നെ വേണം എന്ന് നമ്മളൊക്കെ ആവര്‍ത്തിക്കുന്നു. ഈ തിരുത്തലിന്റെ രീതി എന്താണ്? കൈക്കരുത്തോ? ഉന്മൂലനമോ? ചുട്ടെരിക്കലോ? അങ്ങനെ മതമൗലികവാദമോ തീവ്രവാദമോ പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. മറ്റുള്ളവര്‍ക്ക് തിരുത്തല്‍ നിര്‍ദ്ദേശിക്കാന്‍ ആധികാരികതയുള്ള ഏതു മതമാണുള്ളത്? ഏതു രാഷ്ട്രമോ സംഘടനയോ ആണുള്ളത്?

ആയുധവില്പനയും ആയുധ മത്സരവും സാമ്പത്തികവളര്‍ച്ചയുടെ പ്രധാന ഘടകങ്ങളായി കരുതുന്ന വന്‍ശക്തികള്‍ക്കു സംഘര്‍ഷങ്ങളും ആവശ്യമാണ്. തീവ്രവാദ സംഘങ്ങളുടെ വളര്‍ച്ചയില്‍ അവരുടെ പങ്ക് പറയപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണ്? തീവ്രവാദം സാമൂഹികവും സാമ്പത്തികവുമായ ധ്രുവീകരണ ഫലമായി കരുതാമെങ്കില്‍ മതം അതിനു പിന്‍ബലം നല്‍കാന്‍ ഉപയോഗിക്കപ്പെടുന്ന വൈകാരികഘടകം മാത്രമാണ്. സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലങ്ങള്‍ വേണ്ടവിധം പരിഗണിക്കപ്പെടുന്നെങ്കില്‍, ഐക്യരാഷ്ട്രസംഘടന പോലെയുള്ള സംഘടനകള്‍ വന്‍ശക്തികള്‍ക്കു അടിയറവു പറയാതെ ഒരു പക്ഷെ പരിഹാരശ്രമങ്ങള്‍ നടത്താമായിരുന്നു. അതുപോലെ നിഷ്പക്ഷവും ആധികാരികവുമായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന ഭരണകൂടങ്ങള്‍ ഇല്ല എന്നതു തന്നെയാണ് പ്രധാന കാര്യം. ഒരു വശത്തു നിയന്ത്രിക്കാന്‍ ശ്രമിക്കുകയും മറുവശത്ത് സമാനമായ പ്രവണതകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്താല്‍ ഫലത്തില്‍ എന്താവും?

അഹിതമായ എന്തെങ്കിലും സംഭവിച്ചാല്‍ സമാധാനം നിലനിര്‍ത്താനും സാധാരണ അവസ്ഥയിലേക്കു തിരിച്ചുവരാനും രാഷ്ട്രീയക്കാരും മതനേതാക്കളും വേണ്ട ആത്മാര്‍ത്ഥതയോടെ പരിശ്രമിക്കുക. കുറ്റമാരോപിക്കാനും പക പോക്കാനുമുള്ള അവസരം കിട്ടിയതായി കാണുന്നത് പോലുള്ള സമീപനങ്ങള്‍ ഒഴിവാക്കുക.

രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന മതസംവിധാനങ്ങളില്‍ ഇവ തീര്‍ത്തും അവഗണിക്കപ്പെടും എന്നത് തീര്‍ച്ചയാണ്. എങ്കിലും സാധാരണക്കാരായവര്‍ക്ക് ഒരു ശ്രമം ആകാം. പ്രതികരിക്കുക, പ്രതിഷേധിക്കുക എന്നതൊക്കെ ശരിയാണ്. അതിന്റെ വിവിധ തലങ്ങള്‍, ആളുകള്‍ ഏറ്റെടുക്കുന്ന രീതി ഇവ തിരുത്തലിനേക്കാള്‍ വിപരീതഫലമാണ് സൃഷ്ടിക്കുന്നതെങ്കില്‍ എന്ത് ചെയ്യും? അതുകൊണ്ടാണ് മൂല്യാധിഷ്ഠിതമായ ഒരു സമൂഹ സൃഷ്ടി ആഗ്രഹിക്കുന്ന ഡയനാമിക്‌സ് ഒരു സമൂഹമായി കണ്ടെത്തേണ്ടത്. അത്തരം ചില കാര്യങ്ങളാണ് ഇവിടെ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

സഹപാഠിയെ തല്ലുകൊള്ളിക്കാന്‍ അവന്‍ ഒരു തെറ്റ് ചെയ്യാന്‍ കാത്തിരിക്കുന്ന ചില മനോഭാവങ്ങള്‍ നമുക്കുണ്ട്. അത്തരം 'ജാഗ്രതയും' ഉണര്‍വും തിരുത്താനുള്ള ആഹ്വാനവും ക്രിയാത്മകമല്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org