കൂട്ടായ്മയില്ലാതെ ക്രിസ്തുവിന്റെ ബലിയില്ല

കൂട്ടായ്മയില്ലാതെ ക്രിസ്തുവിന്റെ ബലിയില്ല
സകലര്‍ക്കും ജീവനുണ്ടാവുക എന്ന ദൈവഹിതം ദൈവരാജ്യ അനുഭവമാക്കി പകര്‍ന്നു നല്‍കിയ ക്രിസ്തു ജീവിച്ച സുവിശേഷത്തിനു നല്‍കിയ വില കൂടിയായിരുന്നു കുരിശുമരണം. അനു ഷ്ഠാനപരമായ ബലിയായിട്ടല്ല പിതാവുമായുള്ള ഹൃദയൈക്യത്തിന്റെ അടയാളമായും ത്യാഗമെന്ന മൂല്യമായും ആ മരണം ക്രിസ്തു സ്വീകരിച്ചു.

ബലിയും വിരുന്നുമായ കുര്‍ബാന ഓര്‍മ്മിക്കുന്നത് ('എന്റെ ഓര്‍മ്മയ്ക്കായി ചെയ്യുവിന്‍') കുരിശുമരണത്തിന്റെയോ അന്ത്യത്താഴത്തിന്റെയോ ഒരു ഓര്‍മ്മച്ചിത്രം ആയിട്ടല്ല, മറിച്ച് ഉത്ഥിതനായ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമുള്ള സഭയെന്ന ശരീരത്തില്‍ ആവര്‍ത്തിക്കപ്പെടേണ്ട ബലിക്കും പരസ്പരമുള്ള പങ്കുവയ്പ്പിന്റെ വിരുന്നിനുമുള്ള മാതൃകയും ഉറവിടവുമായാണ്. ആ അര്‍പ്പണത്തിന്റെ കൗദാശിക പരികര്‍മ്മങ്ങളിലെ ശുശ്രൂഷകന്‍ മാത്രമാണ് പുരോഹിതന്‍. സമൂഹമാണ് (അങ്ങനെ ക്രിസ്തുതന്നെയാണ്) ബലിയര്‍പ്പിക്കുന്നത്. അത് വിദൂരതയിലെങ്ങോ അപ്രാപ്യമായ ഒരു ദൈവത്തെ പ്രീതിപ്പെടുത്താനുള്ള ബലിയുമല്ല. തന്റെ ജനത്തിനിടയില്‍ വസിക്കുന്ന ദൈവത്തിനു സമൂഹം ക്രിസ്തുഹൃദയത്തിലൂടെ നല്‍കുന്ന ആരാധനയാണത് (കിഴക്കോ പടിഞ്ഞാറോ ഗിരിശൃംഗങ്ങളിലോ അല്ല ദൈവം). അവിടെ ഉയര്‍ത്തപ്പെടുന്ന/മുറിക്കപ്പെടുന്ന/ പങ്കുവയ്ക്കപ്പെടുന്ന അപ്പത്തിന് ദേവാലയത്തിന്റെയോ ബലിപീഠത്തിന്റെയോ പോലും ആവശ്യമില്ല എന്നതാണ് സത്യം. 'ക്രിസ്തു തന്നെയും കൂടാരത്തിനു പുറത്തു വച്ച് സഹിച്ചു.'

സകലര്‍ക്കും ജീവനുണ്ടാവുക എന്ന ദൈവഹിതം ദൈവരാജ്യ അനുഭവമാക്കി പകര്‍ന്നു നല്‍കിയ ക്രിസ്തു ജീവിച്ച സുവിശേഷത്തിനു നല്‍കിയ വില കൂടിയായിരുന്നു കുരിശുമരണം. അനുഷ്ഠാനപരമായ ബലിയായിട്ടല്ല പിതാവുമായുള്ള ഹൃദയൈക്യത്തിന്റെ അടയാളമായും ത്യാഗമെന്ന മൂല്യമായും ആ മരണം ക്രിസ്തു സ്വീകരിച്ചു. പിതാവുമായുള്ള കൂട്ടായ്മയിലേക്ക് നമ്മളോരോരുത്തരെയും ചേര്‍ത്തുവയ്ക്കുകകൂടി ചെയ്തു. ഈ കൂട്ടായ്മ (communion) അള്‍ത്താരയ്ക്ക് ചുറ്റും ഒരുമിച്ചു കൂടല്‍ മാത്രമല്ല, പരസ്പര ബന്ധത്തിലും, ക്രിസ്തുവിലുള്ള ഒന്നിച്ചു ചേരലിലും, അങ്ങനെ പിതാവുമായുള്ള ഐക്യത്തിലും അനുദിന ജീവിതക്രമങ്ങളില്‍ ഉണ്ടാ വേണ്ടതാണ്. തീര്‍ച്ചയായും അത് സ്വയം മുറിയലും ശൂന്യവല്‍ക്കരണവും ഉള്‍ക്കൊള്ളുന്നു. അതില്ലാത്ത അപ്പംമുറിക്കല്‍ ക്രിസ്തുവിനെ വഞ്ചിക്കുകയും പുച്ഛിക്കുകയും ചെയ്യുന്നു. അവന്റെ പേരില്‍ ഒരുമിച്ചു ചേര്‍ന്നിട്ട് അവന് ഇടം നല്‍കാതെ അപ്പം മുറിക്കുന്നവരായി മാറുകയാണ് നമ്മള്‍. വി. കുര്‍ബാനയെ അതിന്റെ അര്‍ത്ഥവ്യാപ്തിക്കപ്പുറം ഉദാത്തവല്‍ക്കരി ക്കുകയും ഭക്തിവല്‍ക്കരിക്കുകയും ചെയ്തുകൊണ്ട് അതിനെ വിഗ്രഹവല്‍ക്കരിക്കുകയും കപടതകളെ പ്രോത്സാഹിപ്പിക്കുകയാണ് നമ്മള്‍.

വി. കുര്‍ബാനയില്‍ അനുസ്മരണവും ജീവിതവുമാകേണ്ടത് കൂട്ടായ്മയാണ് (communion). കൂട്ടായ്മ മുന്‍കാണുന്ന കാര്യങ്ങളാണ്, ഹൃദയൈക്യം, സ്‌നേഹം സമാധാനം, അനുരഞ്ജനം, ക്ഷമ, തുറവി, കേള്‍വി, ത്യാഗം തുടങ്ങിയവ. ക്രിസ്തുവിന്റെ ശരീരമെന്ന യാഥാര്‍ത്ഥ്യം അര്‍ത്ഥവത്താകണമെങ്കില്‍ ഇവ അത്യാവശ്യമാണ്. ഈ കൂട്ടായ്മ തന്നെയാണ് കാത്തലിക്ക്/സാര്‍വത്രികത എന്നത് യാഥാര്‍ത്ഥ്യമാക്കുന്ന ചൈതന്യവും; 'പരസ്പരം ഓരോരുത്തരോടും ദൈവസ്‌നേഹത്തോടും കാണിക്കുന്ന സുതാര്യത'യാണത്. കുറേപ്പേര്‍ ഒരുമിച്ചു കൂടുന്നത് കൂട്ടായ്മയല്ല അത് സമ്മേളനം മാത്രമാണ്. ഏകശരീരമായിക്കൊണ്ട്, ഏതു ദൈവാരാധനയും അര്‍പ്പിക്കുന്നത് ക്രിസ്തുവാണ്. ക്രിസ്തു അര്‍പ്പിക്കുന്ന ബലി ക്രിസ്തുശരീരത്തിന്റെ സത്യത്തിലുള്ള ആരാധനയാകുന്നതും കൂട്ടായ്മയുള്ളപ്പോളാണ്. കൂട്ടായ്മയില്ലാത്ത ബലി ക്രിസ്തുവിനു കൂടുതല്‍ ആഴമുള്ള മുറിവുകള്‍ നല്‍കുന്നു.

അനുദിന ജീവിതത്തില്‍ സംഭവ്യമാകേണ്ട അനുരഞ്ജനം, സമാധാനം, ത്യാഗം എന്നിവ സൗകര്യപൂര്‍വം മാറ്റിനിര്‍ത്തപ്പെടുന്നു. ദൈവത്തിന്റെയും ഭക്തിയുടെയും പേരില്‍ വി. കുര്‍ബാനയെക്കുറിച്ച് നടത്തുന്ന ഏറ്റവും വലിയ കപടതയാണത്. അതുകൊണ്ടാണ് ആരാധനകളില്‍ അത്ഭുതം വിളയിക്കുന്ന വി. കുര്‍ബാനയ്ക്ക് കൂട്ടായ്മയായും സൗഖ്യമായും നീതി ബോധമായും നമ്മുടെ സമൂഹങ്ങളിലും സ്ഥാപനങ്ങളിലും ഇടം ലഭിക്കാത്തത്. അപ്പത്തില്‍ കാണാന്‍ കഴിയുന്ന ക്രിസ്തുരൂപം ഭക്തിയായി പ്രകീര്‍ത്തിക്കപ്പെടുമ്പോള്‍, അത് സൃഷ്ടിക്കേണ്ട നീതിബോധവും സാമൂഹികമായ തുറവിയും വിശ്വാസ്യതയും 'ക്രിസ്തുശരീരമായ സമൂഹത്തില്‍' ദൃശ്യമാവേണ്ടതിന്റെ അനിവാര്യതയെ അവഗണിച്ചു കളയുന്ന നമ്മള്‍ ഏതു ക്രിസ്തുവിനെക്കുറിച്ചാണ് സ്തുതിഗീതമുണര്‍ത്തുന്നത്?

ക്രിസ്തു വഴിയായി ദൈവം ലോകത്തെ തന്നോട് അനുരഞ്ജനപ്പെടുത്തി. യഹൂദരെന്നോ ഗ്രീക്കുകാരെന്നോ സ്ത്രീയെന്നോ പുരുഷനെന്നോ രാജാവെന്നോ പ്രജയെന്നോ വ്യത്യാസമില്ലാതെ സകലതും അവന്റെ ശരീരത്തിന്റെ ഭാഗമാണ്. ഭാഷയുടെയും സാംസ്‌കാരിക അടയാളങ്ങളുടെയും പേരില്‍ വിഭാഗീയത സൃഷ്ടിച്ച് ആ മുറിവുകളെ സ്വന്തം തനിമകളാക്കിത്തീര്‍ത്തത് നമ്മിലെ സങ്കുചിത മനോഭവങ്ങളാണ്. അതുകൊണ്ടാണ് ബലിപീഠം തകര്‍ക്കപ്പെടുന്നതിനായും ബലിക്കല്ലുകള്‍ക്കു ചങ്ങലകളിടുവിക്കാനുമായി ബലിയര്‍പ്പണത്തിനു തുനിഞ്ഞിറങ്ങാന്‍ പോലും നമുക്ക് കഴിയുന്നത്.

അധികാരരാഷ്ട്രീയ സംഘര്‍ഷങ്ങളല്ലേ പലപ്പോഴും വിഭജനങ്ങള്‍ക്ക് വഴിവച്ചത്? വിയോജിപ്പുകളിലും എതിര്‍സ്വരങ്ങളിലും സത്യങ്ങളുണ്ടായിരുന്നില്ലേ? യഥാര്‍ത്ഥമായും ഉണ്ടായിരുന്ന ജീര്‍ണ്ണതകളെക്കുറിച്ച് അവ താക്കീത് നല്‍കിയിരുന്നില്ലേ? ഓരോരുത്തരുടെയും അകല്‍ച്ചകളെ പ്രതിരോധിക്കേണ്ടതിനായി പതിയെപ്പതിയെ രൂപപ്പെടുത്തിയ ദൈവശാസ്ത്രങ്ങളും വചനവ്യാഖ്യാനങ്ങളും തന്നെയല്ലേ ഇന്നും കൂട്ടായ്മയ്ക്ക് തടസ്സമാകുന്നത്? രക്ഷയുടെ സമഗ്രമായ മാനത്തെ ജീവിത പശ്ചാത്തലങ്ങളില്‍ സുവിശേഷമായി നല്‍കുന്ന, മനുഷ്യന്റെ അന്തസ്സിനെ വികലമാക്കി ചൂഷണ വിധേയമാക്കാത്ത കാഴ്ചപ്പാടുകള്‍ വിശ്വാസസത്യങ്ങളുടെ അടിസ്ഥാന ധാരണയാണ്. പ്രതിരോധിച്ചു പ്രതിരോധിച്ചു അകല്‍ച്ച സൃഷ്ടിക്കുന്നവ സത്യങ്ങളില്‍ നിന്നകലുകയാണ്. ലോകത്തെ ദൈവവുമായി രമ്യതപ്പെടുത്തുന്ന ക്രിസ്തുശരീരത്തിലെ ജീവദായകമായ മുറിവുകള്‍ക്കു പകരം ജീര്‍ണ്ണതയേറ്റുന്ന മുറിവുകളാണ് നമ്മള്‍ സൃഷ്ടിക്കുന്നത്.

അധികാര ദുരാഗ്രഹങ്ങളെ സംബന്ധിച്ച ആദര്‍ശങ്ങളും രാഷ്ട്രീയ സംഘര്‍ഷങ്ങളും പ്രബലമായിരുന്നിടത്ത് സാമ്പത്തികമാനം കൂടി പ്രധാന പങ്ക് വഹിച്ചിട്ടുള്ളതായി കാണാം. ആരാധനയോ വിശ്വാസരാഹിത്യമോ അല്ല കാര്യം. സാമ്പത്തിക രാഷ്ട്രീയ സ്ഥിതികളിലെ ജീര്‍ണ്ണതയാണ് കാര്യം. ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി ഗൂഢോദ്ദേശ്യത്തോടെ ആടുന്ന ഈ നാടകത്തിന്റെ ഓരോ രംഗത്തിനും വിശ്വാസപ്പട്ടം അണിയിക്കുന്ന നേതൃത്വവും അതേറ്റെടുക്കുന്ന വിശ്വാസികളും ഉണ്ടായിട്ടുണ്ട്. ഈ നാടകം വഴി വഞ്ചന ചെയ്യുന്നവരുടെ ഉത്തരവാദിത്വം എന്താണ്? എന്താണ് ഇവര്‍ നില നിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നത്?

ഏകാധിപത്യസ്വഭാവമുള്ള രാജവാഴ്ചകള്‍ ഇല്ലാതാവുകയും മതേതര ജനാധിപത്യ പ്രക്രിയ വ്യാപകമാവുകയും ചെയ്ത സാഹചര്യത്തില്‍ സഭ തന്നെത്തന്നേയും ആധുനിക ലോകത്ത് തന്റെ ദൗത്യത്തെയും എങ്ങനെ മനസ്സിലാക്കുന്നു എന്നതാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ധ്യാനിക്കാന്‍ ശ്രമിച്ചത്. പരമ്പരാഗതവും യാഥാര്‍ത്ഥവുമായ വ്യവസ്ഥിതികള്‍ അതേ പോലെ നിലനിര്‍ത്തിപ്പോരേണ്ടതാണെന്ന നിലപാടിനോടൊപ്പം, ആധുനിക ശാസ്ത്രത്തിലെയും സാമൂഹിക പരിണാമങ്ങളിലെയും, മനഃശാസ്ത്രത്തിലെയും മറ്റും അടയാളങ്ങളില്‍ ക്രിസ്തുവിന്റെ സന്ദേശം ആധുനിക കാലത്തെ മനുഷ്യന് അര്‍ത്ഥപൂര്‍ണ്ണമാകും വിധം നല്കപ്പെടണമെന്ന പ്രബലമായ നിലപാടും ഉണ്ടായിരുന്നു. ഈ രണ്ടു നിലപാടുകളില്‍ കാണാവുന്ന മൂല്യങ്ങള്‍, ഒരു വശത്ത് മൂലതത്വങ്ങളെ അവയുടെ സമഗ്രതയില്‍ നിലനിര്‍ത്തുകയെന്നതും, മറുവശത്ത് നവീനമായവയെ തിന്മയെന്നു ശപിച്ചു മാറ്റിനിര്‍ത്താതെ സജീവമായ ഇടപെടലുകള്‍ അനിവാര്യമായിരിക്കുന്നു എന്നതുമാണ്. സത്താപരമായവയെ അവഗണിച്ചു കളയുന്നതും, ആശയങ്ങളും വിശ്വാസങ്ങളും പുതിയ സാമൂഹികക്രമങ്ങളുമായുള്ള സമ്പര്‍ക്ക സാധ്യതകളെ തൃണവല്‍ക്കരിക്കുകയും ചെയ്യുന്നത് ഉചിതമല്ല. ഇവ രണ്ടും സഭാ ദര്‍ശനത്തിലും പ്രാര്‍ത്ഥനാരീതികളിലും ആത്മീയതയിലും കൂദാശയുടെ പരികര്‍മ്മത്തിലും നേതൃത്വത്തെക്കുറിച്ചുള്ള നിര്‍വചനങ്ങളിലും പ്രകടമായിരിക്കുകയും വേണം. അതിനെ ഭയക്കുന്നവര്‍ സ്വയം അടക്കുകയും വിശ്വാസത്തെ മ്യൂസിയമാക്കുകയുമാണ്.

നേതൃനിരയിലേക്ക് സഭയെ ചുരു ക്കാന്‍ ശ്രമിക്കുമ്പോള്‍ ക്രിസ്തുവിന്റെ മനസ്സിന്റെ കുത്തക ഏതാനും പേരി ലേക്ക് ചുരുങ്ങുകയാണ്.

Ecumenism, collegialtiy, religious liberty എന്നിവ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ രൂപപ്പെടുത്തിയ മൂന്ന് അബദ്ധപ്രബോധനങ്ങളാണെന്നത് ഈ അടുത്ത കാലത്ത് പല അവസരങ്ങളിലായി ആവര്‍ത്തിച്ചുകേട്ട ആരോപണമാണ്. എന്നാല്‍, ആധുനികലോകത്തെ സഭയുടെ തുറവിയുടെയും കൂട്ടായ്മയ്ക്കായുള്ള ആഗ്രഹത്തിന്റെയും പ്രയത്‌നങ്ങളുടെയും ഭാഗമായി അവയെ കാണാന്‍ പരാജയപ്പെടുന്നത് അജപാലനപരമായും പ്രബോധനപരമായും വരുന്ന വലിയ വീഴ്ചയാണ്. മനസ്സിലാക്കിയോ അല്ലാതെയോ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ അബദ്ധമായിരുന്നെന്നു ഏറ്റുചൊല്ലുന്ന അനേകര്‍ നമുക്കിടയിലും കൂടി വരുന്നു. Tridentine mass (Old Latin Mass) ആണ് യഥാര്‍ത്ഥ കുര്‍ബാനയെന്നും രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നവീകരിച്ച കുര്‍ബാന കാരണമാണ് യൂറോപ്പില്‍ വിശ്വാസം നശിക്കുന്നതെന്നും കുടുംബങ്ങള്‍ ശിഥിലമാകുന്നതെന്നും അനേകര്‍ സഭ വിട്ടകലുന്നതെന്നും യുവാക്കള്‍ കുര്‍ബാന ഉപേക്ഷിക്കുന്നതെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രണ്ടാം വത്തിക്കാനു വിരുദ്ധരായ പാരമ്പര്യവാദികള്‍ ആദര്‍ശപരമായും രാഷ്ട്രീയപരമായും തീര്‍ത്തും വിഭാഗീയമായ തരത്തില്‍ സ്വാധീനം നേടിക്കൊണ്ടിരിക്കുന്നു (ഒരു സമൂഹത്തെയോ സംസ്‌കാരത്തെയോ നേടേണ്ടതിന് അതില്‍ പ്രബലമായിരിക്കുന്ന ബൗദ്ധികആദര്‍ശ സംഘര്‍ഷങ്ങളെ വേണ്ടവിധം കാണാനും പരിഹരിക്കുവാനും കഴിയണമെന്ന യാഥാര്‍ത്ഥ്യം സൗകര്യപൂര്‍വ്വം മറച്ചു വയ്ക്കുകയും ചെയ്യുന്നു). കുര്‍ബാനയെ സംബന്ധിച്ച നമുക്കിടയിലെ സംഘര്‍ഷങ്ങള്‍ ആഭ്യന്തരമായ ഒരു ആരാധനാക്രമ പ്രശ്‌നമെന്നതിനേക്കാള്‍ യാഥാസ്ഥിതിക പാരമ്പര്യവാദ രാഷ്ട്രീയത്തിന്റെ പ്രവണതയാണ് ശക്തമായി കാണിക്കുന്നത്.

ക്രിസ്തുവിന്റെ ആത്മാവായ പരിശുദ്ധാത്മാവ് സംസാരിക്കുന്നത് ക്രിസ്തുശരീരമായ സഭയിലാണ്. സഭയും വിശ്വാസികളുമെന്നു വേര്‍തിരിച്ച വ്യാഖ്യാനങ്ങളും അനുസരണം മാത്രം കല്‍പിച്ചിട്ടുള്ള വിശ്വാസികളും ജീവിക്കാന്‍ ശ്രമിക്കുന്നത് കൂട്ടായ്മയുടെ ചൈതന്യമോ ക്രിസ്തുശരീരമോ അല്ല. ക്രിസ്തു ശിരസ്സാകുന്നത് ക്രിസ്തുവിന്റെ ചൈതന്യം സഭ മുഴുവന്റെയും ഹൃദയമാകുമ്പോഴാണ്. നേതൃനിരയിലേക്ക് സഭയെ ചുരുക്കാന്‍ ശ്രമിക്കുമ്പോള്‍ ക്രിസ്തുവിന്റെ മനസ്സിന്റെ കുത്തക ഏതാനും പേരിലേക്ക് ചുരുങ്ങുകയാണ്. അത് ക്രിസ്തുശരീരത്തിന്റെ അപൂര്‍ണ്ണതയാണ്. ബലിയിലെ ശൂന്യതയും.

ക്രിസ്തുശരീരത്തിന്റെ ഏകതയും, അതിലെ വിവിധ അവയവങ്ങളില്‍ നിന്നുള്ള ബഹുസ്വരങ്ങളില്‍ നിന്ന് തിരിച്ചറിയപ്പെടുന്ന ദൈവസ്വരവും നല്‍കുന്ന ദിശ പ്രധാനമാണ്. അതില്‍ എല്ലാ സ്വരങ്ങളുടെയും അംശമുണ്ടാവും എന്നതാണ് ദൈവം ഓരോരുത്തരിലും പ്രചോദനങ്ങള്‍ നല്‍കുന്നു എന്നതിന്റെ അടയാളം. ഒരു സ്വരം ഒരേയൊരു സ്വരമാകുന്നതും, ഭൂരിപക്ഷ സ്വരം ശരീരത്തിന്റെ മുഴുവന്‍ സ്വരമാകുന്നതും ദൈവികമല്ല. അതുകൊണ്ടാണ് സിനഡല്‍ കൂട്ടായ്മയിലെ സംസാരിക്കുക, കേള്‍ക്കുക, ദൈവസ്വരം വിവേചിച്ചറിയുക എന്ന പ്രക്രിയ വളരെ പ്രാധാന്യമുള്ളതാകുന്നത്. ചക്രവര്‍ത്തി ദൈവത്തിന്റെ അവതാരമോ ദൈവത്തിന്റെ മകനോ ആയി കാണപ്പെടുമ്പോള്‍ ദൈവഹിതം അയാളുടെ ഹിതം മാത്രമാണ്. അത്തരം ദൈവഹിതപ്രഖ്യാപനം സഭയില്‍ സ്വയം രാജാക്കന്മാര്‍ ആകാന്‍ തുനിഞ്ഞവരില്‍ നിന്നും ഉണ്ടായിട്ടുണ്ട്, പ്രബോധനങ്ങള്‍ സൃഷ്ടിച്ച് ന്യായീകരിച്ചിട്ടുണ്ട്. വിശ്വാസിക്കു വേണ്ടി ദൈവഹിതം തീരുമാനിക്കുന്ന സമ്പ്രദായത്തിന്റെ കാരണവും പശ്ചാത്തലവും അതാണ്. ഇത്തരം ദൈവഹിത തീരുമാന കുത്തക നല്‍കുന്ന പ്രത്യേക നേട്ടങ്ങള്‍ നഷ്ടപ്പെടുത്തുന്നതു കൊണ്ടാണ് collegiality അബദ്ധ പ്രബോധനമാക്കപ്പെടുന്നത്. മറ്റ് ക്രൈസ്തവ വിഭാഗങ്ങളോടും മതങ്ങളോടും സഭ കാണിക്കുന്ന തുറവിയെ മാത്രമല്ല, കൂടുതല്‍ കാറ്റും വെളിച്ചവും കടക്കേണ്ടതിനായി സഭയിലോരോരുത്തരുടെയും ആന്തരിക വാതായനങ്ങള്‍ തുറക്കുന്നതിനായി ആരംഭിച്ച സിനഡല്‍ പ്രക്രിയയ്ക്കും (Synod on synodality) യാഥാസ്ഥിതികര്‍ നല്‍കിയ എതിര്‍പ്പിന്റെ അതേ പതിപ്പ് നമുക്കിടയിലെ പ്രഘോഷണങ്ങളിലും തണുപ്പന്‍ മനോഭാവങ്ങളിലും വളരെ പ്രകടമാണ്.

സഭ സ്വയം എങ്ങനെ കാണുന്നുവെന്നതും, സഭയിലെ അംഗങ്ങള്‍ ഓരോരുത്തരും പരസ്പരവും സഭയെയും എങ്ങനെ കാണുന്നുവെന്നതും സഭയിലെ കൂട്ടായ്മയെയും തുറവിയെയും അതിന്റെ വിശ്വാസത്തെയും കാലത്തോടും സംസ്‌കാരത്തോടുമുള്ള ബന്ധത്തെയും, അങ്ങനെ ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വി. കുര്‍ബാനയെക്കുറിച്ചുള്ള കാഴ്ചപ്പാടിനെയും സ്വാധീനിക്കുന്നു. പങ്കുവയ്ക്കലും ബലിയും അപ്പത്തിന്റേത് മാത്രമാവുകയും, കൂട്ടായ്മയുള്ള ജനത്തിന്റെ പരസ്പരം നല്‍കലിലും സ്വീകരിക്കുന്നതിലുമാവാതിരിക്കുകയും ചെയ്യുമ്പോള്‍ ബലിയോ വിരുന്നോ സത്യമാകുന്നില്ല. വേദനകളും ജീവിതവും പരസ്പരം അറിയുന്നതു പോലെതന്നെ ആശയങ്ങളും വിചിന്തനങ്ങളുടെ ധ്യാനങ്ങളും പങ്കുവയ്ക്കപ്പെടുകയും കേള്‍ക്കപ്പെടുകയും വേണം. പരസ്പരം എല്ലാവരെയും ഒരുമിച്ചു പരിശുദ്ധാത്മാവിനെയും കേള്‍ക്കാം എന്നതാണ് സിനഡല്‍ കേള്‍വിയുടെ ശൈലിയായി സ്വീകരിക്കുന്നത്. വിവിധങ്ങളായ അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയല്ല, സഭയുടെ ജീവനായുള്ള പരിശുദ്ധാത്മാവിന്റെ സ്വരം കേള്‍ക്കുവാന്‍ ശ്രമിക്കുകയാണ് സിനഡല്‍ പാത.

ക്രിസ്തുശരീരമായി സഭയെ മനസ്സിലാക്കാതെ വി. കുര്‍ബാനയെ ആഘോഷമായോ അനുസ്മരണമായോ മനസ്സിലാക്കാനാവില്ല. ഈ കൂട്ടായ്മയെ കാര്യമായെടുക്കാതെ, വി. കുര്‍ബാനയാണ് ക്രിസ്തീയജീവിതത്തിന്റെ ഉറവിടവും പാരമ്യവും എന്ന് പറയുന്നതിലും അര്‍ത്ഥമില്ല. കാരണം വി. കുര്‍ബാന അപ്പത്തില്‍ സംഭവിച്ച ഒരു അത്ഭുതത്തെക്കുറിച്ചല്ല, ക്രിസ്തു വഴിയായി നമുക്ക് ദൈവവുമായും പരസ്പരവും സത്യമായിത്തീര്‍ന്ന കൂട്ടായ്മയെക്കുറിച്ചാണ്. ഒരുമിച്ചു ചേരുമ്പോഴെല്ലാം അവന്റെ മരണം ഏറ്റുപറയുന്നത് അവനെപ്പോലെയുള്ള ഒരു ശൂന്യവല്‍ക്കരണം ഈ കൂട്ടായ്മയില്‍ സത്യമായി പങ്കുചേരാന്‍ അത്യാവശ്യമായതുകൊണ്ടാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org