'കക്കുകളി' വിവാദനാടകം: നമ്മെത്തന്നെ വായിക്കുക, സ്വയം വെളിപ്പെടുത്തുക

'കക്കുകളി' വിവാദനാടകം: നമ്മെത്തന്നെ വായിക്കുക, സ്വയം വെളിപ്പെടുത്തുക
ഓര്‍ക്കുക, എപ്പോഴെങ്കിലും സമര്‍പ്പിതരെന്ന നിലയില്‍ നമ്മള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തെക്കുറിച്ച് വീണ്ടും വായിക്കാനുള്ള ഒരു ആഹ്വാനമായും നമ്മള്‍ അതിനെ കരുതണം. ഒരു പുതിയ വ്യാഖ്യാനത്തിന്റെ ആവശ്യകതയെ ചിലപ്പോള്‍ അവ തുറന്നുകാട്ടും.

"Art is useless, except to show the meaning of life.' ഇതൊരു തമാശയാണ്. പറഞ്ഞത് മറ്റാരുമല്ല, അമേരിക്കന്‍ എഴുത്തുകാരനായ ഹെന്റി മില്ലെര്‍ ആണ്. അദ്ദേഹത്തിന്റെ The Wisdom of the Heart എന്ന പുസ്തകത്തിലാണ് ഈയൊരു പരാമര്‍ശമുള്ളത്. ജീവിതത്തിന്റെ അര്‍ത്ഥം കാണിച്ചു തരുക എന്നതല്ലാതെ കല കൊണ്ട് എന്ത് ഉപയോഗമാണുള്ളത്? ഒരു ഉപയോഗവുമില്ല. അപ്പോഴും കല കലയ്ക്കുവേണ്ടി എന്ന് പറയുന്നവരുണ്ട്. അരാജകതയെ കലയായി കാണുന്നവരും ഇതുതന്നെയാണ് പറയുന്നത്. അരാജകതയില്‍ ജീവിതമുണ്ടോ? ഇനി അഥവാ ജീവിതമുണ്ടെങ്കില്‍, ആ ജീവിതത്തിന് അര്‍ത്ഥമുണ്ടോ? ഇല്ല. ഒന്നുമുണ്ടാകില്ല. അവര്‍ മുന്നിലേക്ക് വയ്ക്കുന്ന അര്‍ത്ഥം ശൂന്യതയാണ്. ചിത്രരചനയും ശില്പ വിദ്യയും കവിതയും ഗദ്യവും സംഗീതവും വാസ്തുവിദ്യയും ഛായാഗ്രഹണവും ദൃശ്യവല്‍ക്കരണങ്ങളുമെല്ലാം നിരസനമാണ് പകര്‍ന്നു നല്‍കുന്നതെങ്കില്‍ അവയെ ശുദ്ധകലകളുടെ കൂട്ടത്തില്‍ ചേര്‍ക്കുവാന്‍ സാധിക്കുകയില്ല. കാരണം ശൂന്യതയാണ് അതിന്റെ മെറ്റാഫിസിക്‌സ്. മാര്‍ക്‌സിസത്തിന്റെ മെറ്റാഫിസിക്‌സും ശൂന്യതയാണ്. ആ ശൂന്യതയിലേക്കുള്ള ഒരു ചൂണ്ടുപലകയാണ് കക്കുകളി എന്ന നാടകം. നിറവുള്ള ഒരു മെറ്റാഫിസിക്‌സില്‍ അധിഷ്ഠിതമായ ഒരു ജീവിതരീതിയെ, അതായത് ക്രൈസ്തവ സമര്‍പ്പിത ജീവിതത്തെ, അര്‍ത്ഥരാഹിത്യത്തിന്റെ അതിരുകളില്‍ കെട്ടിയിടാനാണ് ചില ഇടതുപക്ഷ കലാകാരന്മാര്‍ ഈ നാടകത്തിലൂടെ ശ്രമിക്കുന്നത്. ശരിയാണ്, കലയാണത്. പക്ഷേ അധമമാണ് അതിന്റെ ഭാവം. അന്തരീക്ഷത്തില്‍ നിന്നും ഭസ്മം എടുക്കുന്ന മന്ത്രവാദികളെ പോലെ അവര്‍ കാണികളെ രസിപ്പിക്കും. കയ്യടികള്‍ വാങ്ങും. അപ്പോഴും കാണികള്‍ അറിയുന്നില്ല ആ മന്ത്രവാദികള്‍ കൊണ്ടുവരാന്‍ പോകുന്നത് പൊള്ളയായ ഭീകര രൂപികളെയാണെന്ന കാര്യം.

സര്‍ഗാത്മകതയില്‍ മുഴുകുന്നവര്‍ മറന്നു പോകാന്‍ പാടില്ലാത്ത ഒരു കാര്യമുണ്ട്. സംസ്‌കാരം ആണത്. ശുദ്ധീകരണം എന്നും അതിനര്‍ത്ഥമുണ്ട്. സമൂഹം പൊതുവേ പ്രാപിച്ചിട്ടുള്ള ഉല്‍ക്കര്‍ഷത്തെയും പക്വതയെയും സംസ്‌കാരം എന്നും വിളിക്കാറുണ്ട്. അങ്ങനെ വരുമ്പോള്‍ സംസ്‌കാരം എന്ന വിഷയം ആന്ത്രപോളജിയാണ്. മനുഷ്യനെ സംബന്ധിക്കുന്ന കാര്യമാണത്. കലയിലും വേണം സംസ്‌കാരം. കലയില്‍ സംസ്‌കാരം ഇല്ലാതെ വരുമ്പോള്‍ മനുഷ്യത്വത്തിന്റെ പേരില്‍ മനുഷ്യരെ ഹനിക്കാന്‍ തുടങ്ങും. വികടസരസ്വതികള്‍ വിജ്ഞാനികളാകും. ഫാസിസം ഇത്തിക്കണ്ണി എന്ന പോലെ നിഷ്‌കളങ്കരുടെ തലച്ചോറില്‍ പടര്‍ന്നു പിടിക്കും. നമ്മുടെയിടയില്‍ ഉള്ളതിന്റെയും നില നില്‍ക്കുന്നതിന്റെയും അര്‍ത്ഥത്തെ വെളിപ്പെടുത്തുന്നതിനു പകരം സംസ്‌കാരമില്ലാത്ത കലകള്‍ മായികമായ ഭാവനയില്‍ മുഴുകി അവയെ വികലമാക്കാന്‍ ശ്രമിക്കും. അതിന്റെ ഏറ്റവും വലിയ സമകാലിക ഉദാഹരണമാണ് കക്കുകളി എന്ന നാടകം.

ശരിയാണ്, കേരളത്തിലെ ക്രൈസ്തവ സമര്‍പ്പിത ജീവിതം ഏകദേശം അതിന്റെ അപരാഹ്നത്തിലാണ് ഇപ്പോള്‍. ഉച്ചകഴിഞ്ഞുള്ള സമയമാണ് അപരാഹ്നം. മനുഷ്യജീവിതത്തിന്റെ അപരാഹ്നം എന്നത് ഡെപ്ത് സൈക്കോളജിയുടെ സ്ഥാപകനായ കാള്‍ യുങ് കൊണ്ടുവന്ന രൂപകമാണ്. ബാല്യത്തിനും യൗവനത്തിനും ശേഷം ഏകദേശം മധ്യവയസ്സില്‍ എത്തുമ്പോഴാണ് ജീവിതത്തില്‍ പ്രതിസന്ധികള്‍ ആരംഭിക്കാന്‍ തുടങ്ങുക. ആ മധ്യാഹ്നത്തെ മറികടന്ന് പിന്നെ ജീവിതം കടന്നുപോവുക പക്വതയുടെ അപരാഹ്നത്തിലൂടെയായിരിക്കുമെന്നാണ് യുങ് പറയുന്നത്. മലയാളമണ്ണിലെ ക്രൈസ്തവ സമര്‍പ്പിത ജീവിതത്തിന്റെ യൗവന കാലഘട്ടത്തെ ആസ്പദമാക്കി, ആലപ്പുഴയെ ആഖ്യാനത്തിന്റെ ഭൂമികയാക്കി ഫ്രാന്‍സിസ് നൊറോണ രചിച്ച കഥയില്‍ ഊന്നല്‍ കൊടുക്കുന്നത് കമ്മ്യൂണിസത്തിന്റെ അപചയമാണ് എന്നറിഞ്ഞിട്ടും അതിനെ വക്രീകരിച്ച് സമര്‍പ്പിത ജീവിതത്തിന്റെ സമകാലികത എന്ന രീതിയില്‍ ദൃശ്യ വല്‍ക്കരിക്കുന്ന കക്കുകളി എന്ന നാടകത്തിന്റെ പിന്നിലെ ചേതോ വികാരം സമര്‍പ്പിതരെക്കുറിച്ച് തെറ്റായ ചില ധാരണകള്‍ സമൂഹത്തില്‍ പരത്തുക എന്നതല്ലാതെ വേറെ എന്താണ്.

എഴുപതും എണ്‍പതുമാണ് കക്കുകളി എന്ന കഥയുടെ ആഖ്യായിക. ലത്തീന്‍ കത്തോലിക്കരുടെയിടയിലെ സമര്‍പ്പിത ജീവിതത്തിന്റെ യൗവന കാലഘട്ടമായിരുന്നു അത്. സ്ഥാപനപരമായും പ്രബോധനപരമായും സമര്‍പ്പിതര്‍ തീരദേശങ്ങളില്‍ വ്യക്തമായ ഘടന ഉണ്ടാക്കിയത് അന്നാണ്. അതിനു ശേഷമാണ് കേരളത്തിലെ സമര്‍പ്പിതര്‍ ഒരു മധ്യാഹ്ന പ്രതിസന്ധിയിലൂടെ കടന്നുപോകുന്നത്. 1992 മാര്‍ച്ച് 27 മുതലാണ് അത് തുടങ്ങുന്നത്. സിസ്റ്റര്‍ അഭയയുടെ മരണമായിരുന്നു ആ പ്രതിസന്ധി. മലയാള മണ്ണിലെ സമര്‍പ്പിതരെ മുഴുവനും നിശ്ശബ്ദരും നിര്‍ജീവരുമാക്കുന്ന തരത്തിലാണ് മാധ്യമങ്ങള്‍ ആ വിഷയത്തെ കൈകാര്യം ചെയ്തത്. സമര്‍പ്പിത ജീവിതത്തെക്കുറിച്ച് അനുദിനമെന്നപോലെ ഇക്കിളി കഥകള്‍ അവര്‍ ഉണ്ടാക്കാന്‍ തുടങ്ങി. പതിയെ പതിയെ സമര്‍പ്പിതജീവിതം ദാരിദ്ര്യത്തിന്റെയും പരാധീനതയുടെയും നിസ്സഹായവസ്ഥയുടെയുമെല്ലാം പര്യായമാണെന്ന ചിന്ത പലരിലും വേരുറച്ചു. പിന്നീട് സിസ്റ്റര്‍ ജെസ്മിയുടെ ആമേനും, ബിഷപ്പ് ഫ്രാങ്കോയും കുറവിലങ്ങാട് സിസ്റ്റേഴ്‌സും തമ്മിലുള്ള കേസും സമരവും, സിസ്റ്റര്‍ ലൂസിയുടെ ചില ഇടപെടലുകളും കലാപവുമെല്ലാം സ്വയം പ്രതിരോധിക്കാനുള്ള ആര്‍ജവം സമര്‍പ്പിതര്‍ക്ക് നല്‍കി കഴിഞ്ഞിരിക്കുന്നു. ഇത് അപരാഹ്ന പക്വതയുടെ അടയാളമാണ്. കപടമായ മതേതരവല്‍ക്കരണവും പൊള്ളയായ നിരീശ്വരവാദവും കൈമുതലായിട്ടുള്ള മലയാളത്തിലെ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് തങ്ങളുടെ സാഡിസ്റ്റ് ചിന്തകളെ ശമിപ്പിക്കാനുള്ള ഒരിടം മാത്രമാണ് 'മഠത്തിലെ അമ്മമാര്‍' എന്ന ധാരണയുണ്ടെങ്കില്‍ അത് തിരുത്തി കുറിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് കക്കുകളി എന്ന പൈങ്കിളി നാടകത്തിനെതിരെയുള്ള ശബ്ദങ്ങള്‍. ഭരണകൂടത്തിന് ആ ശബ്ദത്തെ അവഗണിക്കാന്‍ സാധിക്കുകയില്ല. അത് കേരളത്തിലെ കത്തോലിക്കാസഭയുടെ ശബ്ദമാണ്, നിലപാടാണ്.

സമര്‍പ്പിത ജീവിതത്തെ ഉത്തരാധുനിക ബഹുസ്വരതയില്‍ ലയിപ്പിച്ച് നിലവിലെ ചിന്തയുമായി പൊരുത്തപ്പെടുത്തി അതിന്റെ തനിമയെ നശിപ്പിക്കാനുള്ള ശ്രമം പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നുണ്ട്. എന്തിന് ഒരു കന്യാ സ്ത്രീ സമര്‍പ്പിത വസ്ത്രം ധരിക്കണം? സ്‌നേഹിക്കണമെങ്കില്‍, സ്‌നേഹിക്കപ്പെടണമെങ്കില്‍ ആവൃതിയില്‍ നിന്നാല്‍ പോരാ പുറത്തേക്ക് വരണം... അമ്മയാകണമെങ്കില്‍ പ്രസവിക്കണം... തുടങ്ങിയ ചോദ്യങ്ങളും പ്രസ്താവനകളും നവോത്ഥാനത്തിന്റെ മധുരം പുരട്ടി നാടകമായും കഥകളായും സമൂഹത്തിലേക്ക് നല്‍കുകയെന്നത് മാര്‍ക്‌സിസം ഒരു മതമായ കാലം മുതല്‍ നടന്നിട്ടുണ്ട് എന്നത് ചരിത്രമാണ്. അതിന്റെ വികലമായ ഒരു ചുവടുവയ്പ്പ് മാത്രമാണ് കക്കുകളി എന്ന നാടകം. ഇങ്ങനെയുള്ള ഉദ്യമങ്ങളുടെ മുന്നില്‍ സമരമുറകളുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ പ്രാവിന്റെ നിഷ്‌കളങ്കതയും സര്‍പ്പത്തിന്റെ വിവേകവും സൂക്ഷിക്കുക എന്നതും സമര്‍പ്പിതരുടെ തനിമയാണെന്ന കാര്യവും മറക്കരുത്. കലയും കാവ്യങ്ങളുമെല്ലാം സമര്‍പ്പിത ജീവിതത്തിനെതിരെ ഒരു വെല്ലുവിളിയായി ഉയര്‍ന്നു വരുന്നുണ്ടെങ്കില്‍ അവയും ഒരു ആത്മശോധനയ്ക്കുള്ള നിമിത്തമാണ്. തീയില്ലാതെ പുകയുണ്ടാവുകയില്ലല്ലോ എന്ന പഴഞ്ചൊല്ലിനെ എപ്പോഴും അവഗണിക്കാന്‍ സാധിക്കുകയില്ല.

വിശ്വാസവും വിശ്വാസജീവിതവും അനിതര സാധാരണമായ രീതിയിലാണ് ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് സമര്‍പ്പിത ജീവിതം. നാലുകെട്ടുകളുടെ ഉള്ളില്‍ നടക്കുന്നതെന്തെന്നറിയാതെ പലരും ഭാവനകളിലൂടെ കഥകള്‍ മെനഞ്ഞ് കക്കുകളി നടത്തിക്കൊണ്ടിരിക്കുകയാണ്. മറ്റുള്ളവരുടെയും ദൈവത്തിന്റെയും രഹസ്യത്തിലേക്ക് പോകാനുള്ള അഹന്തയുടെ നീര്‍ച്ചുഴികളാണത്. ചുഴിയെ മറ്റൊരു ചുഴി കൊണ്ട് പ്രതിരോധിക്കാന്‍ സാധിക്കില്ല. കാരണം ഒരു ഘട്ടം കഴിയുമ്പോള്‍ ഒന്ന് മറ്റൊന്നിനെ വിഴുങ്ങുന്ന അവസ്ഥ വരും. ആര്‍ക്കും പ്ര വചിക്കാന്‍ സാധിക്കുകയില്ല ഏത് ഏതിനെയാണ് വിഴുങ്ങുന്നതെന്ന്. അതിനാല്‍ ഭാവനാധിഷ്ഠിതമായ ആക്രമണങ്ങളെ യാഥാര്‍ത്ഥ്യം കൊണ്ട് പ്രതിരോധിക്കുകയാണ് സമര്‍പ്പിതരായ നമ്മള്‍ ചെയ്യേണ്ടത്. പ്രതിരോധം പലപ്പോഴും കൂട്ട നാര്‍സ്സിസമായി മാറുന്നുണ്ടോ എന്നും ചിന്തിക്കണം. അലംഭാവത്തിന്റെ വശീകരണങ്ങള്‍ ഉപേക്ഷിക്കണം. അതിന് സുവിശേഷത്തിന്റെ സുതാര്യതയിലേക്ക് നമ്മള്‍ ഇനിയും സഞ്ചരിക്കേണ്ടിയിരിക്കുന്നു. അതൊരു മെറ്റാനോയിയയുടെ പാതയാണ്. അടിമത്തം എന്ന് കരുതുന്നവരുടെ മുന്നില്‍ സ്വയം മോചിതരാകാനുള്ള സന്നദ്ധത കൂടിയാണത്.

സമര്‍പ്പിത സഹോദരരെ ഇംഗ്ലീഷില്‍ റിലീജിയസ് സിസ്റ്റേഴ്‌സ് അല്ലെങ്കില്‍ ബ്രദേഴ്‌സ് എന്നും വിളിക്കാറുണ്ട്. റിലീജിയസ് (religious) എന്ന ഇംഗ്ലീഷ് പദം വീണ്ടും വായിക്കുക എന്ന അര്‍ത്ഥമുള്ള റീലെജ്ജരെ (releggere) എന്ന ലത്തീന്‍ വാക്കില്‍ നിന്നാണ് വന്നിട്ടുള്ളത്. ഓര്‍ക്കുക, എപ്പോഴെങ്കിലും സമര്‍പ്പിതരെന്ന നിലയില്‍ നമ്മള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ നമ്മുടെ ജീവിതത്തെക്കുറിച്ച് വീണ്ടും വായിക്കാനുള്ള ഒരു ആഹ്വാനമായും നമ്മള്‍ അതിനെ കരുതണം. ഒരു പുതിയ വ്യാഖ്യാനത്തിന്റെ ആവശ്യകതയെ ചിലപ്പോള്‍ അവ തുറന്നുകാട്ടും. കാലത്തിന്റെ അടയാളങ്ങളെ പുനര്‍ വ്യാഖ്യാനം ചെയ്യാന്‍ അവ നമ്മെ പ്രാപ്തരാക്കും. കക്കുകളി എന്ന നാടകം ഒരു സത്യം നമുക്ക് തുറന്നു കാണിച്ചു തന്നിട്ടുണ്ട്. സമര്‍പ്പിത ജീവിതത്തെക്കുറിച്ച് ഇടതുപക്ഷ ബുദ്ധിജീവികളായ ആര്‍ക്കും തന്നെ ഒന്നും അറിയില്ല എന്ന സത്യം. അവര്‍ ഇന്നും ഭാവനയുടെ ലോകത്താണ്. അവിടെയാണ് നമ്മള്‍ പ്രവാചക മനോഭാവത്തോടെ നമ്മെ തന്നെ വായിക്കേണ്ടത്. നമ്മുടെ പ്രവര്‍ത്തനങ്ങളും ചിന്തകളും സമൂഹത്തിന്റെ നാനാ തുറകളിലേക്കും എത്തിപ്പെടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. കക്കുകളി ഒരു അവസരം കൂടിയാണ്. നമുക്ക് നമ്മെ തന്നെ വായിക്കാനുള്ള ഒരു അവസരം കൂടി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org