സഹജീവികള്‍ക്കേകുന്നു, പ്രചോദനത്തിന്റെ ഊന്നുവടികള്‍

സഹജീവികള്‍ക്കേകുന്നു, പ്രചോദനത്തിന്റെ ഊന്നുവടികള്‍
Published on
  • അഞ്ജലി ബെന്നി

ഊന്നുവടികളില്‍ കൈയൂന്നി നടന്നു നീങ്ങുന്ന അഞ്ജലി ബെന്നിക്കു പക്ഷേ ശരീരത്തിനു മാത്രമേ അവയുടെ സഹായം ആവശ്യമുള്ളൂ. മാനസികമായി, മറ്റുള്ളവര്‍ക്ക് പ്രചോദനത്തിന്റെ ഊന്നുവടികള്‍ നല്‍കാന്‍ പ്രാപ്തമാണ് അഞ്ജലിയുടെ ജീവിതവും വ്യക്തിത്വവും. മറ്റുള്ളവരെ സേവിക്കാനുള്ള ആഗ്രഹത്തെ കൂടുതല്‍ കാര്യക്ഷമമായി ആവിഷ്‌കരിക്കാന്‍ സാമൂഹ്യസേവനത്തില്‍ ബിരുദാനന്തരബിരുദത്തിനു (MSW) പഠിക്കുകയാണ് ഇപ്പോള്‍ അഞ്ജലി.

ഇരുകൈകളിലും ക്രച്ചസുണ്ട് എന്നത് കുട്ടിക്കാലം മുതലേ ഒരു പരിമിതിയായി അഞ്ജലി കണ്ടിട്ടില്ല. മോണോ ആക്ട് അവതരിപ്പിക്കാനോ പ്രസംഗിക്കാനോ മാത്രമല്ല, ക്രച്ചസില്‍ ഊന്നുന്ന ശരീരം വച്ച് നൃത്തം ചെയ്യാനും അഞ്ജലി സദാ സന്നദ്ധയായിരുന്നു.

സ്വന്തം പരിമിതികളെ സാധ്യതകളാക്കിക്കൊണ്ട്, ഇനിയും മറ്റുള്ളവരെ എങ്ങനെ സഹായിക്കാന്‍ കഴിയും എന്നാലോചിക്കുകയും അതിനായി അഞ്ജലി സ്വയം തയ്യാറെടുക്കുകയും ചെയ്യുന്നു.

കോതമംഗലത്തെ പ്രതീക്ഷാഭവന്‍ റിഹാബിലിറ്റേഷന്‍ സെന്ററിലെ സിസ്‌റ്റേഴ്‌സാണ് തന്റെ കഴിവുകളെ കണ്ടെത്തുകയും പരിശീലിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തതെന്നു അഞ്ജലി കൃതജ്ഞതയോടെ ഓര്‍ക്കുന്നു. അക്കാലത്തു തന്നെ സ്‌കൂള്‍ വാര്‍ഷികങ്ങളിലും മറ്റു വിശേഷാവസരങ്ങളിലും അനേകം കലാപരിപാടികള്‍ അഞ്ജലി അവതരിപ്പിച്ചിട്ടുണ്ട്.

ഹൈസ്‌കൂളിലെത്തിയപ്പോഴേക്കും അഞ്ജലി വിവിധ പരിപാടികളിലേക്കു ക്ഷണിക്കപ്പെടുകയും സദസ്സുകള്‍ക്ക് പ്രചോദനം പകരുന്ന പ്രഭാഷണങ്ങള്‍ നല്‍കുകയും ചെയ്യാന്‍ തുടങ്ങിയിരുന്നു. മുരിക്കാശേരി പാവനാത്മാ കോളേജിലാണ് അഞ്ജലി ബിരുദപഠനം നടത്തിയത്. കോളേജില്‍ ഏതാണ്ടെല്ലാ രംഗങ്ങളിലും സജീവമായി പങ്കെടുത്തു.

അക്കാലത്തു തന്നെ 'ആന്‍ ടാക്കീസ്' എന്ന യുട്യൂബ് ചാനല്‍ അഞ്ജലി തുടങ്ങി. നാലര ലക്ഷം ഫോളോവേഴ്‌സുള്ള ചാനലാണ് ഇന്നത്. കൂടാതെ, ഫ്‌ളവേഴ്‌സ്, അമൃത, ഏഷ്യാനെറ്റ് തുടങ്ങി പല ചാനലുകളിലും പല പരിപാടികളിലായി അഞ്ജലി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു.

ഇല്ലാത്തതിനു പകരം ഉള്ളതില്‍ ശ്രദ്ധിക്കുകയും ഉള്ളതിനെ പ്രയോജനപ്പെടുത്തുകയും പ്രത്യാശയോടെ ജീവിതത്തെ നോക്കിക്കാണുകയും അതിനു മറ്റുള്ളവരെ സഹായിക്കുകയും ചെയ്തുകൊണ്ട് സന്തോഷകരമായ ജീവിതം നയിക്കുകയാണ് അഞ്ജലി.

സ്വന്തം പരിമിതികളെ സാധ്യതകളാക്കിക്കൊണ്ട്, ഇനിയും മറ്റുള്ളവരെ എങ്ങനെ സഹായിക്കാന്‍ കഴിയും എന്നാലോചിക്കുകയും അതിനായി അഞ്ജലി സ്വയം തയ്യാറെടുക്കുകയും ചെയ്യുന്നു.

  • (അഞ്ജലിയുടെ യുട്യൂബ് ചാനല്‍ @anntalkies email: anntalkies03@gmail.com)

സഹജീവികള്‍ക്കേകുന്നു, പ്രചോദനത്തിന്റെ ഊന്നുവടികള്‍
നിരാലംബരുടെ സുസ്മിതം മായാതിരിക്കാന്‍ മാറ്റിവച്ചൊരു യൗവനം

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org