
സുസ്മിത എം ചാക്കോ
മരട് വി. ജാന്നാ പള്ളിയുടെ മുന്‍വികാരിയും സത്യദീപം മുന്‍ ചീഫ് എഡിറ്ററുമായ ഫാ. ചെറിയാന്‍ നേരെവീട്ടിലിന്റെ സ്മരണയ്ക്കായി ജാന്നാ പള്ളി ഏര്‍പ്പെടുത്തിയ ഇന്‍സ്പയറിംഗ് യംഗ് വുമണ്‍ അവാര്‍ഡിനായി ഈ വര്‍ഷം പരിഗണിക്കപ്പെട്ട ഏതാനും യുവതികളുടെ ജീവിതങ്ങളിലൂടെയുള്ള ഒരു യാത്രയാണ് ഈ ലക്കം. സുസ്മിത എം ചാക്കോയാണ് ഈ വര്‍ഷത്തെ ഇന്‍സ്പയറിംഗ് യംഗ് വുമണ്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കപ്പെട്ടത്.
ഹൈന വി എഡ്വിന്‍, എമി സെബാസ്റ്റ്യന്‍, അഞ്ജലി ബെന്നി എന്നിവരും സ്വന്തം ജീവിതങ്ങളിലൂടെ അനേകരെ സഹായിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു.
രാത്രി വഴിയരികില്‍ മരണാസന്നയായി കിടക്കുന്ന ഒരു വൃദ്ധയുടെ കാര്യം പിങ്ക് പൊലീസ്, സുസ്മിതയുടെ ശ്രദ്ധയില്‍ പ്പെടുത്തി. ഇരുപത്തിയഞ്ചുകാരി യായ സുസ്മിതയും അനുജന്‍ മനുവും ചെന്ന് ആ അമ്മാമ്മയ്ക്ക് ആഹാരം കൊടുത്തു.
അവര്‍ എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങളായിരുന്നു. ശേഷം, അവരെ കുളിപ്പിച്ചു, പുതുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. വീട്ടിലേക്കു കൊണ്ടുവന്നു. തൊണ്ണൂറു വയസ്സുള്ള, കുഞ്ഞിപ്പെണ്ണമ്മ എന്നു വിളിക്കപ്പെടന്ന അവര്‍ സുസ്മിതയോടു പറഞ്ഞു, ''ഇതുവരെയുള്ള ജീവിതത്തില്‍ സന്തോഷമെന്തെന്ന് ഞാനറിയുന്നത് ഇപ്പോഴാണ്!''
മറ്റൊരു ദിവസം പൊലീസ് തന്നെയാണ് എണ്‍പതു വയസ്സുള്ള ഒരമ്മയുടെ കാര്യം അറിയിച്ചത്. രാത്രി ഒരു മണിയോടെ പൊലീസ് വഴിയിലൂടെ പോകുമ്പോള്‍ വീടിന്റെ വാതിലടക്കാതെ ഈ അമ്മ വരാന്തയിലിരിക്കുകയായിരുന്നു. കടുത്ത ശ്വാസംമുട്ടുമൂലം പരസഹായമില്ലാതെ യാതൊന്നിനും കഴിയാതെ ഇരിക്കുകയായിരുന്നു, തനിച്ചു താമസിക്കുകയായിരുന്ന അവര്‍. അവരെയും സുസ്മിത ഏറ്റെടുത്തു.
ടീച്ചറായി ജോലി ചെയ്ത് സ്വന്തം കുടുംബം നോക്കി സ്വസ്ഥമായി ജീവിതമാസ്വദിക്കേണ്ട പ്രായത്തില്‍ ഇങ്ങനെയൊരു ഭാരം എടുത്തു ചുമലില്‍ വച്ചതിന്റെ യുക്തി പുറത്തു നിന്നു നോക്കുന്നൊരാള്‍ക്കു മനസ്സിലാക്കാനെളുപ്പമല്ല.
ഇതുപോലുളള അനേകം ജീവിതാനുഭവങ്ങളുടെ ഉടമയായിരിക്കുകയാണ് കേവലം ഇരുപത്തിയേഴു വയസ്സിനുള്ളില്‍ സുസ്മിത എം ചാക്കോ. ആരുമില്ലാത്ത 120 പേര്‍ക്ക് ഇന്ന് സുസ്മിതയും കുടുംബവും അഭയമേകുന്നു. അമ്മ ഷീല ചാക്കോയും അനുജന്‍ മനുവും സുസ്മിതക്കൊപ്പമുണ്ട്.
ടീച്ചറുടെ ജോലി ഉപേക്ഷിച്ചാണ് തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ നൂറ്റിയിരുപതോളം അഗതികളുടെ സംരക്ഷണം സുസ്മിത ഏറ്റെടുക്കുന്നത്. ഈ നൂറ്റിയിരുപതു പേരില്‍ ഇരുപതോളം പേര്‍ കിടപ്പുരോഗികളാണ്. ബാക്കിയുള്ളവരില്‍ മാനസികവെല്ലുവിളികള്‍ നേരിടുന്നവരുണ്ട്, മാറാരോഗികളുണ്ട്. ഒരു ദിവസം ആയിരക്കണക്കിനു രൂപയുടെ മരുന്നുകള്‍ മാത്രം വേണം ഇവരെ സംരക്ഷിക്കാന്‍. ആഹാരവും വസ്ത്രവും മറ്റു സൗകര്യങ്ങളും വേണം. മിക്കവാറും എല്ലാ ദിവസങ്ങളിലും ആരെങ്കിലുമൊക്കെ ആശുപത്രികളില്‍ ചികിത്സയിലായിരിക്കും. അവരെ പരിചരിക്കണം. ഇതെല്ലാം ഒരുക്കുന്നതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ് ഈ ഇരുപത്തേഴാം വയസ്സില്‍ സുസ്മിത.
ടീച്ചറായി ജോലി ചെയ്ത് സ്വന്തം കുടുംബം നോക്കി സ്വസ്ഥമായി ജീവിതമാസ്വദിക്കേണ്ട പ്രായത്തില്‍ ഇങ്ങനെയൊരു ഭാരം എടുത്തു ചുമലില്‍ വച്ചതിന്റെ യുക്തി പുറത്തു നിന്നു നോക്കുന്നൊരാള്‍ക്കു മനസ്സിലാക്കാനെളുപ്പമല്ല.
സ്വന്തം കൂട്ടുകുടുംബത്തിലേക്ക്, വിളിക്കാതെയെത്തിയ മരണമെന്ന അതിഥിയാണ് സുസ്മിതയെ ഈയൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നു ലളിതമായി പറയാം. എന്നാല്‍, ജന്മം നല്‍കി വളര്‍ത്തിയ പിതാവു പകര്‍ന്നു നല്‍കിയതും ജീവിതത്തില്‍ സ്വയമാര്‍ജിച്ചതുമായ അനുകമ്പാര്‍ദ്രമായ ഹൃദയമാണ് ആ തീരുമാനമെടുപ്പിച്ചതെന്ന് സുസ്മിതയുടെ ജീവിതകഥ നമ്മോടു പറയുന്നു.
75% ഡിസെബിലിറ്റിയുള്ള ആളായിരുന്നു സുസ്മിതയുടെ പിതാവ്, എം എം ചാക്കോ. നടക്കാനും മറ്റും പരസഹായം ആവശ്യമുള്ള ഒരാള്‍. വാക്കറോ, വീല്‍ ചെയറോ ഇല്ലാതെ നീങ്ങാന്‍ പറ്റാത്തയാള്‍. പക്ഷേ, പത്തു പേര്‍ക്കെങ്കിലും പ്രയോജനപ്പെടുന്നില്ലെങ്കില്‍ നമ്മുടെ ജീവിതത്തിന് അര്‍ഥമില്ലെന്നു ചിന്തിച്ചയാള്‍. അങ്ങനെയാണ് അദ്ദേഹം ന്യൂ മലബാര്‍ പുനരധിവാസകേന്ദ്രം എന്ന സ്ഥാപനത്തിനു തുടക്കമിടുന്നത്. സ്ഥാപനമെന്നതിനേക്കാള്‍ വലിയ ഒരു കൂട്ടുകുടുംബം എന്നു പറയുന്നതായിരിക്കും ശരി.
ഒരുമിച്ചിരുന്നു ആഹാരം കഴിക്കാനോ യാത്ര ചെയ്യാനോ വിരുന്നുകളില്‍ പങ്കെടുക്കാനോ കഴിയുന്ന ഒരു കുടുംബമായിരുന്നില്ല ചാക്കോ, ഷീല ദമ്പതികളുടേതും രണ്ടു മക്കളുടേതും. എന്നാല്‍, ചാക്കോയുടെ മക്കളെന്നതില്‍ വാനോളം അഭിമാനം അനുഭവിക്കുന്നവരാണു തങ്ങളെന്നു സുസ്മിത പറയുന്നു.
കുട്ടിക്കാലം മുതല്‍ തന്നെ കളിച്ചു വളര്‍ന്നത് ഈ അഗതികള്‍ക്കിടയിലായിരുന്നു. അപ്പനും അമ്മയും അവിടെ എല്ലാവരേയും ശുശ്രൂഷിക്കുന്ന തിരക്കുകളിലായിരുന്നു. ഇവരുടെയെല്ലാം പരിചരണം എല്ലാവരും ചേര്‍ന്നായിരുന്നു ചെയ്തിരുന്നത്. എല്ലാവരേയും കുളിപ്പിച്ചു പൊട്ടും തൊട്ടു കൊടുത്തിട്ടാണ് സുസ്മിതയും സഹോദരനും സ്‌കൂളിലേക്കും കോളേജിലേക്കും പോയിരുന്നത്.
കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, ടീച്ചറായി ജോലിക്കു ചേര്‍ന്നിട്ടും സുസ്മിതയുടെ ജീവിതം വീട്ടില്‍ ഈ പരിചരണങ്ങളെല്ലാം ചെയ്തുകൊണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം, അമ്മയുടെ അമ്മയ്ക്കു പനി വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോകാനായി സുസ്മിത അവധിയെടുത്തു. അമ്മാമ്മ ആശുപത്രിയില്‍ വച്ചു മരിച്ചു. ആ വിവരം സുസ്മിത പപ്പയെ വിളിച്ചു പറഞ്ഞു. ആളെ വിടാമെന്ന് അദ്ദേഹം പറഞ്ഞെങ്കിലും പപ്പയുടെ ആരോഗ്യസ്ഥിതി അറിയാവുന്നതുകൊണ്ടും ആശുപത്രിക്കാര്യങ്ങളില്‍ ധാരാളം അനുഭവസമ്പത്ത് ഉള്ളതിനാലും ആംബുലന്‍സ് വിളിച്ച് അമ്മാമ്മയുടെ മൃതദേഹവുമായി താന്‍ തന്നെ വീട്ടിലേക്കു വന്നുകൊള്ളാമെന്നായിരുന്നു സുസ്മിതയുടെ മറുപടി.
അപ്രകാരം ആംബുലന്‍സില്‍ വീടെത്താറായപ്പോള്‍ വേറൊരു ആംബുലന്‍സ് വന്നു പോകുന്നതു കണ്ടു. വീട്ടിലെത്തി പപ്പയെ അന്വേഷിച്ചപ്പോള്‍ സുഖമില്ലാതെ ആശുപത്രിയിലേക്കു കൊണ്ടുപോയിരിക്കുകയാണെന്നു പറഞ്ഞു. ആള്‍ക്കൂട്ടം കണ്ടപ്പോള്‍ അമ്മാമ്മയെ കാണാന്‍ ഇത്രയും പേരോ എന്ന് അതിശയപ്പെട്ടെങ്കിലും, പപ്പയുടെ പരിചയക്കാരായിരിക്കും എന്നു കരുതി. പപ്പയേയും അനിയന്‍ മനുവിനെയും ഫോണില്‍ വിളിച്ചെങ്കിലും ആരും എടുക്കുന്നില്ല. ഒടുവില്‍, ആ സത്യം ഒരു ഞെട്ടലോടെ സുസ്മിത തിരിച്ചറിഞ്ഞു. അമ്മാമ്മ മരിച്ചു കിടക്കുന്ന വീട്ടിലേക്ക് പപ്പയുടെ മൃതദേഹവും വന്നു ചേര്‍ന്നു. ഹൃദയാഘാതമായിരുന്നു മരണകാരണം.
മക്കളെന്നു ചാക്കോ സ്‌നേഹ ത്തോടെ വിളിക്കുകയും പരിപാലിക്കുകയും ചെയ്ത അനേകര്‍ ദുഃഖമടക്കാനാകാതെ പൊട്ടിക്കരയുന്നത് സുസ്മിത കണ്ടു. സംസാരിക്കാനാകാത്ത ഒരു സ്ത്രീ പപ്പയുടെ കാലില്‍ കെട്ടിപ്പിടിച്ചു കണ്ണീരൊഴുക്കുന്നു. അവരുടെ നിശബ്ദമായ നിലവിളി സുസ്മിതയുടെ ഉള്ളില്‍ വലിയ ശബ്ദത്തോടെ പ്രതിധ്വനിച്ചു. ഇവരാരും ഇനിയും അനാഥരായിക്കൂടാ എന്ന ബോധ്യം ആ സമയത്താണു സുസ്മിതയുടെ ഉള്ളിലേക്കു വന്നത്. അതിനുള്ള ധൈര്യവും കടന്നുവന്നു. യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ മൂന്നു മണിക്കൂറെടുത്തു. ഇനിയും പപ്പയുടെ ഉത്തരവാദിത്വങ്ങളേറ്റ് ജീവിതം തുടരണമെന്ന തീരുമാനവും അപ്പോള്‍ ഉരുത്തിരിഞ്ഞു.
ഏറ്റവും പ്രിയപ്പെട്ട പപ്പ വിടപറഞ്ഞ വേദനയെ, അളവില്ലാത്ത അനുകമ്പയായി പരിവര്‍ത്തനം ചെയ്തുകൊണ്ട് അഗതികള്‍ക്കുള്ള സേവനത്തിനായി സ്വയം സമര്‍പ്പിക്കുവാന്‍ സുസ്മിത സന്നദ്ധയായി. ആഗ്രഹിച്ചു പഠിച്ചു നേടിയ ടീച്ചര്‍ ജോലി വിട്ടെറിയാന്‍ യാതൊരു വിമ്മിഷ്ടവും തോന്നിയില്ല. അങ്ങനെ സുസ്മിത മുഴുവന്‍ സമയവും ഈ കൂട്ടുകുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളിലേക്കു പ്രവേശിക്കുകയായിരുന്നു.
ഇരുപതു വര്‍ഷംകൊണ്ട് രണ്ടായിരത്തില ധികം പേര്‍ക്ക് അഭയം നല്‍കാന്‍ കാസര്‍ഗോഡ്, മടിക്കൈ പഞ്ചായത്തിലെ മരപ്പച്ചേരിയില്‍ ചാക്കോ സ്ഥാപിച്ച 'ന്യൂ മലബാര്‍ പുനരധിവാസ കേന്ദ്രത്തിനു' സാധിച്ചിട്ടുണ്ട്.
ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ഒരു ധ്യാനത്തില്‍ സംബന്ധിച്ചതാണ് ചാക്കോയുടെ ജീവിതത്തെ ജീവകാരുണ്യപ്രവര്‍ത്തനത്തിലേക്കു വഴിതിരിച്ചു വിട്ടത്.
കിടപ്പുരോഗികള്‍ക്ക് കിടന്നുകൊണ്ടു ധ്യാനം കൂടാന്‍ തയ്യാറാക്കിയിരിക്കുന്ന സ്ഥലത്തായിരുന്നു ചാക്കോ കിടന്നത്. അദ്ദേഹത്തിനുവേണ്ട കാര്യങ്ങള്‍ ചെയ്തുകൊണ്ട് ഭാര്യ ഷീലയും അടുത്തുനിന്നു. അവിടെ ചുറ്റുമുള്ളത് കിടപ്പുരോഗികളാണ്. അവര്‍ക്കുവേണ്ട കാര്യങ്ങളും ഷീല തന്നെ കണ്ടറിഞ്ഞു ചെയ്തു കൊടുത്തുകൊണ്ടിരുന്നു. ഇതുകണ്ട ചാക്കോ ഭാര്യയോടു ചോദിച്ചു, ''നമ്മുടെ ജീവിതം ഇങ്ങനെ കിടക്കുന്ന, ആരുമില്ലാത്ത ആളുകള്‍ക്കുവേണ്ടി മാറ്റിവച്ചാലോ?''
ആ ചോദ്യത്തില്‍ നിന്നുമാണ് ന്യൂ മലബാര്‍ പുനരധിവാസകേന്ദ്ര ത്തിന്റെ തുടക്കം. കാസര്‍ഗോഡ് ജില്ലയിലെ ബേക്കലം പള്ളിക്കരയിലെ ഒരു വാടക ക്കെട്ടിടത്തിലാണ് സ്ഥാപനം ആരംഭിച്ചത്. മുഹമ്മദ് മുസ്തഫ എന്നൊരാളായിരുന്നു ആദ്യത്തെ അതിഥി. ദേഹത്തു വിസര്‍ജ്യങ്ങളും ദുര്‍ഗന്ധവും മൂലം ചായക്കടക്കാര്‍ ആട്ടിയോടിച്ച നിലയില്‍ ഓടയില്‍ നിന്നു വെള്ളം കോരി കുടിക്കുന്ന അവസ്ഥയില്‍ കണ്ട അയാളെ ചാക്കോ കൂടെക്കൂട്ടുകയായിരുന്നു.
വാടകക്കെട്ടിടങ്ങളില്‍ ഇത്തരം സ്ഥാപനം നടത്തുക ദുഷ്‌കരമായി രുന്നു. മാനസീകവെല്ലുവിളികള്‍ നേരിടുന്ന, വിചിത്രമായി പെരുമാറുന്ന രോഗികളുള്ളതിനാല്‍ കെട്ടിടം വാടകയ്ക്കു നല്‍കാന്‍ ആളുകള്‍ മടിച്ചു. അങ്ങനെ, ചാക്കോ വയനാട്ടിലെ കുടുംബ സ്വത്ത് വിറ്റാണ് ഇപ്പോഴുള്ള സ്ഥലം സ്വന്തമായി വാങ്ങിയത്. അവിടെ കെട്ടിടം പണിയാന്‍ ഒരു ചാക്കു സിമന്റു മുതലുള്ള ചെറിയ സംഭാവനകള്‍ സന്മനസ്സുള്ളവര്‍ നല്‍കി. ഇപ്പോഴും കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ണ്ണതോതില്‍ പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല.
ടീച്ചറുടെ ജോലി ഉപേക്ഷിച്ചാണ് തന്റെ ഇരുപത്തഞ്ചാം വയസ്സില്‍ നൂറ്റിയിരുപതോളം അഗതികളുടെ സംരക്ഷണം സുസ്മിത ഏറ്റെടുക്കുന്നത്. ഈ നൂറ്റിയിരുപതു പേരില്‍ ഇരുപതോളം പേര്‍ കിടപ്പുരോഗികളാണ്. ബാക്കിയുള്ളവരില്‍ മാനസികവെല്ലുവിളികള്‍ നേരിടുന്നവരുണ്ട്, മാറാരോഗികളുണ്ട്. ഒരു ദിവസം ആയിരക്കണക്കിനു രൂപയുടെ മരുന്നുകള്‍ മാത്രം വേണം ഇവരെ സംരക്ഷിക്കാന്‍. ആഹാരവും വസ്ത്രവും മറ്റു സൗകര്യങ്ങളും വേണം. മിക്കവാറും എല്ലാ ദിവസങ്ങളിലും ആരെങ്കിലുമൊക്കെ ആശുപത്രികളില്‍ ചികിത്സയിലായിരിക്കും. അവരെ പരിചരിക്കണം. ഇതെല്ലാം ഒരുക്കുന്നതിനുവേണ്ടി കഠിനാധ്വാനം ചെയ്യുകയാണ് ഈ ഇരുപത്തേഴാം വയസ്സില്‍ സുസ്മിത.
ദൈവം നടത്തുന്നു എന്നു മാത്രമേ സ്ഥാപനത്തിന്റെ പ്രവര്‍ത്തനച്ചെലവുകള്‍ കണ്ടെത്തുന്നതിനെ കുറിച്ചു പറയാനാകുകയുള്ളൂ എന്നു സുസ്മിത വ്യക്തമാക്കി. അടുത്ത നേരം വയ്ക്കാന്‍ അരിയും അലക്കാന്‍ സോപ്പും കൊടുക്കാന്‍ മരുന്നും ഇല്ലാതായ സമയങ്ങള്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സുസ്മിത പലവട്ടം നേരിട്ടു. പപ്പ മരിക്കുമ്പോള്‍ പതിനേഴു ലക്ഷം രൂപ കടമുണ്ടായിരുന്നു. ആ കടം ഇപ്പോഴും തുടരുന്നുണ്ട്. പക്ഷേ അവസാന നിമിഷമെങ്കിലും ആരെങ്കിലും സഹായവുമായെത്തു മെന്നതാണ് ഇതുവരെയുള്ള അനുഭവമെന്ന് സുസ്മിത പറയുന്നു. അത് ഇനിയും ആവര്‍ത്തിക്കുമെന്ന ആഴമേറിയ ദൈവാശ്രയബോധത്തില്‍ അടിയുറച്ച് ഈ വലിയ കുടുംബത്തിന്റെ ഉത്തരവാദിത്വം ചുമലിലേറ്റി പതറാതെ മുന്നേറുകയാണ് സുസ്മിത എം ചാക്കോ.
(സുസ്മിതയുടെ വാട്‌സാപ്പ് നമ്പര്‍ 8304034246)