ഡോ. ഡെയ്‌സന്‍ പാണേങ്ങാടന്‍
അസി. പ്രഫസര്‍, സെന്റ് തോമസ് കോളേജ്, തൃശ്ശൂര്‍
രാജ്യത്തിന്റെ പരിതസ്ഥിതിയില്‍ രണ്ടു ശതമാനത്തിനടുത്തു മാത്രം ജനസംഖ്യയുള്ള ഒരു ന്യൂനപക്ഷമായിരുന്നിട്ടു കൂടി രാജ്യത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക മണ്ഡലങ്ങളില്‍ അനിഷേധ്യമായ ഒരു സാന്നിധ്യവും നേതൃത്വവും എല്ലാക്കാലത്തും അവര്‍ക്കുണ്ടായിരുന്നു. പള്ളിക്കൊപ്പം സ്ഥാപിച്ച പള്ളിക്കൂടങ്ങളിലൂടെ നമ്മുടെ രാജ്യത്തെയും സംസ്ഥാനത്തെയും ജാതിമത ഭേദമന്യേ സാക്ഷരരാക്കിയെന്നത്, ഈ സ്വാധീനത്തിന്റെ അടിത്തറ കൂട്ടിയെന്നത് എടുത്തു പറയേണ്ട യാഥാര്‍ത്ഥ്യം കൂടിയാണ്.
ആരോഗ്യ പരിപാലനരംഗത്തും ബാങ്കിംഗ് മേഖലയിലും കേരള സംസ്ഥാനം, മറ്റിടങ്ങളെ അപേക്ഷിച്ച് മുന്നിട്ടു നില്‍ക്കുന്നതിലും അവര്‍ നല്‍കിയ സംഭാവനകള്‍ ഒട്ടും ചെറുതല്ല. എന്നാല്‍ ഈ അടുത്ത കാലത്തായി, മുഖ്യധാരാ മണ്ഡലങ്ങളില്‍ തീര്‍ത്തും അവഗണിക്കപ്പെടുന്ന വിഭാഗമായി ക്രൈസ്തവര്‍ മാറിയെന്നത് നാം മനസ്സിലാക്കണം.
പൊതുജന സേവകരായ ഉദ്യോഗസ്ഥതലം
സിവില്‍ സര്‍വീസ് രംഗത്തും ഉദ്യോഗസ്ഥതലത്തിലും മതിയായ പരിശീലനങ്ങളുടേയും പ്രോത്സാഹനങ്ങളുടെയും അപര്യാപ്തത മൂലം കാലാകാലങ്ങളായി പുറന്തള്ളപ്പെടുന്ന ഒരു സമൂഹമായി നാം മാറിക്കൊണ്ടിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം ഇനിയും കണ്ടില്ലെന്നു നടിച്ചാല്‍, മുഖ്യധാരാ സംവിധാനങ്ങളില്‍ സഭാംഗങ്ങളുടെ പ്രാതിനിധ്യം ഇനിയും വര്‍ഷങ്ങളോളം കുറയുക തന്നെ ചെയ്യും. ഏറെ കൊട്ടിഘോഷിച്ച് നാം ആരംഭിച്ച പല പരിശീലന കേന്ദ്രങ്ങളും, സാമ്പത്തിക പരാധീനതകള്‍ക്കൊണ്ടോ, ആസൂത്രണത്തിലെ പാളിച്ചകള്‍ കൊണ്ടോ, ഇടക്കാലത്ത് മന്ദഗതിയിലാണ്. തുടര്‍ച്ചയായതും സ്ഥിരസ്വഭാവമുള്ളതുമായ കേന്ദ്രങ്ങളും സമാനമേഖലയില്‍ പരിചയസമ്പന്നരും ദീര്‍ഘവീക്ഷണവുമുള്ള ആസൂത്രകര്‍ ഉണ്ടാകുകയെന്നതാണ്, അടിസ്ഥാനപരമായ കാര്യം. അക്കാദമികളില്‍ മികച്ച പരിശീലകരും മികച്ച ആസൂത്രകരും അക്കാദമിക മികവുള്ള വിദ്യാര്‍ത്ഥികളുമുണ്ടെങ്കില്‍, സംശയം വേണ്ട; വിജയവും സുനിശ്ചിതമാണ്. അത്തരം സാധ്യതകള്‍, സാധ്യതമാക്കുന്നതിനുള്ള ആസൂത്രണവും പ്രവര്‍ത്തനങ്ങളുമാണ്, ഇന്നിന്റെ നഗ്‌ന യാഥാര്‍ത്ഥ്യമായ പ്രകടനപരതയ്ക്കപ്പുറം നമുക്കു വേണ്ടത്.
യുവത്വത്തിലേ തന്നെ നേതൃത്വഗുണമുള്ളവരെ കണ്ടെത്തി, അവശ്യം വേണ്ട പരിശീലനം നല്‍കാനും പക്വതയുടെ കാലഘട്ടത്തില്‍ ക്രൈസ്തവബോധ്യങ്ങള്‍ നല്‍കാനും നാം കൂടുതല്‍ സജ്ജരാകേണ്ടതുണ്ട്.
രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങള്‍
രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ ക്രൈസ്തവ പ്രാതിനിധ്യം, പുനര്‍വിചിന്തനത്തിനു വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളിലെ നേതൃത്വത്തിന്റെ കണക്കെടുത്താല്‍ ക്രൈസ്തവ പ്രതിബദ്ധതയുള്ള എത്ര പേരെ കാണാന്‍ സാധിക്കും? അതാതു കാലഘട്ടത്തില്‍ കാര്യനിര്‍വഹണത്തിനുവേണ്ടി ഇടവകയിലും രൂപതകളിലും ഏതാനും അല്‍മായ നേതാക്കളുണ്ടായതൊഴിച്ചാല്‍ ഏത് ഇടവക / രൂപതയിലാണ്, സ്ഥായിയായ നേതൃത്വം ഉണ്ടാകുന്നത്? അവരിലെത്ര പേര്‍ക്ക്, ഇടവകയുടേയും നമ്മുടെ സംഘടനാസംവിധാനങ്ങളുടേയും മതില്‍ക്കെട്ടിനപ്പുറം സ്വാധീനമുണ്ട്? വര്‍ഷങ്ങളായി നമ്മുടെ പരാതി, പൊതുരംഗത്തുള്ള ക്രിസ്ത്യന്‍ നാമധാരികളായ നേതാക്കള്‍ക്ക്, പൊതുവില്‍ സഭയോട് കൂറില്ല എന്നതാണ്. സ്വയമൊന്നു വിചിന്തനം ചെയ്താല്‍, അവരാരും നാം വളര്‍ത്തിയവരല്ല; മറിച്ച് സാഹചര്യങ്ങളോടും പ്രതിസന്ധികളോടും മല്ലടിച്ചും പൊരുതിയും വന്നവരാണെന്ന് ബോധ്യപ്പെടും. പൂര്‍ണ്ണവളര്‍ച്ചയിലെത്തിയ അവര്‍ക്ക്, സ്വാഭാവികമായും നമ്മെ ആവശ്യം വരികയുമില്ല.
ഈ സാഹചര്യം മനസ്സിലാക്കി, യുവത്വത്തിലേ തന്നെ നേതൃത്വഗുണമുള്ളവരെ കണ്ടെത്തി, അവശ്യം വേണ്ട പരിശീലനം നല്‍കാനും പക്വതയുടെ കാലഘട്ടത്തില്‍ ക്രൈസ്തവബോധ്യങ്ങള്‍ നല്‍കാനും നാം കൂടുതല്‍ സജ്ജരാകേണ്ടതുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും അവയുടെ പോഷക സംഘടനകളും സമൂഹത്തില്‍ നിലനില്‍ക്കുന്നത്, പരസ്പരം ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടുകൊണ്ടും പങ്കാളിത്ത മനോഭാവത്തോടെയുള്ള പ്രവര്‍ത്തനങ്ങളിലൂടെയുമാണ്. ഒറ്റ തിരിഞ്ഞും ഒറ്റയ്ക്കും വളരുകയെന്ന ശൈലിയില്‍ നിന്നും പങ്കാളിത്തത്തോടെ വളരാനുള്ള സാഹചര്യമൊരുക്കുകയെന്നതും നാമനുഷ്ഠിക്കേണ്ട ഇന്നിന്റെ അനിവാര്യതയാണ്.
സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകള്‍ അനിവാര്യതയാണ്
ഇന്നു നമ്മുടെ സംഘടനകള്‍ നേരിടുന്ന പ്രധാന പ്രതിസന്ധി കാരിസത്തെക്കുറിച്ചുള്ള അവബോധക്കുറവു തന്നെയാണ്. നൈയാമികമായ മാര്‍ഗരേഖയും കാരിസവും നമ്മുടെ എല്ലാ സംഘടനകള്‍ക്കുമുണ്ട്. ആത്മീയവിശ്വാസ പ്രഘോഷണത്തോടൊപ്പം തന്നെ സാമൂഹ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള അവസരം, ഭൂരിഭാഗം സംഘടനയുടേയും കാരിസം ഉറപ്പുനല്‍കുകയും ചെയ്യുന്നു. ഏതെങ്കിലും ഒരു പ്രത്യേക കാലഘട്ടത്തില്‍ താല്‍പ്പര്യമുള്ള ഭാരവാഹികളുടെ ഇംഗിത പ്രകാരം ഏറ്റെടുക്കുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പിന്നീട് നിലച്ചുപോകുന്നതും നാമെത്ര കണ്ടിരിക്കുന്നു. രക്തദാനം, നേത്രദാനം, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങി, ഒരു കാലത്തു സജീവമായിരുന്ന പല സംഘടനകളും ഇടക്കാലത്ത്, കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയിരിക്കുന്നു. നമ്മുടെ നേതാക്കള്‍ക്ക്, പൊതുജന സമക്ഷം നിലനില്‍ക്കണമെങ്കില്‍ സാമൂഹ്യമുഖം കൂടി ആവശ്യമുണ്ട്. അത്തരത്തില്‍ സാമൂഹ്യമുഖമുള്ളവരെ ഉള്‍ച്ചേര്‍ക്കാനും സംഘടനാപ്രവര്‍ത്തനങ്ങളില്‍ സാമൂഹ്യ-കാരുണ്യ മുഖം നല്‍കാനും നാം പ്രതിജ്ഞാബദ്ധരാണ്.
അടിയന്തരമായി ഏറ്റെടുക്കേണ്ട വിഷയങ്ങള്‍
ഒരു രാജ്യത്തെ ന്യൂനപക്ഷം എന്ന നിലയില്‍, വിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന, അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നാം പഠിക്കേണ്ടതുണ്ട്. ഉന്നതവിദ്യാഭ്യാസ രംഗത്ത് അവരുടെ പ്രാതിനിധ്യം ചര്‍ച്ച ചെയ്യപ്പെടേണ്ടതും സാമ്പത്തികമായ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ സാധ്യമായ സാധ്യതകള്‍ ഉപയോഗിക്കേണ്ടതുമാണ്. സാമൂഹികപരമായ പിന്നോക്കാവസ്ഥയ്ക്കു കാരണമായ പ്രശ്‌നങ്ങള്‍ കണ്ടെത്തേണ്ടതും കൂടുതല്‍ കരുതലുകള്‍ ആവശ്യമെങ്കില്‍ ഉപയോഗപ്പെടുത്തേണ്ടതും നമ്മുടെ ദൗത്യമാണ്. മത്സ്യത്തൊഴിലാളികള്‍, തീരദേശവാസികള്‍, മലയോരകര്‍ഷകര്‍, വനാതിര്‍ത്തിയോടു ചേര്‍ന്നു താമസിക്കുന്ന കര്‍ഷകര്‍, കുട്ടനാട് മുതലായ സ്ഥലങ്ങളില്‍ താമസിക്കുന്ന കര്‍ഷകര്‍, ആദിവാസികള്‍, ദളിതര്‍, ലത്തീന്‍ വിഭാഗക്കാര്‍, സാമ്പത്തിക സംവരണ ക്രമത്തില്‍പ്പെടുന്നവര്‍ എന്നീ
രാഷ്ട്രീയ സാമൂഹ്യ മേഖലകളിലെ ക്രൈസ്തവ പ്രാതിനിധ്യം, പുനര്‍വിചിന്തനത്തിനു വിധേയമാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
മേഖലകളിലുള്ളവരെ പ്രത്യേകം പരിഗണിക്കുകയും അവര്‍ക്കാവശ്യമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും വേണം. മേല്‍ പരാമര്‍ശിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് പഠിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന്റെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുത്തു സാധ്യമായ പരിഹാരങ്ങള്‍ക്കു നിശ്ചയിക്കപ്പെട്ട ഏജന്‍സികളുമായി ബന്ധപ്പെട്ട് സാഹചര്യമൊരുക്കുകയെന്ന ഭഗീരഥപ്രയത്‌നവും സഭാനേതൃത്വങ്ങള്‍ അടിസ്ഥാന ദൗത്യമായി കാണണം.
ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട നേതൃത്വം
മാറിയ കാലത്തിനനുസരിച്ച്, പ്രവര്‍ത്തന രീതികളിലും കാലികമായ മാറ്റം അനിവാര്യതയാണ്. പുതിയ തലമുറയുടെ വിഭവശേഷി, യഥാവിധം ഉപയോഗിക്കാനുള്ള സാധ്യതകള്‍ പ്രായോഗികമാക്കുന്ന തരത്തില്‍ പദ്ധതികള്‍ വിഭാവനം ചെയ്യാന്‍ നമുക്കു സാധിക്കണം. പതിറ്റാണ്ടുകള്‍ക്കു മുന്‍പേ, പെണ്‍കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നേതൃത്വം കാണിച്ച അതേ ആര്‍ജവം, പൊതുവില്‍ അന്തര്‍മുഖരായ നമ്മുടെ പുതിയ തലമുറയിലെ ആണ്‍കുട്ടികളെ മുഖ്യധാരയിലെത്തിക്കാന്‍ പ്രത്യേകം കാണിക്കേണ്ടതുണ്ട്. കൂട്ടായ ശ്രമങ്ങളാണ്, വിജയകരങ്ങളായ പല പര്യവസാനങ്ങള്‍ക്കും ആധാരം. അതുകൊണ്ടുതന്നെ വൈദിക നേതൃത്വവും അല്‍മായനേതൃത്വവും ഉള്‍പ്പെടുന്ന സമുദായ നേതൃത്വം, വര്‍ധിത വീര്യത്തോടെ പ്രവര്‍ത്തന സജരാകുകയും ഇന്നത്തെ നമ്മുടെ സമൂഹം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന സമസ്ത മേഖലകളിലേയും സ്വാധീനക്കുറവെന്ന പ്രതിസന്ധിയെ ഊര്‍ജസ്വലതയോടെ കൈകാര്യം ചെയ്ത് വിജയത്തിലെത്തിക്കുകയും വേണം.