
'മനുഷ്യജീവിതം പുല്‍ക്കൊടിക്ക് തുല്യമാണ്. അത് വയലിലെ പുഷ്പംപോലെ വിരിയുകയും ചുടുകാറ്റടിക്കുമ്പോള്‍ വാടിപ്പോവുകയും ചെയ്യുന്നു' എന്ന സങ്കീര്‍ത്തന വചനം, ഏറെ തനിമയോടെ പ്രതിഫലിക്കുന്ന നവംബര്‍ മാസാചാരണത്തിലാണല്ലോ നാം!! അതില്‍തന്നെ നവംബര്‍ 2, സകല ആത്മാക്കളുടെയും ദിനമായി കത്തോലിക്കാസഭ ആചരിച്ചു വരികയും ചെയ്യുന്നു. സെമിത്തേരി കല്ലറകള്‍ പുഷ്പാലംകൃതമാക്കിയും മെഴുകുതിരിയും ചന്ദനത്തിരിയും കത്തിച്ചും കുടുംബങ്ങളില്‍നിന്നും നമ്മെ വിട്ടുപിരിഞ്ഞവരുടെ കുഴിമാടങ്ങളില്‍ നാം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യാറുണ്ട്. പൂര്‍വ്വികരെ സംബന്ധിച്ചുള്ള ഓര്‍മ്മകളും പ്രാര്‍ത്ഥനകളും ഈയ്യവസരത്തില്‍ മാത്രമായി പരിമിതപ്പെടുന്നുവെന്ന ആക്ഷേപമുണ്ടെങ്കിലും നവംബര്‍ 2, എന്നത് ഏതു നിമിഷവും ആസന്നമായേക്കാവുന്ന നമ്മുടെ മരണത്തിന്റെ ഭക്തിസാന്ദ്രമായ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണെന്ന കാര്യത്തില്‍ സംശയമില്ല.
മൃതസംസ്‌കാരവേളയിലെ തിരുക്കര്‍മ്മങ്ങള്‍ക്കിടയില്‍ മരണത്തെ മുഖാമുഖം കാണുന്നയാളുടെ വികാരങ്ങള്‍ ആഖ്യാനം ചെയ്യപ്പെടുന്നുണ്ട്.
'മങ്ങിയൊരന്തി വെളിച്ചത്തില്‍
ചെന്തീ പോലൊരു മാലാഖ
വിണ്ണില്‍ നിന്നെന്‍ മരണത്തില്‍
സന്ദേശവുമായി വന്നരികില്‍
കേട്ടു നടുങ്ങി മനമിളകി
പേടി വളര്‍ന്നെന്‍ സ്വരമിടറി
മിഴിനീര്‍ തൂകി ഉണര്‍ത്തിച്ചു
ഞാനൊരു നിമിഷമൊരുങ്ങട്ടെ
ദൂതന്‍ പ്രാര്‍ത്ഥന കേട്ടില്ല
സമയം തെല്ലും തന്നില്ല
മൃതിയുടെ പിടിയിലമര്‍ന്നു ഞാന്‍
നാഥാ നീ താന്‍ അവലംബം'
ഒരുങ്ങാനുള്ള സമയം അല്‍പം പോലും ലഭിക്കാതെ കൂടണയാനുള്ള വിളിയാണ് മരണമെന്ന് നമ്മെ മൃതസംസ്‌കാര ശുശ്രൂഷ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്. നൈസര്‍ഗികമായുണ്ടാകുന്ന ആ ഓര്‍മ്മകള്‍ പക്ഷേ, മരണവീടിന്റെ മതില്‍ക്കെട്ടിനപ്പുറത്തേക്കു നമ്മെ അലട്ടാറില്ലെന്നതാണ്, വാസ്തവം. മൃതസംസ്‌കാര ശുശ്രൂഷാ സമയത്തുള്ള പ്രാര്‍ത്ഥനകളിലും പാട്ടുകളിലും, മരണമെന്ന യാഥാര്‍ത്ഥ്യത്തെ ആബേലച്ചന്‍ ഭക്തിസാന്ദ്രമായ പാട്ടുകളിലൂടെ അനശ്വരമാക്കുന്നുണ്ട്.
മരണത്തെ പുഞ്ചിരിയോടെ പുല്‍കിയ മുന്നാസ്
ഒക്‌ടോബര്‍ മാസം ദൈവസന്നിധിയിലേക്കു ചേര്‍ക്കപ്പെട്ട തൃശ്ശൂരില്‍ നിന്നുള്ള മുന്നാസ് (25 വയസ്സ്) നമുക്കൊരു അടയാളമാണ്. മരണഭയമുള്ള നമുക്കിടയില്‍, പുഞ്ചിരി തൂകി സ്വര്‍ഗ്ഗത്തെ പുല്‍കിയ ജോസ് റെയ്‌നിയെന്ന തൃശ്ശൂരുകാരന്‍ (ഒല്ലൂര്‍ മൊയലന്‍ കുടുംബാംഗം) വേറിട്ട കാഴ്ചയേകുകയായിരുന്നു. മുന്നാസിന്റെ മരണത്തില്‍, മരണഭയമെന്ന വിശേഷണം പോലും അര്‍ത്ഥശൂന്യമായതായി കാണാം. കോവിഡ് കാലത്താണു മുന്നാസിനു (ജോസ് റെയ്‌നി) ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്. പ്രാണവേദനയില്‍ ഐ സി യുവില്‍ കഴിയുമ്പോഴും മരണം തൊട്ടടുത്തെത്തിയെന്നറിഞ്ഞിട്ടും പ്രസന്നവദനനായിരിക്കാനും തന്നെ ചികിത്സിക്കുന്നവര്‍ക്ക് ഐ സി യുവില്‍ കിട്ടുന്ന പേപ്പര്‍ കഷണങ്ങളില്‍ (ടിഷ്യൂ പേപ്പറില്‍ പോലും) ചെറിയ കുറിപ്പുകളെഴുതി സന്തോഷിപ്പിക്കാനും അവന്‍ സമയം കണ്ടെത്തിയിരുന്നു. ശാരീരികമായ മുഴുവന്‍ അസ്വാസ്ഥ്യങ്ങളേയും മാനസിക ബലം കൊണ്ട് നേരിട്ട അവന്റെ മരണത്തിനു മുന്നോടിയായുള്ള അവസാനത്തെ കുറിപ്പ് ഇങ്ങിനെയായിരുന്നു, ''നിങ്ങളോടൊപ്പം 'ചില്‍' ആവാന്‍ ഞാന്‍ ഇനി അവിടെയില്ലെന്ന് എനിക്കറിയാം. ഞാനിവിടെ സ്വര്‍ഗത്തില്‍ 'ചില്ലിങ്' ആണ്. ഡോണ്ട് വറി!'' ബ്രെയിന്‍ ട്യൂമറിനെയും തലയോട്ടി തുറന്നുള്ള ശസ്ത്രക്രിയകളെയും പുഞ്ചിരിയോടെ നേരിട്ട്, അവന്‍ ദൈവസന്നിധിയിലേക്ക് യാത്രയായി.
മുന്നാസ് എന്ന് കുടുംബവും സുഹൃത്തുക്കളും വിളിക്കുന്ന ഇരുപത്തിയഞ്ചുകാരനായ അവന്‍, ഐ സി യുവില്‍ വച്ചെഴുതിയ ചെറിയ കുറിപ്പുകളെല്ലാം വ്യത്യസ്തങ്ങളായിരുന്നു. 'കൂടുതല്‍ ദുഃഖിക്കുന്നതു നിര്‍ത്തൂ. ഐ ആം എ സൂപ്പര്‍ഹീറോ...' മരണം പോലും തോറ്റുപോകുന്ന വാക്കുകള്‍!! അവന്റെ മരണത്തോടുള്ള വൈകാരികതയെ എത്ര ഹൃദയ വേദനയോടെയാകും കുടുംബം നോക്കിക്കണ്ടിട്ടുണ്ടാകുക; ആലോചിക്കാന്‍ പോലും സാധിതമല്ലാത്ത ഒരു തരം നിര്‍വ്വികാരത നമുക്കു പോലും തോന്നുന്നുണ്ടെങ്കില്‍ അവന്റെ കുടുംബം, എങ്ങനെ ഈ വിയോഗത്തോട് സമരസപ്പെടും? മുന്നാസിന്റെ മരണമെന്ന യാഥാര്‍ത്ഥ്യത്തെയും സങ്കല്‍പ്പിക്കാനാകാത്തവിധമുള്ള വിവേകത്തോടെ ആ കുടുംബം നേരിടുകയുണ്ടായി. മരണം നടന്നതിന്റെ പിറ്റേന്ന്, നല്‍കിയ ചരമപ്പരസ്യത്തിലൂടെ 'മരണം ദുഃഖിക്കാന്‍ മാത്രമുള്ളതല്ല സുഹൃത്തേ...' എന്ന് കുടുംബം സമൂഹത്തോട് പറയുകയായിരുന്നു. ദൈവത്തിലേക്ക് അണയാനുള്ള യാത്രയെ തികഞ്ഞ ദൈവബോധത്തോടെയും അതിലേറെ പ്രത്യാശയോടെയും നോക്കിക്കണ്ടുവെന്ന് വ്യക്തം.
ഒരു മിഷനറി സുവിശേഷ പ്രസംഗകന്റെ ജീവിതം എവിടെയോ വായിച്ചതോര്‍ക്കുന്നു. സുദീര്‍ഘ കാലം നീണ്ട മിഷന്‍ പ്രവര്‍ത്തനത്തിനു ശേഷം അയാള്‍ ഇരുണ്ട ഭൂഖണ്ഡമെന്നറിയപ്പെട്ടിരുന്ന ആഫ്രിക്കയില്‍ നിന്നും സ്വന്തം നാട്ടിലേക്ക് മടങ്ങിയെത്തുകയാണ്. കപ്പലിലാണ് യാത്ര. കപ്പലില്‍ വച്ച് പക്ഷേ ആരും പ്രശസ്ത സുവിശേഷപ്രസംഗകനും വാഗ്മിയുമായ അയാളെ തിരിച്ചറിയുന്നില്ല. മനുഷ്യസഹജമായി, അയാള്‍ 'എന്റെ നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ ആരെങ്കിലും തന്നെ കാത്തുനില്‍ക്കുമായിരിക്കും' എന്ന് സമാശ്വസിച്ചു. കപ്പല്‍ അദ്ദേഹത്തിനിറങ്ങാനുള്ള തുറമുഖത്തില്‍ നങ്കൂര മിട്ടു. കപ്പലില്‍ നിന്നിറങ്ങിയ എല്ലാവരെയും കരങ്ങള്‍ വിടര്‍ത്തി ആലിംഗനം ചെയ്ത് സ്വീകരിക്കാന്‍ അവരുടെ ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു. പക്ഷേ അയാള്‍ക്കുവേണ്ടി മാത്രം ആരുമുണ്ടായിരുന്നില്ല. സ്വീകരിക്കാനെത്തിയ അവസാനത്തെയാളും പോയികഴിഞ്ഞപ്പോള്‍ അയാള്‍ നെടുവീര്‍പ്പിട്ടു, ദൈവമേ എന്റെ വീടണഞ്ഞപ്പോള്‍ പോലും എനിക്കുവേണ്ടി കാത്തുനില്‍ക്കാന്‍ ആരുമില്ലാതെ പോയതെന്തേ? അപ്പോഴയാള്‍ ഒരു അശരീരി കേട്ടത്രേ. 'നീ അതിന് നിന്റെ വീടണഞ്ഞിട്ടില്ലല്ലോ. നീ നിന്റെ സ്വര്‍ഗ്ഗീയ വീടണയുമ്പോള്‍ നിനക്കു വേണ്ടി കാത്തു നില്‍ക്കാന്‍ എണ്ണിയാലൊടുങ്ങാത്ത മാലാഖമാരോടൊപ്പം ഞാനുമുണ്ടാകും.' നാം ഭൂമിയില്‍ ഓടുന്ന ഓട്ടത്തിന്റെ ശുഭപര്യവസാനം നമ്മുടെ മരണശേഷമുള്ള വിധിയിലൂടെ നേടുന്ന ഇടങ്ങളാണെന്ന ക്രൈസ്തവ വിശ്വാസത്തിന് അടിവരയിടുന്നതാണ്, ഈ അശരീരി.
ഈ ലോകജീവിതത്തിന്റെ നശ്വരതയെ മുഖവിലയ്‌ക്കെടുക്കാനും സ്വര്‍ഗ്ഗീയ ജീവിതത്തിലേക്കു വേണ്ട നിക്ഷേപങ്ങള്‍ ഭൂമിയിലെ നല്ല നടപ്പിലൂടെ സ്വരൂപിക്കാനുമുള്ള സാധ്യതകളാകണം നമ്മുടെ ജീവിതം. ഓരോ മരണങ്ങളും ഓരോ ഓര്‍മ്മപ്പെടുത്തലുകളാണ്. നമ്മെ നന്‍മയിലേക്കു വഴി നടത്തേണ്ട ഓര്‍മ്മപ്പെടുത്തലുകള്‍...